നാഗവല്ലിയുടെ ചിലങ്കകള്‍
ജൂണ്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്
ഡോ.വി. മോഹനകൃഷ്ണന്
തമിഴ്സിനിമയില്‍ ജാതിരാഷ്ട്രീയവിമര്ശനങ്ങളൊന്നും ചെറിയ ക്യാന്വാസിലുള്ളതോ പരോക്ഷമോ വൈയക്തികമോ കുടുംബാധിഷ്ഠിതമോ അല്ല. എല്ലാവിധ ആശയങ്ങള്‍ക്കും ശരീരങ്ങള്‍ക്കും ഇടമുള്ള വിശാല ഭൂപ്രദേശമാണത്. ക്ലാസിക്കല്‍ സംഗീതവും ഉപരിവര്ഗ്ഗജീവിതവുമെന്നപോലെ നാടോടി സംഗീതവും കീഴാള ജീവിതവും സാമാന്യമായി സിനിമയിലിടം നേടുന്നു. ദരിദ്രന്റെയും തൊഴിലാളിയുടെയും ജീവിതം മലയാളസിനിമയില്‍ നിന്ന് അപ്രത്യക്ഷമായിട്ട് കാലമേറെയായി. തമിഴില്‍ ഇപ്പോഴും അതൊരു സമകാലിക പ്രമേയമാണ്.: തമിഴകത്തേക്കുള്ള സിനിമാദൂരങ്ങള്‍.
ജാതി വിവേചനത്തിന്റെയും പോലീസ് അതിക്രമങ്ങളുടെയും തീവ്ര ദൃശ്യാഖ്യാനമായ ‘ജയ്ഭീം’ (സംവിധാനം: ജ്ഞാനവേല്‍) എന്ന തമിഴ് സിനിമ പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് അത്തരം സിനിമകള്‍ മലയാളത്തിലൂണ്ടാവുന്നില്ല എന്നൊരു ചോദ്യമുയരുകയുണ്ടായി. കേരളവും മലയാളവുമായുള്ള നിരവധി ഇടപാടുകള്‍ ആ സിനിമയിലുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തില്‍ നടന്ന രാജന്സംഭവത്തിന്റെ പരാമര്ശത്തിനുപുറമേ മലയാളികളായ ലിജോമോള്‍ ജോസ്, കെ.മണികണ്ഠന്, രജിഷവിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. സിനിമയിലെ നീതിന്യായ നടപടികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രവുമായി ബന്ധമുണ്ട്. മൂന്നാറിലെ തമിഴ് മേഖലകളിലേക്ക് നീളുന്നതാണ് അതിന്റെ ആഖ്യാനവിസ്തൃതി.
കേരളവും തമിഴ്നാടും ഒരുകാലത്ത് ഒരേ ഭരണസംവിധാനം കൊണ്ട് ഏകീകരിക്കപ്പെട്ട വിശാലഭൂപ്രദേശമായിരുന്നു. രണ്ടായ ശേഷവും മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് യഥേഷ്ടം ജലമൊഴുകുന്നു. വാളയാര്‍ ചുരം കടന്ന് കിഴക്കന്‍ മേഘങ്ങള്‍ ‘പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ ആട്ടിത്തെളിച്ചു കൊണ്ട് കേരളത്തിലെത്തുന്നു. രണ്ടു ദേശങ്ങള്‍ ജലംകൊണ്ട് പരസ്പരം വിനിമയം നടത്തുന്നു. വാണിയെന്നാല്‍ വാക്കും ഒഴുക്കുമാണ്, രണ്ടുഭാഷകളിലും. തമിഴില്‍ നിന്ന് ഗതിമാറി ഒഴുകിയ മലയാളത്തിന്റെ അതിര്‍ത്തികള്‍ മലയും ആളവുമാണ്. കടലും മലയും അതിരുനിന്നതിനാല് മലയാളത്തിന് വേറെ ആചാരങ്ങളും ജാതികളും പരിഷ്കാരങ്ങളുമുണ്ടായി. സംസ്കൃതം കഴിഞ്ഞാല്‍ മലയാളം കൂടുതലായിടപെട്ടത് ഇംഗ്ലീഷ്, അറബി,പേര്‍ഷ്യന്‍ തുടങ്ങിയ വൈദേശിക ഭാഷകളോടും അവയുടെ സംസ്കൃതികളോടുമായിരുന്നു. സഹ്യപര്‍വ്വതം കിഴക്കോട്ടു പോകുന്ന മഴമേഘങ്ങളെ തടഞ്ഞുനിര്‍ത്തി മഴപെയ്യിച്ചു. അത് കേരളത്തെ ജലസമൃദ്ധവുംഹരിതാഭവുമാക്കിയതിനൊപ്പം കിഴക്കന്‍ പ്രദേശങ്ങളെ ഊഷരവുമാക്കി. തമിഴ്നാട്ടില്‍ വരള്‍ച്ചയും വെള്ളപ്പൊക്കങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും നിരന്തരം അരങ്ങേറിക്കൊണ്ടിരുന്നപ്പോഴൊക്കെയും മലയാളിജീവിതം സുരക്ഷിതമായിരുന്നു. മലനാട്ടിലും തീരപ്രദേശങ്ങളിലും ജീവിതം താരതമ്യേന ദുഷ്കരമായിരുന്നെങ്കിലും ഇടനാട്ടില് അങ്ങനെയായിരുന്നില്ല. മലയാളി ‘തന്റേടം’ വേലികെട്ടി സംരക്ഷിച്ചുനിര്‍ത്തി.
പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്
Comments are closed.