ചരിത്രവും വിചിത്രമനുഷ്യരും
അഭിമുഖം, എസ് ഹരീഷ്/പ്രകാശ് മാരാഹി
ജൂണ്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും
രാഷ്ട്രീയം എഴുതുന്ന ഞാന്‍ അരാഷ്ട്രീയവാദിയും നമ്മുടെ മുന്നില്‍ കാണുന്നതിനെ അഭിമുഖീകരിക്കാതെ വായുവില്‍ പറന്നുനടക്കുന്നവനൊക്കെ രാഷ്ട്രീയവാദിയും ആകുന്നതെങ്ങനെയെന്ന് ഒന്നു പറഞ്ഞുതരാമോ? നിലപാടിലൂന്നിപ്പറയണമെങ്കില്‍ അതാരുടെ നിലപാടാണെന്നാണ്? ഞാന്‍ എന്റെ നിലപാട് പറയുന്നുണ്ട്. അല്ലാതെ മനുഷ്യരെ പറഞ്ഞുപറ്റിക്കുന്ന കക്ഷിരാഷ്ട്രീയക്കാരുടെ നിലപാട് ആവര്‍ത്തിക്കാനല്ല ഞാന്‍ ജീവിക്കുന്നത്. ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും രാഷ്ട്രീയമുണ്ട്. അങ്ങനെയല്ലാത്ത ആരെങ്കിലുമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അവരുടെ രാഷ്ട്രീയം ഞാന്‍ പറഞ്ഞുതരാം.
പ്രതിചരിത്രം എന്നത് മലയാള സാഹിത്യത്തില്‍ അത്ര പരിചിതമല്ലാത്ത ഒരു സങ്കേതമാണ്. അതിന് കഥാവസ്തുവും ഉപോത്ഫലകമായ ചരിത്രവസ്തുതയും തമ്മില്‍ അഗാധമായ വിധത്തില്‍ ഇഴയടുപ്പമുണ്ടായിരിക്കണം. കഥാപാത്രങ്ങളുടെ കാലത്തിനും സൂചിതസംഭവങ്ങള്‍ക്കും തമ്മില്‍ അനുഭവങ്ങളുടെ മാത്രമല്ല, ജീവിതത്തിന്റെകൂടി പേശീദൃഢതയും ഉണ്ടായിരിക്കണം. ഈയൊരു സമന്വയത്തില്‍ മലയാളത്തിനു കൈവന്ന ഒരു നോവലാണ് ‘ആഗസ്റ്റ് 17.’ നാം കേട്ടിട്ടുള്ളതോ അനുഭവിച്ചുള്ളതോ ആയ ചരിത്രസ്ഥലികളിലേക്കാണ് വായനക്കാരെ ഈ കൃതി കൂട്ടിക്കൊണ്ടുപോകുന്നത്. തിരുവിതാംകൂര്‍ മഹാരാജാവും ദിവാന്‍ സര്‍സി പിയും ദിവാനെവെട്ടിയ കെ. സി.എസ്. മണിയും ശ്രീകണ്ഠന്‍നായരും കുമ്പളത്തു ശങ്കുപിള്ളയും തകഴിയും ബഷീറും നക്‌സല്‍ വര്‍ഗീസും, നമ്മുടെ കാലത്തെ എഴുത്തുകാരനായ സക്കറിയയുംവരെ ഈ നോവലില്‍ മിഴിവോടെ പകര്‍ന്നാട്ടം നടത്തുന്നുണ്ട്.
മുഹമ്മദലി ജിന്ന എത്രത്തോളം ഇന്ത്യ വിഭജിക്കാന്‍ ആഗ്രഹിച്ചിരുന്നോ അത്രതന്നെ ആഗ്രഹിച്ചവരാണ് രാജാവായ ശ്രീചിത്തിര തിരുനാളും രാജകുടുംബവും സര്‍ സി.പിയുമെല്ലാം. ചരിത്രത്തേക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍ അതു മറച്ചുവെച്ചാണ് പക്ഷെ പലപ്പൊഴും സംസാരിക്കാറ്. ചരിത്രപുസ്തകങ്ങളില്‍ ചിലത് പറയുന്നുണ്ട്, ഏതാനും ചില സാഹസികരായ പോരാളികള്‍ അതിനെതിരെ ഇറങ്ങിപ്പുറപ്പെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ തിരുവിതാംകൂര്‍ സ്വതന്ത്രമായി നിന്നേനെ. അല്ലെങ്കില്‍ ഒരു രക്തച്ചൊരിച്ചില്‍ ഇന്ത്യയിലുണ്ടായേനെ. അതുകൊണ്ടുതന്നെ ജിന്നയെ കാണുന്നതുപോലെയല്ല ചിത്തിരതിരുനാളിനെ നമ്മള്‍ കാണുന്നത്. രാജാവിനെ വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയുമാണ് നമ്മള്‍കാണുന്നത്. എന്നാല്‍ ജിന്നയെ അങ്ങിനെയല്ല കാണുന്നത്. രണ്ടും ഒരേ ലക്ഷ്യം തന്നെയായിരുന്നു. ഒന്ന് വിജയിച്ചു മറ്റൊന്ന് പരാജയപ്പെട്ടു എന്നേയുള്ളൂ. ഇതാണ് യാഥാര്‍ത്ഥ്യമെങ്കിലോ എന്നുള്ള ഒരു എഴുത്തുകാരന്റെ ഒരു സ്വാതന്ത്ര്യപ്രഖ്യാപനവുമായാണ് ‘ആഗസ്റ്റ് 17’ ന്റെ വരവ്. എഴുത്തുകാരന്റെ രചനാപ്രപഞ്ചത്തിലൂടെയുള്ള സഞ്ചാരമാണ് ഈ അഭിമുഖം.
ഏറെ ചര്‍ച്ചചെയ്യപ്പെടാത്ത ഒരു വ്യവഹാരമണ്ഡലമാണ് പ്രതിചരിത്രമെന്നത്. ഇപ്പോള്‍, ഹരീഷിന്റെ പുതിയ നോവലിലൂടെ അത് വായനാസമൂഹത്തിന്റെ മുന്നിലെത്തിയിരിക്കുകയാണ്. നോവലിന്റെ വിഷയസ്വീകാരത്തിലൂടെ പ്രതിചരിത്രത്തിന് പുതിയൊരു ഭാഷ്യം നല്‍കാന്‍ ശ്രമിക്കുകയായിരുന്നോ താങ്കള്‍?
ഇന്നു നമ്മുടെ ചുറ്റും കാണുന്നത് പ്രതിചരിത്രമാണ്. ഭരണകൂടങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതും പ്രതിചരിത്രമാണ്. ചൈനയില്‍ മുഴുവന്‍ പ്രതിചരിത്രമാണ് സംഭവിക്കുന്നതെന്നു പറയുന്നുണ്ട്. ഇന്ത്യയിലും പല കാര്യങ്ങളിലും അതുണ്ടായിട്ടുണ്ട്. അതായത് ജനങ്ങളംഗീകരിക്കുന്നതിനെ പ്രതിചരിത്രം എന്നു പറയുന്നില്ല എന്നേയുള്ളൂ, അംഗീകരിക്കാത്ത ചരിത്രം പറയുമ്പോള്‍ പ്രതിചരിത്രവും ആകുന്നു. ഇന്നു ലോകമെമ്പാടും വര്‍ദ്ധിച്ചുവരുന്ന ഒരു വികാരമാണ് ദേശീയത. നൂറ്റാണ്ടുമുമ്പേ യൂറോപ്യന്‍നാടുകളില്‍ സജീവമായി ഉയര്‍ന്നവന്നതും അതാണ്. ദേശീയതയ്ക്കുവേണ്ടി രണ്ടു മഹായുദ്ധങ്ങളും ചെയ്തു. അന്നു പൊട്ടിപ്പിളര്‍ന്നെങ്കിലും ജര്‍മ്മനിയും ഇറ്റലിയും ഒക്കെ ഇന്ന് അവരെല്ലാം യൂറോപ്യന്‍യൂണിയന്‍ പോലെ ഒന്നിച്ചിരിക്കുന്ന കാഴ്ചയും ഉണ്ട്. ഒന്നിക്കാന്‍ ശ്രമിക്കുമ്പോഴാകട്ടെ ദരിദ്രരാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി ദേശീയതയെ ഉപയോഗിക്കുകയും ചെയ്യുന്നു. എന്ത് അര്‍ത്ഥശൂന്യമായാണ് ദേശീയത കൊണ്ടാടപ്പെടുന്നത്. ദേശീയതാഭ്രാന്ത് ഏറിവരുന്ന സമയത്ത് പ്രതിചരിത്രങ്ങളും ഉണ്ടാകും.
മധ്യതിരുവിതാംകൂറാണ് ഹരീഷിന്റെയും ജന്മസ്ഥലം?
അതെ. അതിനുംമുമ്പ് വടക്കുകൂര്‍ എന്നായിരുന്നു തിരുവിതാംകൂറിന്റെ പേര്. കൊല്ലത്തിനു തെക്കോട്ടുകിടക്കുന്ന ഒരു ചെറിയ ഭാഗം മാത്രമാണ് പഴയ തിരുവിതാംകൂര്‍രാജ്യം. നേരത്തേ പറഞ്ഞ ദേശീയതയും അത്രയ്‌ക്കേയുള്ളൂ. അതും പറഞ്ഞാണ് യുദ്ധങ്ങളും സമാധാനചര്‍ച്ചകളുമൊക്കെയുണ്ടായത്. അതുകൂടി ചിന്തിച്ചപ്പോഴാണ് എഴുത്തില്‍ അങ്ങിനെയൊന്ന് പരീക്ഷിച്ചുനോക്കാന്‍ തീരുമാനിക്കുന്നത്. ചെറുപ്പം മുതലേ അത്യാവശ്യം ചരിത്രം വായിക്കാനിഷ്ടപ്പെടുന്ന ആളായതുകൊണ്ടുതന്നെ ഏതെങ്കിലും സംഭവവികാസങ്ങളുണ്ടാകുമ്പോള്‍ അതങ്ങിനെയല്ല ഇങ്ങിനെയായിരുന്നെങ്കിലോ എന്ന് എല്ലാവരേയുംപോലെ ഞാനും ചിന്തിക്കാറുണ്ട്. ഗാന്ധിയെ കൊന്നില്ലായിരുന്നെങ്കില്‍ ഇന്ത്യാചരിത്രം എന്തായേനെ, ബാബറി മസ്ജിദ് തകര്‍ത്തില്ലായിരുന്നെങ്കില്‍ എന്തായേനെ എന്നൊക്കെയുള്ള ശിശുസഹജമായ ചില ചിന്തകളുണ്ടല്ലോ. ഞാന്‍ ജീവിച്ച കാലത്തിനുമുമ്പത്തെ ചരിത്രത്തെ അങ്ങിന പരിവര്‍ത്തിപ്പിക്കാം എന്നു മാറിച്ചിന്തിച്ചപ്പോഴാണ് ‘ആഗസ്റ്റ് 17’ ഉണ്ടാകുന്നത്. ഇങ്ങിനെയൊക്കെ എഴുതാമോഎന്നുള്ള ചോദ്യങ്ങള്‍ ഓര്‍ത്തുകൊണ്ടുതന്നെയാണത് ചെയ്യുന്നത്. ഫ്രഞ്ചിലിറങ്ങിയ ഒരു പുസ്തകമുണ്ട്,
സെവന്ത് ഫംങ്ഷന്‍ ഓഫ് ലാംഗ്വേജ്, ബാര്‍ത്തിനെക്കുറിച്ചാണ്. ല്യൂറന്റ് ബിനെ എഴുതിയത്. ബാര്‍ത്ത് പാരീസിലെ തെരുവിലൂടെ നടക്കുമ്പോള്‍ വണ്ടിയിടിച്ചാണ് മരിച്ചത്. പക്ഷെ നോവലിസ്റ്റ് ആ സംഭവം ഈ പുസ്തകത്തില്‍ ഒരു കൊലപാതകമായി ചിത്രീകരിക്കുന്നു. കൊലപാതകത്തില്‍ പ്രതിയായി പറയുന്നത് ഫൂക്കോയെയാണ്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്
Comments are closed.