കാണാത്തതും അറിയാത്തതുമായ റെയില്‍വേയുടെ പിന്നാമ്പുറക്കഥകള്‍
ടി ഡി രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിന് ജയേഷ് വരയിൽ എഴുതിയ വായനാനുഭവം
രാത്രിയില്‍ ലോകം ഉറങ്ങിക്കിടക്കുമ്പോഴും ഇരുട്ട് കീറി മുറിച്ച് വജ്ര സൂചി പോലെ പായുന്ന തീവണ്ടിയും രാത്രിയെ പകലാക്കുന്ന റെയില്‍വേ സ്റ്റേഷനുകളും പച്ചക്കൊടി വീശുന്ന സ്റ്റേഷന് മാസ്റ്റരും ടിക്കറ്റ് പരിശോധിക്കുന്ന ടി ടി ഇ മാരും ഗെയിറ്റടച്ച് ട്രെയിനിനായി കാത്ത് നില്ക്കുന്ന ക്ലാസ് ഡി ജീവനക്കാരുമൊക്കെയാണ് നാം കാണുന്ന ഇന്ത്യന്‍ റെയില്‍വേ.പത്തൊമ്പതാമത്തെ വയസില്‍ ഇന്ത്യയുടെ വടക്കുകിഴക്കേയറ്റം വരെ നാലു ദിവസം തുടര്‍ച്ചയായി ട്രെയിനില്‍ യാത്ര ചെയ്ത മധുരാനുഭവവും മനസിലുണ്ട്.
തന്റെ 35 വര്‍ഷത്തെ റെയില്‍വേ അനുഭവങ്ങളുടെ വെളിച്ചത്തില്‍ രചിച്ച നമ്മള് കാണാത്തതും അറിയാത്തതുമായ റെയില്‍വേയുടെ പിന്നാമ്പുറക്കഥകള്‍ വെളിപ്പെടുത്തുന്ന നോവലാണ് ടി.ഡി രാമകൃഷ്ണന്റെ പച്ച മഞ്ഞ ചുവപ്പ് . ഈ നോവല്‍ വായിച്ച ഒരാള്‍ ട്രെയിന്‍ വൈകുമ്പോള്‍, ട്രെയിന്‍ പാളം തെറ്റുമ്പോള്‍, ഏതെങ്കിലും പദ്ധതികള്‍ വൈകുമ്പോള്‍ നോവലിലെ സംഭവങ്ങള്‍ അറിയാതെ ഓര്‍ത്തു പോകും.
രാമചന്ദ്രന് എന്ന നിഷ്കളങ്കനായ റെയില്‍വേ ഉദ്യോഗസ്ഥന്റെ മരണത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. 1995 മെയ് 14ന് സേലത്തിനടുത്ത് ഡാനിഷ് പേട്ട് ലോക്കൂര്‍ സെക്ഷനില്‍ നടന്ന തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ രചിച്ചിട്ടുള്ളത്. കലൈശെല്വിയുടേയും രാമചന്ദ്രന്റേയും പ്രണയവും അരവിന്ദിന്റെയും ജ്വാലയുടേയും പ്രണയവും നോവല്‍ വായനയെ മുന്നോട്ട് കൊണ്ടു പോകുന്നു. ബ്രിട്ടീഷ് കാലത്തെ അതേ നിയമങ്ങള്‍ പിന്തുടരുന്ന റെയില്‍വേ എന്ന ഭീമന് സ്ഥാപനം അതിനെ ജീവനു തുല്യം സ്നേഹിക്കുന്ന സാധാരണ തൊഴിലാളികളോട് എത്ര ക്രൂരമായാണ് പെരുമാറുന്നതെന്ന് നോവലിലുടനീളം നിരവധി സംഭവങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. ചതിയുടെ പിന്നാമ്പുറങ്ങള്‍ എന്ന രാമചന്ദ്രന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് ഇത്തരം പീഢനങ്ങളും മാഫിയവത്കരണങ്ങളും വിശദമാക്കപ്പെടുന്നത്. കലൈ ശെല്‍വിയുടെ ജീവചരിത്രത്തിലൂടെ തിളങ്ങുന്ന ഒരു നക്സലൈറ്റ് കാലഘട്ടത്തെക്കുറിച്ചും നോവലില്പരാമര്ശിക്കുന്നുണ്ട്.
ബഹുരാഷ്ട്ര കുത്തകകമ്പനികള്‍ ഉന്നതോദ്യോഗസ്ഥരെ സ്വാധീനിച്ച് എങ്ങനെയാണ് റെയില്‍വേയെ തകര്‍ക്കുന്നതെന്ന് നോവല്‍ വരച്ചു കാണിക്കുന്നു. ഒരു പക്ഷേ റെയില്‍വേ ഇന്ന് നേരിടുന്ന തകര്‍ച്ചക്ക് കാരണം ഇത്തരം മാഫിയാവത്കരണമാണോയെന്ന് വായനക്കാര്‍ സംശയിച്ചേക്കാം – ട്രെയിന്‍ യാത്ര ഏറെ ഇഷ്ടപ്പെടുന്നതു കൊണ്ടാണോയെന്നറിയില്ല ഒറ്റയിരുപ്പിലാണ് നോവല്‍ വായിച്ചു തീര്‍ത്തത്. പിന്നീട് നടത്തിയ യാത്രകളില്‍ സ്റ്റേഷനിലെ ജീവനക്കാരെ കണ്ടപ്പോള്‍ അവരേ കൂടുതല്‍ സ്നേഹിക്കാനാണ് തോന്നിയത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.