വികൃത മാനസങ്ങളുടെ നെറുകന്തലക്കിട്ടൊരു ഒന്നാന്തരം അടി!
വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് അനീഷ് തൈപ്പറമ്പില്‍ എഴുതിയ വായനാനുഭവം
വി ഷിനിലാലിന്റെ ‘അടി’ ഒരൊന്നൊന്നര വായനാനുഭവമായി…ദളിത് കമ്യൂണിസ്റ്റായ ഏലിസണ്‍ സഖാവ് മകന് ഇ. ഫിലിപ്സ് എന്ന പീലിപ്പോസിനോട് പറയുന്ന ചട്ടമ്പിക്കഥകളിലൂടെ നവലിബറല്ക്കാലത്തിനു മുന്‍പുള്ള തനിത്തെക്കന് തിരുവിതാംകൂറിന്റെ ജൈവപരിസരങ്ങളും വാമൊഴിവഴക്കങ്ങളും ജാതിമതസ്വത്വ പ്രതിഫലനങ്ങളും രാഷ്ട്രീയവും കാമവും പ്രേമവും ഭോഗവുമെല്ലാം ഇടക്കെല്ലാം തെല്ലൊരു ചിരിവിടര്ത്തിക്കൊണ്ട് പറഞ്ഞുപോവുന്നു പ്രിയ കഥാകാരന്.
അരുമാനൂര്‍ കുഞ്ഞനും പ്രേം നസീറിനെപ്പോലുള്ള ചന്ത അലിയാരും തുടങ്ങി ‘നീലാംബുജങ്ങള്‍’ പാടി ഞെട്ടിക്കുന്ന സത്യവാന് ചട്ടമ്പിയിലൂടെ, മേട്ടുക്കട പപ്പൂട്ടിയിലൂടെ, ഗാന്ധിയന്‍ വേലുച്ചട്ടമ്പിയിലൂടെ, അത്തില് ചട്ടമ്പിയിലൂടെ, കാട്ടുമാക്കാനിലൂടെ, നമ്പോടനിലൂടെ, മറവപ്പടയുടെ പിന്‍ഗാമികളായ തിരുടര്കളിലൂടെ, കുണുക്കത്തി രായമ്മേടെ വച്ചോണ്ടിരിപ്പുകാരായ വരത്തന് ചട്ടമ്പിമാരിലൂടെ, ആദ്യ ദളിത് പ്രതിരോധമായ രായന് ചട്ടമ്പിയിലൂടെയെല്ലാം തെക്കന്‍ തിരുവിതാംകൂറിന്റെ ചന്തകളിലും തോട്ടിറമ്പുകളിലും മലമടക്കുകളിലും നരിച്ചിപ്പാറകളിലും മായാവയലുകളിലും കുന്നുമ്മോളിലെ വാറ്റുപുരകളിലുമായി വിരചിതമായ ചട്ടമ്പിചരിതം പിന്നീട് നവലിബറലിസത്തിന്റെ കാലത്ത് കള്ള അഷ്റഫിലൂടെ, സിസി ഗുണ്ടകളിലൂടെ ട്രാക്ക് മാറുന്നത് രസാവഹമായി വരച്ചിടുന്നുണ്ട് അടിയില്‍.
അടിയോടെ…സത്യവാന്റെ സ്വന്തം സാവിത്രി തുടങ്ങി വെളുത്ത ചെല്ലമ്മയിലൂടെ, കറുത്ത കമലമ്മയുടെ മക്കളായ കുണുക്കത്തി രായമ്മ- മായമ്മമാരിലൂടെയെല്ലാം അക്കാലത്തെ അധഃസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ഒരുപക്ഷെ അനുഭവിച്ചിരുന്ന ലൈംഗിക സ്വാതന്ത്ര്യങ്ങളും നൂറടീടെ ഗുണം ചെയ്യുന്ന ‘പള്ളി’ന്റെ പ്രയോഗതലങ്ങളും ( കടപ്പാട് : കുണുക്കത്തി രായമ്മ ) നല്ല ജാപ്പാണം പുകയിലപ്പരുവത്തില് വായനക്കാരന്റെ മനസ്സിനെ പുകയ്ക്കുന്നു…നെഹ്രുവും ഈയെമ്മെസ്സും ഏകെജിയും പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസും ഇന്ധന വിലവര്‍ദ്ധനക്കെതിരായ എണ്‍പതുകളിലെ ഭാരത് ബന്ദുമെല്ലാം കടന്നുവരുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ രാഷ്ട്രീയം, വിശേഷിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചടികള്‍ക്കുള്ള സ്വാഭാവിക മാര്‍ഗ്ഗമായി ചില ചട്ടമ്പികളെ ഉപയോഗിച്ചതിന്റെയും അവരില്‍ രാഷ്ട്രീയചിന്ത വരുത്തിയ മാറ്റങ്ങളുടെയും കൂടി സാക്ഷ്യമായിമാറുന്നുണ്ട് അടി.
കമ്യൂണിസ്റ്റ് വിശ്വാസികള്തന്നെയായ വിളവന്‍കോട്ട് തമ്പിമാരുടെ തറവാട്ടില്‍നിന്ന് പിന്കഴുത്തില്പ്പിടിച്ച് തള്ളിയിറക്കപ്പെടുന്ന ദളിത് കമ്യൂണിസ്റ്റായ ഏലിസണിന്റെ മകന് ഫിലിപ്സ് എന്ന പീലിപ്പോസ് എസ് ഐ ആയിമാറിയിട്ടും ‘പെലപ്പൊലീസായി’മാത്രം തുടര്‍ന്നും അഭിസംബോധന ചെയ്യപ്പെടുന്നതും പണ്ട് സ്വന്തം അപ്പന്റെ പിന്കഴുത്തില്ക്കിട്ടിയ തള്ള് ഒരു കൈയോങ്ങലായി അയാളെ നിരന്തരം പിന്തുടരുന്നതും ഒടുവില്‍ കേട്ടുവളര്‍ന്ന ചട്ടമ്പിക്കഥകളുടെ പിന്‍ബലത്തില്‍ കൈലി മടക്കിക്കുത്തിയുള്ള ഒരു ഒന്നൊന്നര ‘അടി’യിലൂടെ തന്നെ തന്റെ അഭിമാനവും അധികാരവും അയാള്‍ വീണ്ടെടുക്കുന്നിടത്ത് കഥ ഒരു വലിയ പ്രതീക്ഷയാവുന്നു…ഏത് പുരോഗമന രാഷ്ട്രീയ നാട്യങ്ങള്‍ക്കുമപ്പുറം പഴയ തീണ്ടാപ്പാടകലങ്ങളുടെ അടിക്കണക്കുകള്‍ മനസ്സുകളില്‍ മണിച്ചിത്രത്താഴിട്ടുപൂട്ടി സൂക്ഷിക്കുന്ന എല്ലാ വികൃത മാനസങ്ങളുടെയും നെറുകന്തലക്കിട്ടൊരു ഒന്നാന്തരം അടി.
Comments are closed.