DCBOOKS
Malayalam News Literature Website

പിറന്ന മണ്ണില്‍ ജീവിക്കാനായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്

 

ഐ ഗോപിനാഥിന്റെ ‘കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രം’  എന്ന പുസ്തകത്തില്‍ നിന്നും

ഏതു വിഷയമെടുത്താലും ഇരട്ടത്താപ്പിനുടമകളാണല്ലോ പൊതുവില്‍ മലയാളികള്‍. തങ്ങള്‍ പുരോഗമനവാദികളും പ്രബുദ്ധരുമാണെന്ന മിഥ്യാധാരണ നിലനിര്‍ത്തണം, അതേസമയം ജീവിതത്തില്‍ അതുമായി ഒരു പുലബന്ധം പോലും ഉണ്ടായിരിക്കുകയുമില്ല. സാമൂഹ്യജീവിതത്തിലെ ഏതു വിഷയമെടുത്താലും ഈ കാപട്യം പ്രകടമാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളാടുള്ള നിലപാടും വ്യത്യസ്തമല്ല. ഇന്ത്യയിലാദ്യമായി ഒരു ലിംഗ-ലൈംഗിക ന്യൂനപക്ഷനയം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നത് യാഥാര്‍ത്ഥ്യംതന്നെ. എന്നാല്‍ ഇപ്പോഴും ലിംഗ-ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളോട് ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്നതും പീഡനങ്ങള്‍ അരങ്ങേറുന്നതും കേരളത്തില്‍തന്നെ. പിന്നോക്കമെന്ന് നാം ആരോപിക്കുന്ന പല സംസ്ഥാനങ്ങളിലും ലൈംഗികന്യൂനപക്ഷങ്ങള്‍ എത്രയോ ഉയര്‍ന്ന പദവിയിലെത്തിയിട്ടും കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാകാന്‍ കാരണം ഈ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നല്ല.

ലൈംഗികാഭിരുചിയുടെ കാര്യത്തില്‍ വ്യത്യസ്തരായി എന്ന കാരണത്താല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പലതാണ്. അവര്‍ മര്‍ദ്ദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ ആത്മഹത്യയിലഭയം തേടുന്നത് പോലും മനുഷ്യാവകാശപ്രശ്‌നമായി നമ്മുടെ മുഖ്യധാരരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ കണക്കാക്കുന്നില്ല. അത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു. ഗൗരിയും മറിയയും ശാലുവുമൊക്കെ കൊല ചെയ്യപ്പെട്ടു. Textമുമ്പൊക്കെ അത്തരം സംഭവങ്ങള്‍ ആരും ഗൗനിക്കാതെ സ്വാഭാവികമെന്ന മട്ടിലാണ് സംഭവിച്ചിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി അതിനെതിരെ പല
ട്രാന്‍സ്‌ജെന്‍ഡറുകളും ഫെമിനിസ്റ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരും ക്യൂര്‍ പ്രവര്‍ത്തകരുമൊക്കെ രംഗത്തിറങ്ങി. കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നീതിനിഷേധങ്ങള്‍ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങള്‍ക്ക് അംഗീകാരം നേടിക്കൊടുക്കുക, അവരവരുടെ ലൈംഗികസ്വത്വം നിലനിര്‍ത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്വിയര്‍ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വര്‍ണ്ണാഭമായ ക്വിയര്‍ പ്രൈഡ് പരേഡ് എന്ന പരിപാടിയും ആരംഭിച്ചു. 2009-ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ്ഗരതി കുറ്റവിമുക്തമാക്കിക്കൊണ്ട് നടത്തിയ സുപ്രധാനമായ വിധിയെ തുടര്‍ന്നാണ് ക്വിയര്‍ പ്രൈഡ് പരേഡ് ആരംഭിച്ചത്. കുടുംബത്തെയും സമൂഹത്തെയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവെച്ചു ജീവിച്ചിരുന്ന പലരും തങ്ങളുടെ ലിംഗസ്വത്വം വെളിപ്പെടുത്തി പുറത്തു വന്നു. പക്ഷേ, സുപ്രീംകോടതി ആ വിധി സ്റ്റേചെയ്തു. പക്ഷേ, അതിനകംതന്നെ കേരളത്തിലും ഇവരിലൊരുവിഭാഗം പരസ്യമായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം നേടിയിരുന്നു.

വീട്ടില്‍നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിടങ്ങളിലുമെല്ലാം നിലനില്‍ക്കുന്ന സാമൂഹ്യചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവം കേരളീയസമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധവും ആണ്‍കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതികധാരണകള്‍, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇവയൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം പലപ്പോഴും നിയമപാലകരുടെ വരെ സദാചാരപൊലീസിങ്ങിന് ഇവര്‍ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. ഇത്തരം സാഹചര്യത്തിലാണ് ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍നയം പ്രഖ്യാപിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശവും അതിനു കാരണമായി. വളരെയേറെ പുരോഗമനഘടകങ്ങള്‍ ഉണ്ടെങ്കിലും പ്രഖ്യാപിക്കപ്പെട്ട ഭിന്നലൈംഗികനയത്തില്‍തന്നെ ഇരട്ടത്താപ്പ് പ്രകടമാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായി നയം ജെന്‍ഡറിനെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ലൈംഗികതയെ ഒഴിവാക്കുന്നു. അതുവഴി അത് ലൈംഗിക സ്വയംനിര്‍ണ്ണയാവകാശമെന്ന യു.എന്‍. പ്രഖ്യാപിത നയത്തിനു വിരുദ്ധമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ സംബന്ധിച്ച് കുറെയേറെ ഗുണകരമായ വശങ്ങള്‍ നയത്തിലുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തിയവരെ മാത്രമെ അത് പരിഗണിക്കുന്നുള്ളു. അതും ട്രാന്‍സ് വിമന്‍ എന്നു പറയുന്ന പുരുഷന്‍ സ്ത്രീയായി മാറിയവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. മറിച്ചുള്ളവരെ ഈ നയം അവഗണിക്കുന്നു. ട്രാന്‍സ്‌മെന്‍ ഒരു ശതമാനമേ വരൂ എന്നാണ് കാരണമായി പറയുന്നത്. ആ കണക്കുതന്നെ ശരിയല്ല. അവര്‍ക്കിപ്പോഴും പുറത്തുവരാനാകുന്നില്ല എന്നതാണ് സത്യം. അതുവരെയും സ്ത്രീയായി ‘അടങ്ങിയൊ
തുങ്ങി’ കഴിഞ്ഞവര്‍ ഒരു സുപ്രഭാതത്തില്‍ പുരുഷനായി പുറത്തിറങ്ങി നടക്കുന്നത് മലയാളിസമൂഹത്തിനു സഹിക്കാന്‍ കഴിയുമോ..? സമൂഹത്തിന്റെ ഈ നിലപാടുതന്നെയാണ്നയത്തിലും പ്രകടമായിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ പഠനം ഉറപ്പുവരുത്തുക, അതിനായി അധ്യാപകരെയും മറ്റു ബന്ധപ്പെട്ടവരെയും സജ്ജരാക്കുക, ഇവരുടെ ഒന്നിച്ചുതാമസിക്കാനുള്ള അവകാശത്തെയും കുട്ടികളെ ദത്തെടു
ക്കാനുള്ള അവകാശത്തെയും അംഗീകരിക്കുക, പൊതുസ്ഥലങ്ങളില്‍ പ്രത്യേക ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, എല്ലാ അപേക്ഷാഫോമുകളിലും ഇവരുടെ കോളം ഉറപ്പുവരുത്തുക, ഐ.ഡി. കാര്‍ഡുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തുക, ഇവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനായി കമ്മീഷന്‍ രൂപവല്‍ക്കരിക്കുക തുടങ്ങി പല നിര്‍ദ്ദേശങ്ങളും നയത്തിലുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശത്തെക്കുറിച്ച് പറയുന്നില്ല. മാത്രമല്ല, ഇവരര്‍ഹിക്കുന്നത് സഹതാപമല്ല, അവകാശമാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.