പടം പൊഴിക്കുന്ന ജീവിതം
രാജീവ് ശിവശങ്കറിന്റെ ‘പടം’ എന്ന നോവലിന് രഹ്ന കാദര്‍ എഴുതിയ വായനാനുഭവം
തൊണ്ണൂറു വയസ്സു പിന്നിട്ടൊരു സ്ത്രീയുടെ മാനസിക സഞ്ചാരമാണ് ‘പടം’ എന്ന നോവല്‍. പ്രമേയങ്ങളില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്താറുള്ള രാജീവ് ശിവശങ്കര്‍, ഏഴു പതിറ്റാണ്ടു പിന്നിട്ട മലയാള സിനിമയുടെ ചരിത്രത്തോടു ചേര്‍ത്തുവച്ചാണ് അമ്പാടിയിലെ നാരായണിയമ്മയുടെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ ഇഴ വിടര്‍ത്തുന്നത്.
1930-ല്‍ ജനിച്ച് 91-ാം വയസ്സിലേക്കെത്തിയ അമ്പാടിയിലെ നാരായണിയമ്മ നാലഞ്ചു തലമുറകളെ കണ്ടവളാണ്. വീടിനു തൊട്ടടുത്തുണ്ടായിരുന്ന സിനിമാക്കൊട്ടകയുടെ നടത്തിപ്പുകാരനായിരുന്ന ഗോപാലന്റെ ജീവിതസഖിയായതോടെയാണ് നാരായണിയുടെ ‘സിനിമാ ജീവിതം’ ആരംഭിക്കുന്നത്. സഹോദരനും ഭര്‍ത്താവിനുമൊപ്പം കൊട്ടകയുടെ നടത്തിപ്പില്‍ അവരും ഭാഗഭാക്കാവുന്നു. അതില്‍ പിന്നെ തന്റെ ജീവിത
ത്തിലെ ഓരോ പ്രധാന വഴിത്തിരിവിനെയും സിനിമയുമായി ചേര്‍ത്താണ് നാരായണി മനസ്സില്‍ അടുക്കി വെച്ചത്; അവയെല്ലാം തെല്ലും മങ്ങലില്ലാതെ അവര്‍ക്ക് മനസ്സിന്റെ തിരശീലയില്‍ പിന്നീടു കാണാനും കഴിയുന്നു. മലയാള സിനിമയുടെ വളര്‍ച്ചയിലൂടെയാണ് ആ ജീവിതം വളരുന്നതും തളിര്‍ക്കുന്നതും. വാര്‍ധക്യത്തിലും മലയാള സിനിമയുടെ ചരിത്രത്തിലൂടെ അവര്‍ അനായാസം മുങ്ങാംകുഴിയിടുന്നു. ഇപ്പോഴും നാരായണിക്ക് സിനിമയെന്നാല്‍
പ്രേം നസീറും മധുവും സത്യനും ഷീലയുമൊക്കെത്തന്നെയാണ്. അവരില്ലാതെയും കൊട്ടകകളില്‍ സിനിമയോടുന്നുവെന്നത് അവര്‍ക്ക് വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ല.
വിരലൊന്നമര്‍ത്തിയാല്‍ ടിവി സ്ക്രീനില്‍ തെളിയുന്ന സിനിമകളൊന്നും അവരെ അഭിരമിപ്പിക്കുന്നില്ല. സിനിമയിലല്ല, ആ ഓര്‍മകളിലൂടെ തെളിഞ്ഞുവരുന്ന പൊയ്പ്പോയ കാലത്തിലാണ് അവര്‍ക്ക് അഭിനിവേശമെന്ന് നോവലിസ്റ്റും പറഞ്ഞു വയ്ക്കുന്നുണ്ട്. മക്കളോടൊപ്പം നഗരത്തിലും ഗ്രാമത്തിലുമായി മാറിമാറി താമസിക്കേണ്ടിവരുമ്പോഴും പുതിയ കാലത്തിന്റെ മുള്ളുകള്‍ മനസ്സിനെ നോവിക്കുമ്പോഴും അവര്‍ സിനിമയെയാണ് ചേര്‍ത്തുപിടിക്കുന്നത്. നാരായണിയമ്മയ്ക്ക് അത് അതിജീവനത്തിന്റെ വഴികൂടിയാണല്ലോ. ഒരര്‍ഥത്തില്‍ സിനിമതന്നെ ഒരു ഭ്രമകല്പനയാണല്ലോ. ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്നത്. ആ നിലയില്‍ മാത്രമല്ല ‘പടം’ എന്ന പേര് നോവലിന് അന്വര്‍ഥമാകുന്നത്. പാമ്പ് പടം പൊഴിക്കുന്നതുപോലെ ആവശ്യാനുസരണം സ്വന്തം പടം പൊഴിക്കുന്ന മനുഷ്യരാണിതില് എല്ലാം.
വാര്‍ധക്യം നിരാലംബതയുടെ കാലമാണ്; ഭ്രമകല്പനകളുടെയും. വാതിലിനപ്പുറത്ത് മരണം കാത്തുനില്ക്കുന്നതറിയുമ്പോള് ജീവിതക്കാഴ്ചകള്‍ മാറുന്നു. സമീപനങ്ങള്‍ മാറുന്നു. അതുവരെയുള്ള ജീവിതത്തെ പുതിയ കണ്ണുകളോടെ നോക്കിക്കാണുന്നു. പക്ഷേ, ആയുസ്സിന്റെ സൂര്യന് പടിഞ്ഞാറ് ചായുമ്പോഴും പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. അതാണല്ലോ ജീവിതത്തെ വ്യത്യസ്തമാക്കുന്നതും. നാരായണിയുടെ ജീവിതവും ഇതില്‍നിന്നു ഭിന്നമല്ല. ഓര്‍മകളും ഭ്രമകല്പനകളും സിനിമയും കൂടിക്കലര്‍ന്ന ചിത്രീകരണമാണ് നോവലില്‍ അവലംബിച്ചിരിക്കുന്നത്. യാഥാര്‍ഥ്യം തീരുന്നിടത്ത് സിനിമ തുടങ്ങുകയും അതവസാനിക്കുമ്പോള്‍ ഭ്രമകല്പന ഇടം പിടിക്കുകയും ചെയ്യുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകളി’ല്‍ നസീര്‍ വിളക്ക് ഊതിക്കെടുത്തി ഷീലയെ ചേര്‍ത്തുപിടിക്കുന്ന രംഗത്തോടെയാണ്
നോവലിന്റെ തുടക്കം.
Comments are closed.