DCBOOKS
Malayalam News Literature Website

മുട്ടത്തുവര്‍ക്കിയുടെ ചരമവാര്‍ഷികദിനം

മലയാളസാഹിത്യത്തിലെ ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി. മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വര്‍ക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്. സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയാണെന്നും മുട്ടത്തു വര്‍ക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും എന്‍.വി. കൃഷ്ണവാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വര്‍ക്കി’ എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.

താനെഴുതുന്നതു മുഴുവന്‍ പൈങ്കിളികളാണെന്ന് തുറന്നു പറയാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല. തുഞ്ചന്‍ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികള്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തില്‍ കാലന്‍ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ചെത്തിപ്പുഴയില്‍ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒന്‍പതു മക്കളില്‍ നാലാമനായി 1915 ഏപ്രില്‍ 28നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല എന്നു വന്നപ്പോള്‍ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. കുറച്ചു നാള്‍ എം.പി.പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയില്‍ ജോലിചെയ്തു. 1950 മുതല്‍ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നു. പത്രത്തിലെ ‘നേരും നേരമ്പോക്കും’ എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.

മത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോള്‍ ആണ് വര്‍ക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്. 81 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനകൃതികള്‍, 5 ജീവചരിത്രങ്ങള്‍ എന്നിവയടക്കം ഇരുന്നൂറോളം കൃതികള്‍ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവര്‍ജ്ജകമായി ആവിഷ്‌കരിച്ചു മുട്ടത്തു വര്‍ക്കി. ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയില്‍ ആവിഷ്‌കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവര്‍ക്കി.

മുട്ടത്തുവര്‍ക്കിയുടെ 26 നോവലുകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യന്‍ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീര്‍ അഭിനയിച്ച ഇണപ്രാവുകള്‍, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വന്‍ വിജയമായിരുന്നു. 1989 മേയ് 28നു മുട്ടത്തു വര്‍ക്കി അന്തരിച്ചു.

Comments are closed.