DCBOOKS
Malayalam News Literature Website

ഒരു നൂറ്റാണ്ടോളം പരന്നുകിടക്കുന്ന ഒരുപറ്റം അടികളുടെ സമാഹാരം

വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് അമിത് കുമാർ എഴുതിയ വായനാനുഭവം 

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് നോവലിന്റെ കഥയും. അതായത്, അടി തന്നെയാണ് പ്രതിപാദനവിഷയം. ഒന്നോ രണ്ടോ അടികളല്ല മറിച്ച്, ഒരു നൂറ്റാണ്ടോളം പരന്നുകിടക്കുന്ന ഒരുപറ്റം അടികളുടെ സമാഹാരമാണ് ‘അടി’.

പെലപ്പോലീസ് എന്ന വിളിപ്പേരുള്ള ഇ ഫിലിപ്സ് എന്ന പോലീസുകാരന് അപ്പനായ എലിസൺ പറഞ്ഞുകൊടുക്കുന്ന കഥകളുടെ സമാഹാരമായിട്ടാണ് ‘അടി’യെ അവതരിപ്പിച്ചിരിക്കുന്നത്.

സാധാരണ പുള്ളികളൊന്നുമല്ല ‘അടി’യിലെ അടികാര്. പേരു കേട്ട ചട്ടമ്പികളാണ് എല്ലാവരും. സത്യവാൻ ചട്ടമ്പി, വേലുച്ചട്ടമ്പി, കാട്ടുമാക്കാൻ ചട്ടമ്പി, മേലേപ്പറമ്പിൽ തിരുടർകൾ, നൂഹുച്ചട്ടമ്പി, സോമൻ തിരുടൻ, കള്ള അഷറഫ്, ഇരുമ്പൻ ചട്ടമ്പി, ചന്ത അലിയാര്, നമ്പോടൻ, മേട്ടുക്കട പപ്പൂട്ടി തുടങ്ങിയവരാണ് ‘അടി’യിലെ നായകർ.

വില്ലൻ ഇല്ലാത്തൊരു നോവലാണ് ‘അടി’ എന്നതും ശ്രദ്ധേയമാണ്.

എന്നാലോ, നായികമാർക്കു പഞ്ഞമില്ല. സാവിത്രി, രായമ്മ, മായമ്മ തുടങ്ങി എപ്പോൾ വേണമെങ്കിലും എടുത്തുപയോഗിക്കാൻ പാകത്തിൽ പള്ളുകളുടെ സ്റ്റോക്കുള്ള, ഏതു ചട്ടമ്പിയേയും വരക്കു നിറുത്താൻ കെൽപ്പുള്ള ധിഷണാശാലികളായ പെണ്ണുങ്ങളാണ് ‘അടി’യിൽ നിറയെ.

ചട്ടമ്പിമാരുടെ കഥകൾ എന്നു കേൾക്കുമ്പോൾ ഗുണ്ടകളുടെയും കൊട്ടേഷൻ സംഘങ്ങളുടേയും കഥയായിരിക്കുമല്ലോ എന്നാണു തോന്നുന്നതെങ്കിൽ അങ്ങനെയല്ല എന്നു പറയട്ടെ.

ഇന്നത്തെക്കാലത്ത് പൊതുവെ നമുക്കു പരിചയമില്ലാത്ത ചട്ടമ്പികളെയാണ് നോവലിൽ പരിചയപ്പെടുത്തുന്നത്. പ്രേംനസീറിന്റെയൊക്കെ സിനിമകളിൽ കണ്ടിരുന്ന, കൊമ്പൻ മീശയും മറുകും ഉറച്ചശരീരവുമുള്ള, കയ്യിലെപ്പോഴും കഠാര കൊണ്ടുനടക്കുന്ന, ക്ഷിപ്രകോപികളും ആജാനബാഹുക്കളുമായ, മുതലാളിമാർക്കു വേണ്ടി അടിക്കാനും ചാവാനും നടക്കുന്ന, വലിയ ബുദ്ധിയൊന്നുമില്ലാത്ത കവലച്ചട്ടമ്പികളെ ഒരുപക്ഷേ ഓർമ വന്നേക്കാം എന്നു മാത്രം.

നായകന്റെ ശൗര്യം നായികയേയും, നാട്ടുകാരേയും, സർവോപരി പ്രേക്ഷകരേയും ബോധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം മാത്രമായിരുന്നു പ്രേംനസീറിന്റെ കാലത്തെ സിനിമകളിലെ ചട്ടമ്പികളെങ്കിൽ ‘അടി’യിൽ അവരുടെ റോൾ തികച്ചും വ്യത്യസ്തമാണ്. അവരാണ് നായകർ എന്ന് ആദ്യമേ പറഞ്ഞല്ലോ. പക്ഷേ, സിനിമയിലെ നായകനെപോലല്ല, വിജയങ്ങൾക്കൊപ്പം തന്നെ പരാജയപ്പെടുകയും ചെയ്യുന്നുണ്ട് അവർ. നായകനെപ്പോലെ Textധീരരുമല്ല. ഊതിപ്പെരുപ്പിച്ച ധൈര്യത്തിനുള്ളില്‍ ഏതുനിമിഷവും പരാജയപ്പെട്ടേക്കാമെന്ന ഭയവും പേറിയാണ് അവർ നടക്കുന്നത്.

ഒരു സ്ത്രീ മതി അവരെ നിലക്കു നിർത്താൻ എന്നതാണ് ഹൈലൈറ്റ്.

ചട്ടമ്പിമാരുടെ കഥയാണ് എന്നു പറഞ്ഞെങ്കിലും അതു മാത്രമല്ല ‘അടി’ എന്ന് വായന മുന്നോട്ടു പോവുന്നതോടെ വ്യക്തമാവും. സ്വാതന്ത്ര്യപൂർവ- അനന്തര തിരുവിതാംകൂറിലെ വ്യത്യസ്ത സമുദായങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളാണ് ചട്ടമ്പിമാരിലൂടെ ‘അടി’ വരച്ചുകാട്ടുന്നത്.

കമ്യൂണിസ്റ്റ് പാർട്ടിയും ഈയെമ്മെസ്സും ഏകേജീയുമൊക്കെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തന്റെ മുന്നിൽ സല്യൂട്ടടിക്കാൻ വയ്യാത്തതിനാൽ ലീവാവശ്യപ്പെടുന്ന നെട്ടക്കോട്ടു വീട്ടിലെ കൃഷ്ണൻ തമ്പിയോടു മറുപടി പറയാൻ സാധിക്കാതെ സ്വയം ലീവപേക്ഷ എഴുതുന്ന ഫിലിപ്പോസിനെ അവതരിപ്പിച്ചുകൊണ്ടു തുടങ്ങുന്ന ‘അടി’ ചരിത്രങ്ങളെല്ലാം വിവരിച്ച് എത്തിനിൽക്കുന്നത് എവിടെയാണെന്ന് വായിച്ചുതന്നെ അറിയേണ്ടതാണ്.

അടിയ്ക്കുള്ളിലെ ചിരി

ചട്ടമ്പിമാരുടെ പൊരിഞ്ഞ അടിയ്ക്കിടയിലും പള്ളുപറച്ചിലുകൾക്കിടയിലും ചിരിക്കുള്ള ഒത്തിരി വകകൾ ഷിനിലാൽ ഒരുക്കിയിട്ടുണ്ട്.

ഒന്നു രണ്ടു സാംപിളുകൾ ഇതാ: താൻ ചട്ടമ്പിയാവണോ പോലീസാവണോ എന്ന് ചോദിച്ചപ്പോൾ പീലിപ്പോസിന് അപ്പൻ കൊടുത്ത മറുപടി: ‘പോലീസാവ്. പോലീസായാൽ നിനക്ക് പോലീസും ആവാം ചട്ടമ്പീം ആവാം’.

ചട്ടമ്പിയാവണമെന്ന് കള്ളൻ അഷറഫിന് വലിയ ആഗ്രഹം. എന്താ കാരണമെന്നോ, ചട്ടമ്പി പദവി ശാശ്വതമാണ്. മരിച്ചാലും പേര് നിലനിൽക്കും. നായൻമാർ ഏതോ ചട്ടമ്പിയുടെ പടം വെച്ച് പൂജിക്കുന്നത് അയാൾ കണ്ടിട്ടുണ്ട്.

അടിയുടെ ഭാഷ

തിര്വന്തോരം ഭാഷയാണ് ‘അടി’ മുഴുവൻ. ഞാനിന്നുവരെ കേൾക്കാത്ത ഒത്തിരി വാക്കുകളെ പരിചയപ്പെടാൻ സാധിച്ചു. പള്ളുകളാവട്ടെ തികച്ചും വ്യത്യസ്തവും. ചിലതൊക്കെ ഊഹിക്കാൻ സാധിച്ചെങ്കിലും കുറെ വാക്കുകൾ പിടിതരാതെ നിന്നു. ഉദാഹരണത്തിന്, വാണാല്, ചാളുവ, റെഡ്ഡ്, ചൊതുക്കി, ലവുണ്ടി, പോന്തി, ഞോഴിക്കുക, വെറുവാക്കലം തുടങ്ങിയ കുറച്ചു വാക്കുകൾ എന്നോടു ചട്ടമ്പിത്തരം കാണിച്ച് മാറിനിന്നു കളഞ്ഞു!

പക്ഷേ ‘അടി’ ആസ്വദിക്കാൻ ഇതൊന്നും ഒരു ഇടങ്കോലായില്ല എന്നതും പറയട്ടെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.