DCBOOKS
Malayalam News Literature Website

ഗോപാലകൃഷ്ണ ഗോഖലെ; അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരേ ശക്തിയായി പ്രതികരിച്ച നേതാവ്

ചേപ്പാട് ഭാസ്‌കരന്‍ നായരുടെ ‘സ്വാതന്ത്ര്യസമര യോദ്ധാക്കള്‍’ എന്ന പുസ്തകത്തില്‍ നിന്നും 

അന്നത്തെ ക്ലാസ് അവസാനിച്ചപ്പോള്‍ അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് ഒരു വീട്ടുപാഠം കണക്ക് ഇട്ടുകൊടുത്തു. വീട്ടില്‍ ചെന്നിരുന്ന് ഏറെനേരം ശ്രമിച്ചിട്ടും ആ കുട്ടിക്ക് കണക്ക് ശരിയായി ചെയ്യാനായില്ല. മുതിര്‍ന്ന ആരോടോ അവന്‍ സംശയം ചോദിച്ചു. കണക്കുചെയ്യേണ്ടവിധം അവര്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ആവിധത്തില്‍ അവന്‍ കണക്കു ചെയ്തു നോക്കിയപ്പോള്‍ ശരിയാണെന്നു കണ്ടെത്തി.

അടുത്ത ദിവസം കണക്കുചെയ്ത ബുക്കുമായിട്ടാണു കുട്ടികള്‍ ക്ലാസ്സില്‍ എത്തിയത്. അദ്ധ്യാപകന്‍ ഓരോരുത്തരുടെയും ബുക്കുവാങ്ങി പരിശോധിച്ചു. എന്നാല്‍ ആ കുട്ടിയുടെ കണക്കു മാത്രമേ ശരിയായിരുന്നുള്ളൂ. മറ്റു കുട്ടികള്‍ ആരുംതന്നെ കണക്കു ശരിയായി ചെയ്തിരുന്നില്ല. കണക്കു ശരിയായി ചെയ്തുകൊണ്ടുവന്നതിന് ആ കുട്ടിയെ അദ്ധ്യാപകന്‍ അഭിനന്ദിച്ചു. ക്ലാസ്സില്‍ ഒന്നാമത്തെ നിരയില്‍ ഒന്നാമതിരിക്കാന്‍ അര്‍ഹന്‍ ഇവന്‍തന്നെയാണെന്ന് അദ്ധ്യാപകന്‍ പ്രഖ്യാപിച്ചു. അദ്ദേഹം ആ കുട്ടിയെ എഴുന്നേല്പിച്ച് ഒന്നാമതായി കൊണ്ടിരുത്തി.

സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ അല്പം കഴിഞ്ഞപ്പോള്‍ ആരോ ഏങ്ങലടിക്കുന്ന ശബ്ദം കേട്ട് അദ്ധ്യാപകന്‍ സൂക്ഷിച്ചുനോക്കി. ഒന്നാമതായി താന്‍ കൊണ്ടിരുത്തിയ ആ ബാലന്‍ വിങ്ങിക്കരയുന്നു. കാരണമറിയാതെ അദ്ദേഹം ഉത്കണ്ഠാഭരിതനായി. അദ്ദേഹം അടുത്തുചെന്ന് അവനോട് കരയുന്നതിന്റെ കാരണമന്വേഷിച്ചു. ഈ കണക്ക് താന്‍തന്നെ ചെയ്തതല്ലെന്നും മറ്റൊരാളിന്റെ സഹായത്തോടെ ചെയ്തതിനാല്‍ ഒന്നാമതിരിക്കാന്‍ തനിക്ക് അര്‍ഹതയില്ലെന്നും അവന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. ആ അദ്ധ്യാപകന്‍ തന്റെ ശിഷ്യനില്‍ അഭിമാനംകൊണ്ടു. ചെറുപ്പത്തില്‍തന്നെ ഇത്രമാത്രം സത്യസന്ധത പുലര്‍ത്തിയ ആ കുട്ടിയാണ് പിന്നീടു പ്രശസ്ത സ്വാതന്ത്ര്യസമര സേനാനിയായി മാറിയ ഗോപാലകൃഷ്ണ ഗോഖലെ. രാഷ്ട്രപിതാവായ ഗാന്ധിജി തന്റെ രാഷ്ട്രീയഗുരുവായി അംഗീകരിച്ചത് ഗോഖലെയായിരുന്നല്ലോ.

Textപഴയ ബോംബെ സംസ്ഥാനത്തിലെ രത്‌നഗിരി ജില്ലയില്‍ ‘കോട്‌ലക്’ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര ബ്രാഹ്മണകുടുംബത്തില്‍ 1866 മെയ് 9-നാണ് ഗോപാലകൃഷ്ണ ഗോഖലെ ജനിച്ചത്. ദാരിദ്ര്യത്തില്‍ വളര്‍ന്ന ആ ബാലന് മിക്ക ദിവസങ്ങളിലും സ്‌കൂളില്‍ ഉച്ചപ്പട്ടിണിയായിരുന്നു. വിളക്കില്‍ എണ്ണ ഒഴിക്കാനില്ലാതെവന്നപ്പോള്‍ പലപ്പോഴും വഴിവിളക്കിന്റെ വെട്ടത്തിരുന്നാണ് അവന്‍ പാഠങ്ങള്‍ പഠിച്ചത്. പിതാവ് മരണമടഞ്ഞതോടെ വളരെയേറെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തു. എന്നാല്‍ വിദ്യാഭ്യാസം തുടരുവാനാണ് ആ ബാലന്‍ ഇഷ്ടപ്പെട്ടത്.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോല്‍ഹാപ്പൂരിലെ രാജാറാം കോളജ്, ബോംബെ എല്‍പിന്‍സ്റ്റണ്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് 1884-ല്‍ ഗോപാലകൃഷ്ണന്‍ ബിരുദം നേടി. തുടര്‍ന്നു പഠിക്കാന്‍ മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. അമ്മയെയും ജ്യേഷ്ഠസഹോദരനെയും സംരക്ഷിക്കേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. അതിനാല്‍ 75 രൂപാ ശമ്പളത്തില്‍ ന്യൂ ഇംഗ്ലിഷ് സ്‌കൂളില്‍ ഒരധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. യുവജനങ്ങളുടെ ആരാധ്യനായ ബാലഗംഗാധരതിലകനെ അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടി. നിയമബിരുദം നേടിയ തിലകന്‍ വക്കീല്‍പണിക്കുപോകാതെ പാവങ്ങള്‍ക്കു സൗജന്യ നിയമോപദേശം നല്‍കി പൊതുപ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയായിരുന്നു. അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരേ ശക്തിയായി പ്രതികരിച്ചുകൊണ്ടിരുന്ന യുവനേതാവായിരുന്നു തിലകന്‍.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.