DCBOOKS
Malayalam News Literature Website

കീഴാള ബദല്‍ നവോത്ഥാനത്തിന്റെ വിദ്ധ്വംസകയന്ത്രങ്ങള്‍

ബി. രാജീവന്‍

പാശ്ചാത്യചിന്തയുടെ പ്രതിനിധാനാത്മക സമീപനങ്ങളുടെ വലയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വളരെ വൈകിപ്പോവുകയും പ്രത്യക്ഷ യാഥാര്‍ഥ്യങ്ങള്‍ ആവിര്‍ഭവിക്കുന്ന പരോക്ഷ തീവ്രയാഥാര്‍ഥ്യതലങ്ങളുടെ ആവിഷ്‌കാരരീതികളെക്കുറിച്ചുള്ള തിരിച്ചറിവ്
ഇനിയും അകലെയായിരിക്കുകയും ചെയ്യുന്നതിന്റെ സന്ദിഗ്ധതകളിലാണ് ഇന്ന് നമ്മുടെ സാഹിത്യകലാചിന്ത എത്തിനില്‍ക്കുന്നത്. പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ സാര്‍വ്വലൗകികമായ ആധിപത്യം തകരുകയും ബദല്‍ ആധുനികതകളുടെ ഭിന്നധാരകള്‍ തിരിച്ചറിയപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്ന ഇക്കാലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ കഥകള്‍ മലയാളിസമൂഹത്തിന്റെ ജീവിതഭാവനായാഥാര്‍ഥ്യങ്ങളുടെ ലോകത്ത് എങ്ങനെയെല്ലാം എന്തെല്ലാം ചെയ്തു എന്നതിനെക്കുറിച്ചുള്ള ഒരന്വേഷണം ഇന്ന് നമ്മുടെ സാഹിത്യകലാചിന്ത Textഎത്തിനില്‍ക്കുന്ന മേല്‍പ്പറഞ്ഞ സന്ദിഗ്ദ്ധതകളെ മറികടക്കാനുള്ള ഒരു ശ്രമംകൂടിയായിരിക്കണം.

ആധുനികജീവിതത്തിലേക്കുള്ള മലയാളിസമൂഹത്തിന്റെ പരിവര്‍ത്തനകാലത്തെ സാമൂഹികവും രാഷ്ട്രീയവും മാനസികവുമായ സംഘര്‍ഷങ്ങളുടെ സങ്കീര്‍ണ്ണതകളെ തകഴിയുടെ ആഖ്യാനകല എങ്ങനെയെല്ലാം സൂക്ഷ്മമായി പകര്‍ത്തിക്കാട്ടുന്നു എന്നതിനെക്കുറിച്ചുള്ള ഒട്ടുവളരെ പഠനങ്ങളും വിശകലനങ്ങളും ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തകഴിയുടെ കഥകളെ അവ രചിക്കപ്പെട്ട കാലത്തെ ജീവിതയാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഹൃദയ സ്പര്‍ശിയായ രചനകള്‍ എന്നതിനെക്കാള്‍ വിവിധതരം കീഴാള
ജീവിതങ്ങള്‍ക്ക് നിലനില്‍പ്പിന്റെ നൂതനചക്രവാളങ്ങള്‍ തുറന്ന സ്വച്ഛന്ദവും വിദ്ധ്വംസകവുമായ ഭാവയന്ത്രങ്ങള്‍ എന്ന നിലയില്‍ ഇന്ന് നമുക്ക് പുതുതായി കണ്ടെത്താന്‍ കഴിയും. അതിലൂടെ ആ സ്വച്ഛന്ദ ഭാവശക്തിസ്രോതസ്സുകള്‍ക്ക് എങ്ങനെ ഇനിയും നിലവില്‍ വന്നുകഴിഞ്ഞിട്ടില്ലാത്ത കീഴാള ജനസഞ്ചയവിമോചനത്തിന്റെ ന്യൂനപക്ഷാത്മക രാഷ്ട്രീയത്തിലേക്ക്, അതിന്റെ തീവ്രശക്തികളിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് നമുക്ക് അന്വേഷിക്കാനും കഴിയും.

ഇങ്ങനെ, പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ ലിബറല്‍പുരോഗമനവ്യവഹാരങ്ങളുടെയും രീതിശാസ്ത്രത്തിന്റെയും സങ്കോചങ്ങളില്‍ നിന്നും തകഴിയെ വീണ്ടെടുക്കാനുതകും വിധം വിധ്വംസകമായ ഒരു കവിത ഈ അടുത്തകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കെ.ജി.എസ്സിന്റെ ‘തകഴിയും മാന്ത്രികക്കുതിരയും’. തകഴിയുടെ കഥാപ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്ന കീഴാളവിമോചന തൃഷ്ണായന്ത്രങ്ങളുടെ മൗലികയുക്തികളെ ഈ കവിത
നൂതനമായി ആവര്‍ത്തിക്കുന്നു. ആധുനിക ലിബറല്‍പുരോഗമന വ്യാഖ്യാനവായനകളില്‍ മറഞ്ഞുപോയ തകഴിയുടെ കഥകളുടെ പല പരോക്ഷ തീവ്രശക്തികളും ഈ കവിതയില്‍ പുനര്‍സൃഷ്ടിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഈ കവിതയിലൂടെ നമുക്ക് തകഴിയിലേക്ക് കടക്കാം.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.