DCBOOKS
Malayalam News Literature Website

വായനക്കാര്‍ അത്ര നിസ്സാരപുള്ളികളല്ല!

അഭിമുഖം

അനില്‍ ദേവസ്സി/വിപിന്‍ ദാസ്

യാ ഇലാഹി ടൈംസിലൂടെ മലയാളിവായനാസമൂഹത്തിന് മുന്നിലെത്തിയ യുവ എഴുത്തുകാരന്‍ അനില്‍ ദേവസ്സിയുടെ രണ്ടാമത്തെ നോവല്‍ കാസ പിലാസ ഡി സി ബുക്‌സിലൂടെ പുറത്തുവരുന്ന അവസരത്തില്‍ എഴുത്തുകാരനുമായി നടത്തിയ സംഭാഷണം.

ഡി സി നോവല്‍ പുരസ്‌കാരം നേടിയ ‘യാ ഇലഹി ടൈംസി’ന് ശേഷം രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ഇപ്പുറമാണ് പുതിയ നോവല്‍ വരുന്നത്. ‘കാസ പിലാസ’യുടെ നാള്‍വഴികള്‍ എങ്ങനെയായിരുന്നു?

2018-ലാണ് യാ ഇലാഹി ടൈംസ് ഇറങ്ങുന്നത്. അതിനു മുന്‍പേ അല്ലെങ്കില്‍ അതോടൊപ്പം കാസ പിലാസയുടെ ഒരു അധ്യായം മറ്റൊരു തലക്കെട്ടിന്റെ കീഴെ എഴുതിവെച്ചിട്ടുണ്ടായിരുന്നു. അന്നുമുതല്‍ ഈ നോവലിന്റെ പുറകെയാണ്. ഒച്ചിഴയുന്ന വേഗത്തിലാണ് എന്റെ എഴുത്ത്. കൂടാതെ മറ്റു ചില തടസ്സങ്ങളും നേരിട്ടു. 2020-ന്റെ പകുതിമുതല്‍ 2021 അവസാനംവരെ പൂര്‍ണ്ണമായും ഞാനീ നോവലില്‍ കുടുങ്ങിപ്പോയി. എഴുതിത്തീര്‍ക്കാതെ വയ്യ എന്നൊരു അവസ്ഥ. ഒരു ബുക്കില്‍നിന്നും അടുത്ത ബുക്കിലേക്കുള്ള കാലതാമസം ഒന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം, എഴുതുക എന്ന പ്രോസസ്സിലാണ് എന്റെ ആനന്ദം. അതെപ്പോഴും എന്റെയുള്ളില്‍ നടക്കുന്നുണ്ട്.

‘യാ ഇലാഹി’യില്‍നിന്നും തികച്ചും വിഭിന്നമായ പശ്ചാത്തലമാണ് ‘കാസ പിലാസ’ കൈകാര്യം ചെയ്യുന്നത്. ദേശകാലങ്ങളും ഭാഷയും എങ്ങനെയാണ് കാസ പിലാസയില്‍ ഉരുത്തിരിഞ്ഞത്? ആത്മാംശത്തിന്റെ ഛായ കാസ പിലാസയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ടോ?

മനസ്സിലും പേപ്പറിലുമായി പലപല എഴുത്തുകുത്തുകള്‍ നടക്കുന്നുണ്ടാകും. തുടങ്ങിവച്ചത്, പാതിയായത്, ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അങ്ങനെയങ്ങനെ. ഇതിലേതെങ്കിലുമൊക്കെ ഒരു ഘട്ടത്തില്‍ നമ്മളെ കുടുക്കിക്കളയും. പിന്നെ അതിന്റെ പിന്നാലെയാണ്. എനിക്ക് പരിചയമുള്ള Textഒരാളെക്കുറിച്ചുള്ള ആലോചനകളില്‍നിന്നുമാണ് കാസ പിലാസയുടെ ജനനം. എഴുത്തുവഴിയില്‍ കഥയും കഥാപാത്രങ്ങളും ഭാവനയുടെ ചിറകേറി സ്വതന്ത്രരായി സഞ്ചരിക്കുകയായിരുന്നു. വീടിന്റെ അടുത്തുള്ള കവലയുടെ പേരാണ് ഇതില്‍ ദേശത്തിന്റെ പേരായി മാറിയത്. വീട്ടിലും പരിസരത്തുമൊക്കെ സംസാരിക്കുന്ന ഭാഷയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തവിധം എന്റെ ചില അനുഭവങ്ങളും ഇതില്‍ വിളക്കിച്ചേര്‍ത്തിട്ടുണ്ട്. എന്നുവച്ച് ഇതെന്റെ ജീവിതമൊന്നുമല്ല.
ഇതെല്ലാം ഭാവനയുടെ തല തെറിച്ച സന്തതികള്‍ മാത്രം.

മതവും ദേശവും സമൂഹവും കാലാകാലങ്ങളില്‍ വിമര്‍ശിക്കപ്പെടേണ്ട ഒന്നാണെന്ന് ‘കാസ പിലാസ’ വരികള്‍ക്കിടയിലൂടെ പറഞ്ഞുവെക്കുന്നുണ്ട്? അത്തരം രാഷ്ട്രീയനിലപാടുകള്‍ സാഹിത്യകൃതികളില്‍ എത്രത്തോളം ആവശ്യമാണ്?

ഞാന്‍ പറഞ്ഞല്ലോ, എനിക്കു പരിചയമുള്ള ഒരാളിനെക്കുറിച്ചുള്ള ആലോചകളാണ് ഈ നോവലിന്റെ താക്കോല്‍. ആരെയും വിമര്‍ശി
ക്കുക എന്ന ലക്ഷ്യത്തോടെയല്ല നോവലെഴുതിയത്. ഞാന്‍ ആ മനുഷ്യനെക്കുറിച്ചുമാത്രം ചിന്തിച്ചുകൊണ്ടിരുന്നു. തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും. അങ്ങനെയങ്ങനെ അയാള്‍ മാത്രമായി എന്റെ മനസ്സില്‍. അപ്പോഴാണ് ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നത്. നമ്മള്‍ കാണിച്ചുകൂട്ടുന്ന ഓരോരോ കോപ്രായങ്ങള്‍, പ്രാന്തുകള്‍, ഓട്ടപ്പാച്ചിലുകള്‍, മത്സരങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍… അതെല്ലാംതന്നെ അയാള്‍ തന്റെ ജീവിതംകൊണ്ട് റദ്ദുചെയ്ത് കളയുകയാണ്. നമ്മുടെ ഈ ജീവിതം ലൗഡ് ആയി പറഞ്ഞുകൊണ്ട് അയാളുടെ ജീവിതം ലൈറ്റ് ആയി കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ദേശകഥകളും ആഖ്യാനങ്ങളും പൊതുവെ മലയാളത്തില്‍നിന്ന് അകന്നുപോകുന്ന ഒന്നായിട്ടുണ്ട്. ആ വിടവിലേക്കാണ് ‘കാസ പിലാസ’ എന്ന ദേശാഖ്യായിക വരുന്നത്. ദേശകഥയുടെ രാഷ്ട്രീയം എന്താണ്? മലയാളത്തില്‍ ദേശാഖ്യായിക അന്യംനിന്നു പോകുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയാന്‍ മാത്രമുള്ള വലിയൊരു വായനക്കാരനൊന്നുമല്ല ഞാന്‍. മാത്രമല്ല, എന്റെ നോവല്‍ ഒരു ദേശത്തിന്റെ കഥ പറയുന്ന നോവല്‍ ആണെന്ന് എനിക്കു ഉറപ്പിച്ചു പറയാന്‍ കഴിയില്ല. ഒരു കുടുംബത്തിന്റെ കഥ പറഞ്ഞു പോകുമ്പോള്‍ സ്വാഭാവികമായി ഒരു ദേശം കടന്നുവരുമല്ലോ. അത്രമാത്രമേ കാസ പിലാസയില്‍ ഉള്ളൂ. ദേശത്തിന്റെ കഥ പറയുന്ന നോവലുകള്‍ അന്യംനിന്നു പോയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നാണു തോന്നുന്നത്. കാലം മാറിയല്ലോ, അതിനനുസരിച്ച് ദേശസങ്കല്പങ്ങള്‍ക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. കഥകളിലും നോവലുകളിലും ഇപ്പോഴും പ്രാദേശികതതന്നെയാണല്ലോ നിറഞ്ഞുനില്‍ക്കുന്നത്.

ഒരു വിഭാഗം പുതുകാല എഴുത്തുകാര്‍ സഹതാപഭിക്ഷാടനവും പരസ്പരമുള്ള അന്ധമായ പുകഴ്ത്തലും ഭാവിമാറ്റപ്രഹസനവും നടത്തി വായനക്കാരെ വിപരീതദിശയില്‍ സ്വാധീനിക്കുന്നതിനെ എങ്ങനെ വിലയിരുത്തുന്നു?

എങ്ങനെയെങ്കിലുമൊക്കെ പുസ്തകം വില്‍ക്കുക, ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിനുവേണ്ടി എഴുത്തുകാരന്‍ നേരിട്ട് വിപണിയിലേക്ക് ഇറങ്ങുകയാണ്. തെറ്റു പറയാന്‍ കഴിയില്ല. എന്നാല്‍ ചിലരുണ്ട്, സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് കരച്ചിലോടു കരച്ചിലാണ്. പുതുമുഖങ്ങള്‍ മാത്രമല്ല, പഴയമുഖങ്ങളും ഈ കാര്യത്തില്‍ മോശമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എത്ര പേര്‍ പുസ്തകം വായിച്ചു എന്നതല്ല, എത്ര പതിപ്പ് ഇറങ്ങി എന്നതിന്മേലാണ് അവരുടെ നോട്ടം. തങ്ങളാണ് മലയാളസാഹിത്യത്തിലെ ഏറ്റവും
വലിയ എഴുത്തുകാര്‍ എന്നു ഈ കൂട്ടര്‍ സ്വയം പ്രതിഷ്ഠയും നടത്തിക്കളയും. ആ ഗണത്തില്‍പ്പെടാതെ ഒഴിഞ്ഞു നില്‍ക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അത് എന്റെ എഴുത്തിന്റെ മേന്മകൊണ്ടൊന്നുമല്ല. എന്റെ എഴുത്തിന്റെ പോരായ്മകള്‍ എനിക്ക് നല്ലപോലെ അറിയാവുന്നതുകൊണ്ടാണ്.

No photo description available.

ക്രൈസ്തവ മതത്തിലെ വിവാദപരമായ പല വിഷയങ്ങളും കൃത്യതയോടെ, ഫലിതത്തിന്റെ മേമ്പൊടിയില്‍ വ്യക്തമായ നിലപാടോടെ കാസ പിലാസ കൈകാര്യം ചെയ്യുന്നുണ്ട്. സമീപകാലത്ത് പ്രസിദ്ധീകൃതമായ പുസ്തകങ്ങളില്‍ ചിലതെങ്കിലും എങ്ങനെയെങ്കിലും വിവാദം സൃഷ്ടിക്കാനുള്ള വഴി തേടുന്നതിനിടയില്‍ കാസ പിലാസ എങ്ങനെയാണ് വിഷയ സ്വീകരണത്തില്‍ വ്യത്യസ്തമാകുന്നത്?

ക്രിസ്തുമതത്തിലെയും സഭയിലെയും വിവാദങ്ങള്‍ പെരുപ്പിച്ചുകാട്ടി പുസ്തകം ചൂടപ്പം പോലെ വില്‍ക്കാം എന്നൊന്നും ഞാന്‍ കരുതുന്നില്ല. സഭയുടെ ചട്ടക്കൂടിന്റെയുളളില്‍ ദീര്‍ഘകാലം ജീവിച്ച എത്രപേരാണ് അതെല്ലാം പൊളിച്ചെറിഞ്ഞ് സമൂഹത്തോട് പലതും വിളിച്ചു പറഞ്ഞത്. അതില്‍ക്കൂടുതല്‍ എന്താണ് ഭാവനകൊണ്ട് നമുക്ക് പണിതുയര്‍ത്താന്‍ കഴിയുക. കാസ പിലാസ അത്തരം വിഷയങ്ങള്‍ പറഞ്ഞുപോകുന്നുണ്ടെങ്കിലും നോവലില്‍ അതിനൊരു മറുപുറം ഉണ്ട്. അവിടെ ഇതൊന്നും ഏശാത്ത എന്റെ നായകനുമുണ്ട്.

എഴുത്തുകാരന്റെ സ്വന്തം പരിമിതികള്‍ വായനക്കാരുടെ പരിമിതിയായി കണക്കാക്കുന്ന പ്രവണതയെ അനില്‍ എങ്ങനെ വിലയിരുത്തുന്നു?

എന്റെ പരിമിതികള്‍ സ്വയം തിരിച്ചറിയുന്നിടത്താണ് ഞാന്‍ എന്നോടുതന്നെ സത്യസന്ധനാകുന്നത്. അതങ്ങോട്ട് സമ്മതിച്ചുകൊടുത്താല്‍ മറ്റെല്ലാ വീരവാദങ്ങളും താനേ അടര്‍ന്നുവീഴും. മറിച്ച്, അതു വായനക്കാരന്റെ കഴിവില്ലായ്മ്മയാണ്, എന്നെ വായിച്ചു മനസ്സിലാക്കാന്‍ നിങ്ങള്‍ പോരാ, അല്ലെങ്കില്‍ അങ്ങേയറ്റം ലളിതമായാലേ വായനക്കാര്‍ക്ക് മനസ്സിലാകൂ എന്നൊക്കെയുളള നാട്യങ്ങള്‍ വെറുതെയാണെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. കാരണം, വായനക്കാര്‍ അത്ര നിസ്സാരപുള്ളികളല്ല

വായനക്കാരെക്കുറിച്ച് ഒരു മുന്‍ധാരണയും സൂക്ഷിക്കാതിരിക്കുന്നതാണ് എഴുത്തുകാര്‍ക്ക് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.

അനില്‍ ദേവസ്സി എന്ന എഴുത്തുകാരന്റെ രാഷ്ട്രീയം എന്താണ്? സമകാലിക ഇന്ത്യയില്‍ അരാഷ്ട്രീയവാദം ഒരു കുറ്റമായി പരിഗണിക്കുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു.? കലാസാഹിത്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുറന്ന രാഷ്ട്രീയബോധവും നിലപാടുകളും എത്രത്തോളം ആവശ്യമാണ്?

കഴിഞ്ഞ ഇലക്ഷന്‍ സമയത്തു ഉണ്ടായ ഒരു അനുഭവം പറയാം. തമിഴ്നാട്ടില്‍നിന്നുമുള്ള ഒരു പയ്യനോട് ആര് അധികാരത്തില്‍ വരണമെന്നാണ് നീ ആഗ്രഹിക്കുന്നത് എന്നു ഞാന്‍ ചോദിക്കുകയുണ്ടായി. ആര് വന്നാലും പോയാലും നമുക്കെന്താ. ഞാന്‍ പണിയെടുത്താല്‍ എനിക്ക് ജീവിക്കാം എന്നായിരുന്നു അവന്റെ മറുപടി. ഇത്തരം ചിന്താഗതികള്‍ ഉള്ളവരെ നമുക്ക് ചുറ്റും കാണാനാകും. ഒരുകാലത്ത് ഞാനും അങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. അതല്ല ശരി എന്നു പിന്നീട് സ്വയം മനസ്സിലാക്കുകയായിരുന്നു. മനുഷ്യപക്ഷത്ത് നില്‍ക്കുക എന്നതാണ് എന്റെ രാഷ്ട്രീയം. തുറന്ന രാഷ്ട്രീയ ബോധവും നിലപാടുകളും ആര്‍ക്കുമാകാം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏതു രാഷ്ട്രീയപാര്‍ട്ടിയുടെ ആളാണെങ്കിലും പ്രതിപക്ഷത്തുനിന്നുകൊണ്ട് ചിന്തിക്കാന്‍ കഴിയണം എന്നുമാത്രം. പക്ഷേ, ഭാവിയില്‍ വീണുകിട്ടാന്‍ സാധ്യതയുള്ള അപ്പക്കഷ്ണത്തിനുവേണ്ടി കുരയ്ക്കുന്നരാണ് നമ്മളില്‍ പലരും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരില്‍ പലരും പുതിയ എഴുത്തുകാരെ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്നു എന്ന പരാമര്‍ശത്തോട് എങ്ങനെ പ്രതികരിക്കുന്നു?

മുതിര്‍ന്ന എഴുത്തുകാര്‍ അവിടെ നില്‍ക്കട്ടെ, വായനക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണ് കാര്യം. എല്ലായിടത്തും ഒരു ബെല്‍റ്റ് സംവിധാനം മറഞ്ഞിരിപ്പുണ്ട്. സൗഹൃദങ്ങളുടെ കാര്യമല്ല പറയുന്നത്. അതിനുമൊക്കെ അപ്പുറത്തുള്ള ചില സംഘങ്ങള്‍. തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ ഉയര്‍ത്താനും മറ്റുചിലരെ താഴ്ത്താനുമൊക്കെയുള്ള കളികള്‍ വശമുള്ള ഗൂഢസംഘങ്ങള്‍. എന്റെ ആദ്യ പുസ്തകം വന്ന സമയത്ത് ഒരു ചങ്ങാതി തമാശയായി പറഞ്ഞത്, എഴുത്തുകാരുടെ അധോലോകത്തിലേക്കു സ്വാഗതം, നിന്നെ കണ്ടിട്ട് ഇവിടെ പിടിച്ചുനില്‍ക്കും എന്നു തോന്നുന്നില്ലല്ലോടാ എന്നാണ്. അധികം വൈകാതെ അതു തമാശ അല്ലെന്നു മനസ്സിലായി.

വായനയില്‍ സ്വാധീനിച്ച പുസ്തകങ്ങളോ എഴുത്തുകാരോ ഉണ്ടോ?

പിന്നെ ഇല്ലാതിരിക്കുമോ. കൊച്ചി കണ്ടിട്ടുപോലും ഇല്ലാത്ത കാലത്താണ് ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ വായിക്കുന്നത്. അതുപോലെ ഒരു ദേശത്തിന്റെ കഥ. വേറേതോ ലോകത്ത് Textകുറച്ചുനാള്‍ ജീവിച്ചപോലത്തെ അനുഭവമായിരുന്നു അതൊക്കെ സമ്മാനിച്ചത്. അങ്ങനെ എത്രയോ കൃതികള്‍. അതുപോലെ, നമ്മുടെതായ ലോകങ്ങള്‍ പണിയണമെന്ന ആഗ്രഹം ഉള്ളില്‍ ജനിക്കുമല്ലോ. അത്തരം ശ്രമങ്ങളാണ് എഴുത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്.

ദുബായില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് അനില്‍. പ്രവാസം എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? പ്രവാസി എഴുത്തുകാരെ നാട്ടിലെ എഴുത്തുകാര്‍ അകറ്റിനിര്‍ത്തുന്ന ഒരു ദുഷ്പ്രവണതയുണ്ടോ?

യാ ഇലാഹി ടൈംസിലെ കഥാപാത്രങ്ങളെപ്പോലെ അഭയാര്‍ത്ഥി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവാസിയാകേണ്ടി വന്ന ആളൊന്നുമല്ല ഞാന്‍. മെച്ചപ്പെട്ട ജീവിതസാഹചര്യം ലക്ഷ്യമാക്കിതന്നെയാണ് ദുബായില്‍ എത്തിയത്. തീര്‍ച്ചയായും നാടും വീടും നമ്മളെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കും. ചിലര്‍ക്ക് അതെല്ലാം ഈസിയായി മറികടക്കാന്‍ കഴിയും. ചിലര്‍ ആ കുടുക്കില്‍ പെട്ടുപ്പോകും. അതെ, പറഞ്ഞും എഴുതിയും ക്ളീഷേയായിത്തീര്‍ന്ന നൊസ്റ്റാള്‍ജിയതന്നെ സംഭവം. അത്തരം ആലോചനകളില്‍നിന്നുമാണ് യാ ഇലാഹി ടൈംസിന്റെയും ഇപ്പോള്‍ കാസ പിലാസയുടെയും ജനനം. അതുകൊണ്ട് പ്രവാസത്തെ ഒരിക്കലും തള്ളിപ്പറയില്ല.

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഇതാണ്: പ്രവാസി എഴുത്തുകാര്‍ക്ക് വേണ്ടി മാത്രമുള്ള പുരസ്‌കാരങ്ങളിലേക്ക് തങ്ങളുടെ കൃതികള്‍ അയച്ചുകൊടുത്ത് പുരസ്‌കാരങ്ങള്‍ കൈപ്പറ്റുകയും, അയ്യോ ഞങ്ങളെ പ്രവാസി എഴുത്തുകാര്‍ എന്നുവിളിച്ചു തരം താഴ്ത്തുന്നേ എന്നു വിലപിക്കുകയും ചെയ്യുന്നത് എന്തൊരു വിരോധാഭാസം ആണ്. നാലാള്‍ കൂടുന്നിടത്തു എഴുത്തുകാരന്‍ എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്താനുള്ള ആത്മവിശ്വാസം എനിക്കില്ല. ഇനിയൊട്ട് ഉണ്ടാകുമെന്നു തോന്നുന്നുമില്ല. അനുബന്ധമായി ഒരു കാര്യംകൂടി പറയട്ടെ. ഒരിക്കല്‍ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. ടി പത്മനാഭന്‍ പ്രവാസി എഴുത്തുകാരെ അടച്ചാക്ഷേപിച്ചു എന്നതായിരുന്നു വിഷയം. ആ ആക്ഷേപത്തില്‍ എത്രത്തോളം ശരിയുണ്ട്, അത്തരം ആരോപണങ്ങളെ ശക്തമായ കൃതികള്‍കൊണ്ട് എങ്ങനെ എതിര്‍ക്കാം എന്നൊക്കെ ചര്‍ച്ച വളരും എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ, സംഭവിച്ചതോ, അയാള്‍ അങ്ങനെയാണ് ഇങ്ങനെയാണ് ആനയാണ് അല്ല, വെറും എലിയാണ് എന്നൊക്കെ ടി. പത്മനാഭനെന്ന സ്വകാര്യവ്യക്തിയിലേക്ക് ആ ചര്‍ച്ച ചുരുങ്ങി. മുഖ്യവിഷയം ആകേണ്ടിയിരുന്ന, നമ്മുടെ എഴുത്തുകുത്തുകള്‍ മെച്ചപ്പെടുത്താന്‍ എന്തുചെയ്യാം എന്ന കാര്യം എല്ലാവരും മറന്നുപോയി.

ഏറെ ചെറുകഥകള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെപല ആനുകാലികങ്ങളിലും വരികയുണ്ടായി. കഥാസമാഹാരമായി എപ്പോള്‍ അതിനെ പ്രതീക്ഷിക്കാം? കാസ പിലാസയ്ക്ക് ശേഷം പുതിയ എഴുത്തുപദ്ധതികള്‍ എന്തൊക്കെയാണ്?

സമാഹാരം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. അത്രയും മികച്ച കഥകള്‍ എഴുതിയോ എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നു. എഴുത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസം തീരെയില്ലാത്ത ഒരാളാണ് ഞാന്‍. എങ്കിലും തരക്കേടില്ലാത്ത ചിലകഥകള്‍ ചേര്‍ത്ത് സമാഹാരം ആക്കാനുള്ള പണികള്‍ നടക്കുന്നു. ചില നോവല്‍ പരിപാടികളും തകൃതിയായി പുരോഗമിക്കുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.