DCBOOKS
Malayalam News Literature Website

ആധിപത്യം എന്ന അസംബന്ധ ഫലിതം

വി.കെ.എന്‍.ന്റെ 'ജനറല്‍ ചാത്തന്‍സ്' എന്ന നോവലിനെക്കുറിച്ച്‌

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

വര്‍ഗീസാന്റണി

ബോധോദയം നേടിയവരെ എത്രവലിയ അധികാരിക്കും ഒന്നുംചെയ്യാനാവില്ല. സിദ്ധാര്‍ത്ഥന്‍ എല്ലാംവെടിഞ്ഞ് ബോധോദയംമാത്രം സ്വീകരിച്ചു. ജനറല്‍ ചാത്തന്‍സ് തനിക്കുകിട്ടിയ അവാര്‍ഡുകളെല്ലാം പരിത്യജിച്ചു. പക്ഷേ ജനക്ഷേമത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയാധികാരം ഉപേക്ഷിച്ചില്ല. അതിനെ സംശുദ്ധസോഷ്യലിസ്റ്റ് മാതൃകയില്‍ നിലനിര്‍ത്തി. അതുകൊണ്ട് ജനറല്‍ ചാത്തന്‍സിന്റെ പരിത്യാഗം ഭാഗികമാണ്. പക്ഷേ അന്തരംഗത്തില്‍ സിദ്ധാര്‍ത്ഥന്റെ ഒരംശമുണ്ട്.

വി.കെ.എന്‍. സിദ്ധികളെല്ലാം പൊലിപോലെ പൊലിമനേടുന്ന നോവലാണ് ‘ജനറല്‍ ചാത്തന്‍സ്’. മനുഷ്യന്റെ ജീവസന്ധാരണത്തിനുവേണ്ടതെല്ലാം അധികംപോയിട്ട് ആവശ്യത്തിനുപോലും ഇല്ലാത്തവനായിരുന്നു ‘ജനറല്‍ ചാത്തന്‍സി’ലെ നായകനായ ചാത്തന്‍സ്. ഇല്ലായ്മയാകട്ടെ ആവശ്യത്തിലധികമുണ്ടായിരുന്നുതാനും. എല്ലാ അര്‍ത്ഥത്തിലും ‘ചെറുമന്‍’ ആയിരുന്നു. ചെറുമന്‍ എന്ന സാമാന്യമായ ആക്ഷേപത്തെ തല്ലിച്ചതച്ച് വി.കെ.എന്‍. അതിനെ ‘ജര്‍മ്മന്‍’ എന്ന വിശേഷണമാക്കി. അതെ, ഒരു ജര്‍മ്മന്‍കാരന്റെ ബുദ്ധിയുണ്ടായിരുന്നു ചാത്തന്‍സിന്. പക്ഷേ എഴുതാനും വായിക്കാനും അറിയില്ലെന്നുമാത്രം. എന്നിട്ടും എഴുത്തും വായനയും PACHAKUTHIRA DCBOOKSഅറിയുന്നവരേക്കാള്‍ അറിയപ്പെടുന്നവനായി ചാത്തന്‍സ് മാറി. പഞ്ഞത്തില്‍ നിന്ന് പണത്തിലേയ്ക്കുള്ള ആരോഹണമായിരുന്നു ചാത്തന്‍സിന്റെ ജീവിതം. ഇല്ലായ്മയില്‍നിന്ന് ഉണ്മയിലേയ്ക്ക്. ഉണ്മ എന്ന വാക്കിന്റെ പൂര്‍ണ്ണതയിലേയ്ക്കുള്ള യാത്ര. ഈ ആരോഹണത്തിന് ഊന്നുവടിയായിവര്‍ത്തിച്ചത് കഠിനദ്ധ്വാനവും (കു)ബുദ്ധിയും അത്യുത്സാഹവുമായിരുന്നു. പണിചെയ്തിട്ടും പാണിയിലേയ്ക്ക് പണം വന്നില്ലെങ്കില്‍ വരുത്തണം, വരുത്തിക്കൊത്തിക്കണം എന്നതായിരുന്നു ചാത്തന്‍സിന്റെ സിദ്ധാന്തം. അന്ത്യത്തില്‍ സിദ്ധിച്ചതല്ല ചാത്തന്‍സിന് ഈ സിദ്ധാന്തം. ആദ്യത്തില്‍ സിദ്ധിച്ചതാണ്. തന്റെ ദാരിദ്ര്യം വിധിയാണെന്ന് അയാള്‍Text വിശ്വസിച്ചില്ല. ദാരിദ്ര്യത്തില്‍ അയാള്‍ നിരാശനായില്ല. ദാരിദ്ര്യത്തെ ആദര്‍ശവല്‍ക്കരിച്ച് കൂടുതല്‍ ദരിദ്രനായില്ല. ദാരിദ്ര്യം വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന് മനസ്സിലാക്കിയ മാര്‍ക് സിസ്റ്റാണ് ചാത്തന്‍സ്. വ്യവസ്ഥിതിയെ അട്ടിമറിക്കുന്ന വിപ്ലവമാണ് അതിനുള്ള പരിഹാരമെന്ന് അയാള്‍ വിശ്വസിച്ചു. ചാത്തന്‍സ് അമര്‍ന്ന പണിക്കാരനാണ്. നിവരില്ല. പക്ഷേ പണിയെടുക്കുന്ന മണ്ണ് സ്വന്തമല്ല. അതുകൊണ്ട് സ്വന്തമായി മണ്ണുവേണം. ആറടിമണ്ണല്ല, പണിയെടുത്തു ജീവിക്കാന്‍ വേണ്ടിടത്തോളം അടി മണ്ണ്. അതിനുവേണ്ടി കുറച്ചു അടിയുണ്ടാക്കുക തന്നെ വേണ്ടിവന്നു. മണ്ണാണ് വിണ്ണിലേയ്ക്കുള്ള വഴി. മണ്ണുണ്ണിയായ ചാത്തന്‍സ് വിണ്ണുണ്ണിയായി മാറുന്ന കഥയാണ് ചുരുക്കത്തില്‍ ‘ജനറല്‍ ചാത്തന്‍സ്’ എന്ന നോവല്‍. ഇവിടെ ‘മണ്ണുണ്ണി’ പരിഹാസവാക്കല്ല. ഉപഹാരവാക്കാണ്. മണ്ണിന്റെ ഉണ്ണിയാണ് മണ്ണുണ്ണി. മണ്ണിന്റെ ഉണ്ണിയാകുന്നതിനേക്കാള്‍ നല്ലൊരു ഉണ്ണിത്തമുണ്ടോ? മണ്ണില്‍ കളിക്കുന്ന കുട്ടികള്‍ മാത്രമല്ല കൃഷിക്കാരും മണ്ണുണ്ണിയാണ്. മണ്ണ് അവര്‍ക്ക് അമ്മയാണ്. അമ്മ ഉണ്ണിക്കു വേണ്ടതെല്ലാം കൊടുക്കുന്നതുപോലെ മണ്ണമ്മ കര്‍ഷകരായ ഉണ്ണികള്‍ക്ക് വേണ്ടതെല്ലാം കൊടുക്കുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.