DCBOOKS
Malayalam News Literature Website

പാചകപ്പുരയും പൗരത്വപ്പുരയും

സിയര്‍ മനുരാജ്

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ജാതിക്കകത്ത് കീഴാളജാതികളെ സാംസ്‌കാരികമായി അന്യവല്‍ക്കരിച്ചുകൊണ്ട്
മേലാള ജാതികള്‍ തങ്ങളുടെ ജാതിമേന്‍മ നിലനിര്‍ത്തുകയും രാജ്യത്തിനകത്ത്
അന്യമതസ്ഥരെ അപരവല്‍ക്കരിച്ചുകൊണ്ട് ഹിന്ദുദേശീയത കെട്ടിപ്പടുക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ജാതീയടിമത്തം അനുഭവിക്കുന്ന കീഴാളജനതകളുടെ അപകര്‍ഷതയെ അവര്‍ക്ക് മറികടക്കാനുള്ള സാംസ്കാരികമാര്‍ഗ്ഗമാണ് അന്യമതവിരോധമെന്നത്.

അംബേദ്കറുടെ ഏറ്റവും പ്രസിദ്ധ എഴുത്തുകളില്‍ ഒന്നായ ‘ജാതി ഉന്‍മൂലനം’ എന്ന കൃതിയുടെ അവസാനഭാഗത്ത്, ‘ഹിന്ദു സമൂഹം ഒരു ജാതിരഹിത സമൂഹമായി തീരുമ്പോള്‍ മാത്രമേ അത് PACHAKUTHIRA DCBOOKSസ്വയംപ്രതിരോധിക്കാന്‍ ശക്തമാവുകയുള്ളൂ. അത്തരം ആഭ്യന്തര ശക്തിയില്ലാതെ ഹിന്ദുക്കള്‍ക്ക് സ്വരാജ് എന്നത് അടിമത്തത്തിലേക്ക് നയിക്കുന്ന പടവുമാത്രമായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

ആന്തരികമായും ആഭ്യന്തരമായും കെട്ടുറപ്പും സാഹോദര്യവുമുള്ള ഒരു സമൂഹമായി ഹിന്ദുക്കള്‍
പുനസംഘടിച്ചാല്‍ മാത്രമേ അവര്‍ നേടാന്‍ പോകുന്ന സ്വരാജ് അര്‍ഥ പൂര്‍ണവും ജനോപകാരപ്രദവും ആകുകയുള്ളു എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. സഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ ഒരു സമൂഹമായി മാറുന്നതിന് ഇന്ത്യക്കാര്‍ക്ക് മുന്‍പിലുള്ള ഏറ്റവും വലിയ തടസ്സം ഹിന്ദു ജാതിവ്യവസ്ഥയാണ് എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. സാഹോദര്യമുള്ള സമൂഹമേ പരസ്പരം ബഹുമാനം പുലര്‍ത്തു എന്ന തിരിച്ചറിവില്‍ നിന്നാണ് അംബേദ്കറുടെ സംഭവബഹുലമായ ജീവിതത്തെ കരുപ്പിടിപ്പിച്ച എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നടത്തപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തിലെ സഹോദര്യം എന്നത് വെറുമൊരു കിലുങ്ങുന്ന പദം മാത്രമായിരുന്നില്ല അംബേദ്കര്‍ക്ക്. ജാതികളേയും ജാതിവ്യവസ്ഥയെയും ഉണ്ടാക്കിയിട്ടുള്ളത് ഏതെങ്കിലും ദൈവമോ രാജാവോ നിയമ
കര്‍ത്താവോ അല്ലെന്നും നൂറ്റാണ്ടുകള്‍ നീണ്ട സാമൂഹ്യജീവിതത്തിന്റെ പരിണാമദശകളിലൂടെ രൂപംകൊള്ളുകയും മാറ്റത്തിന് വിധേയമാകുകയും വര്‍ത്തമാന പ്രയോഗരൂപങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്ത ഒന്നാണത് എന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. അതുകൊണ്ട്
തന്നെ സമൂഹത്തിനകത്ത് ജാതിയെ ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതുമായ പ്രയോഗങ്ങളെ ഇല്ലാതാക്കിയോ മയപ്പെടുത്തിയോ ജാതിവ്യവസ്ഥയുടെ വന്യതകളെ മെരുക്കാം എന്നദ്ദേഹം കരുതി. ജാതി ഇല്ലാതാക്കാന്‍ ഒരു വ്യക്തി എന്ന നിലയില്‍ അശക്തന്‍ ആണെങ്കിലും ഒരു സമൂഹം എന്ന നിലയില്‍ ജാതിവ്യവസ്ഥയെ വരുതിയില്‍ കൊണ്ടുവരാന്‍ കഴിയും എന്ന അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തില്‍ നിന്നുമുണ്ടായ പ്രയോഗപദ്ധതികള്‍ ആണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടന. ജാതിയും മതവുമൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ സാധ്യമാകുന്ന സാമൂഹ്യതുല്യതയെ പറ്റിയുംരാഷ്ട്രീയതുല്യതയെ പറ്റിയും സഹോദര്യത്തെപറ്റിയുമാണ് ഭരണഘടനയിലൂടെ അംബേദ്കര്‍ ഇന്ത്യക്കാരോട് സംവദിച്ചത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഏപ്രില്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍  ലക്കം ലഭ്യമാണ്‌

 

 

Comments are closed.