DCBOOKS
Malayalam News Literature Website

ലോക പുസ്തക ദിനത്തിൽ ഓർക്കാം ഷെയ്ക്‌സ്പിയർ എന്ന ഇതിഹാസത്തെ

ശബ്ന ശശിധരൻ

ജീവിച്ചിരുന്ന കാലത്ത് അത്രയൊന്നും വിഖ്യാതനാകാൻ കഴിയാതെ, മരണശേഷം മാത്രം ലോകം അറിഞ്ഞ എഴുത്തുകാരനായിരുന്നു ഷെയ്ക്‌സ്പിയർ. എന്നാൽ ജനനത്തിലും മരണത്തിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് അദ്ദേഹം .”ജനനവും മരണവും ഒരേ മാസത്തിലെ ദിനത്തിലാകുക. ആ ദിനം ലോകം അംഗീകരിക്കപ്പെട്ട പുസ്തക ദിനമാവുക. ഷേക്സ്പിയറിന്റെ സവിശേഷതകളിൽ ഒന്നിതെന്നു പറയാം .

അനാദിയായ, അനന്തമായ കാലത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നു എഴുത്തുകാരന്റെ വാക്കുകൾ. കാലപ്രവാഹത്തിൽ പ്രത്യക്ഷമായതെല്ലാം ലയിച്ചുചേരുമ്പോഴും വാക്കുകൾ കാലത്തെ അതിജീവിക്കുന്നു. ചില എഴുത്തുകാരുടെ വാക്കുകൾ പ്രത്യേകിച്ചൊരു കാലത്തിന്റേതല്ലാതെ, എല്ലാക്കാലത്തിന്റെയും എല്ലാ ദേശത്തിന്റെയും സ്വന്തമായി അമരത്വം നേടുന്നു. പലരും കാലത്തിനപ്പുറത്തേക്കു നീളാതെ വാടിവീഴുമ്പോൾ തലമുറകളെയും നൂറ്റാണ്ടുകളെയും അതിലംഘിച്ചു പ്രിയം നേടുന്നവർ അത്ഭുത ലോകത്തിനു അവകാശികൾ ആവുന്നു .അപൂർവങ്ങളിൽ അപൂർവമായ ചരിത്രവും സത്യവുമാകുന്നു. സൃഷ്ടികളിലൂടെ തനതായ ഒരു കാലത്തെതന്നെ നിർമിച്ച്, എണ്ണമറ്റ മനുഷ്യരെ സൃഷ്ടിച്ച്, ഭാഷയും ശബ്ദവും സൃഷ്ടിച്ച് മരണത്തെ മറികടന്ന മഹാമാനുഷർ. അവരുടെ നിരയിലെ ആദ്യത്തെ പേരായിരിക്കും വില്യം ഷേക്ക്സ്പിയർ .

മറ്റൊന്ന് അദ്ദേഹത്തിന്റെ എഴുത്തിലെ പ്രത്യേകതയാണ്. ശുഭപര്യവസായി അവസാനിപ്പിക്കുന്ന നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ഇന്നും ഷേക്ക്സ്പിയർ നാടകങ്ങൾ ഏറ്റവും വലിയ ദുരന്ത നാടകങ്ങൾ ആയി ലോകം കരുതുന്നു .ഇന്നും അതിനെ മറികടക്കാൻ മറ്റൊരു നാടകത്തിനും കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യമാണ് .കിങ് ലിയർ, ഹാം‌ലെറ്റ്, മാക്ബെത്ത് തുടങ്ങിയ ഷേക്സ്പീരിയൻ നാടകങ്ങൾ ഏറ്റവും വലിയ ദുരന്ത നാടകങ്ങളായി സാഹിത്യ ലോകത്തിന്റെ ഉച്ചസ്ഥായിയിൽ നില്കുന്നു .

ഷേക്സ്പീരിയൻ സാഹിത്യ-നാടക ജീവിതത്തെ വിവിധ വശങ്ങളായി വരച്ചു വച്ചാൽ ഓരോ സമയത്തും അദ്ദേഹം എഴുതിയത് കൃത്യമായ നിലപാടുകൾ ഉള്ള എഴുത്തുകൾ ആയിരുന്നു.തന്നെക്കാൾ എട്ടു വയസ്സോളം പ്രായക്കൂടുതൽ ഉള്ള അന്ന ഹാത്വേയെ കല്യാണം കഴിക്കുകയും അവരോടൊപ്പം വലിയ സന്തോഷത്തോടെ ജീവിക്കുകയും ചെയ്ത ഷേക്ക്സ്പിയറിന്റെ ആദ്യകാല രചനകൾ ശുഭാന്ത്യങൾ ആയിരുന്നു .റോമിയോ ജൂലിയട്ട് ഒക്കെ ആ സമയത്ത് ഉണ്ടായിട്ടുള്ള വിഖ്യാത രചനകളാണ്. പിന്നീട് കുട്ടിയുടെ മരണത്തിനു ശേഷമാണ് അദ്ദേഹം ദുരന്ത നാടകങ്ങളിലേക്ക് തിരിഞ്ഞതെന്നു പറയപ്പെടുന്നു.

ഹാംലറ്റ്, ഒഥല്ലോ, കിങ്ങ് ലിയർ , മാക്ബത്ത്, ആൻറണി ആൻറ് ക്ലിയോപാട്ര തുടങ്ങി പ്രശസ്തമായ ദുരന്തനാടകങ്ങളൊക്കെ ഈ സമയത്ത് എഴുതിയതാണ്. പിന്നീട് അവസാനം ദുരന്തവും ശുഭവും ഇടകലർന്ന തരത്തിലുള്ള നാടകങ്ങളും ഉണ്ടായി.

നാലു നൂറ്റാണ്ടുകൾക്കുശേഷവും ഷേക്സ്പിയർ മലയാളികൾക്ക് സ്വന്തം എഴുത്തുകാരനാണ്. അദ്ദേഹത്തെ മലയാള കരയിലേക്ക് എത്തിച്ച രണ്ടു മഹാരഥന്മാരുണ്ട് കേരള കരയിൽ . വിദേശരാജ്യങ്ങളേക്കാളും മാതൃരാജ്യമായ ഇംഗ്ളണ്ടിനേക്കാളും ഷേക്സ്പിയറിനെ ഉൾക്കൊണ്ടത് ഇന്ത്യാക്കാരാണ് എന്നത് വാസ്തവമാണ് .ഇന്ത്യക്കാരിൽത്തന്നെ വിശ്വമഹാകവിയെ ഏറ്റവും നന്നായി വായിച്ചതും ആസ്വദിച്ചതും ഉൾക്കൊണ്ടതും മലയാളികൾ. തെളിവ് അദ്ദേഹത്തിന്റെ കൃതികൾക്കു പലകാലങ്ങളിൽ ഉണ്ടായ വിവർത്തനങ്ങളും എണ്ണമറ്റ പഠനങ്ങളും തന്നെ. കേരളത്തിൽ ഷേക്സ്പിയറിനെ പ്രശ്സ്തനാക്കിയ അധ്യാപകരുടെ മുൻനിരയിൽ നിൽക്കുന്ന രണ്ടുപേരുണ്ട്.നാടകകൃത്തും നിരൂപകനുമായ കൈനിക്കര കുമാരപിള്ളയും കവി കെ. അയ്യപ്പപ്പണിക്കരും.

ഷേക്സ്പിയറുടെ ഒഥല്ലോ നാടകമാണ് കൈനിക്കര ആദ്യം മലയാളത്തിലേക്കു മൊഴിമാറ്റിയത്.എന്നാൽ അത് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പിന്നീട് മറ്റൊരു രചന മലയാളത്തിൽ വിവർത്തനം ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പൂർണ്ണമാക്കിയത് ” ആന്റ്ണിയും ക്ളിയോപാട്രയും ” എന്ന വിഖ്യാതമായ രചനയിലൂടെയാണ് .ഷേക്സ്പിയർ കൃതികൾക്കു മലയാളത്തിൽ ഉണ്ടായതിൽ ഏറ്റവും മികച്ച പരിഭാഷ. തുടക്കത്തിൽ സ്വർണത്തിനു സുഗന്ധം പോലെ പ്രൗഢമായ ഒരു അവതാരികയും. എഴുതിയത് അയ്യപ്പപ്പണിക്കർ.

ആന്റ്ണിയും ക്ളിയോപാട്രയും എന്ന നാടകത്തെക്കുറിച്ചു മാത്രമല്ല പഠനത്തിൽ അയ്യപ്പപ്പണിക്കർ പറയുന്നത്. ഷേക്സ്പിയറുടെ എല്ലാ നടകങ്ങളെയും അദ്ദേഹം വിലയിരുത്തി, വാക്കുകളാൽ കവിക്കു നമോവാകമേകി. ഉദാഹരണത്തിന് മാക്‌ബത്തിനെക്കുറിച്ച് ഒറ്റ വാചകത്തിൽ അയ്യപ്പപ്പണിക്കരുടെ നിരീക്ഷണം: അദമ്യമായ ദുരാഗ്രഹത്താൽ പ്രേരിതനായി അഭിലാഷ സാക്ഷാത്കാരത്തിനുവേണ്ടി അധർമത്തിൽനിന്ന് അധർമ്മത്തിലേക്കു കാൽവഴുതിവീണുപോകുകയും ആ ഗർത്തത്തിൽക്കിടന്ന് ‘ഒരു വിഡ്ഢി പുലമ്പുന്ന നിരർത്ഥകകഥയാണീ ജീവിതമെന്നു’ സമാധാനിക്കുകയും ചെയ്യുന്ന സമാധാനിക്കുകയും ചെയ്യുന്ന മോഹാന്ധനായ നായകനെ അവതരിപ്പിക്കുന്ന നാടകം.

ഇന്നും ഷേക്സ്പിയറിനെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഉത്തരമില്ല .പലതും അവ്യക്തമാണ് .ആധികാരികമായ രേഖകളുടെ അഭാവം ഇപ്പോഴും സംശയങ്ങൾ ബാക്കി നിർത്തുന്നു. പക്ഷേ വായനക്കാർക്ക് സംശയം ഒട്ടും ഇല്ല , അവരുടെ മുന്നിൽ ഷേക്സ്പിയർ ഇന്നും ആരാധന കഥാപാത്രമാണ് .

ഏപ്രിൽ 23 ഷേക്സ്പിയറിന്റെ മാത്രമല്ല പ്രശസ്ത സ്പെയിൻ എഴുത്തുകാരനായ മിഗ്വെൽ ദെ സെർവന്റസിന്റെ ചരമദിനം ആയതിനാൽ സ്പെയിനിൽ ഈ ദിനം പുസ്തക ദിനമായി ആഘോഷിക്കപ്പെട്ടിരുന്നു.തുടർന്ന് പ്രശസ്തരായ ഈ എഴുത്തുകാരുടെ ഒക്കെ ഓർമ്മയ്ക്ക്‌ മുന്നിൽ യുനെസ്കോ 1995- ലെ സമ്മേളനത്തിൽ വച്ച് ഈ ദിനം ലോകപുസ്തക ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

Comments are closed.