ചരിത്രം ഗുരുതരമായ ആയുധമാണ്!
എസ് ഹരീഷിന്റെ ഏറ്റവും പുതിയ നോവൽ ‘ആഗസ്റ്റ് 17’ ന് അഭിലാഷ് മേലേതില്‍
എഴുതിയ വായനാനുഭവം
ഹരീഷിന്റെ ‘ആഗസ്റ്റ് 17’, ക്രീയേറ്റീവ് റൈറ്റിംഗ്-നേപ്പറ്റിയുള്ള ഒരു പുസ്തകമായി വേണമെങ്കില്‍ കാണാം. ഒരാള്‍ ഒരു നാടിന്റെ അപരചരിത്രം ഭാവന ചെയ്യുന്നു. അയാള്‍ ബഷീറിനെപ്പോലെ അതികായനായ ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു – ആ എഴുത്തുകാരനാകട്ടെ തന്റെ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും ഉയര്‍ന്ന പടിയിലാണുള്ളത്. അയാളുടെ കൂസിലില്ലായ്മ (ബഷീറിന്റെ ഏതു എഴുത്തുകളും വായി്ക്കുമ്പോള് സാധാരണക്കാരായ നമുക്ക് തോന്നുന്ന പോലെ തന്നെ) കാണുമ്പോള്‍ തുടക്കക്കാരന് ആരാധന, അയാള്‍ ഗുരുസ്ഥാനീയനെ സദാ പിന്തുടരുന്നു, അയാള്‍ ഭ്രാന്തിനു ചികിത്സ തേടുന്ന ഇടത്തും, അയാളുടെ പ്രധാന പുസ്തകങ്ങള്‍ക്ക് കാരണമാകുന്ന ജയിലിലും (മതിലുകള്‍), പൂങ്കുന്നത്തെ താമസ സ്ഥലത്തും (അനുരാഗത്തിന്റെ ദിനങ്ങള്‍) ഈ ആരാധകനുണ്ട്. അയാളെ കാണുന്ന ഒരാള്‍ പാവപ്പെട്ടവരുടെ വേശ്യയെപ്പറ്റി അയാളോട് പറയുന്നു, ഇങ്ങനെ നിരവധി സംഗതികള്‍. ഒറ്റ്ക്ക് അതികായന് നയി്ക്കുന്ന സമരങ്ങള്‍, ജീവിതകാലം മുഴുവന്‍ അയാളുടെ ഒളി/എഴുത്തു ജീവിതം. ഒരിടത്ത് ചെഗുവേരയുടെ പടം വരക്കുന്നപോലെ ബഷീറിന്റെ ചിത്രം കുറെ യുവാക്കള്‍ ചുവരില്‍ വര്ക്കുന്നത് കാണുന്നു. അയാളുടെ മറ്റൊരു കഥയിലെ കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ ശവത്തിനുചുറ്റും നിന്ന് സംസാരിക്കുന്ന രംഗത്തു എത്തിപ്പെടുന്നതോടു കൂടി ജൂനിയര്‍ എഴുത്തുകാരനും ഭ്രാന്തിന്റെ പിടിയിലമരുന്നത് നമ്മള് കാണുന്നു. പിന്നെ അയാള്‍ തന്റെ എഴുത്ത്/ഭാവനാവിലാസം ആരംഭിയ്ക്കുകയാണ്.
അയാള്‍ എഴുതുന്ന അപര ചരിത്രമോ അതില്‍ അയാള്‍ സ്വയം ആരോപിക്കുന്ന പങ്കാളിത്തമോ ആരും വക വയ്ക്കുന്നില്ല. അയാളോട് മറ്റൊരു കൂട്ടര് ഒരു വ്യാജ ചരിത്രം എഴുതാന്‍ പറയുകയാണ്. അയാള്‍ അതെഴുതുന്നത് അവര്‍ സദാ വിലയിരുന്നതുന്നുണ്ട് എന്നാല്‍ അതും തീര്‍ക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല, അയാള്‍ക്ക് ചുറ്റും നാടും കാലവും മാറിമറിഞ്ഞു
കൊണ്ടിരിക്കുന്നു. ബഷീര്‍ പറഞ്ഞപോലെ പടച്ചവന്റെ ഖജാനയില്‍ നിന്ന് അയാള്ക്കനുവദിച്ച സമയം കഴിഞ്ഞു പോയി. അയാള്‍ മാനുസ്ക്രിപ്റ്റ് എടുത്ത് പുറത്തേക്കോടുന്നു. അയാളുടെ അവസാനമെങ്കിലും അയാള്‍ക്ക് യോജിച്ച വിധം വന്നു എന്ന് പറയാം. ഒരു സമയത്ത് ബഷീര്‍/അതികായന് ഈ കഥയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. അയാളെ ആഖ്യാതാവ് പിന്നെ കാണുന്നത് ജയിലിലെ ഒരു വന്‍മതിലിനപ്പുറം ഏകാന്ത തടവുകാരനായാണ്. അതെ, ഉജ്ജ്വലനായ ബഷീര്‍, ഏകാകിയായ ആ മരം, ഗര്‍വ്വോടെ മലയാള സാഹിത്യത്തില്‍ കൂസലില്ലായ്മയുടെ പ്രതീകമായി അങ്ങനെ നിലനില്ക്കുന്നു.
ഇത്രയും എന്റെ വേര്‍ഷന്‍. ഹരീഷ് തന്റെ ക്രിയേറ്റീവ് കരിയറിലെ ഏറ്റവും ഉന്നതിയില്‍ ഇരിക്കുന്ന സമയത്താണ് ഈ നോവല്‍ എഴുതിയത് എന്ന് വ്യക്തം. ചരിത്രം ഗുരുതരമായ ആയുധമാണ് എന്നതാണ് എഴുത്തുകാരന് ചര്‍ച്ചയ്ക്ക് വയ്ക്കുന്ന വിഷയം. എത്ര നിഷ്പ്രയാസം അതിനെ വളച്ചൊടിക്കാം എന്നത് നമ്മള് ലൈവ് ആയി കണ്ടു കൊണ്ടിരിക്കുകയാണല്ലോ. അതെന്തിന് എന്നും നമുക്കറിയാം. അതിന്റെ കേന്ദ്രത്തില്‍ തിരുവിതാംകൂര്‍ വന്നു എന്നത് പോലും അത്ഭുതമാകുന്നില്ല. പണ്ടത്തെ രാജകുടുംബത്തെ പൊലിപ്പിച്ചെടുക്കാന്‍ വ്യാജചരിത്രം എഴുതിയ ഒരുത്തന്റെ പുസ്തകങ്ങള്‍ ഇന്നാട്ടില് ചൂടപ്പം പോലെയാണ് വില്‍ക്കുന്നത്. അതും പോരാഞ്ഞു തിരുവനന്തപുരം എയര്‍പോര്‍ട്ട് പിടിക്കാന്‍ നടന്ന ചരടുവലികളുടെ പേരിലും ഒരു സമയത്ത് പലതും കേട്ടിരുന്നു. രാജാവ് അടുത്ത കാലത്ത് വരെയും കുതിരപ്പുറത്ത് വരാറുണ്ടായിരുന്നെന്നും ക്ഷേമാന്വേഷണം നടത്താറുണ്ടെന്നും ഒരു അന്നാട്ടുകാരനൊരുത്തന്‍ അഭിമാനത്തോടെ എന്നോട് പറഞ്ഞിട്ടുണ്ട്. കേരളം ഏറെക്കുറെ മതാടിസ്ഥാനത്തില്‍ തന്നെ വിഭജിയ്ക്കപ്പെടുന്ന സംഗതിയാണ് നോവലിന്റെ കേന്ദ്രത്തില്‍. അതുളവാക്കുന്ന ഭീതിയാണ് ആദ്യ പകുതിയില്‍ ഒരു ക്രൈം ത്രില്ലര്‍ പോലെ നമുക്ക് വായിക്കാന്‍ കഴിയുന്ന കഥ.
പിന്നെ അത്തരമൊരവസ്ഥയില്‍ നമ്മുടെ നേതാക്കന്മാര്ക്കും (വിഎസ് ജയില്‍ചാട്ടത്തിനിടെ വെടിയേറ്റ് മരിയ്ക്കുന്നു, ഓര്‍ത്തുനോക്കൂ അത്തരമൊരു ചരിത്രം) എഴുത്തുകാര്‍ക്കുമെല്ലാം (ഒഎന്‍വിയെയും എംടിയേയുമൊക്കെ സ്പൂഫ് ചെയ്യുന്നുണ്ട് ഹരീഷ് ഇവിടെ) എന്ത് സംഭവി്ക്കുന്നു എന്നതിന്റെ വിവരണം. അത്തരമൊരു രാജ്യത്തെ കൈപ്പിടിയിലാക്കാന്‍ ഇന്ത്യ നടത്തുന്ന യുദ്ധങ്ങള്‍, ഇരു രാജ്യങ്ങളുടെയും നയതന്ത്ര പോരാട്ടങ്ങള്‍ തുടങ്ങി അനവധി വിശദാംശങ്ങള്‍ ഈ ഭാഗത്തുണ്ട് – യാഥാര്‍ഥ്യത്തോട് വളരെ ചേര്‍ന്ന് നില്ക്കുന്നു എന്നതാണ് ഈ ആഖ്യാനം വായനക്കാരെ അലോസരപ്പെടുത്തുന്നതിനു കാരണം. ഇതേ അനുഭവം മുന്നേ വന്ന, രാജേഷ് വര്‍മ്മയുടെ ‘ചുവന്ന ബാഡ്ജ്’ എന്ന നോവലിലും ഉടനീളമുണ്ട്. കേന്ദ്രത്തില്‍ ഒരു സന്യാസിയുടെ നേതൃത്വത്തില്‍ ഗവണ്മെന്റ് ഉണ്ടാകുന്നതും അവര്‍ ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടുന്നതും ഭാഷ അടിച്ചേല്പ്പിയ്ക്കുന്നതുമൊക്കെയാണ് ആ (ബ്രില്ല്യന്റ്) നോവലിലെ കഥ. ഇവിടെ ഹരീഷിന്റെ ഭാവനയും അയാള്‍ സൃഷ്ടിക്കുന്ന ലോകവും അതിവിശാലമാണ്. അതില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ എഴുത്തുകാരന് വിളക്കിച്ചേര്‍ക്കുന്ന സംഗതികള്‍ നോവലിനെ മറ്റൊരു തലത്തിലേയ്ക്കുയര്ത്തുന്നു.
ഇറ്റ്സ് ഓഫ്റ്റണ് ബ്രെത്റ്റെയ്ക്കിങ്. സിനിമാപരിചയം ഹരീഷിനെ കൂടുതല്‍ ശ്രദ്ധാലുവായ എഴുത്തുകാരനാക്കിയതായാണ് ഞാന്‍ കാണുന്നത്, മറിച്ചല്ല. ആഖ്യാതാവിന്റെ ഭാവന ചരിത്രത്തില്‍ നിന്ന് വിട്ടു മറ്റു കാര്യങ്ങളിലേക്ക് കടക്കുന്ന വേളകളിലും എഴുത്തുകാരന്റെ കയ്യിടറുന്നില്ല. മീശയെക്കാളും ബഹുദൂരം മുന്നിലാണ് ‘ഓഗസ്റ്റ് -17’. അജയിന്റെ നോവല്‍ വായിച്ചപ്പോഴും എനി്ക്ക് അയാളുടെ മുന്‍ നോവലിനെപ്പറ്റി ഇതേ സംഗതി തോന്നി. ബഷീറിനുള്ള ആദരവ് ഇമ്മട്ടില്‍ പ്രകടിപ്പിച്ചതിനും ഹരീഷിനോട് എനിക്കു സ്നേഹമുണ്ട്. ബഷീര്‍ എന്തൊരെഴുത്തുകാരനായിരുന്നു എന്ന് നമ്മള് വീണ്ടുമോര്‍ക്കും. ഹരീഷിന്റെ ആഴമുള്ള വായനയോടും ഗവേഷണ താല്‍പ്പര്യത്തോടും നമുക്ക് ആദരവു തോന്നും. മലയാളത്തില്‍ അത്ര അധ്വാനം തന്നെ വലിയൊരു സംഗതിയാണ്.
Comments are closed.