ചിരിയും ചിന്തയും നിറഞ്ഞ മുകേഷ്‌കഥകളുടെ തുടര്‍ച്ച
എസ് അനില്‍കുമാര്‍
കാല്‍നൂറ്റാണ്ട് കാലത്തിലേറെ ഒരു ചലച്ചിത്ര പത്രപ്രവര്‍ത്തകനായി ജോലി ചെയ്യാനായതുകൊണ്ടുമാത്രം ലഭിച്ച ചില പ്രിവിലേജുകളുണ്ട്. അതില്‍ വ്യക്തിപരമായി ഏറെ ആഹ്ലാദാവേശങ്ങളോടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന പ്രിവിലേജുകളിലൊന്നാണ് മുകേഷ് കഥകള്‍.
പില്‍ക്കാലത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ച മുകേഷ് കഥകളില്‍ ഏറിയ പങ്കും ഏറ്റവും ആദ്യം കേള്‍ക്കാനായതും അത് പകര്‍ത്താനായതും എനിക്ക് ലഭിച്ച പ്രിവിലേജുകളിലൊന്നായി കാണാന്‍തന്നെയാണ് ഇഷ്ടം. വെള്ളിനക്ഷത്രത്തിലും കേരളകൗമുദി ഫ്‌ളാഷ് മൂവീസിലും കഥ മാഗസിനിലും ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ സെക്കന്‍ഡ് ഹോം എന്ന ഇന്‍ ഹൗസ് ജേര്‍ണലിലും മറ്റുമായി ഇതിനകം ഇരുന്നൂറിലധികം മുകേഷ് കഥകള്‍ പകര്‍ത്താന്‍ കഴിഞ്ഞത് പ്രിവിലേജല്ലെങ്കില്‍ പിന്നെന്താണ്! ഇരുപതാണ്ടുകള്‍ക്ക് മുമ്പാണ്. തെങ്കാശിയില്‍ പകല്‍പ്പൂരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. മുകേഷേട്ടനാണ് നായകന്‍. ഒപ്പം വലിയൊരു താര നിരയും. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ചിരിക്കഥകളുമായി മുകേഷേട്ടന്‍ അരങ്ങ് തകര്‍ക്കുന്നു. ഷോട്ട് റെഡിയാകുമ്പോള്‍ ഓരോരോ താരങ്ങള്‍ കാമറയ്ക്ക് മുന്നിലേക്ക് പോകുന്നു. ഇടയ്ക്ക് മുകേഷേട്ടനും. കഥ ഇടയ്ക്ക് മുറിയുമ്പോള്‍ മറ്റുള്ളവരെക്കാള്‍ സങ്കടമായിരുന്നു എനിക്ക്. മുകേഷേട്ടനൊഴികെ മറ്റ് താരങ്ങള്‍ക്കെല്ലാം ഒരുമിച്ച് ഷോട്ട് വന്നു. ഇനി അവര്‍ തിരിച്ചു വന്നാലേ മുകേഷട്ടന്‍ കഥ തുടരുകയുള്ളല്ലോയെന്ന് സങ്കടപ്പെട്ടിരുന്ന എന്നെ ഞെട്ടിച്ച് മുകേഷേട്ടന്‍ കഥ തുടര്‍ന്നു. കേള്‍വിക്കാരനായി ഞാന്‍ മാത്രം.
ശൈശവദശയിലായിരുന്ന എന്നിലെ ചലച്ചിത്ര പത്രപ്രവര്‍ത്തകനെ കോരിത്തരിപ്പിച്ച നിമിഷമായിരുന്നു അത്. തെങ്കാശിയിലെ ലൊക്കേഷനില്‍നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ ഞാന്‍ ഓര്‍മ്മയില്‍നിന്ന് മുകേഷേട്ടന്‍ പറഞ്ഞ പല കഥകളില്‍നിന്ന് രണ്ടെണ്ണമെഴുതി. വെള്ളിനക്ഷത്രത്തിന്റെ ദീര്‍ഘദര്‍ശിയായ പത്രാധിപര്‍ പ്രസാദ് ലക്ഷ്മണ്‍ സര്‍ പറഞ്ഞു: കൊള്ളാം; നമുക്കിത് പരമ്പരയാക്കാം. അദ്ദേഹം തന്നെ പേരുമിട്ടു. മുകേഷ് കഥകള്‍. അതായിരുന്നു തുടക്കം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.