മനുഷ്യന്റെ അതിജീവനപ്പയറ്റിന്റെ ദൃശ്യരൂപം: എസ് ഹരീഷ് എഴുതുന്നു
‘ആഗസ്റ്റ് 17’ എന്ന നോവലിന് എസ് ഹരീഷ് എഴുതിയ ആമുഖത്തിൽ നിന്നും
ജനിച്ചുവളര്‍ന്ന സ്ഥലവും കേട്ട കഥകളുമാണ് എന്റെ ആദ്യനോവലായ മീശയ്ക്ക് വഴിവെച്ചത്. എന്നാല്‍ ഒരാളെന്നത് അയാളുടെ ആന്തരികലോകവുമാണ്. ആ ലോകത്തെ രൂപപ്പെടുത്തുന്നത് വായനയുംകൂടിയാണ്. ഇത്രയും കാലത്തിനിടയിലെ വായനയും ചരിത്ര, രാഷ്ട്രീയ താത്പര്യവും അതിലൂടെ രൂപപ്പെട്ട അകംലോകവുമാണ് രണ്ടാമത്തെ നോവലായ ആഗസ്റ്റ് 17-ന്റെ പ്രേരണ.
ആന്തരികലോകമെന്നാല്‍ വ്യക്തിവിചാരങ്ങളും ആശങ്കകളും മാത്രമല്ല. ശരിക്കും പുറംലോകത്തെയും നമ്മുടെ ഉള്ളിനെയും അങ്ങനെ വേര്‍തിരിക്കേണ്ട
കാര്യമൊന്നുമില്ല. ചുറ്റുമുള്ളതൊക്കെയാണ് നമ്മുടെ അകത്തെയും രൂപപ്പെടുത്തുന്നത്. പുറവും അകവും ഒക്കെച്ചേര്‍ന്ന കലര്‍പ്പുകളാണ് നമ്മള്‍. സാഹിത്യത്തെക്കാള്‍ ഞാന്‍ കൂടുതല്‍ വായിച്ചിട്ടുള്ളത് ചരിതമാണ്. പക്ഷേ, ചരിത്രം നോവല്‍ പോലെയാണ് വായിക്കാറെന്ന് മാത്രം. മിക്കവാറും ചരിത്രപുസ്തകങ്ങള്‍ വളരെ നല്ല നോവലുകളാണെന്ന് മനസ്സിലാക്കിയിട്ടുമുണ്ട്. അതുപോലെ രാഷ്ട്രീയത്തെയും കാര്യമായിത്തന്നെ പിന്തുടര്‍ന്നിട്ടുണ്ട്. പക്ഷേ, അത് ഏതെങ്കിലും ആശയത്തോടോ സംഘടനയോടോ ഉള്ള താത്പര്യത്തിന്റെ പേരിലല്ല. മനുഷ്യന്റെ അതിജീവനപ്പയറ്റിന്റെ ദൃശ്യരൂപം ഏറ്റവും നന്നായി കാണാനാവുന്നത് അവിടെയാണെന്നതാണ് എന്റെ കൗതുകം. എന്നെ പ്രലോഭിപ്പിച്ചിട്ടുള്ള പല നല്ല നോവലുകളുടെയും ഉള്ളടക്കം ചരിത്രവും രാഷ്ട്രീയവുംതന്നെയാണ്. മനുഷ്യകഥകള്‍ പറയുമ്പോള്‍ മുന്നിലോ പിന്നിലോ ഒപ്പമോ അതൊക്കെ കടന്നുവരും. ചരിത്രത്തെയും രാഷ്ട്രീയത്തെയും അപാര സ്വാതന്ത്ര്യത്തോടെ ഫിക്ഷനില്‍ കൊണ്ടുവരാന്‍ എഴുത്തുകാരന്‍ മടിക്കേണ്ടതില്ലെന്നാണ് എന്റെ പക്ഷം. ചുറ്റും കാണുന്ന ജീവിതസന്ദര്‍ഭങ്ങളെ തോന്നുംപടി മാറ്റി മറിച്ച് എഴുതുംപോലെ ഇതും ആവാം. ഒരു രാഷ്ട്രീയനോവലോ ചരിത്രനോവലോ എഴുതുമ്പോള്‍ നമ്മള്‍ കണ്ട രാഷ്ട്രീയത്തോടോ ചരിത്രത്തോടോ നീതി പുലര്‍ത്തേണ്ട ഒരാവശ്യവുമില്ല. അവിടെ ഫിക്ഷനുള്ള അസംസ്‌കൃതവസ്തു മാത്രമാണ് അതൊക്കെ. പ്രതിചരിത്രമെന്നോ സമാന്തരചരിത്രമെന്നോ പറയാവുന്ന തരത്തിലുള്ള എഴുത്തുകള്‍ അപൂര്‍വ്വമായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആഗസ്റ്റ് 17-ഉം അത്തരമൊരു ശ്രമമാണ്. ചരിത്രത്തില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഒരാള്‍ മനസ്സില്‍ സൂക്ഷിക്കുന്ന സ്വാതന്ത്ര്യമാണീ നോവല്‍.
മുമ്പൊരിക്കല്‍ പറഞ്ഞ കാര്യം ഇവിടെ ഒന്നുകൂടി സൂചിപ്പിക്കട്ടെ. ഞാന്‍ കണ്ടിട്ടുള്ള മനുഷ്യരുടെയും വായിച്ച പുസ്തകങ്ങളുടെയും സ്വാധീനം ഇതിലുണ്ട്. ഈ നോവലിന്റെ എഴുത്ത് ധാരാളം സമയമെടുത്ത പ്രവൃത്തിയായിരുന്നു. അതിനിടെ സഹായിച്ചവര്‍ക്കും സഹിച്ചവര്‍ക്കും ഇതിന്റെ ആദ്യവായനക്കാരായ സുഹൃത്തുക്കള്‍ക്കും നന്ദി. ഇത് പുസ്തകരൂപത്തിലാക്കാന്‍ സഹായിച്ച ഡി സി ബുക്‌സിനും നന്ദി. മുമ്പെഴുതിയ നോവലും കഥകളും വായിച്ച് നേരിട്ടറിയാത്ത ധാരാളം വായനക്കാര്‍ പ്രതികരിച്ചിട്ടുണ്ട്. അവര്‍ ആഗസ്റ്റ് 17-നെയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Comments are closed.