ഓര്‍മ്മകളുടെ മരണം
യോക്കോ ഓഗാവയുടെ ‘മെമ്മറി പൊലീസ്’ എന്ന നോവലിന് വിവര്ത്തകന് എസ് ജയേഷ് എഴുതിയ കുറിപ്പ്
യോക്കോ ഓഗാവയുടെ ‘മെമ്മറി പൊലീസ്’ എന്ന നോവല്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിനെക്കുറിച്ച് മുന്‍ധാരണകള്‍ ഇല്ലായിരുന്നു. ജോര്‍ജ് ഓര്‍വെലിന്റെ 1984 എന്ന നോവലുമായി താരതമ്യം ചെയ്യാന്‍ ഇടയ്ക്ക് ശ്രമിച്ചിരുന്നു എന്നത് സത്യം. പക്ഷേ, അത്തരം ഒരു താരതമ്യത്തിന് പ്രസക്തിയില്ലെന്ന് വളരെ വേഗം മനസ്സിലായി.
അപ്രത്യക്ഷമാകല്‍ പതിവാകുന്ന ഒരു ദ്വീപ്. വളരെ സ്വാഭാവികമായിട്ടാണ് അവിടെനിന്നും പക്ഷികളും പൂക്കളും മനുഷ്യരും ഓര്‍മ്മയില്‍നിന്നും മാഞ്ഞുപോകുന്നത്. പിന്നെ എന്താണ് അവരെ ജീവിപ്പിച്ച് നിര്‍ത്തുന്നത് എന്ന ചോദ്യം ഉണ്ട്. മറവിതന്നെയാണ് അവരുടെ ഊര്‍ജ്ജം എന്ന് തോന്നിക്കും. എന്താണ്, എന്തിനാണ് എന്നറിയാത്ത വസ്തുക്കളെക്കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? അതുകൊണ്ട് അന്നാട്ടുകാര്‍ അപ്രത്യക്ഷമായവയെ ഉപേക്ഷിക്കുന്നു. അതില്ലാതെ ജീവിക്കുന്നതില്‍ അസ്വാഭാവികതയൊന്നും കാണാതെ ജീവിതം തുടരുന്നു. അടുത്തത് എന്തായിരിക്കും, മറവിയിലാകാന് പോകുന്നതിനെപ്പറ്റി മാത്രം ആലോചിക്കുന്നു.
യോക്കോ ഒഗാവ ഇക്കാര്യത്തില്‍ ഒന്നുകൂടി കടന്നുചിന്തിക്കുന്നുണ്ട്. സ്ഥലം, കാലം എന്നിവയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് അവര്‍ കഥ പറയുന്നത്. ഏത് നാട്ടില്‍, ഏത് കാലത്തിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നില്ല. അതിന്റെ ആവശ്യമില്ല എന്ന തോന്നല്‍ കൊണ്ടായിരിക്കാം. അതല്ലെങ്കില്‍ എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാത്ത ഒരു ‘യൂണിവേഴ്സല്‍’ കാര്യമാണ് താന്‍ പറയുന്നതെന്ന് ഉറപ്പുള്ളതുകൊണ്ടുമാകാം.
ഭയം എന്ന അനുഭവത്തിനെ വിചാരണയ്ക്കെടുക്കുന്നുണ്ട് ഒഗാവ എന്നും തോന്നി. ജോര്‍ജ് ഓര്‍വലിന്റെ നോവലില്‍ ഭയം എല്ലായിടത്തും നിറഞ്ഞിരിക്കുന്ന വാസ്തവമാണ്. അവിടെ ഭയത്തിനെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും നിയോഗിക്കപ്പെട്ട ഒരാളുണ്ട്. ഒഗാവ ഭയ
ത്തിന്റെ അല്പം സ്വാഭാവികമായ ഒന്നായി കൈകാര്യം ചെയ്യുന്നു. അന്തരീക്ഷത്തില്‍ ഭയം ഉണ്ട്, അതിന്റെ പ്രയോക്താക്കളും ഇടയ്ക്ക് വന്നും പോയിക്കൊണ്ടുമിരിക്കും. എന്നാലും ഭയത്തിനെ എല്ലാവരുടെയും അസ്ഥിയില്‍ അള്ളിപ്പിടിക്കുന്ന ഒന്നായിട്ടല്ല ഒഗാവ ചിത്രീകരിക്കുന്നത്.
അപ്രത്യക്ഷമായവയെ ഓര്‍മ്മയില്‍ നിന്നും ഉപേക്ഷിക്കുക എന്നത് ഒരു നാട്ടുനടപ്പാണ് ഈ നോവലില്‍. അതേ സമയം ഓര്‍മ്മകളെ ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്തവരും കഥയിലുണ്ട്. അവരാണ് ഭയക്കേണ്ടത്. അവരെ ഭയത്തിലാഴ്ത്താനുള്ള സംവിധാനം ആ നാട്ടിലുണ്ട്. അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും ആ സംവിധാനത്തിന്റെ നോട്ടപ്പുള്ളികള്‍ ആകുന്നു.
Comments are closed.