ഇടിമുഴക്കങ്ങളുടെ നാട്ടിലൂടൊരു യാത്ര
എം ആര് രേണുകുമാറിന്റെ ‘ഭൂട്ടാന് വിശേഷങ്ങള്‍’ എന്ന പുസ്തകത്തിന് എസ്.ഹരീഷ് എഴുതിയ ആമുഖത്തില്‍ നിന്നും
നിങ്ങള്‍ വായിക്കുന്ന ഈ പുസ്തകത്തിലെ യാത്രാനുഭവത്തില്‍ രേണുകുമാറിനോടൊപ്പം പങ്കാളിയായിരുന്നു ഞാനും. കൂടാതെ സുഹൃത്തുക്കളായ ടോം മാത്യു, യേശുദാസ്, ജയലാല്‍ എന്നിവരുമുണ്ടണ്ടായിരുന്നു. ലൈംഗിക അസൂയയില്‍നിന്ന് രൂപംകൊണ്ടണ്ട സദാചാരവും കപടരാഷ്ട്രീയവും അളിഞ്ഞ മൂല്യബോധവും ഒക്കെ തലയില്‍പേറി അധികമൊന്നും യാത്ര ചെയ്യാതെയും ജീവിതാനുഭവങ്ങളില്ലാതെയും ചെറുപ്പം ജീവിച്ചുതീര്‍ത്ത മലയാളികളായ ഞങ്ങളെ സംബന്ധിച്ച് മറക്കാന്‍ പറ്റാത്തതായിരുന്നു ആ യാത്ര.
ആളും അര്‍ത്ഥവുമില്ലാത്ത ഒരു സ്റ്റേഷനിലിറങ്ങി കുറേ കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ ജയ്ഗാവോണിലെത്തിയത്. ഏതൊരു വടക്കേ ഇന്ത്യന്‍ പട്ടണത്തെയും പോലെ നാറിയഴുകിയ നരകനഗരമാണ് ജയ്ഗാവോണ്‍. ആള്‍ക്കൂട്ടം, കൂവിയാര്‍ക്കുന്ന ഓട്ടോറിക്ഷകളും ടാക്സികളും, മുറുക്കിത്തുപ്പല്‍, തെറി, തട്ടിപ്പ്, മാരകായുധങ്ങള്‍ കൈയില്‍ പിടിച്ച കോപാകുലരായ ദൈവങ്ങള്‍, വര്‍ഗ്ഗീയത. ഒരു കുഞ്ഞ് മതിലിനപ്പുറമാണ് ഭൂട്ടാന്. അന്താരാഷ്ട്ര അതിര്‍ത്തിയെന്ന് കേള്‍ക്കുമ്പോള്‍ നമ്മള് മനസ്സില്‍ വിചാരിക്കുന്ന ഭീകരാവസ്ഥയൊന്നും അവിടെയില്ല. കാക്ക, പൂച്ച, പട്ടി എന്നിവയെപ്പോലെ നമുക്കും പാസ്പോര്‍ട്ടും വിസയുമില്ലാതെ നടന്ന് അപ്പുറം കടക്കാം. ആരും ചോദിക്കാനും പറയാനുമില്ല. പക്ഷേ, മതിലിനപ്പുറം വേറൊരു സംസ്കാരമാണെന്ന് ഗേറ്റ് കടക്കുന്ന നിമിഷം നമുക്ക് മനസ്സിലാകും. ട്രാഫിക്
നിയമം അക്ഷരംപ്രതി പാലിക്കുന്ന വാഹനങ്ങള്‍, ശാന്തരായി നടന്നു പോകുന്ന മനുഷ്യര്‍, അക്ര
മകാരികളായ പ്രാകൃത ദൈവങ്ങള്‍ക്കു പകരം ഒരു ചെറുപുഞ്ചിരിയുമായി ഭഗവാന് ബുദ്ധന്, അടുക്കും ചിട്ടയുമായി നഗരം സൂക്ഷിക്കുന്ന പൗരന്മാര്. ഏറ്റവും പ്രധാനം മദ്യക്കടകളാണ്. ഏത് കടയിലും സാധനം സുലഭം. ഇന്നാട്ടിലെപ്പോലെ നമ്മളെ കൊല്ലാക്കൊല ചെയ്യുന്ന ദ്രാവകങ്ങളല്ല. യഥാര്‍ത്ഥത്തിലുള്ള വിസ്കിയും ബീയറും സുലഭം.
പെണ്ണരശുനാടാണ് ഭൂട്ടാന്. മുഠാളന്മാരായ ആണുങ്ങളെ ഡ്രൈവിങ് പോലുള്ള കച്ചറ ജോലികള്‍ക്ക് വിടുകയും എന്തെങ്കിലും സാങ്കല്പിക സ്ഥാനം നല്കി അടക്കിയിരുത്തുകയുമാണ് പതിവ്. ഹോട്ടല്‍നടത്തിപ്പ്, ലോഡ്ജ് നടത്തിപ്പ് ഒക്കെ സ്ത്രീകളാണ്. നമ്മളെ മുറി കാണിച്ച് തന്ന് വിരിപ്പുകളൊക്കെ ശരിയാക്കി കടന്നുപോകുന്ന സുന്ദരികളും ബുദ്ധിമതികളുമായ സ്ത്രീകളെ നോക്കി ഞങ്ങള്‍ നെടുവീര്‍പ്പിട്ടു. സ്വതന്ത്രബുദ്ധികളായ സ്ത്രീകളെ വാക്കുകൊണ്ടണ്ടും നോക്കുകൊണ്ടണ്ടും ആക്ഷേപിക്കുന്ന നമ്മുടെ രീതി അവിടെ പ്രയോഗിച്ചാല്‍ വിവരമറിയും. ഒളിഞ്ഞുനോട്ടം, ബസ്സിലെ കൈക്രിയകള്‍, സദാചാര പോലീസിങ് തുടങ്ങിയ നമ്മുടെ നാടന്‍ കലകള്‍ക്ക് ഒരു സാദ്ധ്യതയും ഭൂട്ടാനിലില്ല.
Comments are closed.