ആരോഹണത്തിലെ സ്‌ഫോടകവസ്തു
മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും
വിനു ഏബ്രഹാം
പക്ഷേ, ഇന്നിപ്പോള്‍ ‘ആരോഹണം’ വീണ്ടും ഒരു വായനയ്‌ക്കെടുക്കുമ്പോഴോ അല്ലെങ്കില്‍ ആദ്യമായി അത് ഒരാള്‍ വായിക്കുമ്പോഴോ മേലേ പറഞ്ഞ കാര്യങ്ങളൊന്നുമല്ല വായനയില്‍ ഒരു ഞെട്ടലുളവാക്കുന്നത്. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക ഭാഗധേയത്തെയാകമാനം ഗ്രസിച്ചിരിക്കുന്ന, കര്‍ശനമായി നിയന്ത്രിക്കുന്ന മതവര്‍ഗ്ഗീയ ഫാഷിസത്തെ അരനൂറ്റാണ്ടുകള്‍ക്കിപ്പുറംതന്നെ തുറന്നുകാട്ടിയ, പ്രവചിച്ച നോവല്‍ എന്ന അമ്പരപ്പാണ് പുതിയ വായനയില്‍ സംഭവിക്കുന്നത്.
ചില കല്പിത സാഹിത്യകൃതികള്‍ അവയിലെ പ്രവചനാത്മകതകൊണ്ട് സാഹിത്യാനുവാചകരെയും പൊതുസമൂഹത്തേയും അമ്പരപ്പിക്കുന്ന അനുഭവങ്ങള്‍ സാഹിത്യ
ലോകത്ത് അത്ര വിരളമല്ല. സത്യസന്ധമായ എഴുത്തിന്റെ ക്രാന്തദര്‍ശിത്വം എന്നൊക്കെ അതിനെ വിശേഷിപ്പിക്കാറുണ്ട്. മലയാളത്തില്‍, ഒ.വി. വിജയന്റെ ‘ധര്‍മ്മപുരാണം’ അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയ ഉല്‍ക്കടാവസ്ഥയെ ഒട്ടൊക്കെ മുന്‍കൂട്ടി സൂചിപ്പിച്ചു എന്ന നിലയില്‍ ഇതിനൊരു വിഖ്യാത ഉദാഹരണമാണല്ലോ. എന്നാല്‍, മലയാളത്തിലെ പ്രവചനാത്മകത പേറുന്ന ഒരു രാഷ്ട്രീയ നോവല്‍ അതെഴുതപ്പെട്ട് അരനൂറ്റാണ്ടിനുശേഷവും അതിന്റേതായ അര്‍ത്ഥത്തില്‍ തിരിച്ചറിയപ്പെടുന്നില്ല. 1969-ല്‍ പുറത്തു വന്ന വി.കെ.എന്‍. കൃതിയായ ‘ആരോഹണം’ എന്ന നോവലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
കേരളസാഹിത്യ അക്കാദമിയുടെ നോവല്‍ പുരസ്‌കാരം നേടിയിട്ടുള്ള ‘ആരോഹണം’ ഏറെ മുന്തിയ ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ നോവല്‍ എന്ന നിലയില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്കുള്ള പാരായണവും കാലാന്തരത്തില്‍ അതിന് കൈ വന്നിട്ടുണ്ട്. വികെഎന്നിന്റെ വിശ്വവിഖ്യാത ‘പയ്യന്‍’ കളം നിറഞ്ഞാടുന്ന ഈ നോവല്‍ അറുപതുകളിലെ ഡല്‍ഹി രാഷ്ട്രീയം എന്ന തട്ടകത്തെ അതിന്റെ എല്ലാ വഷളത്തരങ്ങളോടെയും അന്തസ്സാരശൂന്യതയുടെയും പരിഹാസാത്മകതയോടൊപ്പം മറനീക്കി കാണിക്കുന്നുണ്ട്. കേരളത്തിലെ ഗ്രാമീണാന്തരീക്ഷത്തില്‍നിന്ന് ജീവസന്ധാരണാര്‍ത്ഥം ഡല്‍ഹിയിലെത്തുന്ന പയ്യന്‍ എന്ന യുവാവ് തന്റെ ബുദ്ധികൂര്‍മ്മതയാലും ആകര്‍ഷണീയ സ്വഭാവവിശേഷത്താലും അതിവേഗം പത്രപ്രവര്‍ത്തനമേഖലയിലൂടെ രാഷ്ട്രീയ-സാമൂഹിക ഡല്‍ഹിയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ ഉയരങ്ങള്‍ കീഴടക്കുന്നതിന്റെ ആഖ്യാനത്തിലൂടെയാണ് ഇത്തരമൊരു അനാവരണം നോവലിസ്റ്റ് സാധ്യമാക്കുന്നത്. ഒരു പരിധിവരെ ഗാന്ധിയന്‍ ആദര്‍ശങ്ങളിലും അതിനേക്കാളും മേലേനെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ ആദര്‍ശങ്ങളിലും ഊന്നി മുന്നേറാന്‍ ഉദ്യമിച്ച സ്വതന്ത്രഭാരതം അതിവേഗം അത്തരം എല്ലാ ആദര്‍ശങ്ങളെയും കുടഞ്ഞെറിഞ്ഞ് പണക്കൊഴുപ്പിന്റെയും അഴിമതിയുടെയും ജാതി, മതവെറികളുടെയും
വിളനിലമായിത്തീരുന്ന കാഴ്ച രാജ്യതലസ്ഥാനംതന്നെ ഭൂമികയാക്കിയുള്ള ‘ആരോഹണം’ കാട്ടിത്തരുന്നുണ്ട്. ഇന്നിപ്പോള്‍ യാതൊരു ഞെട്ടലുമുളവാക്കാനാകാത്ത വിധം സര്‍വസാധാരണമായ പണവും പെണ്ണും ചേര്‍ന്ന് നിശ്ചയമാക്കുന്ന രാഷ്ട്രീയ ചതുരംഗക്കളങ്ങളിലെ കരുനീക്കങ്ങളുടെ ഏറ്റവും സമഗ്രമായ ചിത്രണം സാധ്യമാക്കിയ ആദ്യകാല മലയാളനോവലുകളില്‍ ഒന്നുതന്നെയാണ്’ആരോഹണം.’
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്
Comments are closed.