DCBOOKS
Malayalam News Literature Website

മലയാളിയുടെ കപ്പല്‍യാത്രകള്‍

ആര്‍.കെ. ബിജുരാജ്‌

ബൂഷെറില്‍ 1800 കളുടെ മധ്യത്തില്‍ മലയാളത്തില്‍ അച്ചടിച്ച് വിതരണം ചെയ്ത നിയമരേഖകള്‍ ബ്രിട്ടീഷ് ആര്‍ക്കെവ്‌സില്‍നിന്ന് കണ്ടെടുത്ത ലേഖകന്‍ കൂടുതല്‍ ഗവേഷണത്തിലൂടെ, ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ മലയാളിയുടെ കപ്പല്‍യാത്രകളുടെ ചരിത്രം എഴുതുന്നു. മലയാളിയുടെ പുറംവാസ ചരിത്രം എന്തായിരുന്നുവെന്ന അന്വേഷണം തുടങ്ങേണ്ടത് കപ്പല്‍യാത്രകളുടെ ചരിത്രം തേടിക്കൊണ്ടുകൂടിയാണല്ലോ.

ബൂഷെര്‍ എന്ന സ്ഥലനാമം മലയാളികള്‍ക്ക് ഇന്ന് അധികം പരിചയം കാണില്ല. ഭൂരിപക്ഷം പേരും ചിലപ്പോള്‍ കേട്ടിട്ടുപോലുമുണ്ടാവില്ല. കാണാക്കടലുകള്‍ക്കപ്പുറമുള്ള ബൂഷെറില്‍ 1858-ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു നിയമം മലയാളത്തില്‍ മൊഴിമാറ്റി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധപ്പെടുത്തിയത് എന്തിനാവും?

ഇന്ത്യന്‍ ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ പാസാക്കിയതായിരുന്നു മലയാളത്തിലേക്ക് മൊഴിമാറ്റിയ ആ നിയമം. അത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭൗമപരിധിക്കുള്ളിലും മറ്റുമുള്ള തുറമുഖങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതില്‍ നേറ്റീവ് പാസഞ്ചര്‍ഷിപ്പുകള്‍ക്കും സ്റ്റീം വെസല്‍സുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. വളരെ ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ഉരുക്കള്‍ക്കും കപ്പലുകള്‍ക്കും ബാധകമായ ഒരു നിയമം. അത് ബൂഷെയറിലെ റസിഡന്റിന് ഇന്ത്യയിലെ ചീഫ് സെക്രട്ടറി അയച്ചതിന് കാരണം ഊഹിക്കാവുന്നതേയുള്ളൂ. 1858-ല്‍ നിരവധി മലയാളികളും അവരുടെ കപ്പലുകളും കൂട്ടമായി എത്തിയിരുന്ന സ്ഥലമായിരുന്നു ബൂഷെര്‍. 1800 കള്‍ മുതല്‍ 1900 ന്റെ മധ്യംവരെ മലയാളികള്‍ക്ക് പരിചയമുള്ള സ്ഥലം. സാഹസികരായ മലയാളികള്‍ ചെന്നെത്തിയ ഒരു നാട്.

കേരളീയര്‍ ‘പേര്‍ഷ്യ’ എന്ന് വിളിച്ച നാടിന്റെ ഭാഗമാണ് ബൂഷെര്‍. ഇറാന്റെയും അറേബ്യന്‍ മുനമ്പിന്റെയും ഇടയിലുള്ള കടലിടുക്കായ പേര്‍ഷ്യന്‍ ഗള്‍ഫിലെ സുപ്രധാന തുറമുഖമായിരുന്നു അത്. 1763-ല്‍ അറബ് ഗവര്‍ണര്‍ ശൈഖ് നാസര്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബൂഷെയറില്‍ കച്ചവടത്തിന് താവളം പണിയാന്‍ അനുമതി നല്‍കി. 1856 ഡിസംബര്‍ ആറിന് ആംഗ്ലോ-പേര്‍ഷ്യന്‍ യുദ്ധത്തില്‍ ബ്രിട്ടീഷ് സേന ബൂഷെര്‍ പിടിച്ചടക്കി. ബ്രിട്ടീഷ് റോയല്‍ നേവിയുടെ താവളമായി ഈ സ്ഥലം മാറി(1).

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

 

Comments are closed.