DCBOOKS
Malayalam News Literature Website

ജീവിതം തഴുകിയും, തലോടിയും, കുത്തിയൊലിച്ചും കടന്നുപോയ വഴിയിലെ മിനുസപെട്ട നീക്കിയിരിപ്പുകൾ!

അജയ് പി മങ്ങാട്ടിന്റെ ‘മൂന്ന് കല്ലുകള്‍’ എന്ന നോവലിന് അശ്വിനി കെ എഴുതിയ വായനാനുഭവം

“ഒരു മനുഷ്യൻ തന്നെ മാത്രം മതി എന്നു തോന്നുമ്പോഴാണ് അയാൾ മറ്റു മനുഷ്യരിൽ നിന്ന് അകന്നു ജന്തുക്കളിലും സസ്യങ്ങളിലും പോകുന്നത്? മറ്റു മനുഷ്യരിൽ നിന്ന് അകലെ ആകുമ്പോൾ പുതിയ ഏത് ആനന്ദമാണ് ഒരാളെ മുന്നോട്ട് നയിക്കുക?
ജീവിതം അപ്പോൾ എന്തായിരിക്കും മനോഹരമോ ,ശാന്തമോ നിർവികാരമോ എന്തായിരിക്കും?”

മലയാളത്തിലെ സാഹിത്യ നിരൂപകനും സൂസന്നയുടെ ഗ്രന്ഥപുര എന്ന നോവലിൻറെ രചയിതാവുമായ അജയ് പി മങ്ങാട്ടിൻ്റെ പുതിയ നോവലായ മൂന്ന് കല്ലുകൾ എന്ന പുസ്തകത്തിലേതാണ് ഏകാന്തതയുടെ നിശബ്ദതയെ പേറുന്ന ഈ വരികൾ.നിരർത്ഥമായ ശബ്ദങ്ങളുടെയും അതിലേറെ നിരർത്ഥമായ മൗനങ്ങളുടെ യും കഥ പറയുന്ന ഒരു ഒഴുക്കാണ് ഈ നോവൽ.

കറുപ്പൻ എന്ന് ഏകാകിയായ ഗോസ്റ്റ് റൈറ്റിലൂടെ വികസിക്കുന്ന നോവൽ വിചിത്രമായ ഇടങ്ങളുടെയും അതിലേറെ വിചിത്രമായ മനുഷ്യരുടെയും ചിത്രങ്ങൾ ഒപ്പിയെടുത്ത ആവിഷ്കാരമാണ്.മരംവെട്ടുകാരൻറെ ആത്മകഥ എഴുതുവാൻ ഗോസ്റ്റ് റൈറ്ററായി ചെല്ലുന്നത് മുതലാണ് ആവർത്തനങ്ങളുടെ ഘോഷയാത്രയായിരുന്ന കറുപ്പൻ്റ ജീവിതത്തിലേക്ക് നിരതെറ്റിച്ച് കൊണ്ട് കഥകൾ ഉടലെടുത്തത്.ഏറ്റവും വിരസമായ ജോലിസ്ഥലത്തെ ഇഷ്ടപ്പെടുന്ന , അത്യാഗ്രഹങ്ങളോ ആഗ്രഹങ്ങളോ പോലുമില്ലാത്ത കറുപ്പൻ്റെ ജീവിതം പ്രകാശവേഗത്തിൽ കലങ്ങിമറിഞ്ഞത് ഒരു പഴയകാല നടനു വേണ്ടി ഗോസ്റ്റ് റൈറ്റർ ആയി Textനിയമിതനായപ്പോഴാണ്.കേവലം ഒരു മരംവെട്ടുകാരൻറെ ആത്മകഥ അത്യന്തം രസകരമായി തോന്നിയ പഴയകാല നടൻ തൻറെ ആത്മകഥ എഴുതുവാൻ അതേ ഗോസ്റ്റ് റൈറ്ററിനെ വേണം എന്ന് താല്പര്യപ്പെടുന്നു. നടൻ്റെ ഫ്ലാറ്റിൽ വെച്ച് പരിചയപ്പെടുന്ന കബീർ പറയുന്ന കഥയാണ് കറുപ്പന്റെ തൂലികയിലൂടെ എഴുതപ്പെടുന്നത്. കബീർ വരച്ച ചിത്രങ്ങളിൽ ആകർഷണീയനായ കറുപ്പൻ അതിനു പിറകിലെ മനുഷ്യരെ അനാവരണം ചെയ്യുന്നു.അവർ കടന്നു പോയിട്ടുള്ള വഴികളെ ,നിമിഷങ്ങളെ ഓർമ്മകളെ വീണ്ടെടുക്കുന്നു.

മാധവൻ എന്ന വിചിത്രവും ഏകാകിയുമായ മറ്റൊരു മനുഷ്യൻ അതോടെ കടന്നുവരുന്നു. അയാളുടെ ജീവിതം, വളർച്ച, ബന്ധങ്ങൾ, അതിലെ സങ്കീർണ്ണതകൾ -അവ ചിലപ്പോഴൊക്കെ തൊട്ടാവാടി ചെടിയുടെ നൈർമല്യത്തോടെയും ചിലപ്പോഴൊക്കെ കൊടും കാട്ടിനുള്ളിലെ ഇലപൊഴിഞ്ഞ ഒരൊറ്റ മരത്തിൻറെ തീക്ഷ്ണതയോടെയും ഇതിൽ പ്രത്യക്ഷപ്പെടുന്നു. മാധവൻ തൻ്റെ പൂർണ്ണത കണ്ടെത്തുന്ന ഏക എന്ന പെൺകുട്ടിയുടെയും അവളുടെ അച്ഛൻ നീലകണ്ഠൻ്റെയും ഉപാധികളില്ലാത്ത സ്നേഹവും കരുതലും മാധവനെ പൊതിയുന്ന ആർദ്രത നോവലിസ്റ്റ് കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. നിർദയം ഇത് ഉപേക്ഷിച്ച് നാടുവിട്ട കളയുന്ന മാധവനെ ഇതിൽ കാണാം. പിന്നീട് റഷീദയെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്യുന്ന അപ്രതീക്ഷിതവും എന്നാൽ ജീവിതത്തിൻറെ ആകസ്മിക സ്വഭാവത്തെ കുറിക്കുന്നതും ആയ വഴിത്തിരിവുകളും നോവലിൽ പ്രകടമാണ്. പദ്ധതികരിക്കപ്പെടാത്ത, മുൻധാരണകൾ ചിട്ടപ്പെടുത്തിയിട്ടില്ലാത്ത ഒരു ഒഴുക്കാണ് ജീവിതം എന്ന തത്വം പലയിടങ്ങളിലായി നിറഞ്ഞു നിൽക്കുന്നതും കാണാം.

“I’m not one and simple But I’m complex and many”

എന്ന് വെർജീനിയ വുൾഫ്ൻറെ വാക്യം പോലെ ലളിതമല്ലാത്ത സങ്കീർണ്ണവും പലവഴി പിണഞ്ഞു കിടക്കുന്നതുമായ മനുഷ്യബന്ധങ്ങളുടെ ഛായാചിത്രവും നോവൽ ഉൾക്കൊള്ളുന്നുണ്ട്.
റഷീദയെ ഉമ്മ മിന ഗർഭംധരിച്ച് കാലത്ത് 15 വയസ്സു പ്രായം വരുന്ന മാധവൻ മിനയയുടെ അടുത്ത സുഹൃത്താണ്. വർഷങ്ങൾക്കിപ്പുറം മാധവൻറെ ഭാര്യയായ റഷീദ ഗർഭിണിയായിരിക്കെ തൻറെ ഉമ്മക്ക് മാധവനിൽ ലഭിച്ച ആർദ്രമായ സൗഹൃദം പോലെ റഷീദക്ക് തണലായി കബീർ ഉണ്ട്.റഷീദയുടെ ഉപ്പ ഊറായിയും മാധവനും തമ്മിലുള്ള ബന്ധം സമാനമായി വ്യത്യസ്തവും ആഴമുള്ളതും ആണ്.

മരിച്ചുപോയ മനുഷ്യരെ ജീവനോടെ കാണുക എന്ന ഭ്രമാത്മകത മാധവന് ഉണ്ട്. കാക്കയുടെയും ചോരയുടെയും ബന്ധം മാധവൻ്റ ഭ്രമാത്മകതയിലൂടെ വെളിപ്പെടുന്നുണ്ട്.നോവലിലെ ഏറ്റവും തീക്ഷ്ണമായ ഏകാകി ചോരയാണ് എന്ന് വേണം കരുതാൻ .ജീവിതത്തിൻറെ അഴുക്കു ചാലിലൂടെ ഒരുപറ്റം ആളുകളുമായി അലഞ്ഞുതിരിഞ്ഞ കാലത്ത് അവനെ കണ്ടെത്തി ദുർഗന്ധം അകറ്റിയ കാക്കയെ തള്ളിപ്പറയുകയും പിന്നീട് കാടുകയറി സ്വയം വെന്ത് നീറി മരിക്കുകയും ചെയ്ത ഇരുട്ടു കാനത്തിൻ്റെ ചോര നോവലിൽ ധാർമിക പ്രതിസന്ധിയുടെ പ്രതിനിധി കൂടെയായി പരിണമിക്കുന്നുണ്ട്.കാക്കയുടെ കാരുണ്യത്താൽ ജീവിതം തുടങ്ങിയ ചോരയിൽ മനുഷ്യൻറെ സ്വാഭാവികമായ ചോദനകൾ വളർന്നുവരികയും -പണം അധികാരം എന്ന് സാധാരണമായ സങ്കേതങ്ങൾക്കുവേണ്ടി കാക്കയെ ചതിക്കുകയും ചെയ്യുന്നു.പിന്നീട് ഉണ്ടാവുന്ന പ്രഹരങ്ങൾ എല്ലാം ഇതിൻറെ പരിണിതഫലം ആണെന്ന് കരുതുന്ന ചോര പ്രതിവിധിക്കായാണ് മൂന്നു കല്ലുകൾ വാസസ്ഥലത്ത് എടുത്തുകൊണ്ടു വച്ചത് . നടുവിലത്തതിനെ കാക്കയായി സങ്കൽപ്പിക്കുകയും ചെയ്യുന്നു .

ജീവിതത്തിൻ്റേ ദൈന്യതയും നിസ്സഹായതയും പ്രകടമാകുന്ന അനവധി സന്ദർഭങ്ങൾ ഇതിൽ കാണാം .തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും മകൾ ആത്മഹത്യ ചെയ്തതിനുശേഷം മാത്രം അവളുടെ മനസ്സിനെ അറിയുന്ന പിതാവ് മിനയെ ഓർത്തെടുക്കുമ്പോൾ ഉള്ള അയാളുടെ അഗാധമായ ദുഃഖം, നേരം വൈകിയെത്തുന്ന എന്തിനേയും ഒരു മടങ്ങിപ്പോക്ക് സാധ്യമാകാത്ത വിധം തളച്ചിട്ടു കളയുന്ന ജീവിതം -ഈ രണ്ടു വേദനകളും കഴുത്തിലിട്ട ഒരു കുരുക്ക് വലിഞ്ഞ് മുറുകുന്നത് പോലെ നമ്മെ അസ്വവസ്ഥരാക്കുന്നുനുണ്ട്,.

നോവലിലെ ഏറ്റവും അവ്യവസ്ഥിതത്വം പുലർത്തുന്ന കഥാപാത്രം ഊറായിയാണ്. നരകത്തിൽ തീ കെടുത്തുന്നവനും സ്വർഗ്ഗത്തിൽ തീപടർത്തുന്നവനുമെന്നാണ് ഊറായിയെ പരോക്ഷമായി ഉപമിക്കുന്നത്.ആർക്കിയോളജി വകുപ്പിൽ ആയിരുന്ന ഊറായി ഗുജറാത്ത് കലാപത്തിൻ്റെ ദുരിതം നേരിട്ട് കണ്ട പോലീസ് ഓഫീസറുടെ സംസാരത്തിൽ മനംനൊന്തു ചാരിറ്റി പ്രവർത്തനത്തിന് ഇറങ്ങുന്നു. ഗർഭിണിയായ മീനയെ പിരിഞ്ഞ് യാതൊരു അറിയിപ്പും ഇല്ലാതെ ദൂരദേശങ്ങളിൽ പാർക്കുന്നു.നോവലിൽ തന്നെ പ്രതിപാദിക്കുന്നത് പ്രകാരം കരുണയുള്ള ഹൃദയം ഉണ്ടായിട്ടും സ്ത്രീയെ പുരുഷനു പാർക്കാനുള്ള വെറും വീടായി മാത്രം ഊറായിയും കണ്ടു.

നിശബ്ദ സാന്നിധ്യമായി നോവലിൻ്റെ നൈർമല്യത്തെ വർധിപ്പിച്ച ഒരു കഥാപാത്രം മാധവൻറെ അമ്മയാണ് പലയിടങ്ങളിൽ തൂവൽസ്പർശം പോലെ അവർ ഒറ്റയൊറ്റ നിമിഷങ്ങളെ വായനക്കാർക്ക് സമ്മാനിക്കുന്നു.ഒരുപക്ഷേ നോവലിൻറെ ഏറ്റവും ആകർഷണീയമായ വശവും അതുതന്നെയാണ് സുദീർഘമായ കൂടിച്ചേരലുകൾ ഉള്ള മനുഷ്യബന്ധങ്ങളെയല്ല മറിച്ച് കേവലമായ നിമിഷങ്ങൾകൊണ്ട് ഒരു ആയുഷ്കാലത്തേക്ക് കാത്തു വെക്കാനുള്ള ഓർമ്മകൾ സമ്മാനിച്ചവരുടെ കഥയാണ് ‘മൂന്നു കല്ലുകൾ ‘.

പ്രത്യക്ഷത്തിൽ പ്രകടമല്ലെങ്കിലും വരികൾക്കിടയിൽ കൃത്യമായ ഒരു രാഷ്ട്രീയ ഭാഷയിലാണ് നോവൽ സംവദിക്കുന്നത്. കറുപ്പൻ എന്ന പേരു കൊണ്ട് മാത്രം ചോദ്യംചെയ്യപ്പെടുന്ന പൗരൻ ,സദുദ്ദേശത്തോടെ ആരംഭിക്കുന്ന പ്രസ്ഥാനങ്ങളിലേക്ക് ആകസ്മികമായ തീവ്രവാദ ആരോപണങ്ങൾ -അതിലെ അവ്യക്തതകൾ.ഭരണകൂടത്തിൻ്റെ നിരീക്ഷണങ്ങൾ. ഇവയെല്ലാം ആധുനികകാലത്തെ സംബന്ധിച്ചെടുത്തോളം ഏറെയും യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ആവിഷ്കാരമാണ്.പല ഭാവത്തിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നുകൂടുന്ന വിഘടനവാദങ്ങൾ ,ബലിയാടാക്കപ്പെടുന്ന പൗര ശരീരങ്ങൾ – വ്യക്തിബന്ധങ്ങൾ, നിരർത്ഥമായ ജീവിതപരിസരം, ആൾക്കൂട്ടത്തിലും വിഷാദത്തിൻ്റെ നീല ഞരമ്പുകളെ പേറി നടക്കുന്ന മനുഷ്യർ,പൗര ശരീരത്തിൻ്റെയും വ്യക്തി ജീവിതത്തിൻ്റെയും വിഘടനം ,മുറിവുകൾ, ശൂന്യതകൾ എന്നിവയുടെ ആകെത്തുകയാണ് ഈ നോവൽ .ഒരു എക്സ്പ്രഷനിസ്റ്റ് ചിത്രകലയിലെ കടും വരകൾ എന്നപോലെ ഇരുട്ട് കാനവും കോഴിക്കോടും സത്തിയാംപാറയും, മലമുണ്ടയും അതിലെ സാധാരണവും അസാധാരണവുമായ മനുഷ്യരും അവരുടെ അടരുകളിലെ ഉണങ്ങാത്ത മുറിവുകളും ആണ് നോവലിൻറെ ജീവദ്രവ്യം.

വായനയെയും വായനക്കാരനെയും വളരെ ഗൗരവമായി സമീപിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഏറ്റവും ഭംഗിയായി അനുവാചക ഹൃദയത്തെ കീഴ്പ്പെടുത്താൻ നോവലിസ്റ്റ് അജയ് പി മങ്ങാട്ടിന് കഴിഞ്ഞിട്ടുണ്ട്. ഭാഷയുടെ ഒഴുക്കും നോവലിലുടനീളം തളംകെട്ടിനിൽക്കുന്ന നിശബ്ദതയെ പ്രതിനിധികളും വിധമുള്ള ശൈലികളും, നേർരേഖയിൽ പറഞ്ഞു പോകാനാവാത്ത ഒരു കഥയെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

കാലത്തെയും ഇടത്തെയും നിർണയിക്കുന്നത് സമയമോ ഭൂമിശാസ്ത്ര മോ അല്ല അന്നവിടെ ജീവിച്ചു തുടിച്ച മനുഷ്യരാണ്. നഷ്ടങ്ങളെ ,വേദനകളെ, ദുഃഖത്തെ, നേർത്ത ഒരു ചിരിയെ നമ്മൾ കോർത്ത് വെക്കുന്നത് ഹ്രസ്വമായ നേരത്തിൻ്റെ ദീർഘമായ അവശേഷിപ്പായാണ്. ജീവിതം തഴുകിയും, തലോടിയും, കുത്തിയൊലിച്ചും കടന്നുപോയ വഴിയിലെ മിനുസപെട്ട നീക്കിയിരിപ്പുകളാണ് – ‘മൂന്ന് കല്ലുകൾ ‘.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.