അലിംഗം; മൂന്നാം ലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലേക്കുകൂടി വെളിച്ചം വീഴ്ത്തുന്ന നോവല്‍
2018-ലെ ഡി സി നോവല്‍ പുരസ്കാര പട്ടികയില്‍ ഇടംനേടിയ എസ്.ഗീരീഷ് കുമാറിന്റെ അലിംഗം എന്ന നോവലിന് ഹരിതന്‍ എഴുതിയ വായനാനുഭവം.
നല്ലതങ്ക എന്ന നായികാ പ്രധാന്യമുള്ള സിനിമ നിർമ്മിക്കാൻ കുഞ്ചാക്കോ തീരുമാനിച്ചപ്പോൾ നല്ലതങ്കയുടെ വേഷം ആരുകെട്ടണം എന്ന കാര്യത്തിൽ കുഞ്ചാക്കോക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. സിനിമയിലല്ലെങ്കിലും നാടകത്തിൽ നല്ലതങ്കയെ അവതരിപ്പിച്ച് കൈരളിയുടെ കയ്യടിവാങ്ങിയ ഒരു പേരെ അന്ന് നിലവിലുണ്ടായിരുന്നുള്ളൂ അത് ഓച്ചിറ വേലുക്കുട്ടിയുടേതാണ്.
അങ്ങിനെ നല്ലതങ്കയായി സിനിമയിൽ വേഷം കെട്ടാൻ വേലുക്കുട്ടി വന്നപ്പോൾ സിനിമയിൽ അഭിനയിക്കാനെത്തിയ മറ്റു നാരികൾ ആക്ഷേപം പറഞ്ഞു. ആണായ വേലുക്കുട്ടി പ്രധാന പെൺവേഷം കെട്ടുമ്പോൾ പെണ്ണായ ഞങ്ങൾക്കെന്ത് പ്രസക്തി.
സിനിമയിൽ നല്ലതങ്കയെ അവതരിപ്പിക്കാനുള്ള വേലുക്കുട്ടിയുടെയും കുഞ്ചാക്കോയുടെയും ആഗ്രഹം അവിടെ അവസാനിക്കുമ്പോൾ ലഭിക്കാവുന്നതിലേറ്റവും വലിയ അംഗീകാരവും കഴിവും മികവും വേലുക്കുട്ടി നേടുകയായിരുന്നു.
കുമാരനാശാന്റെ കരുണയിലെ വാസവദത്ത കവിതയിൽ കുടുങ്ങി കിടന്നപ്പോൾ കവിതയുടെ പരിമിതികളിൽ നിന്ന് വാസവദത്തയെ മോചിപ്പിച്ച് ജനങ്ങളുടെ കാഴ്ച വെട്ടത്തിലേക്ക് നടത്തി കൊണ്ട് വന്നതും കേരളമാകെ കൊണ്ട് നടന്നു കാട്ടികൊടുത്തതും വേലുക്കുട്ടിയുടെ വാസവ ദത്ത എന്ന നായികാ വേഷമാണ്.
ആ വേലുക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട നോവലാണ് “അലിംഗം” ഈ പുസ്തകം വേലുക്കുട്ടിയുടെ ജീവചരിത്രമാണെന്നും പറയാം. തെക്കൻ കേരളത്തിന്റെ നാടക സ്പന്ദനങ്ങളും അരങ്ങിലും അണിയറയിലും നാടക രംഗത്ത് വീജയിച്ചവരുടെയും വീർപ്പുമുട്ടിയവരുടെയും ചരിത്രങ്ങളും അലിംഗത്തിന്റെ ഏടുകളിൽ വായിക്കാനുണ്ട്.
പുരുഷനായി ജനിക്കുകയും സ്ത്രീയായി വേഷം കെട്ടി ജീവിക്കുകയും പിന്നീട് സ്ത്രീയും പുരുഷനുമല്ലാതായി തീരുകയും ചെയ്ത വേലുക്കുട്ടി എന്ന നായികാനടന്റെ നിരാശകളും നൊമ്പരങ്ങളും നാൾവഴികളും നല്ലരീതിയിൽ തന്നെ എസ് ഗിരീഷ് കുമാർ എഴുതി പൂർത്തിയാക്കിയിട്ടുണ്ട്.
വലിയ വായനാസുഖമുള്ള അലിംഗം രചിച്ചതിന് ഗ്രന്ഥകർത്താവ് തീർച്ചയായും അനുമോദനങ്ങൾ അർഹിക്കുന്നു.
മൂന്നാം ലിംഗക്കാർ അരികുവൽക്കരണത്തെ അതിജീവിച്ച് മുഖ്യധാരയിൽ ഇടം നേടുന്ന ഈ കാലത്ത് അലിംഗത്തിന്റെ വായന ഒരു സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്.
Comments are closed.