‘പോളപ്പതം’; ദലിത് നോവലുകളിലെ ഏറ്റവും മൗലികമായ രചനകളിലൊന്ന്!
രാജു കെ വാസുവിന്റെ ‘പോളപ്പതം’ എന്ന പുസ്തകത്തിന് ഷാജി ജേക്കബ് എഴുതിയ വായനാനുഭവം
വിധ്വംസകമെന്നതിനെക്കാള്‍ വിമോചകമായിരുന്നു അടിമ ജാതികള്‍ക്ക് കൊളോണിയല്‍ ആധുനികത എന്ന് തെളിയിക്കുന്ന രാഷ്ട്രീയ രൂപകങ്ങളിലൊന്നായാണ് മലയാളത്തില്‍ നോവല്‍ വിഭാവനം ചെയ്യപ്പെടുന്നത്. 1850 കളില്‍ . നാളിതുവരെ മലയാളത്തില്‍ ദളിത് നോവല്‍ പുലര്‍ത്തിപ്പോരുന്ന ഏറ്റവും മൂര്‍ത്തമായ ചരിത്രബോധ്യവും അതു തന്നെയാണ്. ഇന്നോളമെഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച – ഏതര്‍ഥത്തിലും – ദളിത് നോവലുകള്‍ രാജു. കെ. വാസുവിന്റേതാണ്. ടി.കെ. സി ക്കും അയ്യപ്പനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയനായ ദളിത് എഴുത്തുകാരന്‍.
പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ കൊളോണിയല്‍ ആധുനികതയുടെ രാഷ്ട്രീയമണ്ഡലത്തില്‍ സൃഷ്ടിച്ച ഇടിമുഴക്കങ്ങളിലൂടെയാണ് ബ്രാഹ്മണ്യമുഷ്‌ക്കിന്റെയും ജാതിഭോഷ്‌കിന്റെയും കുഴിമാടങ്ങളില്‍നിന്ന് കേരളീയ അടിമജാതികളുടെ ഉയിര്‍ത്തെഴുന്നേല്പ് സാധ്യമായത്. ഈ ഉയിര്‍ത്തെഴുന്നേല്പിന്റെ ഭാവചരിത്രങ്ങളായെഴുതപ്പെട്ടതാണ് മലയാളനോവലിലെ ആദ്യരചന തൊട്ടുള്ള ഒരു വിഭാഗം കൃതികള്‍. മിസിസ് കൊളിന്‍സിന്റെ ഘാതകവധം (Slayer slain, 1859) മുതല്‍ രാജു കെ. വാസുവിന്റെ പോളപ്പതം (2021) വരെ നീളുന്ന മലയാളനോവലിന്റെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും സാമൂഹ്യനിഷ്ഠവും ജീവിതബദ്ധവും ഭാവസമ്പന്നവുമായ രചനകളുടെ ഒരു ധാര ഈ ഉയിര്‍ത്തെഴുല്പിന്റെ ജൈവരാഷ്ട്രീയമാണ് കഥാവല്‍ക്കരിച്ചത്. ഒരു ദശകം മുന്‍പ്, 2011ല്‍ രാജു എഴുതിയ ‘ചാവുതുള്ളല്‍’ അന്നോളമെഴുതപ്പെട്ട മലയാള ദലിത് നോവലിലെ ഏറ്റവും മികച്ച രചനയായിരുന്നു. 2021ല്‍ പ്രസിദ്ധീകൃതമായ ‘പോളപ്പത’മാകട്ടെ, ‘ചാവുതുള്ളലി’ന്റെ ചരിത്രപരമായ തുടര്‍ച്ചയും ഭാവുകത്വപരമായ പടര്‍ച്ചയും ആഖ്യാനപരമായ വിടര്‍ച്ചയും ഒരേസമയം സാധ്യമാക്കുന്ന അസാധാരണമായ ഒരു നോവലാകുന്നു. ചരിത്രവും മിത്തും രാഷ്ട്രീയവും പ്രണയവും ദേശവും ഭാഷയും ജാതിയും മതവും ഊടും പാവും നെയ്ത ദലിത് ജീവിതങ്ങളുടെ സാംസ്‌കാരിക ഭൂപടത്തില്‍ മലയാളഭാവനയ്ക്കു കൈവന്ന ഏറ്റവും മികച്ച ഉപലബ്ധികളിലൊന്ന്.
1880 കള്‍ മുതല്‍ 1920 കള്‍ വരെയായിരുന്നു ചാവുതുള്ളലിന്റെ കഥാകാലപശ്ചാത്തലം. കിഴക്കന്‍ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളും കാഞ്ഞിരപ്പള്ളി-മുണ്ടക്കയം ഭാഗങ്ങളിലെ തോട്ടം തൊഴിലാളികളുമായിരുന്ന പുലയരുടെ അടിമഗാഥയായെഴുതപ്പെട്ട ആ നോവല്‍, ചരിത്രത്തെയെന്നപോലെ മിത്തുകളെയും രാഷ്ട്രീയത്തെയെന്നപോലെ ഭാവനകളെയും ചിറകുവിടര്‍ത്തി പടര്‍ത്തിയെടുത്ത കൃതിയായിരുന്നു. അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയെ കാലത്തിന്റെയും ആഖ്യാനത്തിന്റെയും അച്ചുതണ്ടാക്കി മാറ്റി, പുലയരുടെ ആത്മീയജീവിതങ്ങളെ ചരിത്രവല്‍ക്കരിച്ച രചന. കൊളോണിയല്‍ ആധുനികത റബ്ബര്‍ തോട്ടങ്ങളുടെ നിര്‍മ്മിതിയിലൂടെ കേരളത്തിന്റെ കാര്‍ഷിക, സമ്പദ്ഭൂപടത്തെ മാറ്റിവരച്ചതിന്റെയും ആ ഭൂപടനിര്‍മ്മിതിക്കു പിന്നില്‍ ഇറ്റുവീണ പുലയര്‍ ഉള്‍പ്പെടെയുള്ള ദലിതരുടെ ചോരയുടെയും ചരിത്രഗാഥ.
‘പോളപ്പത’ത്തിന്റെ ചരിത്രകാലവും ഇതുതന്നെയാണ്. ഭാവനാഭൂപടം മുഖ്യമായും കാഞ്ഞിരപ്പള്ളിയും. കഥാലോകമാകട്ടെ തികച്ചും ഭിന്നം. അയ്യങ്കാളിയും വില്ലുവണ്ടിസമരവും മാത്രമല്ല പെരിനാട് ലഹളയുള്‍പ്പെടെ തിരുവിതാംകൂറില്‍ നടന്ന സവര്‍ണരുടെ ജാത്യതിക്രമങ്ങള്‍ പലതിന്റെയും പ്രത്യക്ഷ സൂചനകളും ‘പോളപ്പത’ത്തിലുണ്ട്. ഒരു പടികൂടി കടന്ന്, ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കവും ഒക്ടോബര്‍വിപ്ലവത്തിന്റെ രാഷ്ട്രീയവും ‘പോളപ്പതം’ നോവലിന്റെ കാലപടങ്ങളാക്കി മാറ്റുന്നു. കാഞ്ഞിരപ്പള്ളി പ്രദേശത്തെ റബ്ബര്‍ തോട്ടങ്ങളുടെ രൂപീകരണം വനജീവികളുടെ ആവാസവ്യവസ്ഥ മുതല്‍ അടിമജാതികളുടെ ഭക്ഷ്യവ്യവസ്ഥ വരെയുള്ളവയെ തകിടം മറിച്ചതിന്റെ സൂക്ഷ്മചിത്രങ്ങള്‍ ‘പോളപ്പത’ത്തിലുണ്ട്. സി.എം.എസ്. മിഷനറിമാര്‍ മധ്യകേരളത്തിലെ പുലയരും പറയരും മലയരയരും കുറവരും മറവരുമുള്‍പ്പെടുന്ന ദലിത് ജാതിവിഭാഗങ്ങളെ മനുഷ്യാന്തസ്സിലേക്കു കൈപിടിച്ചുയര്‍ത്തിയതിന്റെ അസാധാരണമായ ഡോക്യുമെന്റേഷനാണ് ‘പോളപ്പതം’ എന്നുപോലും പറയാം. സവര്‍ണ ഹിന്ദുക്കള്‍ക്കൊപ്പം സുറിയാനി ക്രിസ്ത്യാനികളും പുലര്‍ത്തിപ്പോന്ന ജാതിവെറിയുടെ നെറികേടുകളാണ് ‘പോളപ്പത’ത്തിന്റെ രാഷ്ട്രീയ ഭൂമിക. പറയരും പുലയരും തമ്മില്‍ നിലനിന്ന ജാതിവൈരത്തിന്റെയും അയിത്താചാരങ്ങളുടെയും സംഘര്‍ഷങ്ങളും പോളപ്പതത്തിലുണ്ട്. ചരിത്രമില്ലാത്ത ജനതകളുടെ ഭൂതകാലങ്ങള്‍ മിത്തുകള്‍കൊണ്ടു പൂരിപ്പിക്കുന്ന ആഖ്യാനകലയും മാജിക്കല്‍ റിയലിസത്തിന്റെ മായികഭാവനയും മിഷനറിചരിതങ്ങളുടെ മൂലത്തെ വെല്ലുന്ന പകര്‍പ്പുകളും പറയ, പുലയ ഭാഷാസമ്പത്തിന്റെ നൂറുകണക്കിന് രൂപമാതൃകകളും പോളപ്പതത്തെ വേറിട്ടുനിര്‍ത്തുന്നു. ഘാതകവധം തൊട്ടുള്ള മിഷനറി നോവലുകളും വര്‍ത്തമാനപത്രങ്ങളും പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസ്റ്റ് പ്രസ്ഥാനങ്ങളും ഒരുപോലെ ഏറ്റെടുത്ത ദലിതരുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ വൈജ്ഞാനികപാഠങ്ങള്‍ തിരുവിതാംകൂറിന്റെ സ്ഥൂലപശ്ചാത്തലത്തിലും കാഞ്ഞിരപ്പള്ളിയുടെ സൂക്ഷ്മ പശ്ചാത്തലത്തിലും പോളപ്പതം പുനഃസൃഷ്ടിക്കുന്നു. എത്രയെത്ര നൂറ്റാണ്ടുകളായി വനവാസികളും പിന്നീട് അടിമജാതികളുമായി ജീവിച്ച പറയരും പുലയരും ഉള്‍പ്പെടെയുള്ള കീഴാളരുടെ ആധുനികീകരണത്തിന്റെ ബാഹ്യവും ആന്തരവുമായ സംഘര്‍ഷങ്ങളുടെ നോവല്‍പാഠമാണ് പോളപ്പതം. ഭൗതികവും ആത്മീയവുമായ ജീവിതമണ്ഡലങ്ങളില്‍ അവര്‍ കുടിവച്ചുപോന്ന അനുഭവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സൂക്ഷ്മചരിത്രപാഠവും. നിസംശയം പറയാം, അടിമകേരളത്തിന്റെയും ജാതികേരളത്തിന്റെയും ഭാവഭൂപടങ്ങളെന്ന നിലയില്‍ എഴുതപ്പെട്ടിട്ടുള്ള ദലിത് നോവലുകളുടെ മലയാളവഴിയില്‍ രൂപംകൊണ്ട ഏറ്റവും മൗലികമായ രചനകളിലൊന്നാണ് പോളപ്പതം.
Comments are closed.