DCBOOKS
Malayalam News Literature Website

ഘാതകനെ തേടിയുള്ള സത്യപ്രിയയുടെ സഞ്ചാരം

കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന്  ലിജി രാജു എഴുതിയ വായനാനുഭവം   

‘ആരാച്ചാര്‍’ എന്ന ഒരൊറ്റ നോവലിലൂടെയാണ് ഞാന്‍ കെ.ആര്‍ മീരയുടെ ആരാധികയായി മാറിയത്. പൊതുവെ വലിയ പുസ്തകങ്ങളെ വായനാ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്ന എന്റെ തീരുമാനം തെറ്റാണെന്ന് ‘ആരാച്ചാര്‍’ വായിച്ചപ്പോള്‍ മനസിലായി. പിന്നീട് ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം മറ്റൊന്നും വായിക്കാന്‍ സാധിച്ചിരുന്നില്ല. പതിയെ മടിയും കീഴടക്കിത്തുടങ്ങി.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് പ്രിയപ്പെട്ടൊരാളുടെ സമ്മാനമായാണ് ‘ ‘ഘാതകന്‍’ എന്റെ കൈയിലെത്തിച്ചേരുന്നത്. വീണ്ടും വായനയിലേക്ക് കടക്കാനൊരു പ്രചോദനമായിരുന്നു അത്. എത്ര ദിവസമെടുത്ത് വായിച്ചു തീരുമെന്നായിരുന്നു പേജുകളുടെ എണ്ണം കണ്ടപ്പോള്‍ എന്റെ സംശയം. എന്നാല്‍ ”നിങ്ങളെപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ” എന്ന ചോദ്യവുമായി തുടങ്ങിയ പുസ്തകം ഓരോ അധ്യായം കഴിയുമ്പോഴും കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അവിചാരിതമായി സത്യപ്രിയ എന്ന നാല്‍പ്പത്തിനാലുകാരി നേരിടുന്ന വധശ്രമത്തിലൂടെയാണ് കഥ തുടങ്ങുന്നത്. ചേച്ചിയുടെ മരണത്തിനും, അച്ഛന് കത്തിക്കുത്തേറ്റതിനും തന്റെ നേരെയുണ്ടായ വധശ്രമവുമായി ബന്ധമുണ്ടെന്ന് സത്യപ്രിയ മനസിലാക്കുന്നു. തന്നെ കൊല്ലാന്‍ ശ്രമിക്കുന്നത് ആരാണെന്നും എന്തിനാണെന്നും അറിയാതെ മരിക്കാന്‍ തയ്യാറാകില്ല എന്ന സത്യപ്രിയയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മരണവും പകച്ചുനില്‍ക്കുകയാണ്.

30 അധ്യായങ്ങള്‍ കഴിഞ്ഞപ്പോള്‍ മീരേച്ചിയെ നേരില്‍ കാണാന്‍ സാധിച്ചിരുന്നു. എഴുത്തുകാരിയുടെ വീക്ഷണകോണില്‍ നിന്ന് കൂടി മനസിലാക്കാന്‍ സാധിച്ചത് കൊണ്ടാകും അടുത്ത അധ്യായം മുതല്‍ മറ്റൊരു അനുഭവമായിരുന്നു ലഭിച്ചത്. കുറച്ച് അധ്യായങ്ങള്‍ കൂടി കഴിഞ്ഞപ്പോഴേക്ക് അക്ഷരാര്‍ത്ഥത്തില്‍ തലയ്ക്ക് ഒരു അടി കിട്ടിയത് പോലെ കഥ മാറി മറിയുകയായിരുന്നു. ഘാതകനെ തേടിയുള്ള സത്യപ്രിയയുടെ സഞ്ചാരം, സത്യപ്രിയ അനുഭവിക്കുന്ന അതേ മാനസികാവസ്ഥയിലൂടെ തന്നെ നമ്മളെയും ശ്വാസം മുട്ടിക്കും. അടുത്തത് എന്ത് എന്ന ചിന്ത കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. കഥകാരിയുടെ രീതിയില്‍ പറഞ്ഞാല്‍ പ്യൂപ്പ പൊട്ടി പുസ്തകത്തിനുള്ളിലേക്ക് വന്ന് വീണ ശലഭമായി ഞാന്‍. പ്യൂപ്പയായി വായിച്ച് തുടങ്ങിയതായിരുന്നില്ല ശലഭമായി മാറി വായന തുടര്‍ന്നപ്പോള്‍ കണ്ടതും മനസിലാക്കിയതും. വര്‍ഷങ്ങളായി തന്നെയും കുടുംബത്തെയും പിന്തുടര്‍ന്നുകൊണ്ടിരുന്ന ഘാതകനിലേക്ക് ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വൈദഗ്ദ്യത്തോടെ സത്യപ്രിയ സഞ്ചരിക്കുമ്പോള്‍ പഴയ കാമുകന്മാരും, ബന്ധുക്കളും, ഇതുവരെ കണ്ടിട്ടില്ലാത്തവരുമെല്ലാം കഥയുടെ ഭാഗമാകുന്നു. ആ യാത്രയില്‍ സത്യപ്രിയ കണ്ടെത്തിക്കൊണ്ടിരുന്നത് തന്റെ തന്നെ ഭൂതകാലമാണെന്ന് പതിയെ നമുക്ക് മുന്നില്‍ വെളിപ്പെട്ടുതുടങ്ങും. അവിശ്വസനീയമെന്ന് തോന്നുന്ന, എന്നാല്‍ ഓരോ നിമിഷവും മുള്‍മുനയില്‍ നിര്‍ത്തുന്ന ഭൂതകാലം.

പ്രതീക്ഷിക്കാത്ത പലയിടങ്ങളിലേക്കും സത്യപ്രിയ വായനക്കാരെയും കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഫോര്‍മാലിന്‍ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭ്രൂണം കണ്ട് ഞെട്ടുമ്പോള്‍, ഘാതകന്‍ S ആകൃതിയില്‍ മുറിച്ച ജനാലയുടെ മുന്നിലും അയാളുടെ തോക്കിന് മുന്നിലും നില്‍ക്കുമ്പോള്‍, മെട്രോ ട്രെയിനിലെ യാത്രയില്‍ അങ്ങനെ എല്ലായിടങ്ങളിലും അവരുടെ ഒപ്പം വായനക്കാരും തണുത്തുറഞ്ഞ് നില്‍ക്കേണ്ടിവരും. സത്യപ്രിയയുടെ അമ്മ വസന്തലക്ഷ്മിയാണ് എന്നെ കൂടുതല്‍ സ്വാധീനിച്ച കഥാപാത്രം. സത്യപ്രിയയ്ക്ക് മാത്രമല്ല, ഏതൊരാള്‍ക്കും മാതൃകയാക്കാനാകുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമ. സ്റ്റീരിയോടൈപ്പ് അമ്മമാരില്‍ നിന്ന് വ്യത്യസ്തമായി ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികള്‍ പറഞ്ഞ് മകളെ ഞെട്ടിക്കുന്ന, വായിക്കാന്‍ ഇംഗ്ലീഷ് കൃതികള്‍ തിരഞ്ഞെടുക്കുന്ന, മേക്ക് ഓവറിലൂടെ തന്റെ നഷ്ടപ്പെട്ടുപോയ യൗവനവും സ്വപ്നങ്ങളും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന, ഉറച്ച മനസും ശക്തമായ അഭിപ്രായങ്ങളുമുള്ള ഒരു വനിത. വസന്തലക്ഷ്മിയുടെ ധൈര്യവും അവരുടെ ജീവിതസാഹചര്യങ്ങളും സത്യപ്രിയയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കാരണം ആരെയും കൂസാതെ, മൂര്‍ച്ചയേറിയ നൂറ് കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാന്‍ പിന്നെങ്ങനെയാണ് സത്യയ്ക്ക് സാധിക്കുക. അനിയാ… ”ഈ പെട്ടിയൊന്ന് പിടിക്കെടാ” എന്ന് എങ്ങനെയാണ് ഘാതകനോട് പറയാന്‍ കഴിയുക… സമീറിനെക്കുറിച്ച് പറയാതെ കുറിപ്പ് അവസാനിപ്പിക്കാനാകുമെന്ന് തോന്നുന്നില്ല.

പോലീസ് തേടുന്ന കശ്മീരിയുവാവിനെ, അവനൊരു ആളെക്കൊല്ലി ക്രിമിനല്‍ ആണെന്നറിഞ്ഞിട്ടും നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം. ശരിയായ പ്രണയമെന്തെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ല. തന്റെ നാല്പത്തിനാലാം വയസില്‍ അവിവാഹിതയായിരിക്കുമ്പോള്‍ അയാളെ വീണ്ടും കാണേണ്ടിവരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ ആ വികാരം എന്തെന്ന് കൂടി ‘ഘാതകന്‍’ വായിക്കുമ്പോള്‍ അറിയാന്‍ തയ്യാറായിക്കൊള്ളൂ…

വായന തുടരുമ്പോള്‍ ഏതൊരാള്‍ക്കും relate ചെയ്യാനാകുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നോവലിലുണ്ട്. ശരിക്കും ഇത് ഇങ്ങനെ തന്നെയല്ലേ എന്ന് ചിന്തിച്ചുപോകുന്നവ. ഉദാഹരണത്തിന് ‘നമ്മുടെ തമാശകളൊന്നും തമാശകളല്ല. മിക്കതും വേഷം മാറിയ നിലപാടുകളാണ്. ചിലതൊക്കെ നിഗൂഢമായ കുമ്പസാരങ്ങള്‍. ചിലതൊക്കെ ചോര പൊടിയാത്ത കൊലകള്‍. ബാക്കിയുള്ളത് ശുദ്ധ ‘മാനിപ്പുലേഷ’നും. മാനിപ്പുലേറ്റ് ചെയ്യുന്നത് മറ്റുള്ളവരെ മാത്രമല്ല, അവരവരെത്തന്നെയുമാണ്.’ മനസ്സില്‍ സൂക്ഷിക്കാനാകുന്ന നിരവധി കഥാപാത്രങ്ങളുള്ള ഒരു കൃതി കൂടിയാണിത്. കല്ലു എന്ന വിളിപ്പേരുള്ള കല്‍പ്പന, അച്ഛന്റെ സ്‌നേഹം പകര്‍ന്നുനല്‍കിയ വല്യച്ഛന്‍ (അദ്ദേഹത്തെ കണ്ടെത്താന്‍ വൈകിയതില്‍ നിരാശ തോന്നിയിരുന്നു), അനുരൂപ് ഷെട്ടി, സന്ദീപ, ജോയോ, നിഷ അങ്ങനെ മനസ്സില്‍ നന്മയുള്ള കുറെയധികം പേര്‍. ഇവരൊന്നും മനസ്സില്‍ നിന്ന് മായില്ലെന്ന് ഉറപ്പാണ്.

സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചുനടന്ന സത്യപ്രിയ ആരാച്ചാരിലെ ചേതനയെക്കാള്‍ ശക്തയാണോ? പറയാനാകില്ല…. കാരണം രണ്ട് പേരുടെയും ജീവിതസാഹചര്യങ്ങളും കഥകളും വ്യത്യസ്തമാണല്ലോ. സത്യപ്രിയയിലൂടെ പുതിയൊരു അനുഭവവും, ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ മറ്റൊരു സ്ത്രീകഥാപാത്രത്തെയും സമ്മാനിച്ചതിന് കെ. ആര്‍. മീരയ്ക്ക് നന്ദി.

Comments are closed.