DCBOOKS
Malayalam News Literature Website

തിരുവിതാംകൂര്‍ വംശഗാഥകള്‍

മനു എസ് പിള്ള എഴുതിയ ഐവറി ത്രോണ്‍ എന്ന ഐതിഹാസികഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ദന്തസിംഹാസനം. പ്രസന്നവര്‍മ്മയാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.

ദന്തസിംഹാസനത്തെക്കുറിച്ച് വിവര്‍ത്തക പ്രസന്ന വര്‍മ്മ എഴുതിയ കുറിപ്പ്

കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രത്തില്‍ ഒരു പുതിയ കാല്‍വെപ്പാണ് മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍. ഒന്നാമതായി ഒരു ചരിത്രകാരനും കാര്യമായി പ്രതിപാദിക്കാത്ത, എന്നാല്‍ എന്തുകൊണ്ടും കേരളം കണ്ട ഭരണകര്‍ത്താക്കള്‍ക്കിടയില്‍ തന്റേതായ ഒരു ഇടം അര്‍ഹിക്കുന്ന ഒരു വ്യക്തിയെയാണ് മനു തന്റെ ആഖ്യായികയുടെ കേന്ദ്രബിന്ദുവാക്കിയിരിക്കുന്നത്. ഏഴുവര്‍ഷക്കാലം നിപുണതയോടെ രാജ്യം ഭരിച്ച, തിരുവിതാംകൂറിന്റെ അവസാനത്തെ സ്ത്രീ ഭരണാധികാരിയായ മഹാറാണി റീജന്റ് സേതുലക്ഷ്മീബായി. വളരെ ചെറുപ്രായത്തില്‍ത്തന്നെ രാജകുടുംബത്തിലേയ്ക്ക് ദത്തെടുക്കപ്പെട്ട്, ഏകാന്തമായ ബാല്യത്തിലൂടെയും പുസ്തകങ്ങള്‍ക്ക് ഇടയിലെ കൗമാരത്തിലൂടെയും കടന്ന് പ്രത്യേക സാഹചര്യത്തില്‍ ഭരണം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ തികഞ്ഞ മനസ്ഥൈര്യത്തോടെ ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു; കുടുംബത്തിനുള്ളിലും പുറത്തും പല വെല്ലുവിളികളും നേരിട്ടപ്പോഴും തന്റെ ആദര്‍ശങ്ങളിലും വിശ്വാസങ്ങളിലും ഉറച്ചുനിന്നു. ഒടുവില്‍ കൊട്ടാരവും രാജ്യം തന്നെയും ഉപേക്ഷിച്ച് ദൂരെ ബാംഗ്ലൂരില്‍ തികച്ചും സാധാരണക്കാരിയായി, കുടുംബിനിയായി ജീവിച്ച് മരിക്കുകയും ചെയ്തു.

പ്രതിഭാധനനായ ചിത്രകാരന്‍ രാജാ രവിവര്‍മ്മയില്‍നിന്നാണ് മനു കഥ പറഞ്ഞുതുടങ്ങുന്നത്. കേന്ദ്രകഥാപാത്രമായ റീജന്റ് മഹാറാണി സേതുലക്ഷ്മീബായിയുടെ പിതാമഹനാണ് രാജാരവിവര്‍മ്മ. നിറപ്പകിട്ടാര്‍ന്ന ഈ അദ്ധ്യായം മുതല്‍ തന്നെ കൊട്ടാരക്കെട്ടിനുള്ളിലെ ജീവിതങ്ങളുടെ ഇരുളിച്ചകളിലേയ്ക്കും മനു  വായനക്കാരെ നയിക്കുന്നുണ്ട്. ലോകപ്രശസ്തനായ ചിത്രകാരന്റെ മദ്യപാനത്തിന് അടിപ്പെട്ട ഭാര്യയും സൗന്ദര്യത്തലുള്ള ഏറ്റക്കുറച്ചിലുകള്‍ മൂലം Textമാത്സര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പെണ്‍മക്കളും കലാകാരന്റെ ആത്മസംഘര്‍ഷങ്ങളും എല്ലാം പ്രായത്തില്‍ കവിഞ്ഞ പക്വതയുടെ മനു വരച്ചുകാട്ടുന്നുണ്ട്. തിരുവിതാംകൂര്‍ രാജവംശത്തില്‍ സ്ത്രീ സന്തതികള്‍ ഇല്ലാതെവന്ന സന്ദര്‍ഭത്തില്‍ അന്യോന്യം മത്സരബുദ്ധി വച്ചുപുലര്‍ത്തിയിരുന്ന ഈ പെണ്‍മക്കളുടെ ഓരോ കുട്ടിയെ വീതം സീനിയര്‍ റാണിയും ജൂനിയര്‍ റാണിയുമായി ദത്തെടുക്കുകയാണുണ്ടായത്. അങ്ങനെ ആ സഹോദരിമാര്‍ക്കിടയിലെ കാലുഷ്യം മക്കളിലേക്കും അവിടെനിന്ന് കേരളചരിത്രത്തിന്റെ തന്നെ താളുകളിലേക്കും പരക്കുന്നതാണ് പിന്നെ നാം കാണുന്നത്.

പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് കൊടുമ്പിരിക്കൊണ്ടുകൊണ്ടിരുന്ന അധികാരവടംവലികള്‍, ഇന്ന് വിചിത്രമെന്ന് തോന്നിയേക്കാമെങ്കിലും അന്ന് സര്‍വ്വസാധാരണമായിരുന്ന കുത്തഴിഞ്ഞ സ്ത്രീപുരുഷബന്ധങ്ങള്‍, സൂചിക്കുഴയിലേക്ക് തലനീട്ടാന്‍ തക്കം പാര്‍ത്തിരുന്ന സാമ്രാജ്യത്വശക്തികള്‍, പാരമ്പര്യത്തില്‍ മുറുകെപ്പിടിക്കുന്ന രാജവംശത്തിനുചുറ്റും വീശിയടിക്കുന്ന സാമൂഹികമാറ്റങ്ങളുടെ കൊടുങ്കാറ്റുകള്‍, വൈക്കം സത്യാഗ്രഹം, പുന്നപ്രവയലാര്‍ തുടങ്ങിയ മിന്നിത്തിളങ്ങുന്ന അദ്ധ്യായങ്ങള്‍, വാസ്‌കോ ദ ഗാമയില്‍ തുടങ്ങി കേണല്‍ മണ്‍റോ, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, രാാ രവിവര്‍മ്മ, സര്‍ സി.പി. രാമസ്വാമി അയ്യര്‍, കൊട്ടാരത്തിലെ ഓരോ അനക്കവും കഴുകന്‍ കണ്ണുകളോടെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്ന ബ്രിട്ടീഷ് റസിഡണ്ടുമാര്‍, ഏറ്റവുമൊടുവില്‍ മഹാറാണിയുടെ പുത്രിമാര്‍, പേരക്കുട്ടികള്‍ എന്നുവേണ്ട വിശ്വസ്ത പരിചാരകരെപ്പോലും തികച്ചും മിഴിവുള്ള ചിത്രങ്ങളായി പകര്‍ത്താന്‍ മനുവിന്റെ തൂലികയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വിപുലമായ ഒരരു കഥാകഥനരീതി പിന്തുടരുമ്പോഴും ആധികാരികത തെല്ലും ചോര്‍ന്നു പോകാതിരിക്കാന്‍ ഓരോ ചെറിയ സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുബന്ധക്കുറിപ്പുകളും കൂടുതല്‍ വിവരണങ്ങളും റഫറന്‍സ് നോട്ടുകളും കൃത്യതയോടെ നല്‍കുകയും ചെയ്യുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ കേരളത്തിലുണ്ടായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളെ എല്ലാംതന്നെ സ്പര്‍ശിച്ചു നീങ്ങുമ്പോഴും വായനാനുഭവം അതീവ ലളിതവും ആസ്വാദ്യകരവുമായി സൂക്ഷിക്കാന്‍ മനുവിനു സാധിച്ചിട്ടുണ്ട്. ആറുവര്‍ഷക്കാലത്തെ ആഴത്തിലുള്ള ഗവേഷണത്തിനുശേഷമാണ്ഇരുപത്തിനാലാം വയസ്സില്‍ മനു എസ് പിള്ള തന്റെ ആദ്യകൃതിയായ ഐവറി ത്രോണ്‍ പ്രസിദ്ധീകരിക്കുന്നത്. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2017-ലെ യുവപുരസ്‌കാര്‍ ഈ കൃതിക്കാണ് ലഭിച്ചത്.

ഇന്ത്യന്‍ ചരിത്രഗ്രന്ഥങ്ങളില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ‘റീഡബ്ള്‍ ഹിസ്റ്ററി’ അഥവാ വായനാസുഖമുള്ള ചരിത്രഗ്രന്ഥം എന്ന ആശയമാണ് അതിവിദഗ്ധമായി മനു പ്രയോഗിച്ചിരിക്കുന്നത്. പ്രതിഭാശാലിയായ ഒരു മലയാളി യുവാവിന്റെ ഏറെ അംഗീകരിക്കപ്പെട്ട കൃതി എന്ന നിലയക്കും ഇതിവൃത്തം കേരളത്തിന്റേതാണ് എന്നതുകൊണ്ടും ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് നമ്മുടെ ചരിത്രസാഹിത്യത്തില്‍ ഒരു മുതല്‍ക്കൂട്ടാകും എന്നതിനു സംശയമില്ല. നമ്മുടെ കേരളത്തിന്റെ ചരിത്രം ആധികാരികമായും ലളിതമായും സുന്ദരമായും സര്‍വ്വോപരി വായനാസുഖമുള്ള രീതിയിലും ആഖ്യാനം ചെയ്ത് ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയ മനു എസ് പിള്ളയെയും ഐവറി ത്രോണ്‍ എന്ന ഐതിഹാസികഗ്രന്ഥത്തെയും വായിക്കുക എന്നത് നമ്മള്‍ മലയാളികള്‍ക്ക് ഒരു പുതുമയാര്‍ന്ന അനുഭവമായിരിക്കും.

പുസ്തകം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.