‘സമ്പര്ക്കക്രാന്തി’ എന്നാല് രാഷ്ട്രീയ സംവാദം എന്നു കൂടിയാണ്: ടി.ഡി.രാമകൃഷ്ണന്
വി. ഷിനി ലാലിന്റെ ‘സമ്പർക്കക്രാന്തി ‘ എന്ന പുസ്തകത്തെക്കുറിച്ച് ടി.ഡി.രാമകൃഷ്ണൻ എഴുതിയത്
ഷിനിലാൽ എൻ്റെ വളരെ പ്രിയപ്പെട്ട സുഹൃത്താണ് ഞങ്ങൾ രണ്ടുപേരും റെയിൽവേയിൽ ജോലി ചെയ്യുന്നു, അതും കുറേക്കാലം ഒരേ ജോലി ചെയ്തിരുന്നവരാണ് എന്നൊക്കെയുള്ള അടുപ്പം കൂടി നമ്മൾ തമ്മിൽ ഉണ്ട്.
ഷിനിലാലിൻ്റെ സമ്പർക്കക്രാന്തി പുസ്തകം ആയിട്ട് ഇറങ്ങി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. കാരണം റെയിൽവേയിൽ പൊതുവേ എഴുത്തിലേക്ക് ഒക്കെ വരാനുള്ള സാധ്യത വളരെ കുറവാണ്. ഞാൻ റെയിൽവേയിൽ ചേരുന്ന സമയത്ത് വളരെ അപൂർവ്വമായ ചില ആളുകൾ മാത്രമാണ് എഴുത്തും വായനയുമായി ബന്ധമുണ്ടയിരുന്നത്. ആദ്യമായിട്ട് വൈശാഖൻ മാഷിനെ ആണ് പരിചയപ്പെടുന്നത്. ഞങ്ങളുടെ തൊഴിലിടങ്ങളിൽ പലപ്പോഴും സർഗത്മതക്കുള്ള സാധ്യത വളരെ പരിമിതമാണ്. അതിനെ പ്രോത്സാഹിപ്പിക്കുന്നത് പോയിട്ട് അതിനോട് ഒരു പോസിറ്റീവ് ആയിട്ട് പ്രതികരിക്കുന്ന ആളുകൾ വരെ വളരെ അപൂർവമായിരുന്നു. ആരെങ്കിലും സാഹിത്യവുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ പുസ്തകവുമായി ബന്ധപ്പെട്ട സംസാരിക്കാൻ കഴിയുന്നവർ ഉണ്ടോ എന്ന് വളരെ ബുദ്ധിമുട്ടി അന്വേഷിച്ച് നടന്ന ഒരു കാലം എനിക്ക് ഉണ്ടായിരുന്നു. അതിൽ നിന്നൊക്കെ മാറി ഇപ്പോൾ റെയിൽവേ പശ്ചാത്തലത്തിൽ നിന്ന് ധാരാളം പേർ എഴുത്തിലേക്കും മറ്റുള്ള കാര്യങ്ങളിലേക്കും വരുന്നു. അതിൽ എന്നെ പോലെ ടിക്കറ്റ് പരിശോധകൻ ആയിട്ടുള്ള, ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്ന, പ്രിയ സുഹൃത്ത് ഷിനിലാൽ വരുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
മറ്റേതെങ്കിലും ഒരു പുസ്തകചർച്ച പോലെയല്ല എന്നെ സംബന്ധിച്ചിടത്തോളം സമ്പർക്ക ക്രന്ത്രിയുടെ ചർച്ച. എന്തെന്നുവെച്ചാൽ വലിയതോതിൽ തൊഴിൽപരമായ അടിച്ചമർത്തലും ബുദ്ധിമുട്ടുകളും അതിൻ്റെ കഷ്ടപ്പാടുകളും അനുഭവിക്കുന്ന ഒരു വിഭാഗത്തിൽ നിന്നും വരുന്നവർക്ക് ഈ ഇടങ്ങളിലേക്ക് വരുക അത്ര എളുപ്പമുള്ള കാര്യമല്ല. വലിയൊരു സ്ട്രഗിൾ ഞങ്ങളുടെ ഓരോരുത്തരുടെയും എഴുത്തിന് പുറകിലുണ്ട്. ഷിനിലാലിനെകുറിച്ച് ഞാൻ ഓർക്കുന്നത് പാലക്കാട് എന്റെ റെയിൽവേ ക്വാർട്ടേഴ്സിൽ ഒരു ദിവസം വന്നു നമ്മൾ ഒരുമിച്ച് കുറെ നേരം സംസാരിക്കുന്നത് ആണ്. പിന്നീട് ഷിനിലാലിൻ്റെ നാട്ടിൽ ഒരു ദിവസം പോയി. അത്ഭുതം തോന്നി. ആ നാട്ടിൽ നിന്നും എഴുത്തും വായനയുമായി ബന്ധപ്പെട്ട് ഒരാൾ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് തോന്നുന്ന രീതിയിൽ അവിടത്തെ യുണൈറ്റഡ് ലൈബ്രറിയും അതും ആയിട്ട് ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന നിരവധി ആളുകളെയും കണ്ടപ്പോൾ അത്ഭുതം തോന്നി. അതുവരെ എൻറെ ഒരു ധാരണ വടക്കോട്ടാണ് സാഹിത്യചർച്ചകൾ കൂടുതൽ ഉള്ളത് എന്നാണ്. അത് തികച്ചും തെറ്റാണ് എന്ന് തോന്നിയ നിമിഷം കൂടിയായിരുന്നു അത്.
ഷിനിലാൽ എഴുതിത്തുടങ്ങിയ ശേഷം കഴിഞ്ഞ അഞ്ച് വർഷമായിട്ട് മലയാളത്തിലെ വളരെ ശ്രദ്ധേയമായ പുസ്തകങ്ങൾ ഷിനിലാലിൻ്റെതായി വരുന്നു. ഏറ്റവും അവസാനമായി വന്നിട്ടുള്ള നോവൽ ഉൾപ്പെടെ വളരെ നല്ല രീതിയിൽ ഇവ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതിൽ വളരെ സന്തോഷം.
സമ്പർക്ക ക്രാന്തി എന്ന നോവലിൻറെ ഒരു പ്രത്യേകത റെയിൽവേയുടെ പശ്ചാത്തലത്തിൽ അല്ലങ്കിൽ ഒരു തീവണ്ടിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെടുന്ന ആദ്യത്തെ നോവൽ എന്നതാണ്. തീവണ്ടി യാത്രയുടെ പശ്ചാത്തലത്തിൽ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷയിൽ നോവൽ എഴുതപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ എഴുതപ്പെട്ടിട്ടുണ്ടങ്കിലും ഇങ്ങനെ ഒരു കഥ ആയിരിക്കില്ല അതിലൂടെ പറയുന്നത്. റെയിൽവേയുടെ പശ്ചാത്തലത്തിൽ ഒരു യാത്രയുടെ അതും സമ്പർക്കക്രാന്തി എന്ന വണ്ടിയെ വലിയൊരു ബിംബമായി ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്ന് ഡൽഹി വരെയുള്ള ദീർഘമായ യാത്രയും ആ യാത്രയുടെ പലയിടങ്ങളിലും ആയി ഇന്ത്യയുടെ ചരിത്രത്തിൻറെ രാഷ്ട്രീയ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നു ഈ നോവൽ. ഒരു കഥ വളരെ അനായാസമായി പറയാൻ ഷിനിലാലിന് കഴിയുന്നു. ഷിനിലാൽ എന്ന എഴുത്തുകാരനെ ഇന്നത്തെ കാലത്ത് അത്ര ശ്രദ്ധേയമാകുന്ന ഒരു കാര്യം, കൃത്യമായ ഒരു പൊളിറ്റിക്കൽ ആയിട്ടുള്ള ഒരു നിലപാട് സൂക്ഷിക്കുകയും വളരെ സുതാര്യമായ രീതിയിൽ കഥ പറയാൻ കഴിയുകയും ചെയ്യും എന്നതാണ്. ഷിനിലാലിന്റെ ഏത് പുസ്തകമെടുത്ത് വായിക്കുക ആണെങ്കിലും (ഏറ്റവും പുതിയ നോവൽ മാത്രമേ ഞാൻ വായിക്കാൻ ബാക്കിയുള്ളൂ.) വളരെ സുതാര്യമായി ഉള്ള ഒരു എഴുത്താണ്. ഭാഷ കൊണ്ടുള്ള സർക്കസ്സുകൾ ഒന്നുമില്ല. വളരെ ട്രാൻസ്പരൻ്റയിട്ട് വായനക്കാരെ വായനയിലേക്ക് എത്തിക്കുന്നു. എന്നാൽ അതേ സമയത്ത് തന്നെ പുതിയ കാലത്തിൻറെ ഒരു രാഷ്ട്രീയ ബോധം കൃത്യമായി സൂക്ഷിക്കുന്നതിൽ നിരന്തരമായി ഇടപെടുകയും ചെയ്യുന്നു.
സമ്പർക്കക്രാന്തി എന്ന നോവലിൻറെ ഏറ്റവും വലിയ പ്രത്യേകത തീവണ്ടി യാത്രയെ കുറിച്ച് പറയുന്ന നോവലോ അതോ തീവണ്ടിയെ കുറിച്ച് പറയുന്ന ഒരു നോവൽ എന്നതോ അല്ല. ഇന്ത്യയുടെ ഒരു സമകാലിക യാഥാർഥ്യം, നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വളരെ സങ്കീർണമായ പ്രശ്നങ്ങളാണ് ചർച്ചചെയ്യാൻ ഷിനിലാൽ ശ്രമിക്കുന്നത്. അത് വളരെ ഭംഗിയായി ചെയ്യാൻ അദ്ദേഹം ഓരോ കഥാപാത്രത്തിനും കൊടുക്കുന്ന പേരിൽ നിന്നുതന്നെ ബോധ്യമാണ്. അല്ലെങ്കിൽ ആ കഥാപാത്രങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന സംവാദങ്ങൾ വലിയ ചർച്ചകൾക്കുള്ള ഒരിടം തന്നെ എഴുത്തിലൂടെ തുറന്നിടുക എന്നതാണ് അദ്ദേഹം ചെയ്യുന്നത്. ബുദ്ധപഥം പോലുള്ള കഥകൾ എടുത്താലോ മറ്റ് ഏത് കൃതി എടുത്താലും താൻ ഏകപക്ഷീയമായിട്ട് പറഞ്ഞ് സ്ഥാപിച്ചെടുക്കുന്ന രീതിയല്ല, മറിച്ച് വലിയ സംവാദങ്ങൾക്ക് ഉള്ള സാധ്യത തൻറെ എഴുത്തിലൂടെ തുറന്നിടാൻ കഴിയുന്നു. അതിൽ വായനക്കാരനെ തൻറെ നോവലിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എഴുത്തുകാരൻ നേരിടുന്ന വലിയൊരു വെല്ലുവിളി വായനക്കാരനെ കൂടെ നിർത്തുക എന്നതാണ്. ഈ കാലത്ത് പലതരത്തിലുള്ള പ്രലോഭനങ്ങളുടെ ഉള്ളിൽ ഇരുന്നാണ് ഒരാൾ പുസ്തകം വായിക്കുന്നത്. പുസ്തക വായനക്കാരൻ പുസ്തകം മടക്കി വയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ വായനക്കാരനെ തൻറെ എഴുത്തിലേക്ക് അല്ലെങ്കിൽ താൻ പറയുന്ന കഥയിലേക്ക് പിടിച്ചിരുത്താനും അയാളെക്കൊണ്ട് വായിപ്പിക്കാനും കഴിയുന്നു എന്നതാണ് ഷിനിലാലിൻ്റെ എഴുത്തിൻ്റെ പ്രത്യേകതയായി എനിക്ക് തോന്നിയത്. അതുപോലെതന്നെ പ്രധാനമാണ് റെയിൽവേയിൽ ജോലി ചെയ്തിട്ട് ഉണ്ടാകുന്ന അനുഭവസമ്പത്ത്. ഞാൻ അവസാനമായി എഴുതിയ നോവലും റെയിൽവേയുമായി ബന്ധപ്പെട്ട നോവലാണ് ‘പച്ച മഞ്ഞ ചുവപ്പ്’ റെയിൽവേയ്ക്ക് അകത്തുള്ള ഒരു അവസ്ഥയാണ് അധികാരത്തിന്റെ ഹിംസാത്മകതയോക്കെയാണ് അതിൽ സംബോധന ചെയ്തിരിക്കുന്നത്. ഞാൻ പത്തു കൊല്ലം ടിക്കറ്റ് പരിശോധകൻ ആയി ജോലി ചെയ്തു. ആ പത്തു കൊല്ലം ഷിനിലാലിനെ പോലെ ടിക്കറ്റ് പരിശോധകനായി പലയിടങ്ങളിൽ ജോലിചെയ്തിരുന്ന മനുഷ്യനാണ്. അതിൽ നിന്നും മാറി ഗാർഡിൽ നിന്നും കൺട്രോളർലേക്ക് ചീഫ് കൺട്രോളർലേക്ക് മാറാതെ ടിക്കറ്റ് ചെക്കിംഗ് തന്നെയാണ് ഞാൻ തുടർന്നിരുന്നത് എങ്കിൽ എഴുതാൻ സാധ്യതയുള്ള ഒരു പുസ്തകമാണ് സമ്പർക്കക്രാന്തി. അല്ലെങ്കിൽ അതുപോലെ ഒരു കഥ അല്ലെങ്കിൽ നോവൽ എഴുതാൻ തീർച്ചയായും സാധ്യതയുണ്ടയിരുന്നു. കാരണം ആ ജോലിയിൽ ഇരുന്നുകൊണ്ട് നിരന്തരമായി വളരെ വ്യത്യസ്തരായ പല വ്യക്തികളെയും നമ്മൾ കാണുകയാണ്. ഓരോ യാത്രയിലും നൂറുകണക്കിനാളുകളെയാണ് നമ്മൾ കാണുന്നത്. അതിൽ ചില ആളുകളെയൊക്കെ പരിചയപ്പെടുമ്പോൾ വളരെ വ്യത്യസ്തമായി അവരുടെ പെരുമാറ്റങ്ങൾ, അവരുടെ സംഭാഷണങ്ങൾ, അവരുടെ അനുഭവങ്ങൾ, യാത്രയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതിന്റെയൊക്കെ ഉള്ളിലാണ് ഒരു ടിക്കറ്റ് പരിശോധകൻ തൻ്റെ ജോലി നിർവഹിക്കുന്നത്. ഞാൻ ആ കാലത്താണ് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നതും കൂടുതൽ മനുഷ്യരെ കാണുന്നതും. മനുഷ്യരിൽ നിന്നും സമൂഹത്തിലെ വ്യത്യസ്തമായ ഒരുപാട് ആളുകളെ കാണാനും പരിചയപ്പെടാനും അവരുടെ കൂടി സമീപനങ്ങൾ തിരിച്ചറിയാനും കഴിയും. പല സംസ്ഥാനങ്ങളിൽ ആയിട്ടാണ് ഞാൻ വർക്ക് ചെയ്തിരുന്നത്. ഷിനിലാലും അതുപോലെതന്നെ. അങ്ങനെ വർക്ക് ചെയ്യുന്ന കാലത്ത് നമ്മൾ നിരന്തരമായി നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒട്ടും വിരസമല്ലാത്ത ഒരു ജോലിയാണ് ടിക്കറ്റ് പരിശോധകൻ. നിരന്തരമായി നമ്മൾ പുതിയ ആളുകളെ കാണുന്നു. പുതിയ ആളുകളുടെ ജീവിതാവസ്ഥകളെ നമുക്ക് നേരിട്ട് കാണേണ്ടി വരുന്നു. നന്മയും തിന്മയും ആയിട്ട് ഒന്നും വേർതിരിച്ച് കാണാൻ കഴിയില്ല. എല്ലാം ചേർന്ന നമ്മുടെ സമൂഹത്തിന് എന്തൊക്കെ സംഭവിക്കുന്നു. അതെല്ലാം തീവണ്ടിക്കും സംഭവിക്കുന്നുണ്ട്. തീവണ്ടി എന്നുള്ളത് ഒരു ക്രോസ് സെക്ഷൻ ആണ്. അതിൽ വളരെ പൊളിറ്റിക്കൽ ആയിട്ടുള്ള ഒരു തലത്തിലേക്ക് തൻ്റെ തൊഴിലിലൂടെ കാണുന്ന കാഴ്ചകളെ തുടച്ചു മിനുക്കി ഒരു കഥയാക്കി മാറ്റാൻ, ആ കഥ വായനക്കാരെ കൊണ്ട് വായിപ്പിക്കാൻ ഷിനിലാലിന് കഴിയുന്നുണ്ട്.
തീവണ്ടി പുറപ്പെടുന്ന സ്റ്റേഷനിൽ തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന ഒരു ട്രെയിൻ അവിടെ നിന്ന് തന്നെ ലേറ്റ് ആവുക എന്ന് പറയുന്നത് മോശം ആയിട്ടുള്ള ഒരു കാര്യമാണ്. ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. ഞാൻ കൺട്രോളർ ആയിട്ട് വർക്ക് ചെയ്യുന്ന സമയത്തും നിരന്തരമായി സ്റ്റേഷൻ മാസ്റ്റേഴ്സിനെയും ബാക്കിയുള്ളവരെയും നിർബന്ധിക്കുന്നത് റൈറ്റ് ടൈം സ്റ്റാർട്ട് ആയിരിക്കണം എന്നാണ്. പക്ഷേ അത് പലപ്പോഴും പല പ്രശ്നങ്ങൾ കാരണം സാധിക്കില്ല. അങ്ങനെ കഴിയാതെ ലേറ്റ് ലേറ്റായി ഓടി തുടങ്ങുന്ന ട്രെയിൻ പിന്നെ ഒരിക്കലും ടൈമിലേക്ക് എത്തിക്കാൻ കഴിയില്ല. അല്ല ആദ്യത്തെ അഞ്ചോ പത്തോ മിനിട്ട് ആണെങ്കിൽ കുഴപ്പമില്ല. അതിൽ കൂടുതൽ ആയാൽ പിന്നെ അല്ലാതെ ലൈറ്റ് ആകും
ഷിനിലാൽ എന്നുള്ള ഒരു എഴുത്തുകാരൻ, ഒരു റെയിൽവേക്കാരൻ ഇതുരണ്ടും ചേർത്ത് വായിക്കുമ്പോൾ അദ്ദേഹത്തിൻറെ കൃതികൾ പൂർണമായും ഒരു റെയിൽവേക്കാരന്റേതാണ്. അതേസമയം ഒരു സാഹിത്യ കാരന്റേതുമാണ്. എഴുത്തുമായി ഏറ്റവും കൂടുതൽ സർഗ്ഗാത്മകമായി പ്രതികരിക്കുന്ന ആളാണ്. സന്തോഷം നൽകുന്ന ഒരു കാര്യം ആദ്യം റെയിൽവേക്കാരൻ എന്നതാണ്. ഒരാൾക്ക് റെയിൽവേയുടെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് എഴുതാൻ പറ്റും എന്ന് തെളിയിക്കുകയാണ്. റെയിൽവേ അത്ര സുഖകരമായി എഴുതാൻ പറ്റുന്ന ഒരു സ്ഥാപനമല്ല. നിങ്ങൾ ഇന്നത്തെ ഇന്നലത്തെ പത്രം റിപ്പോർട്ടുകളിൽ വായിച്ചിട്ടുണ്ടാവും സർവകലാശാലകളിൽ അധ്യാപകർ ക്ലാസ്സ് എടുക്കുമ്പോൾ സംസാരിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി വായിച്ചു. റെയിൽവേക്കകത്ത് ഞങ്ങൾക്ക് ഓരോരുത്തർക്കും സംസാരിക്കുന്നതിൽ വലിയ നിയന്ത്രണങ്ങളുണ്ട്. നമ്മൾ പലപ്പോഴും ഉപമകളിലൂടെ അല്ലെങ്കിൽ രൂപകങ്ങളിലൂടെ കാര്യങ്ങൾ പറയാൻ നിർബന്ധിതരാകുന്ന ആൾക്കാർ ആണ്. തീർച്ചയായും സമ്പർക്കക്രാന്തി എന്ന് പറയുന്നത് വലിയൊരു രൂപകം ആയിട്ട് അത് ഇന്ത്യ രാജ്യത്തിൻറെ അല്ലെങ്കിൽ നമ്മുടെ സമകാലിക സാമൂഹിക അവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു രൂപകമായി മനസ്സിലാക്കണം. അതിനകത്ത് ആഖ്യാനം ചെയ്യപ്പെടുന്ന ഒരു കഥ അതിനു മറ്റൊരു സാമ്പ്രദായിക കഥാ രീതിയെ അല്ല ഈ നോവലിന്. നോവൽ എന്ന സാഹിത്യരൂപം അതിൽ തന്നെ ആഖ്യാന പരീക്ഷണങ്ങൾ ധീരമായി നടത്തുന്ന ഒരു എഴുത്തുകാരൻ കൂടിയാണ് ഷിനിലാൽ. അപ്പോൾ ഇതിനെ മനസ്സിലാക്കുമ്പോൾ റെയിൽവേ എന്ന് പറയുന്ന ഒരു സ്ഥാപനത്തെ അതെ സ്ഥാപനത്തിൻറെ ഒരു അവസ്ഥയും ഇന്ത്യമഹാരാജ്യത്തിൻറെ മറ്റൊരു തലത്തിൽ അതിനെ കാണുന്നതങ്ങനെയാണ്.
ഇന്ത്യ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ ട്വൻറി സെവൻ ഡൗൺ എന്ന വളരെ പ്രസിദ്ധമായ ഒരു സിനിമയിൽ, അതിലെ നായകൻ പറയുന്ന പോലെ സദാ ചാലിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യയും സമ്പർക്ക ക്രാന്തിയും. വിക്ടർ ലിനസ് ഒരു കഥയിൽ ഈ വാക്കുകൾ ക്വാട്ട് ചെയ്യുന്നുണ്ട് അതിൽ നായകൻ പറയുന്നതുപോലെ സദാചാലിച്ച് കൊണ്ടിരിക്കുകയാണ് ഇന്ത്യ. തീവണ്ടി എന്നപോലെ.
കുറെ ആളുകളുടെ കഥ ഷിനിലാൽ സമ്പർക്കക്രാന്തിയിലൂടെ പറയുകയാണ്. ആ ആളുകളിലൂടെ ഷിനി പറയുന്ന കഥ അവരുടെ മാത്രം കഥയല്ല. നമ്മുടെ കഥയാണ്. നമ്മുടെ രാജ്യത്തിൻറെയും നമ്മുടെ സമൂഹത്തിന്റെയും കഥയാണ്. അത് വെറുമൊരു കഥ മാത്രമല്ല ഇന്നത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ കുറിച്ചുള്ള ഒരു സംവാദം കൂടിയാണ്.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
Comments are closed.