അടി എല്ലാവർക്കുമുള്ള മറുപടിയും വടി ചൂണ്ടലും ഓർമ്മപ്പെടുത്തലുമാണ്!
വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് സുധ തെക്കേമഠം എഴുതിയ വായനാനുഭവം
പുറമ്പോക്കിലെ ചവറു വീപ്പ പോലെ മാറ്റിനിര്‍ത്തപ്പെട്ട ജീവിതങ്ങളുടെയും വാക്കുകളുടെയും ഉത്സവക്കാഴ്ചയാണ് ‘അടി’ യില്‍ കണ്ടത്.. ഉത്സവപ്പറമ്പിനു പുറത്തു നിന്ന് എത്തി നോക്കാന്‍ തുടങ്ങുന്ന വായനക്കാരനെ വലിച്ചെടുത്ത് തലക്കിട്ടൊരു മേട്ടം തന്ന് കത്രികപ്പൂട്ടിടുന്ന ക്രാഫ്റ്റിങ്ങ് .
വെളുത്ത മനസ്സുകള്‍ക്കടിയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന പലവികാരങ്ങളും ഇത്തരം ഭാഷയുടെ സ്‌ഫോടനത്തോടെ പുറത്തെത്തി ആശ്വാസം കൊള്ളുന്നത് കണ്ടിട്ടുണ്ട്. പലയിടത്തും. പല നിലവാരത്തിലും.. ‘ടീച്ചറേ.. ഓനൊര് തെറി പറഞ്ഞ് ..’ എന്ന് ഗൂഢസ്മിതത്തോടെ മൊഴിയുന്ന കുഞ്ഞു മക്കള്‍ക്കിടയില്‍ എന്ത് മറുപടി നല്‍കണം എന്നറിയാതെ നിന്നു പോയിട്ടുണ്ട്..
അടി എല്ലാവര്‍ക്കുമുള്ള മറുപടിയും വടി ചൂണ്ടലും ഓര്‍മ്മപ്പെടുത്തലുമാണ്. രാജാക്കന്‍മാര്‍ക്കുമാത്രമല്ല കഥയുള്ളത് എന്ന പ്രസ്താവനയുടെ വിരല്‍ ചൂണ്ടലില്‍ നിന്നാണ് അടിയുടെ മര്‍മ്മസൂത്രങ്ങള്‍ തുടങ്ങുന്നത്. പള്ള് അഥവാ തെറി പറയുന്നത് ശൂരത്വത്തിന്റെ അടയാളവും അടിയുടെ ഒന്നാം രംഗവുമാണ്… നോവലില്‍ ഉടനീളം തെക്കന്‍ തിരുവിതാംകൂറിലെ ഭാഷയുടെ നിഷ്‌കളങ്ക സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നുണ്ട്. ദളിതന്റെ പ്രതിഷേധവും വിമോചനവുമടങ്ങുന്ന ഗൗരവതരമായ കാലഘട്ട വായനയും ഇവിടെ സാധ്യമാവുന്നു.
ചട്ടമ്പിമാരോടുള്ള വീരാരാധന എല്ലാ മനുഷ്യമനസ്സുകളിലും ഉള്ളതാണെന്ന് തോന്നുന്നു.. എന്നാല്‍ ചട്ടമ്പിമാരെ വരച്ചവരയില്‍ നിര്‍ത്തിക്കുന്ന കുണുക്കുരായമ്മയും ചെല്ലമ്മയുമൊക്കെയാണ് ഇതിലെ രാജ്ഞിമാര്‍.. നര്‍മ്മത്തിന്റെ അമിട്ടു പൊട്ടിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.. വായന തുടങ്ങിയാല്‍ നിങ്ങളുടെ ഉള്ളിലെ ചട്ടമ്പിത്തരവും ഉണര്‍ന്നുയരും.. ചീത്ത വാക്കുകള്‍ എന്ന് അയിത്തം പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തിയ അടിച്ചൂരുള്ള വാക്കുകള്‍ക്കു പകരം വെക്കാന്‍ മറ്റൊന്നിനുമാവുന്നില്ലല്ലോ എന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് കണ്ണു തുറക്കും.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.