DCBOOKS
Malayalam News Literature Website

‘പത U/A’: എഴുത്തനുഭവം പങ്കുവെച്ച് സലിന്‍ മാങ്കുഴി

സലിന്‍ മാങ്കുഴി

കഥ സംഭവിക്കുന്നതാണ്. കണ്ടതും പരിചയിച്ചതുമല്ല മിക്കപ്പോഴും ഞാനെഴുതുന്നത്. അപരിചിതരായ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് അപ്രതീക്ഷിതമായി കിട്ടുന്ന പ്രവേശനാനു
മതിയാണ് കഥയ്ക്ക് കാരണമാവുന്നത്. ഓരോ കഥ എഴുതി കഴിയുമ്പോഴും മറ്റുള്ളവരുടെ കഥ വായിച്ച് കഴിയുമ്പോഴും കുറേ മനുഷ്യരുടെയും അവരുടെ ആവാസവ്യവസ്ഥയുടെയുമൊപ്പം Textജീവിച്ച പ്രതീതിയാണ്. എത്രയോ കല്പിത കഥാപാത്രങ്ങള്‍ ഉറ്റവരായി ഒപ്പം നടക്കുന്നു. നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചത്തെക്കാളും ശക്തവും വൈവിധ്യപൂര്‍ണ്ണവുമാണ് കഥാപ്രപഞ്ചം. ഒരു പക്ഷേ ആ കഥാപാത്രങ്ങളുടെ കല്പനാ സൃഷ്ടിയാവാം ഞാനും നിങ്ങളുമൊക്കെ.

പൂര്‍ണ്ണമായി ചിന്തിച്ചുറപ്പിച്ച കഥയല്ല ഞാനെഴുതുന്നത്. അവസാന വരിയില്‍ മാത്രമാണ് എനിക്കുമത് വെളിപ്പെട്ടു കിട്ടുന്നത്. അജ്ഞാതന്റെ ഒരു തുള്ളി ജീവിതത്തെ പിന്തുടരുമ്പോള്‍ കിട്ടുന്ന വെള്ളിനാണയമാണ് കഥ. സാഹിത്യ സൃഷ്ടിയില്‍ എഴുത്തുകാരന് വലിയ പങ്കൊന്നുമില്ലെന്നാണ് എന്റെ വിശ്വാസം. താന്‍ പറയുന്നത് കേട്ടെഴുതാന്‍ കാലം ഓരോരുത്തരെ നിയോഗിക്കുന്നുവെന്ന് മാത്രം.

ഇതെന്റെ രണ്ടാമത്തെ കഥാസമാഹാരമാണ്. ഓരോ കഥ രൂപപ്പെടുമ്പോഴും എഴുതുമ്പോഴും മിനുക്കുമ്പോഴും അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യാറുണ്ട്. ആ ചര്‍ച്ചകളില്‍നിന്നാണ് കഥ ചിറകടിച്ചുയരുന്നത്. നല്ല കഥ എഴുതണമെന്ന അതിയായ ആഗ്രഹം ഓരോ കഥ എഴുതി കഴിയുമ്പോഴും വര്‍ദ്ധിക്കുന്നു. എന്നോ എഴുതാന്‍ പോകുന്ന നല്ല കഥയിലേക്കുള്ള സഞ്ചാരമാണ് എഴുതിയ കഥകള്‍. സ്വപ്നകഥയിലേക്ക് എത്തിപ്പെടാന്‍ പരിശ്രമിക്കുമ്പോഴുള്ള പിടച്ചിലും സംഘര്‍ഷവും വിഷാദവും ഞാന്‍ നിരന്തരം ഒറ്റയ്ക്കനുഭവിക്കുന്നതും ആ പ്രതീക്ഷകൊണ്ടാണ്. നല്ല കഥ കേട്ടെഴുതാന്‍ കാലം എന്നെ നിയോഗിക്കേണമേയെന്ന് പ്രാര്‍ത്ഥിച്ച മെഴുകുതിരി മാത്രമാണ് എഴുതിയ കഥകള്‍.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.