ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളുടെ ജീവിതം ആകെപ്പാടെ മാറിമറിഞ്ഞിട്ടുണ്ടോ.?
അനൂപ് എസ് പി-യുടെ ‘അന്വേഷണച്ചൊവ്വ’ എന്ന നോവലിന് ഷിന്റോ രവീന്ദ്രന് എഴുതിയ വായനാനുഭവം
ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളുടെ ജീവിതം ആകെപ്പാടെ മാറിമറിഞ്ഞിട്ടുണ്ടോ.? ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകാത്തവിധം എന്തെങ്കിലും നിങ്ങളില്‍ നിന്നും അകന്നു പോയിട്ടുണ്ടോ.? ഒരുപക്ഷെ അങ്ങനൊന്നു സംഭവിച്ചാല്‍ ഏതുവിധത്തിലാകും നിങ്ങള്‍ പ്രതികരിക്കുക.? അന്വേഷണച്ചൊവ്വ എന്ന പുസ്തകം പറഞ്ഞു വയ്ക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.
അന്വേഷണച്ചൊവ്വ എന്ന യുട്യൂബ് പ്രോഗ്രാമില്‍ ക്രൈം സ്റ്റോറികള്‍ അവതരിപ്പിക്കുന്ന അനന്ദുവിന്റ ജീവിതത്തില്‍ സ്റ്റെല്ല എന്ന പെണ്‍കുട്ടിയുടെ കടന്നു വരവോടെ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് ഈ നോവലിന്റെ ഇതിവൃത്തം. ഈ പറഞ്ഞത് പുസ്തകത്തിന്റെ ബ്ലര്ബിള് കൊടുത്തിട്ടുള്ള വാക്കുകള്‍ ആണ്. രസകരമായ സംഗതി എന്തെന്നാല്‍ നോവലിനെക്കുറിച്ച് ഇതില്‍ കൂടുതല്‍ എന്തെങ്കിലും തുറന്നു പറയാന്‍ കഴിയാത്ത വിധത്തിലാണ് എഴുത്തുകാരന് പുസ്തകത്തെ രൂപപ്പെടുത്തി വച്ചിരിക്കുന്നത്. കഥാപാത്രങ്ങളെക്കുറിച്ചോ കഥാ സന്ദര്‍ഭത്തെപ്പറ്റിയോ എന്തെങ്കിലും പറഞ്ഞാല്‍ അതു ഇതുവരെ ഈ പുസ്തകം വായിച്ചിട്ടില്ലാത്തവരോട് ചെയ്യുന്ന പാതകം ആയിപ്പോകും.
മലയാള നോവല്‍ ശാഖയില്‍ ഇപ്പോള്‍ എണ്ണത്തില്‍ കൂടുതല്‍ ഇറങ്ങുന്നത് ക്രൈം നോവലുകള്‍ ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചിലപ്പോള്‍ എന്റെ ഇഷ്ട്ടവിഷയം അതായതുകൊണ്ടുള്ള തോന്നലുമാകാം. അതെന്തായാലും എണ്ണം പെരുകുന്നതുകാരണം ഈ മേഖലയില്‍ എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളിയും വളരെ വലുതാണ്. പുതുമ എന്ന വാക്ക് വളരെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒരു സിനിമാ കാണാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം പുസ്തകവായന നമ്മളില്‍ നിന്നും അപഹരിക്കും എന്നതിനാല്‍ അവ നല്കുന്ന വയനാനുഭവം മികച്ചതാക്കുക എന്നതാണ് എഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം. ഒരു ക്രൈം നോവല്‍ ഏതെല്ലാം വിധത്തില്‍ എഴുതാം എന്നത് നിരന്തരം പരീക്ഷണവിധേയം ആക്കികൊണ്ടിരിക്കുന്ന സമയമാണിത്. ആ നിലയില്‍ വളരെ വ്യത്യസ്തമായാണ് അന്വേഷണച്ചൊവ്വ എഴുതപ്പെട്ടിരിക്കുന്നത്.
കഥാകൃത്ത് പുസ്തകത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ അനന്ദുവിന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന ആ സംഭവത്തിലേക്കുള്ള യാത്രയാണ് ഉള്ളത്. രണ്ടാംഭാഗം പ്രസ്തുത സംഭവത്തിന്റെ സത്യാവസ്ഥ തേടിയുള്ള അന്വേഷണവും. തികച്ചും ഒരു സിനിമാ രൂപത്തില്‍ ഇതിനെ വിലയിരുത്തുകയാണെങ്കില്‍ ഒരു മനോഹരമായ ആദ്യ പകുതിയും അതിമനോഹരവും ആവേശഭരിതവുമായ രണ്ടാംപകുതിയും ആണ് അന്വേഷണച്ചൊവ്വ എന്നു പറയാം. അതായത് മിക്ക ചലച്ചിത്രങ്ങളിലും കണ്ടുവരുന്ന അഭിപ്രായമായ ‘ആദ്യപകുതിയുടെയത്ര രണ്ടാംപകുതി നന്നായില്ല’ എന്ന വാചകം ഈ പുസ്തകത്തിനു തീരെ യോജിക്കില്ല എന്നര്‍ത്ഥം. അതിനാല്‍ത്തന്നെ ഒരു ക്രൈംനോവല്‍ പ്രേമി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ ആസ്വദിച്ചത് പുസ്തകത്തിന്റെ രണ്ടാം പകുതിയാണ്.
കഥയെക്കുറിച്ചു അധികമൊന്നും പറയാന്‍ സാധിക്കില്ലെങ്കിലും എഴുത്തിനെ കുറിച്ചു പറയാതിരിക്കാന്‍ വയ്യ. അനൂപ് എസ് പിയുടെ ആദ്യ നോവലാണ് അന്വേഷണച്ചൊവ്വയെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്ന രീതിയിലാണ് പുസ്തകത്തിന്റെ എഴുത്ത്. എന്തുകൊണ്ടാണ് അതു എടുത്തു പറഞ്ഞതു എന്നാല്‍ ഈ പുസ്തകത്തിന്റെ ഘടനയില്‍ ഉടനീളം ഒരു പക്വത കാണുവാന്‍ എനിക്കു സാധിച്ചു. ഒരിടത്തും ധൃതിപ്പെടാതെ അതേസമയം അധികമാകാത്ത തരത്തില്‍ വിശദീകരങ്ങളും നല്‍കിക്കൊണ്ട് ഒരു ഒഴുക്കോടെയാണ് കഥ നീങ്ങുന്നത്. എഴുത്തില്‍ മുന്‍പരിചയമില്ലാത്ത ഒരാളില്‍ നിന്നും ഇത്തരത്തിലൊരു കഥാപരിചരണം ഉണ്ടാകുക എന്നത് അഭിനന്ദനാര്‍ഹമാണ്. അതുമാത്രമല്ല, ക്രൈം നോവലില്‍ പൊതുവെ കാണപ്പെടുന്ന ഒരു കീഴ്വഴക്കമാണ് അതിബുദ്ധിമനായ ഒരു പ്രധാന കഥാപാത്രത്തിന്റെ സാന്നിധ്യം. കഥ മുഴുവനും ആ വ്യക്തിയെ ചുറ്റിപ്പറ്റിയാകും എഴുതിയിരിക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുള്ള അയാള്‍ക്ക് അപ്രാപ്ത്യമായ ഒന്നും ലോകത്തില്‍ ഉണ്ടാകില്ല. എന്നാല്‍ ഈ നോവലില്‍ അങ്ങനെയൊരു കഥാപാത്രത്തെ കാണുവാന്‍ സാധിക്കില്ല. ഒരു ക്രൈം നോവല്‍ ആണെങ്കില്‍കൂടി അതില്‍ ഒരു ലാളിത്യം കൊണ്ടുവരാന്‍ അനൂപിന് സാധിച്ചിട്ടുണ്ട്.
മാറിവരുന്ന കുറ്റാന്വേഷണ നോവല്‍ ശാഖയില്‍ ഒരു മുതല്‍ക്കൂട്ടാകുന്ന പുസ്തകം തന്നെയാണ് ഡി സി ബുക്സിലൂടെ പുറത്തുവന്ന അനൂപ് എസ് പിയുടെ അന്വേഷണച്ചൊവ്വ എന്ന് നിസ്സംശയം പറയാം. ഇനിയും വ്യത്യസ്ത നിറഞ്ഞ കഥകള്‍ ഒന്നിനു പുറകെ ഒന്നായി വായനക്കാര്‍ക്ക് മുന്നില്‍ എത്തട്ടെയെന്നു ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
നിങ്ങളുടെ കോപ്പി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.