ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഒരു കപ്പല്‍യാത്ര
പ്രൊഫ.എസ്.ശിവദാസിന്റെ ‘അല്‍ ഹസന് മുതല്‍ സി.വി.രാമന് വരെ’ എന്ന പുസ്തകത്തില്‍ നിന്നും
‘ജീവിതം ഒരു നാടകമാണ്. നാമെല്ലാം അഭിനേതാക്കളും.’ അങ്ങനെ
പറഞ്ഞത് സാക്ഷാല്‍ ഷെയ്ക്സ്പിയര്‍. എന്നാല്‍ ജീവിതം സാധാരണ നാടകംപോലെയല്ല. ജീവിതനാടകത്തിലെ അഭിനേതാക്കള്‍ക്ക് അവരുടെ റോള്‍ എന്താണെന്നറിയില്ല. അപ്രതീക്ഷിതമായ നാടകത്തില്‍ തിരിവുകളും വളവുകളുമൊക്കെ ഉണ്ടാകും. നാമറിയാതെ നാം പുതിയ റോളുകളിലേക്കു മാറ്റപ്പെടും. ഡിഗ്രിയെടുത്തിട്ട് പുരോഹിതനാകാന്‍ തയ്യാറായിരിക്കുകയായിരുന്നല്ലോ ചാള്‍സ് ഡാര്വിന്. അതിനു മുന്‍പ് ഒരു ഭൂവിജ്ഞാനീയ നിരീക്ഷണയാത്രയ്ക്കു പോയി എന്നു മാത്രം. തിരിച്ചു വന്ന് പട്ടം കെട്ടി വികാരിയാകും. പിന്നെ ഒരു ഇടവകയുടെ ഭരണം നടത്തും. മാന്യമായ ഒരു ജീവിതം നയിക്കും. അതല്ലേ അച്ഛന്റെ ആഗ്രഹവും. അങ്ങനെയൊക്കെ ചിന്തിച്ച് യാത്ര പോയി തിരിച്ചെത്തി ചാള്‍സ്. അപ്പോഴാണ് അപ്രതീക്ഷിതമായി പ്രൊഫസര്‍ സര് ജോണ്‍ ഹെന്‍സ്ലോയുടെ കത്ത് കൈയില്‍ കിട്ടിയത്.
എന്തായിരുന്നു കത്തിലെന്നോ? ഇനി ഒരിക്കലും കിട്ടുകയില്ലാത്ത ഒരു അവസരം വന്നിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു കപ്പല്‍യാത്രയില്‍ പങ്കെടുക്കാനുള്ള അവസരം. കപ്പലില്‍ ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ ഒഴിവുണ്ട്. സന്ദര്‍ശിക്കുന്ന ഭൂഖണ്ഡങ്ങളില്‍ എല്ലാം പര്യവേക്ഷണം നടത്താം. സ്പെസിമനുകള്‍ ശേഖരിക്കാം, പഠിക്കാം. അങ്ങനെ ഒരു അവസരം ഇനി ഉണ്ടായി എന്നു വരില്ല. ശമ്പളം ഇല്ലാത്ത പണി. ചെലവിന് കാശ് അങ്ങോട്ട് കൊടുക്കണം. പക്ഷേ, പ്രകൃതിയെ കാണാം. പഠിക്കാം. ”എനിക്കു ലഭിച്ച അവസരമാണ്. എനിക്ക് ചില അസൗകര്യങ്ങള്‍. പകരം താങ്കളെ ഞാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ അവസരം ദൈവം തന്നിരിക്കുന്നതാണ് എന്നു കരുതി സ്വീകരിക്കുക.” ഹെന്‍സ്ലോ പ്രത്യേകം പറഞ്ഞു. കപ്പല്‍യാത്രയ്ക്കു പോകണം എന്ന കാര്യത്തില്‍ ചാള്‍സ് ഡാര്‍വിനു സംശയമൊന്നുമില്ലായിരുന്നു. പണം തനിക്കു പ്രശ്നമല്ല. കുടുംബത്തിലുണ്ട്. പ്രശ്നങ്ങള്‍ പക്ഷേ, വേറെ ഉണ്ട്. തന്റെ ആരോഗ്യം നന്നല്ല എന്നത് ഒരു പ്രശ്നം. പിന്നെ അച്ഛന് സമ്മതിക്കണം. അതാണ് വലിയ വെല്ലുവിളി.
ചാള്‍സ് പ്രശ്നം അച്ഛന്റെ മുന്നില്‍ അവതരിപ്പിച്ചു. അച്ഛന് കപ്പല്‍ യാത്ര എന്ന ആശയം അംഗീകരിക്കാന്‍ വിഷമം തോന്നി. ഒരു വിധത്തില്‍ ഒരു ഡിഗ്രി എടുത്തതേയുള്ളൂ. ഇനി വൈദികനാകാനുള്ള ചടങ്ങുകൂടി കഴിഞ്ഞാല്‍ പുരോഹിതനായി ഒരു ജോലിയില്‍ പ്രവേശിക്കാം. അതു മാറ്റിവച്ച് കപ്പലില്‍ കറങ്ങാന്‍ പോകുന്നത് ബുദ്ധിയാണോ? ആ ജോലി അത്ര നല്ലതായിരുന്നു എങ്കില്‍ പ്രൊഫസര്‍ ഹെന്‍സ്ലോ അതു വേണ്ട എന്നു വയ്ക്കുമായിരുന്നോ? എന്തായാലും ഈ യാത്ര വേണ്ട. ഉടന്‍ പട്ടമെടുത്ത് വൈദികനാവുക. അച്ഛന് ആജ്ഞാപിച്ചു.
എന്നാല്‍ അമ്മാവന് ജോസിയ വെഡ്ജ്വുഡ് രക്ഷകനായി. ആ യാത്ര ചാള്‍സിന് വളരെ പ്രയോജനപ്പെടും. ഭാവിയില്‍ വലിയ അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിച്ചേക്കാം. കപ്പല്‍ തികച്ചും സുരക്ഷിതവുമാണ്. വലിയ ഒരു അവസരം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ല എന്നൊക്കെ അമ്മാവന് വാദിച്ചു. അവസാനം അച്ഛന് വഴങ്ങി.
Comments are closed.