ടി.ഡി. രാമകൃഷ്ണന്റെ ‘ആൽഫ’; ഇംഗ്ലീഷ് പരിഭാഷ ഫെബ്രുവരി 28 ന്
ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെയും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലൂടെയും മലയാള നോവല്‍ സാഹിത്യത്തിന്റെ ഭൂമികയെ പരിഷ്‌കരിച്ച ടി.ഡി. രാമകൃഷ്ണന്റെ ‘ആല്‍ഫ‘ യുടെ ഇംഗ്ലീഷ് പരിഭാഷ ഫെബ്രുവരി 28 ന് പുറത്തിറങ്ങും. പാന്‍ മക്മില്ലനാണ് പ്രസാധകര്‍. ഡോ.പ്രിയ. കെ.നായരാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആല്‍ഫ’യുടെ ഏഴാമത്തെ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
ആല്‍ഫ ഒരസാധാരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്‌കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.
ഭൂതകാലത്തെ ഉപേക്ഷിക്കുന്ന മനുഷ്യന് എന്താകും സംഭവിക്കുക എന്ന് ആല്‍ഫ രസകരമായി പറഞ്ഞുവയ്ക്കുന്നു. കാപട്യത്തിന്റെയും സ്വാര്‍ത്ഥതയുടെയും കൂത്തരങ്ങാകുന്ന മനുഷ്യജീവിതത്തില്‍ സ്നേഹവും കാരുണ്യവും പ്രകാശം പരത്തുന്നതെങ്ങിനെ എന്ന് ഈ നോവല്‍ വിവരിക്കുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന മനുഷ്യത്വമെന്ന ബന്ധത്തെ പുനര്‍നിര്‍വ്വചിക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ ആല്‍ഫ.
Comments are closed.