മഹാഭാരതം, ഇന്ത്യ ലോകസാഹിത്യത്തിനു സമ്മാനിച്ച മഹത്തായ കാവ്യപുസ്തകം: കുരീപ്പുഴ ശ്രീകുമാര്‍
‘മഹാഭാരതം-വ്യാസന്റെ സസ്യശാല’ എന്ന പുസ്തകത്തിന് കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ആമുഖത്തില്‍ നിന്നും
വിശ്വമഹാകവി വേദവ്യാസനോടുള്ള അത്യാദരവോടെ വായിച്ചു തുടങ്ങാം. വായന കഴിയുമ്പോള്‍ നമ്മള് അത്യത്ഭുതത്തിന്റെ ഔന്നത്യത്തിലായിരിക്കും.
ആത്യന്തികമായി യുദ്ധം തെറ്റാണെന്നു സ്ഥാപിക്കുന്ന പുസ്തകമാണിത്. യുദ്ധം മൂലം അനാഥരാകുന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഹൃദയദ്രവീകരണ ശക്തിയോടെ ഈ കാവ്യ
പുസ്തകം കണ്‍മുന്നിലെത്തിക്കുന്നുണ്ട്. വ്യത്യസ്ഥമായ അവസ്ഥകള്‍ക്ക് ഇടമുള്ള മഹാസ്ഥലമാണ് മഹാഭാരതം. ഋതുഭേദങ്ങള്‍ ശക്തമായി പുണരുന്ന വന്‍കര.
യുദ്ധവും സമാധാനവും ഈ പുസ്തകത്തിലുണ്ട്. കുറ്റവും ശിക്ഷയും ഈ പുസ്തകത്തിലുണ്ട്. നിന്ദിതരും പീഡിതരും ഈ പുസ്തകത്തിലുണ്ട്. അഗമ്യഗമനം, സ്ത്രീഅപഹരണം, ബലാത്സംഗം, ശവഭോഗം, നരഹത്യ, മൃഗഹത്യ, യാഗം, സവര്‍ണാധിപത്യം ഇതെല്ലാം മഹാഭാരതത്തിലുണ്ട്.
അതേസമയം സ്വയംവരം, സ്ത്രീയോടുള്ള ബഹുമാനം, ചാര്വാകദര്ശനം, സാംഖ്യം, യാഗ
നിഷേധം പ്രണയം, മാതൃകാദാമ്പത്യം, പ്രാണിസ്നേഹം,ആദിവാസി ജീവിതം ഇവയും മഹാഭാരതത്തിലുണ്ട്.
ഭാവനയുടെ അനന്തവിഹായസ്സാണ് മഹാഭാരതം. വിമാനവും സംസാരിക്കുന്ന പക്ഷിമൃഗാദികളും പ്രാചീന ഭാരത ഉപഖണ്ഡത്തിന്റെ ജനസംഖ്യയ്ക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത സൈന്യവ്യൂഹവും സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രവിശേഷങ്ങളും മഹാകവിയുടെ യാഥാര്‍ഥ്യബോധത്തിന്റെ ആയിരം മടങ്ങായി ഈ കൃതിയെ അലങ്കരിക്കുന്നുണ്ട്.
സാഹിത്യകൃതി എന്ന നിലയിലാണ് ഞാന്‍ മഹാഭാരതം വായിച്ചത്. മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പദാനുപദ തര്‍ജ്ജമയാണ് അവലംബിച്ചത്.
യുക്തിബോധം, സ്ത്രീപക്ഷചിന്ത, കീഴാള ജനതയോടുള്ള ഐകദാര്‍ഢ്യം, യുദ്ധവിരുദ്ധത, സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതികതയാണ് കവിതയുടെ അടിത്തറ എന്ന ചിന്ത തുടങ്ങിയ മൂല്യങ്ങളൊക്കെ ഈ വായനയിലെന്നെ നയിച്ചിട്ടുണ്ട്.
ആയിരത്തിലധികം കാവ്യപാത്രങ്ങള് മഹാഭാരതത്തിലുണ്ട്. പലരുടെയും പേരുകളും ബന്ധങ്ങളും സൂചിപ്പിച്ചിട്ടേയുള്ളൂ. ഇതിലെ ഒരു കാവ്യപാത്രത്തെയും ഞാന്‍ സ്ഥൂലവല്ക്കരിച്ചിട്ടില്ല. എണ്ണൂറോളം വ്യാസവൃക്ഷങ്ങളെ സൂക്ഷ്മവല്ക്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. രണ്ടു വരി മുതല്‍ എട്ടു വരി വരെയുള്ള ചെറുകവിതകള്‍. ഒറ്റക്കവിതകളായിത്തന്നെ വായിക്കാവുന്നത്. സൂക്ഷ്മവല്‍ക്കരണത്തിന് ഞാന്‍ കണ്ട ഏറ്റവും നല്ല ഉദാഹരണം ഒരു നാടന്പാട്ടിലുള്ളതാണ്. ‘രാമായണമൊരു പെണ്ണുകഥ ഭാരതമൊരുപിടി മണ്ണുകഥ’
അവരാണ് സൂക്ഷ്മവല്ക്കരണത്തിന്റെ ആദിമ രാജാക്കള്‍.
പരിണാമം, ജിജ്ഞാസ തുടങ്ങി കഥാകാവ്യങ്ങള്ക്കും കാവ്യബാഹ്യ സാഹിത്യരൂപങ്ങള്ക്കും ഉണ്ടായിരിക്കേണ്ട ബാദ്ധ്യതയൊന്നും ഇല്ലാത്തതിനാല്‍ ഓരോ കവിതയും ഒരര്‍ത്ഥത്തില്‍ സ്വതന്ത്രമാണ്. അതുകൊണ്ടുതന്നെ രചനാനന്തരം അക്ഷരമാലാ ക്രമത്തിലാണ് കവിതകള്‍ യോജിപ്പിച്ചിട്ടുള്ളത്. മുമ്പേ പോയ കവികള്‍ സ്വീകരിച്ചിട്ടുള്ള ആവിഷ്കാര സ്വാതന്ത്ര്യ സാദ്ധ്യതകള്‍ ഈ കവിതകളിലും വിനയപൂര്‍വം സ്വീകരിച്ചിട്ടുണ്ട്. മഹാഭാരതം, ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമാണ്. ഈ പുസ്തകത്തിലെ കവിതകള്‍ അവയുടെ സസ്യരൂപങ്ങള്‍ മാത്രമാണ്. പതിനെട്ടു വര്‍ഷമാണ് ഈ കാവ്യ സസ്യശേഖരത്തിന്റെ രചനാകാലം. മഹാഭാരതം: വ്യാസന്റെ സസ്യശാല യുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും അനാഥരാകുന്ന സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ഇത് മഹാഭാരതത്തിന്റെ പകര്‍പ്പല്ല. കഥാപാത്രങ്ങളുടെ പര്വതീകരണവുമല്ല. പുതിയ കാലത്തു നിന്നുകൊണ്ടുള്ള സൂക്ഷ്മവല്ക്കരണമാണ്. ചില കിളിവാതിലുകള്‍ മാത്രം.
Comments are closed.