ജാതീയതയുടെ ആത്മാക്കള്‍: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രതിപാദ്യവിഷയം
‘ജാതി ഒരു പ്രശ്നമാണ്’ എന്ന പുസ്തകത്തിന് സൂരജ് യെങ്ഡേ എഴുതിയ ആമുഖത്തില്‍ നിന്നും
മൃദുലമായ കരങ്ങളാല്‍ വാരിയെടുക്കുമ്പോഴെല്ലാം സ്വന്തം ജീവിതത്തില്‍ എന്റെ പ്രാധാന്യത്തെക്കുറിച്ച് അച്ഛമ്മ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ട്. ‘എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നീയെന്റെ ജീവിതം ധന്യമാക്കുന്നു. എന്ത് സുന്ദരമാണ് നിന്റെ കണ്ണുകള്‍. എണ്ണിപ്പറയാനാവാത്ത ഒരുപാട് വിശേഷണങ്ങളുണ്ട് നിനക്ക്.’ അവരുടെ ഇരുണ്ടനിറവും ശോഷിച്ച ചര്‍മ്മവും നഗരത്തില്‍നിന്നും വരുന്ന മങ്ങിയ രാത്രിവെളിച്ചത്തില്‍ തിളങ്ങി. മുറിയിലുണ്ടായിരുന്ന വെളിച്ചത്തിന്റെ ഏക സ്രോതസ്സായ ബള്‍ബ് ഓഫാക്കിയിരിക്കുകയായിരുന്നു. ടൊയോട്ട മിനിബസ്സിന്റെ രീതിയിലുള്ള മുറിയില്‍വച്ച് അവരെന്നെ താലോലിച്ചുകൊണ്ടിരുന്നു. അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഞാനും അവരുമെല്ലാം ആ ഇടുങ്ങിയ മുറിയിലാണ് അന്തിയുറങ്ങുന്നത്. രോഗിയായ അച്ഛനും സഹോദരനും കിടക്കുന്ന കട്ടിലിനടിയിലാണ് ഞാന്‍ കിടക്കാറ്. കട്ടിലിനടുത്തുള്ള തറയില്‍ പായവിരിച്ച് അമ്മയും സഹോദരിയും കിടക്കും.
കൈപ്പത്തികൊണ്ട് മുഖമെല്ലാം തടവിയതിനുശേഷം അച്ഛമ്മ തലയില്‍ മസാജ് ചെയ്യാന്‍ തുടങ്ങി. മൃദുലമായ അവരുടെ കരങ്ങള്‍ എല്ലാം കാണുന്നുണ്ട്–അസ്പൃശ്യതയുടെ ഭീകരത, അടിച്ചേല്‍പ്പിക്കപ്പെട്ട അപകര്‍ഷതാബോധം, ഭൂരഹിത കര്‍ഷകയായി പാടത്തും പറമ്പിലും പണിയെടുത്ത് കുടുംബം പോറ്റുന്നതിന്റെ ദൈന്യത, മറ്റുള്ളവരുടെ വീടുകളിലോ മില്ലിലോ ജോലി ചെയ്യേണ്ടിവരുന്ന കഷ്ടപ്പാട്. ഉന്നതകുലജാതര്ക്കൊന്നും ഇതുവരെയും മനസ്സിലാക്കാനാവാത്ത പാരമ്പര്യമാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്്. വൃത്തിഹീനരും നിന്ദ്യരുമെന്ന രൂപത്തില്‍ ഹിന്ദു മതാചാരപ്രകാരം അപ്രാധാന്യത്തോടെ ബഹിഷ്കൃതരാക്കപ്പെട്ട ജനങ്ങള്‍. പൊതുസ്ഥലങ്ങളില്‍ അവരെ കാണുന്നതുപോലും ഒരു ലഹളയ്ക്ക് കാരണമായിത്തീരും.
ഇന്ത്യയില്‍ 1.35 ബില്ല്യന്‍ ജനങ്ങള്‍ ജാതീയമായി വേര്‍തിരിക്കപ്പെട്ടവരാണ്. ഒരു ബില്ല്യന്‍ ജനങ്ങളെയെങ്കിലും ഇത് രൂക്ഷമായി ബാധിക്കുന്നു. 800 മില്ല്യന്‍ ആളുകള്‍ ഇതിന്റെ തിക്തഫലം അനുഭവിക്കുന്നവരാണ്. 500 മില്ല്യന്‍ ആളുകളുടെ അന്തസ്സിനെ ഇത് അടിമപ്പെടുത്തുന്നു. അടിച്ചമര്‍ത്താനും അടിമകളാക്കാനും കവര്‍ച്ച ചെയ്യാനും തടവിലിടാനും, കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കൊള്ളയ്ക്കും കൊള്ളിവെപ്പിനും പോലീസ് ക്രൂരതയ്ക്കുമുളള ഒരു ഉപകരണമാണവര്. സ്വന്തം കഴിവും നൈപുണ്യവും പ്രകടിപ്പിക്കാനാവാതെ 300 മില്ല്യന്‍ ആളുകള്‍ അസ്പൃശ്യരായി കഴിയുന്ന ഇന്ത്യ. സ്കൂളില്‍ ഫീസടയ്ക്കാത്തതിന് പലപ്പോഴും ഞാന്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. ക്ലാര്‍ക്ക് ടോണി ഓരോ
പ്രാവശ്യവും ക്ലാസ്സില്‍ വന്ന് എന്റെ പേര് വിളിച്ച് എണീറ്റുനില്ക്കാന് പറയും. എണീറ്റുനിന്നാല്‍ എത്രമാസത്തെ ഫീസ് അടയ്ക്കാനുണ്ടെന്ന് അയാള്‍ തന്റെ രജിസ്റ്റര്‍ നോക്കി വായിക്കും.
മാസങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അപമാനത്തിന്റെ തോതും വര്‍ദ്ധിക്കും. എന്നെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന സഹപാഠികള്‍ ആ അപമാനത്തിന്റെ ആഴം കൂട്ടുകയും ചെയ്യും. സ്ഥിരം പരിപാടിയായിരുന്നു ഇത്. ഓരോ പ്രാവശ്യം ടോണി ക്ലാസ്സിലേക്ക് വരുമ്പോഴും സ്കൂളില്‍നിന്നും ഓടിപ്പോയി തെരുവുപിള്ളേരുമായി കൂട്ടുകൂടാന്‍ ഞാന്‍ ആഗ്രഹിക്കും; ആരുടെയും അപമാനം സഹിക്കാതെ സ്വന്തം നിലയില്‍ പണമുണ്ടാക്കി ഇഷ്ടമുള്ള രീതിയിലാണ് അവരെല്ലാം ജീവിക്കുന്നത്.
ആറാം തരത്തില്‍ എത്തുന്നതുവരെ മിക്കവാറും ദാരിദ്ര്യത്തിലാണ് ഞാന്‍ വളര്‍ന്നുവന്നത്. അതിനുശേഷം സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് (ബിപിഎല്‍) താഴേക്ക്് എന്റെ കുടുംബം തരംതാഴ്ത്തപ്പെട്ടു. ദരിദ്രാവസ്ഥയുടെ തോത് കണക്കാക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമാണ് ബിപിഎല്‍. പത്താം ആസൂത്രണ കമ്മീഷന് ഏഴ് മാനദണ്ഡങ്ങളാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ഹരിയാനയില്‍ ഇത് അഞ്ചും കേരളത്തില്‍ ഒമ്പതുമാണ്. ഭൂമിയിലെ ഉടമസ്ഥാവകാശം, തൊഴില്‍സാദ്ധ്യത, വിദ്യാഭ്യാസ നിലവാരം, കുട്ടികളുടെ അവസ്ഥ, പൊതുശുചിത്വനിലവാരം, മേല്‍ക്കൂര, തറ, കുടിവെള്ള ലഭ്യത, യാത്രാസൗകര്യം, ആഹാരനിലവാരം, കളര്‍ ടെലിവിഷന്‍, ഫ്രിഡ്ജ് തുടങ്ങിയവയാണവ. കൂടാതെ, ഇവയൊന്നും സ്വന്തമായിട്ടില്ലെങ്കിലും ഒരാളുടെ വരുമാനവും മറ്റൊരു മാനദണ്ഡമാണ്. മഹാരാഷ്ട്രയില്‍ ബി പി എല്‍ കാരുടെ എണ്ണം തിട്ടപ്പെടുത്തുന്നത് പതിമൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇപ്രകാരം 46 ലക്ഷം ജനങ്ങള്‍ (മൊത്തം ജനസംഖ്യയുടെ ഏകദേശം 50 ശതമാനം) 1990-ലും 39 ശതമാനം ജനങ്ങള്‍ 2000-ത്തിലും ഇവിടെ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2012-ല്‍ മൊത്തം ജനസംഖ്യയുടെ 17 ശതമാനം ആളുകള്‍
ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് കണക്കാക്കിയിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ വടക്കുകിഴക്കന്‍ ജില്ലകളിലെ വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്. എന്റെ ജില്ലയായ നാന്‍ഡെഡില്‍ ജനസംഖ്യയുടെ 18 ശതമാനം മുതല്‍ 24
ശതമാനം വരെ ആളുകളും ദാരിദ്ര്യരേഖയ്ക്കു കീഴിലാണ് ജവിക്കുന്നത്. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും മറ്റുള്ളവരും തമ്മില്‍ ഒരു വ്യത്യാസവുമില്ലതന്നെ. നഗരാതിര്‍ത്തിയില്‍ താമസിക്കുന്ന എന്റെ കുടുംബം ബിപിഎല്‍ വിഭാഗത്തില്‍ പെടാന്‍ സര്‍വ്വാത്മനാ യോഗ്യരുമായിരുന്നു.
വിവിധ രീതിയിലാണ് ജാതി മനസ്സിലാക്കപ്പെടുന്നത്. അതിനാല്‍ ഇത് ഇന്ത്യയിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട സംഭാഷണ വിഷയമായി മാറുകയും ചെയ്യുന്നു. സംവരണം, ദളിത്, ആദിവാസി, തോട്ടപ്പണി, ദാരിദ്ര്യം, ദളിത് മുതലാളിത്തം, കൂലിത്തൊഴില്‍, ഹീനമായ കുറ്റകൃത്യം, ക്രൂരത, തടവ്, രജപുത്രര്‍, ബ്രാഹ്മണര്‍, ബനിയകള്‍, കായസ്ഥര്‍, ഒബിസി തുടങ്ങിയവയുടെ പര്യായമായാണ് ജാതി കരുതപ്പെടുന്നത്. ജാതിയുടെ നഗ്നമായ ദൈനംദിന സാക്ഷ്യപ്പെടുത്തലുകളുടെ വ്യത്യസ്തമായ ഉദാഹരണങ്ങളില്‍ ചിലതുമാത്രമാണ് ഇത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.