കാന്‍സറിനെ എങ്ങനെ പ്രതിരോധിക്കാം?
ഡോ. ഹരിഹരന്‍
(പി.എച്ച്.ഡി., ഡിപ്ലോമ ഇന്‍ കാന്‍സര്‍ പ്രിവന്‍ഷന്‍ എന്‍.ഐ.എച്ച്. യു.എസ്.എ., അസോസിയേറ്റ് പ്രഫസര്‍, കാന്‍സര്‍ ഗവേഷണം, ആര്‍.സി.സി. തിരുവനന്തപുരം.)
നൂറു വര്‍ഷത്തിനു മുമ്പ് കാന്‍സര്‍ സാധാരണമായ ഒരു രോഗമായിരുന്നില്ല. പക്ഷേ, കഴിഞ്ഞ രണ്ടു ദശാബ്ദമായി കാന്‍സര്‍ രോഗബാധ അതിഭീകരമായി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് നാലില്‍ ഒരാള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യതയാണ് പല പഠനങ്ങളിലും കാണുന്നത്. ഇന്ത്യയില്‍ പ്രതിവര്‍ഷം 11 ലക്ഷം പേര്‍ക്കും, ലോകത്ത് 14 മില്യന്‍ ആളുകള്‍ക്കും കാന്‍സര്‍ ബാധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്താണ് ഇതിനു കാരണം? ഇതിനു കാരണം കണ്ടെത്തുന്നതിനു മുമ്പ്, എന്താണ് കാന്‍സര്‍ എന്നു നോക്കാം.
നമ്മുടെ ശരീരം കോടാനുകോടി കോശങ്ങളാല്‍ നിര്‍മ്മിതമാണ്. ഈ കോശസമൂഹങ്ങള്‍ അഥവാ കലകള്‍ക്കെല്ലാം നിശ്ചിത ധര്‍മ്മങ്ങളുണ്ട്. ഈ കോശങ്ങള്‍ വിഭജിക്കുന്നതിനും നശിക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ചില നിയന്ത്രണ സംവിധാനങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ ധര്‍മ്മങ്ങളും പ്രവ ര്‍ത്തനങ്ങളുമെല്ലാം നിയന്ത്രിക്കുന്നത് ജീനുകളാണ്. ആയിരക്കണക്കിനു ജീനുകള്‍ ശരീരത്തിലുണ്ട്. ഓരോ ജീനിനും പ്രത്യേക ധര്‍മ്മങ്ങളാണുള്ളത്. ബാഹ്യമോ അല്ലാതെയോയുള്ള ചില ഉദ്ദീപനങ്ങള്‍കൊണ്ട് കോശത്തിലുള്ള ജീനുകള്‍ക്ക് ചില മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ ജീനുകളുടെ ഘടനയെയും ധര്‍മ്മത്തേയും മാറ്റം വരുത്താന്‍ കഴിയുന്ന അവസ്ഥയെ മ്യൂട്ടേഷന്‍ (ഉത്പരിവര്‍ത്തനം) എന്നു പറയുന്നു. ഇത്തരത്തില്‍ ഉല്‍പരിവര്‍ത്തനം മൂലം ചില സന്ദര്‍ഭങ്ങളില്‍ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുവാന്‍ തുടങ്ങുന്നു. ഇത്തരം അസാധരണകോശങ്ങള്‍ ഒരു സമൂഹമായി വളരുന്നു, ഇതിനെ മുഴയെന്നറിയപ്പെടുന്നു. ഈ അവസ്ഥയെയാണ് കാന്‍സര്‍ എന്നു വിളിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന മുഴകള്‍ മറ്റ് ശരീരാവയവങ്ങളെ കേടുവരുത്തുകയും സ്വയം നശിക്കാതെ കോടിക്കണക്കിന് പുതിയ കാന്‍സര്‍ കോശങ്ങളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. എന്താണ് ഉല്പരിവര്‍ത്തന (മ്യൂട്ടേഷന്‍) ത്തിനുള്ള കാരണം?
കാന്‍സറിനു കാരണമാകുന്ന ഉത്പരിവര്‍ത്തനത്തിനു കാരണക്കാരായ വസ്തുക്കളെ (ഘടകങ്ങളെ) കാന്‍സിനോജന്‍സ് എന്നറിയപ്പെടുന്നു. നമ്മള്‍ നമ്മുടെ ജീവിതകാലയളവില്‍ ഇത്തരത്തില്‍പ്പെട്ട
പല ഘടകങ്ങളുമായി സമ്പര്‍ക്കത്തിലാവാറുണ്ട്, നമ്മള്‍ കഴിക്കുന്ന ആഹാരത്തിലൂടെ, ജലത്തിലൂടെ, വായുവിലൂടെ, അന്തരീക്ഷത്തിലൂടെ, മണ്ണിലൂടെ.
നമ്മള്‍ ഒരുപ്രാവശ്യം കഴിക്കുന്ന ഭക്ഷണത്തില്‍ ഡസന്‍ കണക്കിന് കാര്‍സിനോജനുകള്‍ ഉണ്ടാകാം. ഇവ പ്രധാനമായും വരുന്നത് കീടനാശിനി അവശിഷ്ടങ്ങളില്‍നിന്നോ, പാചകസമയത്ത് ഉപയോഗിക്കുന്ന ചില രാസവസ്തുക്കളില്‍നിന്നോ, പ്രിസര്‍വേറ്റീവുകളില്‍ അതായത് ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന രാസ വസ്തുക്കളില്‍നിന്നോ, പാചകം ചെയ്യുന്ന രീതികൊണ്ടോ, പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങളില്‍നിന്നോ, പാചകത്തിനുപയോഗിക്കുന്ന എണ്ണ തുടങ്ങിയ മറ്റു വസ്തുക്കളില്‍നിന്നോ, റേഡിയോ ആക്റ്റീവ് വസ്തുക്കളില്‍നിന്നോ ആകാം. ഇങ്ങനെ കാന്‍സറിനു കാരണമായ രാസവസ്തുക്കളുടെയും ഭൗതികഘടകങ്ങളുടെയും, ജൈവഘടകങ്ങളുടെയും, ജിയോഗ്രഫിക്കല്‍ ഘടകങ്ങളുടെയും ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഭക്ഷണത്തിനല്ലാതെ നാം ഉപയോഗിക്കുന്ന പല വസ്തുക്കളിലും കാര്‍സിനോജനുകള്‍ ഉണ്ട്. പുകയിലയിലുള്ള നൂറുകണക്കിനു ഘടകങ്ങള്‍, മദ്യത്തിലുള്ള ചില ഘടകങ്ങള്‍, ഹെയര്‍ഡൈ, സുഗന്ധലേപനങ്ങള്‍, മേക്കപ് വസ്തുക്കള്‍ തുടങ്ങിയവ.
ശ്വസനവായുവിലൂടെയും, വായുവിന്റെ സമ്പര്‍ക്കത്തിലൂടെയും ചില കാര്‍സിനോജനുകള്‍ ശരീരത്തിലെത്തുന്നു. ഇവ പ്രധാനമായും എത്തുന്നത് പുകവലി, അന്തരീക്ഷ മലിനീകരണം, പ്ലാസ്റ്റിക്‌പോലുള്ള വസ്തുക്കള്‍ കത്തുന്നതിലൂടെയുണ്ടാകുന്ന പുകയിലൂടെ, റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷനര്‍ എന്നിവയിലുപയോഗിക്കുന്ന ചില വാതകങ്ങള്‍, ചില രാസവസ്തുക്കളില്‍നിന്നുള്ള പുക, വാഹനങ്ങളിലെ പുക തുടങ്ങിയവയിലൂടെയാണ്. അന്തരീക്ഷത്തിലുണ്ടാകുന്ന ചില വികിരണങ്ങള്‍, സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍, അണുബോംബ് വികിരണങ്ങള്‍, പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, കീട നാശിനി സ്‌പ്രേ ചെയ്യുന്നത്, ടാര്‍ ഉരുകുമ്പോള്‍ ഉണ്ടാകുന്ന പുക, ഫാക്ടറികളില്‍നിന്നുള്ള പുക, അടുപ്പില്‍നിന്നുള്ള പുക തുടങ്ങിയവയെല്ലാം കാന്‍സറുണ്ടാക്കുന്നവയാണ്. ജലത്തിലൂടെയുണ്ടാകുന്ന കാര്‍സിനോ ജനുകള്‍ പ്രധാനമായും എത്തുന്നത് കീടനാശിനി അവശിഷ്ടങ്ങള്‍ ജലത്തില്‍ എത്തുന്നതുകൊണ്ടാണ്. വീടുവൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോയില്‍, കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നവ തുടങ്ങിയവ ജലത്തിലെത്തുന്നത്, ഫാക്ടറികളില്‍ നിന്നുണ്ടാകുന്ന മാലിന്യം ജലത്തിലെത്തുന്നത്, വീട്ടിനുള്ളിലെ ചെടികളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍, കളനാശിനികള്‍, കൊതുക്, മൂട്ട, ഉറുമ്പ്, ചെള്ള് എന്നിവയെ തുരത്താന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, പുല്‍ത്തകിടി, പൂന്തോട്ടം എന്നിവയില്‍ ഉപയോഗിക്കുന്ന രാവസ്തുക്കള്‍ എന്നിവയിലെല്ലാം കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. മണ്ണിലൂടെ ധാരാളം കാര്‍സിനോജനുകള്‍ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. ഏറ്റവും പ്രധാനം കീടനാശിനി – കളനാശിനിഅവശിഷ്ടങ്ങള്‍തന്നെ. ഫാക്ടറികളില്‍നിന്നും, പരീക്ഷണശാലകളില്‍നിന്നും പുറത്തുവിടുന്ന ഖരമാലിന്യങ്ങളില്‍ ധാരാളം കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്. മണ്ണില്‍ അടങ്ങിയിട്ടുള്ള പ്രകൃതിജന്യ വികിരണവസ്തുക്കളില്‍ നിന്നുദ്ഭവിക്കുന്ന അയണൈസില്‍ റേഡിയേഷനുകള്‍, കാര്‍സിനോജനുകളായി പ്രവര്‍ത്തിക്കുന്നു. അഗ്നിപര്‍വതത്തില്‍
നിന്നുള്ള ലാവയിലൂടെ വരുന്ന ചില രാസവസ്തുക്കളും കാര്‍സിനോ ജനുകളാകുന്നു.
Comments are closed.