വർത്തമാനകാലത്തിന്റെ നേർച്ചിത്രം
കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന് ദൃശ്യ പത്മനാഭൻ എഴുതിയ വായനാനുഭവം
56 അധ്യായങ്ങളിലായി 563 പേജുകളിലായാണ് ഇതിന്റെ എലൈറ്റ്‌മെന്റ്. സാമൂഹികവും രാഷ്ട്രീയപരവുമായ അനീതികള്‍ക്കെതിരെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ധീര വനിതയായ ഗൗരി ലങ്കേഷിനു സമര്‍പ്പിച്ചുകൊണ്ടാണ് നോവല്‍ തുടങ്ങുന്നത്. അതോടൊപ്പം ഡോ. പി.കെ രാജശേഖരന്റെ ഇരുതലമൂര്‍ച്ചയുള്ള, നോവലിന്റെ രത്‌നച്ചുരുക്കമെന്ന് വിശേഷിപ്പിക്കാവുന്ന ആഴത്തിലുള്ള ആമുഖപഠനവും.
നോവലിലെ കേന്ദ്രകഥാപാത്രമായി വരുന്നത് സത്യപ്രിയയെന്ന 44 കാരിയാണ്. 2016 നവംബര്‍ 8 ന് പ്രധാനമന്ത്രി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് ഒരാഴ്ച്ചയ്ക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 16 ന് അര്‍ധരാത്രിയില്‍ അജ്ഞാതനായ ഘാതകന്റെ വധശ്രമത്തെ അതിജീവിച്ച സത്യപ്രിയയിലൂടെയാണ് കഥ മുന്നോട്ടു പോവുന്നത്.
സത്യപ്രിയ ഒരേ സമയം വായനക്കാരന്റെ ഹൃദയമിടിപ്പ് കൂട്ടുകയും വായനക്കാരന്റെ മനസ്സിനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുമുണ്ട്. വധശ്രമത്തെ അതിജീവിച്ച സത്യപ്രിയ തന്നെ വിടാതെ പിന്തുടരുന്ന ഘാതകനെ തേടി യാത്ര ചെയ്തുക്കൊണ്ടേയിരിക്കുന്നു. ജോലി ചെയ്യുന്ന ഐടി കമ്പനിയില്‍ നിന്നും അവധിയെടുത്ത് നാട്ടിലേക്ക് പോവുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അജ്ഞാതനായ ഘാതകന്റെ കുത്തേറ്റ് ചലനശേഷി നഷ്ട്ടപെട്ടു കിടപ്പിലായ തന്റെ അച്ഛന്‍ അവളോട് ‘ഏതു നിമിഷവും നീയും വധിക്കപ്പെടുമെന്ന് ” പറയുന്നു. അങ്ങനെ ഹൃദയവിക്ഷോഭത്തില്‍പ്പെട്ട് ശ്വാസംകിട്ടാതെ വീല്‍ ചെയറില്‍ നിന്നും ആടിയുലഞ്ഞു നിലത്തുവീണ് അച്ഛന്‍ മരിക്കുന്നു. അച്ഛന്‍ പറഞ്ഞതിലെ ‘നീയും’ എന്ന വാക്ക് സത്യപ്രിയയില്‍ ഒരു അപസര്‍പ്പകയുടെ പരിവേഷം എടുത്തണിയിക്കുന്നു. അങ്ങനെ അവള്‍ തന്റെ അജ്ഞാതനായ ഘാതകനെ കണ്ടെത്താനായി സ്വയം അപസര്‍പ്പകയാവുന്നു. അവളുടെ യാത്ര ഒരേസമയം ഭൂതകാലത്തിലേക്കും വര്‍ത്തമാനകാലത്തിലേക്കുമുള്ള ഇഴച്ചേരലാവുന്നു.
പിന്നീട് സത്യപ്രിയക്ക് മനസിലാവുന്നു തന്റെ സഹോദരി ശിവപ്രിയയുടെ മരണം ഒരു വാഹനാപകടമല്ലെന്നും അതൊരു കൊലപാതകമാണെന്നും. തന്റെ അച്ഛനെയും സഹോദരിയെയും അപായപ്പെടുത്തിയ അജ്ഞാതന്‍ തന്നെ ആയിരിക്കുമോ എന്റെയും ഘാതകന്‍? ആരാണ് എന്റെ നിദ്ദയനായ ആ ഘാതകന്‍? അങ്ങനെ സത്യപ്രിയയുടെ സത്യത്തെ അന്വേഷിച്ചുള്ള യാത്ര തുടരുന്നു. അവള്‍ അതിനെ രസകരമായ ദൗത്യമായി കാണുന്നു. അങ്ങനെ അവള്‍ അവളുടെ അച്ഛനിലൂടെ അമ്മയിലൂടെ ചേച്ചിയിലൂടെ താനെന്തിനു വധിക്കപ്പെടണമെന്ന മൂര്‍ച്ചയേറിയ ചോദ്യവുമായി അജ്ഞാത ഘാതകനെ തേടിയുള്ള സംഭവബഹുലമായ യാത്ര തുടരുന്നു.
ഈ നോവലില്‍ എടുത്തു പറയേണ്ട ഒരുകാര്യം നായികാ കഥാപാത്രമായ സത്യപ്രിയയെ പറ്റിയാണ്. അവിവാഹിതയായ 44 കാരി ഒത്തിരി പ്രണയബന്ധങ്ങളിലൂടെ കടന്നു പോയവള്‍, സ്വന്തമായ നിലപാടുകളും അഭിപ്രായവുമുള്ളവള്‍, ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്‍ഡ്, പല സ്ഥലത്തും യാത്രചെയ്തവള്‍, പ്രണയത്തിനു പുറത്തും ശാരീരിക ബന്ധങ്ങള്‍ ഉണ്ടായിരുന്നവള്‍. ചുരുക്കി പറഞ്ഞാല്‍ സത്യപ്രിയക്ക് പകരമായി സത്യപ്രിയ മാത്രമാണുള്ളത് എന്ന് വേണമെങ്കില്‍ പറയാം. സമാനതകളില്ലാത്ത നായികാ കഥാപാത്രമായി കെ. ആര്‍ മീരയുടെ സത്യപ്രിയയെ സാഹിത്യലോകം അടയാളയപ്പെടുത്തുമെന്നേനിക്കുറപ്പുണ്ട്.
ഘാതകനെ തേടിയുള്ള യാത്ര എന്നതിലുപരി സമൂഹത്തിന്റെ പലതരത്തിലുള്ള ജീര്‍ണതകളെ വരികളിലൂടെ വരച്ചു ചേര്‍ക്കുകയാണ് എഴുത്തുകാരി. നോട്ട്‌നിരോധനവും, ആണധികാരരാഷ്ട്രീയയും പെണ്‍സ്വത്വവും സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയെയുമൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ടിതില്‍. ഇതില്‍ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം സിനിമാനിര്‍മാതാവായ സത്യപ്രിയയുടെ അച്ഛനാണ്. പണവും അധികാരവുമെല്ലാം തികഞ്ഞ ഒരാള്‍. നോവലില്‍ വില്ലന്റെ പരിവേഷമായിട്ടാണ് അദ്ദേഹത്തെ വായിച്ചെടുക്കാന്‍ കഴിയുക. പ്രഭു ദേവ് മഹേശ്വരി, സ്വാമി മഹിപാല്‍ ഷാ ബാബ, തുടങ്ങിയവരൊക്കെ തന്നെ പ്രതിനിധാനം ചെയുന്നത് ആണധികാരരാഷ്ട്രീയ ത്തെയാണ്. നോട്ട്‌നിരോധനപോലും ആണധികാരരാഷ്ട്രീയമാണ്.
നോവലില്‍ പറയുന്ന ഒരു വാചകമുണ്ട് -‘ വില്‍ക്കാന്‍ പറ്റുന്ന സ്റ്റോറിയാണ് മാധ്യമങ്ങള്‍ക്ക് വേണ്ടതെന്ന് ‘. പുതിയ കാല മാധ്യമ ധര്‍മ്മത്തെ ചോദ്യം ചെയ്യുകയാണ് ഇതിലൂടെ എഴുത്തുകാരി. എന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ മാധ്യമ ധര്‍മ്മമെന്നാല്‍, മാധ്യമങ്ങള്‍ സമൂഹത്തിനു നേരെ തുറന്നു വച്ച കണ്ണുകളായിരിക്കണം, ആ കണ്ണുകള്‍ സത്യത്തിന്റെയും നീതിയുടെയും കണ്ണുകളാവണം.
വായനയുടെ അഭ്രപാളിയില്‍ ഞാന്‍ കണ്ട ശക്തയായ കഥാപാത്രമാണ് സത്യപ്രിയയുടെ അമ്മ വസന്തലക്ഷ്മി. ഇത്രയും കാലം നമ്മള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞുമുള്ള സാധാരണ അമ്മയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് വസന്തലക്ഷ്മി. എന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ച കഥാപാത്രമെന്ന് പറയാം. സ്വന്തം പിതാവ് മരിച്ചപ്പോഴോ, ഭര്‍ത്താവ് മരിച്ചപ്പോഴോ, മകള്‍ മരിച്ചപ്പോഴോ കരയാത്ത സ്ത്രീയാണ് വസന്തലക്ഷ്മി. കരയാനറിയാത്ത വസന്തലക്ഷ്മി. ‘കണ്ണീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച ‘ കാവ്യ സങ്കല്പത്തെ തീര്‍ത്തും പൊളിച്ചെഴുതുകയാണ് വസന്തലക്ഷ്മിയിലൂടെ കെ. ആര്‍ മീര. സത്യപ്രിയയുടെയും അമ്മയുടെയും സംഭാഷണങ്ങള്‍ തര്‍ക്കുത്തരം നിറഞ്ഞതും ശക്തവുമാണ്. അതിന് തന്റെ സ്വന്തം അമ്മയോട് കടപ്പെട്ടിരിക്കുന്നുവെന്ന് എഴുത്തുകാരി പറയുന്നുണ്ട്.
സത്യത്തെ വിളിച്ചുപറയുന്നവരെ കാത്തു അജ്ഞാതനായ ഘാതകന്റെ തോക്ക് മുന കാത്തിരിപ്പുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നു ഈ നോവല്‍. നോട്ട്‌നിരോധനത്തെ പറ്റി നോവലിലുടനീളം പരാമര്‍ശിക്കുന്നുണ്ട്. അതുണ്ടാക്കിയ ദുരവസ്ഥകളും വരികളിലൂടെ വരച്ചിടുന്നുണ്ട് എഴുത്തുകാരി. ‘നോട്ട് നിരോധനം ‘ നോവലില്‍ അടയാളപ്പെടുത്തുന്നതിലൂടെ വരുംതലമുറയുടെ അറിവിലേക്കായി ചരിത്രത്തെ രേഖപ്പെടുത്തുകയാണ് എഴുത്തുകാരി. ഇതിലൂടെ കെ. ആര്‍ മീര എന്ന എഴുത്തുകാരിയുടെ ദീര്‍ഘവീക്ഷണം പറയാതെ വയ്യ!
മൂര്‍ച്ചയേറിയ വാക്കുകളാണ് ‘ഘാതക’നില്‍ ഉപയോഗിച്ചിരിക്കുന്നത്. നോവലിലെ പലവാക്കുകളും വാചകങ്ങളും വീണ്ടും വായനക്കാരെ ചിന്തിപ്പിക്കുണ്ട്. അവയില്‍ ചിലതാണ്:
‘നിങ്ങള്‍ എപ്പോഴെങ്കിലും രണ്ട് ആപത്തുകളില്‍ ഒന്നിനെ ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ കഷ്ടം ആത്മധൈര്യം അളക്കാനുള്ള അവസരം നിങ്ങള്‍ക്കുണ്ടായിട്ടില്ല’.
‘കാശില്ലാത്തവര്‍ക്ക് ജയിക്കാന്‍ തോല്‍ക്കുന്നതായി അഭിനയിക്കേണ്ടി വരും ‘.
‘പ്രേമത്തിന്റെ മാനദണ്ഡം സൗന്ദര്യമല്ല വിധേയത്വമാണ്’.
ഈ വാക്കുകളിലൂടെ കണ്ണോടിക്കുന്ന ഓരോ വായനക്കാരനിലും ഒരു വീണ്ടുവിചാരം ഉടലെടുക്കുമെന്നെനിക്ക് തോന്നുന്നു. വായനക്കാരനെ സംബന്ധിച്ചെടുത്തോളം മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടും ചോദ്യശകലങ്ങള്‍ക്കൊണ്ടുമുള്ള വേട്ടയാടലാണ് അനുഭവപ്പെടുക. നമ്മുടെ രാജ്യത്തു നിഴലിക്കുന്ന അനീതിയും അഴുമതിയും അധികാരരാഷ്ട്രീയവും മതസ്പര്‍ദ്ധയുമെല്ലാം ഈ നോവലില്‍ പ്രത്യക്ഷമായും പരോക്ഷമായും തുറന്നിടുകയാണ് എഴുത്തുകാരി. പഴയ നോട്ട് ചരിത്രമാണെങ്കില്‍, പുതിയ നോട്ട് രാഷ്ട്രീയമാണെങ്കില്‍, കെ. ആര്‍ മീരയുടെ ‘ഘാതകന്‍’ വര്‍ത്തമാനകാലത്തിന്റെ നേര്‍ച്ചിത്രമെന്ന് ഞാന്‍ പറയും!
Comments are closed.