‘ആത്മകഥ’ എഴുത്തനുവഭവം പങ്കുവെച്ച് വെള്ളത്തൂവല്‍ സ്റ്റീഫന്‍
ഡി സി ബുക്സിലൂടെ ഉടന്‍ പുറത്തിറങ്ങുന്ന ‘വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ’ എന്ന പുസ്തകത്തിന്റെ എഴുത്തനുഭവം വെള്ളത്തൂവല്‍ സ്റ്റീഫന്‍ പങ്കുവെക്കുന്നു.
ഭരണകൂടം ആവിര്‍ഭവിച്ചതു മുതല്‍ അതിന്റെ ആനുകൂല്യങ്ങളില്‍ അഭിരമിച്ചവരും ബലിയാടുകളും ഉണ്ടായി. പരാജിതര്‍ ഉള്‍വലിഞ്ഞവരും അടിമകളും അടിമ ബോധമുള്ളവരുമായിത്തീര്ന്നു.
ആറ്റംബോംബ് അപകടകാരിയായ ഒരു ഭൗതികവസ്തുവാണ്. റിയലായ സത്യമാണ്. എന്നാല്‍ അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്നേ അജ്ഞതയില്‍നിന്ന് മനുഷ്യന് സങ്കല്പിച്ചു സൃഷ്ടിച്ച ദൈവം വലിയ സാംസ്കാരിക അപകടമാണ് സൃഷ്ടിച്ചു വച്ചത്. ഈ ഭൗതികായുധവും ആത്മീയായുധവും മനുഷ്യരാശിയെ ഭൗതികമായി നശിപ്പിച്ച് കീഴടക്കുന്നു. ദൈവസങ്കല്പം മനുഷ്യമനസ്സിനെ മതാത്മകമാക്കി അടിമപ്പെടുത്തുന്നു. ഉല്‍ക്കര്‍ഷേച്ഛുക്കളായ മനുഷ്യസമൂഹത്തെ വിപരീതമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള വിചിന്തനങ്ങള്‍ ബാല്യകാലത്ത് എന്റെ മനസ്സിനെ മഥിച്ചിരുന്നു. എന്റെ പിതാവായിരുന്നു ബാല്യത്തിലെ എന്റെ മാര്‍ഗ്ഗദര്‍ശി. പാര്‍ലമെന്ററി മാര്‍ഗ്ഗത്തിലൂടെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളും മാറിപ്പോയപ്പോള്‍ എന്റെ പിതാവും ആശയപരമായി മാറിപ്പോയി. എനിക്കാവട്ടെ ഭൗതിക ദാര്ശനികതയില്നിന്നും പിന്നോട്ടു നടക്കുക അസാധ്യമായിരുന്നു.
നാളെ അല്ലെങ്കില്‍ അടുത്ത നാളുകളില്‍ വിപ്ലവം നടക്കും എന്ന മോഹവും പ്രതീക്ഷയും എന്നില്‍ നാമ്പെടുക്കാന്‍ പരിലാളിച്ചത് ആദ്യകാല കമ്മ്യൂണിസ്റ്റുനേതാക്കള്‍ ആയിരുന്നു. റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവും ചൈനീസ് വിപ്ലവവും വിയറ്റ്നാം യുദ്ധവിജയവും എന്റെ മനസ്സിനെയും സ്വാധീനിച്ചിരുന്നു.
പഴയകാല കമ്മ്യൂണിസ്റ്റുകള്‍ക്കും പാര്‍ട്ടിക്കും എന്തു സംഭവിച്ചു എന്ന് ഇന്ന് എല്ലാവര്ക്കും അറിവുണ്ടല്ലോ. സ്വാഭാവികമായും അത്തരം വ്യതിയാനത്തിനെതിരേയുള്ള തീവ്രപ്രതികരണത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു ഇന്ത്യന്‍ ‘നക്സലിസം’. ഒരു കൂട്ടര് കൂടുതല്‍ വലത്തോട്ടും ഒരു കൂട്ടര് കൂടുതല്‍ ഇടത്തോട്ടും വ്യതിചലിച്ചു. ഈ കാര്യങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ആത്മകഥ തയ്യാറാക്കാന്‍ ആരോഗ്യകാരണങ്ങളാല്‍ എനിക്ക് ഏറെ പരിമിതികളുണ്ട്.
ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദ്ദവും എന്നോട് വല്ലാതെ മല്ലെടുക്കുന്നുണ്ട്. ഉപജീവനത്തിനായി ജോലി ചെയ്യേണ്ടതുള്ളതു കൊണ്ട് എന്റെ മുഴുവന്‍ സമയവും മനസ്സും എഴുത്തില്‍ കേന്ദ്രീകരിക്കാന്‍ കഴിയുകയും ഇല്ല. എഴുത്തുകാരും സാമൂഹ്യചിന്തകരും പലേ സ്ഥലങ്ങളില്‍നിന്നും എന്നെ കാണാന്‍ വരാറുണ്ട്. അവരില്‍ പലരും ആത്മകഥ എഴുതാന്‍ എനിക്കു പ്രേരണയായി. കാനഡയില്‍ അദ്ധ്യാപകനായ ഡോ. ബൈജു കവിയും എഴുത്തുകാരനുമാണ്. എന്റെ പരിമിതികള്‍ കണക്കിലെടുത്ത് അദ്ദേഹം സുഹൃത്തായ സുനിലിനെ ആത്മകഥ തയ്യാറാക്കാന്‍ എനിക്കു സഹായിയായി ചുമതലപ്പെടുത്തി.
ആത്മകഥ ഏറെ ലളിതമായിരിക്കുന്നതാണ് ഉചിതം എന്ന് എനിക്ക് തോന്നി. സുഹൃത്ത് സുനില്‍ അതു പകര്‍ത്തി എഴുതുകയും ഞാന്‍ അത് വീണ്ടും എഡിറ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡോ. ബൈജുവിന്റെ പ്രേരണയും സുനിലിന്റെ സഹകരണവും ഇല്ലായിരുന്നെങ്കില്‍ ഇതു പൂര്‍ണ്ണമാക്കാന്‍ കഴിയുമായിരുന്നില്ല. ഡോ. ബൈജുവിനും സുനിലിനും ഹാര്‍ദ്ദമായ നന്ദി.
ഭാഷയുടെ പിണഞ്ഞുകെട്ടിയ ഊടും പാവും എന്നതിനെക്കാള്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ ഞാന്‍ സത്യസന്ധതയോടെ മനസ്സു തുറക്കുമ്പോള്‍ വീണുകിട്ടിയ ഭാഷയാണ് എന്റേത്.
ഒളിവിലിരുന്ന കാലത്ത് ഒരുകൂട്ടം സഖാക്കള്‍ക്ക് ആയുധപരിശീലനം കൊടുക്കാന്‍ കുട്ടമ്പുഴനിന്ന് ചങ്ങാടത്തില്‍ തടാകം കടന്ന് ഉള്‍ക്കാട്ടിലേക്ക് പോയ കാര്യം ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ഇടയ്ക്ക് തോക്ക് ഉപയോഗിക്കാനും സഖാക്കളെ പരിശീലിപ്പിച്ചുകൊണ്ടിരുന്നു.
പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും എമ്പാടുമുണ്ട്. വന്മരങ്ങളില് മൈനകളുടെ സ്വരരാഗം. വന്‍മരങ്ങളിലേക്ക് പടര്‍ന്ന് തിടംവച്ച വള്ളിപ്പടര്‍പ്പുകളില്‍ സുഗന്ധം ചുരത്തുന്ന പൂക്കള്‍. കായ്കനികള്‍ നിറഞ്ഞ മരച്ചില്ലകളില്‍ കരിംകുരങ്ങന്മാര് കുട്ടിക്കുരങ്ങന്മാരെ ലാളിക്കുകയും പേന്‍ കൊല്ലുകയുമാണ്.
കൊഴുത്തുവളരുന്ന പച്ചിലച്ചാര്ത്തുകള് കാട്ടരുവിയുടെ തടാകജലത്തെ കാളിമയണിയിച്ചിട്ടുണ്ട്.
പാര്‍ശ്വവത്കരിക്കപ്പെട്ട് കാട്ടില്‍ കുടിപാര്‍ത്ത് കാടിനെക്കൊണ്ട് ഉപജീവിക്കുന്ന മുതുവാന്മാരെയും മന്നാന്മാരെയും ഊരാളികളെയുമൊക്കെ സംഘടിപ്പിക്കുകയെന്ന ലക്ഷ്യബോധവും ഉണ്ടായിരുന്നു.
ആദിവാസികളെ സംഘടിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവര്‍ക്ക് അവരുടെ ജീവിതരീതിയും ഗോത്രാചാരങ്ങളുമാണുള്ളത്. അതുപോലെതന്നെ മറയൂര്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍ മേഖലയിലെ പളിയരും അവരുടെ ഗോത്രാചാരങ്ങള്‍ക്ക് അടിമകളാണ്. അവരെ സംഘടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അതു നന്നായി; എന്തുകൊണ്ടെന്നാല്‍ അവരെക്കൊണ്ട് ആയുധം എടുപ്പിച്ചിരുന്നെങ്കില്‍ വലിയ ആള്‍നാശത്തിന് അത് കാരണമാകുമായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.
മുപ്പത്തിയേഴു ശതമാനം ദാരിദ്ര്യമനുഭവിക്കുന്ന ഒരു രാജ്യം. മൂന്നു കോടി കുട്ടികള്‍ പട്ടിണിയില്‍ വളര്‍ച്ച മുരടിച്ചുനില്ക്കുന്ന രാജ്യത്ത് 3000 കോടി മുടക്കി പ്രതിമ! എതിരാഖ്യാനങ്ങളെ ദുര്‍വാശിയോടെ അടിച്ചമര്‍ത്തുന്ന കപട ഡമോക്രസി. പുരോഹിതനും ഭൂവുടമയും കുത്തകകളും ഐക്യത്തില്‍ ആയിട്ടുള്ള ഒരു തസ്കരിസം. ഈ സ്ഥിതിയില്‍ ശരണമറ്റ്, ആശയറ്റ്, മനോവീര്യം നാശം വന്നവര്‍ ആള്‍ദൈവങ്ങളുടെ മുന്നില്‍ അടിയറവാകാന് ക്യൂനില്ക്കുന്ന ശോചനീയ കാഴ്ച പുരോഹിതന്റെയും പുണ്യാളന്റെയും ഹീനകാരുണ്യത്തിന് ഭരണാധികാരികളും ഇന്ത്യയില്‍ അടിയറവാകുന്നു.
Comments are closed.