പ്രൊഫ. എം കെ പ്രസാദ്; പ്രകൃതി വിഭവങ്ങളുടെ ശാസ്ത്രീയ വിനിയോഗത്തിനായി സംസാരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്‍: അഡ്വ. ഹരീഷ് വാസുദേവൻ
ആധുനിക കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന പ്രകൃതി സംരക്ഷണ പ്രവര്‍ത്തകന്‍, വിടവാങ്ങിയ പ്രൊഫ.എം.കെ. പ്രസാദിനെക്കുറിച്ച് അഡ്വ. ഹരീഷ് വാസുദേവൻ എഴുതുന്നു
2006 ലോ 2007 ലോ ആണ്, ഞാൻ കോഴിക്കോട് ലോ കോളേജിൽ പഠിക്കുമ്പോഴാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാന തലത്തിൽ ഒരു ജനസമ്പർക്ക പരിപാടിയും പബ്ലിക് ഹിയറിങ്ങും നടത്തുന്ന കാര്യം അറിഞ്ഞത്. ജൈവവൈവിധ്യ നയം ഉണ്ടാക്കുക, ജൈവകൃഷി നയം ഉണ്ടാക്കുക എന്നതിന്റെ ഭാഗമായിട്ടാണ് പബ്ലിക് ഹിയറിങ്. അവിടെ ചെന്നപ്പോൾ ഡോ.വി.എസ് വിജയൻ ആണ് അത് ചെയർ ചെയ്തത്. നാടൻ നെൽവിത്തുകൾ സംരക്ഷിക്കാൻ ഡോ.റിച്ചറിയ കൊണ്ടുവന്ന നല്ല മോഡൽ ഡോ.സ്വാമിനാഥൻ അട്ടിമറിച്ചതും അദ്ദേഹം ഉണ്ടാക്കിയ തെറ്റായ രീതിയും പിന്നീട് സ്വാമിനാഥൻ അതിൽ നിന്ന് മാറിയതും എല്ലാം പറഞ്ഞിട്ട്, ജനങ്ങളെയും കർഷകരെയും കൂട്ടിക്കൊണ്ടുള്ള നയമല്ലാതെ ഉദ്യോഗസ്ഥ പരിപാടിയാണെങ്കിൽ നടപ്പില്ല എന്ന് ഞാൻ പരസ്യമായി അഭിപ്രായം പറഞ്ഞു. അത് കഴിഞ്ഞു പ്രായമുള്ള ഒരാൾ അടുത്ത് വിളിച്ചു “കൊള്ളാം, നന്നായിട്ടു സംസാരിച്ചു. താനെന്ത് ചെയ്യുന്നു?” എന്ന് ചോദിച്ചു. വക്കീലാകാൻ പഠിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു പേനയും കടലാസും കടലാസും തന്നിട്ട് ഇമെയിൽ അഡ്രസും ഫോൺ നമ്പറും എഴുതാനും പറഞ്ഞു. ഞാൻ എഴുതി നൽകി. madiyan@gmail.com എന്നായിരുന്നു എന്റെ അന്നത്തെ മെയിൽ. അത് വായിച്ചു അദ്ദേഹം കുറെ ചിരിച്ചു, “will meet you young gentleman” എന്നും പറഞ്ഞൊരു ഷേക്ക് ഹാൻഡും തന്നപ്പോ ഡോ.വിജയൻ സാർ അടുത്ത് വന്നു പരിചയപ്പെടുത്തി. ഹരീഷിന് ഇദ്ദേഹത്തെ അറിയില്ലേ, ഇതാണ് പ്രൊഫ.എം.കെ പ്രസാദ്. അങ്ങനെയാണ് പ്രസാദ് മാഷെ ആദ്യം കാണുന്നത്.
പ്രസാദ് മാഷെ മുൻപ് പലപ്പോഴും വായിച്ചിട്ടുണ്ട്. ശാസ്ത്രഗതിയിൽ, മാതൃഭൂമി പത്രത്തിൽ ഒക്കെ. സൈലന്റ്വാലി സമരകാലത്ത് എം.കെ പ്രസാദ് നൽകിയ സേവനങ്ങളെപ്പറ്റി സുഗതകുമാരി ടീച്ചറും വിജയൻ സാറും ഒക്കെ വാതോരാതെ പറയുമായിരുന്നു. അന്തരിച്ച കെ.വി ശിവപ്രസാദ് മാഷ് പറഞ്ഞാണ് പ്രസാദ് മാഷ് പരിഷത്തിന്റെ എങ്ങനെയാണു സൈലന്റ്വാലി സമരത്തിൽ എത്തിച്ചത് എന്ന് അറിയാവുന്നത്.
70 കളിൽ, പ്രൊഫ.ജോൺസി ഒക്കെ സൈലന്റ് വാലി സമരത്തിനു ഇറങ്ങിയ കാലത്ത് പരിഷത്ത് നക്ഷത്രനിരീക്ഷണം, പഠനം ഒക്കെ ആണ് മെയിൻ പ്രധാനമായി ചെയ്യുന്നത്. ഡോ.വിജയൻറെ സൈലന്റ്വാലിയെപ്പറ്റിയുള്ള റിപ്പോർട്ട് കണ്ട പ്രൊഫ.എം.കെ പ്രസാദ് പദ്ധതിക്ക് എതിരായി നിലപാട് എടുത്തു. മാഷ് ഒറ്റയ്ക്ക് എല്ലാ യോഗങ്ങളിലും പോയി നിത്യഹരിത മഴക്കാടുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്‌ളാസുകൾ എടുക്കാൻ തുടങ്ങി. എറണാകുളം മഹാരാജാസിലെ പ്രിൻസിപ്പൽ, അധ്യാപകൻ എന്ന നിലയിലും പരിഷത്തിന്റെ നേതൃത്വത്തിൽ ഉള്ളയാളും എന്ന നിലയിൽ പ്രസാദ് മാഷ്ക്ക് നല്ല സ്വാധീനമുണ്ട്. പദ്ധതിയെപ്പറ്റി സാങ്കേതിക-സാമ്പത്തിക അവലോകന റിപ്പോർട്ട് ഉണ്ടാക്കാനും, രാഷ്ട്രീയ-സാമൂഹിക അവലോകന റിപ്പോർട്ട് ഉണ്ടാക്കാനും പ്രസാദ് മാഷ് പരിഷത്തിനുള്ളിൽ ആവശ്യം ഉന്നയിച്ചെന്നും, കയ്യിലുള്ള പഠനങ്ങളുടെയും സ്ലൈഡുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ പ്രസാദ് മാഷ് പരിഷത്തിനുള്ളിൽ സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തത്രേ. അങ്ങനെ ഒരിടതുപക്ഷ സർക്കാരിന്റെ ജനപ്രിയ നിലപാടിന് എതിരായി പരിഷത്ത് പരസ്യമായി രംഗത്തു വരികയും ചെയ്തു. സേവ് സൈലന്റ് വാലി ക്യാംപെയ്ന്റെ മുൻനിര നേതൃത്വത്തിൽ ഉണ്ടായിരുന്ന അക്കാദമിക് വ്യക്തിത്വം പ്രസാദ് മാഷ് ആയിരുന്നു.
നിത്യഹരിത വനങ്ങളുടെ പാരിസ്ഥിതിക മൂല്യം, ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഗുണങ്ങൾ എന്നിവ ശാസ്ത്രീയമായി വിശദീകരിച്ചാണ് മാഷ് അക്കാലത്തു നിരവധി ചെറുലേഖനങ്ങളും പ്രസംഗങ്ങളും നടത്തിയിരുന്നത്. പ്രസാദ് മാഷുടെ നിലപാട് മുഖ്യധാരാ ഇടതു പാർട്ടികളിൽ വലിയ സ്വാധീനമുണ്ടാക്കി.
പാലക്കാട് ജില്ലയിലെ മുണ്ടൂരിലെ പരിഷത്തിന്റെ ഐ. ആർ. ടി. സി ( Integrated Rural technology Centre } എന്ന സ്ഥാപനം തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. . കൂടാതെ അദ്ദേഹം യൂണൈറ്റ് നാഷണിന്റെ മില്ലേനിയം എക്കോസിസ്റ്റം അസ്സെസ്മെന്റ് ബോർഡിൽ അഞ്ച് വർഷത്തിധികം വിവിധ മേഖലകളിൽ ഇടപെടുകയും, സജീവ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു, അതിലൊന്നാണ് വൈൾഡ് വൈഡ് ഫണ്ട് ഓഫ് നേച്ച്വറിലെ പ്രവർത്തനങ്ങൾ . എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ അഡ്‍വൈസറി കമ്മിറ്റി ചെയർപേഴ്സനാണ്, കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിൽ വിദഗ്ധ സമിതി അംഗമായിരുന്നു.
പ്രൊ.പ്രസാദ് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ളതും, സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രോജകറ്റിനെ കുറിച്ചുള്ളതുമാണ് പ്രശസ്തം. പെരിയാർ മലിനീകരണത്തിനു എതിരായ സമരം, ആറന്മുള സമരം, മൂന്നാർ കയ്യേറ്റങ്ങൾക്ക് എതിരായ സമരം, സേവ് അതിരപ്പിള്ളി സമരം എന്നിവയിലെ സജീവ സാന്നിധ്യവും നേതൃത്വം ഉണ്ടായിരുന്നു. അതിരപ്പിള്ളി പദ്ധതി വേണ്ടെന്നു പറയുമ്പോഴും, അതിന്റെ ശാസ്ത്രീയ-സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങൾ അക്കമിട്ടു പറഞ്ഞാണ് പ്രസാദ് മാഷ് നിലകൊണ്ടത്.
പാരിസ്ഥിതിക നിലപാട് ശാസ്ത്രീയമാവണം എന്ന നിർബന്ധമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു എം.കെ പ്രസാദ്. ശാസ്ത്രത്തിനു നിരക്കാത്ത ഒന്നും അദ്ദേഹം പറഞ്ഞിരുന്നില്ല. പരിസ്ഥിതി ശാസ്ത്രത്തെ കേവലമായി മനസ്സിലാക്കാതെ ആഴത്തിൽ പഠിക്കാനുള്ള ശ്രമമില്ലായ്മ ശാസ്ത്ര സമൂഹത്തിൽ ഉണ്ട് എന്ന വിമർശനം അദ്ദേഹം എന്നും നടത്തിയിരുന്നു. അശാസ്ത്രീയമായ പരിസ്ഥിതി വാദത്തെയും അദ്ദേഹം എതിർത്തിരുന്നു. മാഷ് പരിസ്ഥിതിശാസ്ത്രം പറഞ്ഞെത്ര വര്ഷം കഴിഞ്ഞാണ് ഇന്ത്യയിൽ ഒരു പരിസ്ഥിതി സംരക്ഷണ നിയമം പോലും ഉണ്ടാകുന്നത്.
2011 ൽ എറണാകുളത്തേക്ക് താമസം മാറിയതോടെ ഞാൻ മാഷുമായി കൂടുതൽ അടുത്തു. സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ കേരളാ പരിസ്ഥിതി ഐക്യവേദി ഉണ്ടാക്കിയപ്പോൾ മാഷ് ഞങ്ങൾക്കെല്ലാം നേതൃത്വം നൽകി കൂടെ വന്നു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയപ്പോഴും തിരുവനന്തപുരത്തു വന്നു ചർച്ചകളിലും മറ്റും പങ്കെടുത്തു. രാഷ്ട്രീയ നേതൃത്വത്തെ വിമർശിക്കുമ്പോൾ, അവരുടെ ചെയ്തിയിലെ തെറ്റു മാത്രമേ വിമർശിക്കാവൂ, വ്യക്തിപരമായി പോകരുത് എന്ന നിർബന്ധം പ്രസാദ് മാഷ് ഇപ്പോഴും പറയുമായിരുന്നു. സി.പി.എമ്മുമായി പരിസ്ഥിതി വിഷയങ്ങളിലെ നിലപാടിൽ കലഹിക്കുമ്പോഴും മാഷുടെ സൗഹൃദങ്ങൾക്ക് ഒട്ടും ഉലച്ചിൽ തട്ടിയില്ല. ഓരോ പൊതുവിഷയം ഉയർന്നു വരുമ്പോഴും അങ്ങോട്ട് വിളിക്കും മുൻപേ മാഷുടെ ഒരു ഇമെയിൽ വരും, “പ്രിയ ഹരീഷ്, അതേപ്പറ്റി ഒരു ഹരജി തയ്യാറാക്കി അയക്കൂ, ഞാൻ മന്ത്രാലയത്തിന് അയക്കാം”. അതാണ് ആ ജാഗ്രത.
പരിസ്ഥിതി ഐക്യവേദിയുടെ പേരിൽ പല പരിസ്ഥിതി വിഷയങ്ങളിലും ശക്തമായ ഭാഷയിൽ പത്രക്കുറിപ്പ് ഇറക്കുമ്പോൾ മാഷുടെ ഒപ്പിനായി പോയാൽ മാഷ് വാചകങ്ങൾ തിരുത്തും, “അവർക്ക് അറിവില്ലാത്തത് കൊണ്ടാകാം, അവരെ തിരുത്തി നമ്മുടെ കൂടെ കൊണ്ടുവരണം” എന്ന് മാഷ് എപ്പോഴും പറയാറുണ്ട്. പാതിരാമണൽ വിഷയത്തിലൊക്കെ മാഷോട് പരസ്യമായി തർക്കിച്ചു കലഹിച്ചിട്ടുണ്ട്. അപ്പോഴും മാഷ്ക്ക് നമ്മളോടുള്ള സ്നേഹം ഒരിഞ്ചു കുറയില്ല.
“എടോ, വികസനത്തെ എതിർക്കുന്നവർ എന്ന ചീത്തപ്പേര് ചിലർ മനഃപൂർവ്വം കൊണ്ടുവരുന്നവരാണ്. യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ. എനിക്കൊക്കെ CIA ഫണ്ട് കിട്ടുന്നുണ്ട് എന്നാണ് സൈലന്റ്വാലി സമരകാലത്ത് ചിലർ പറഞ്ഞത്. CIA അയക്കുന്ന മണിഓർഡറും നോക്കി ഞാൻ എന്നും പടിക്കലേക്കു നോക്കി ഇരിക്കാറുണ്ട് എന്നാണ് ഞാൻ അവരോട് മറുപടി പറയാറ്” ഇതും പറഞ്ഞു മാഷ് സ്വതസിദ്ധമായി ചിരിച്ചു..
“സുസ്ഥിരവികസനം സാധ്യമാണെന്ന് നമ്മൾ പറഞ്ഞാൽ പോരാ, എങ്ങനെ വേണം എന്നുകൂടി പറയണം, അതിനൊരു നയരേഖ ഉണ്ടാക്കി കൊടുക്കണം,” പ്രസാദ് മാഷ് യോഗത്തിൽ പറഞ്ഞതിനോട് ഡോ വി.എസ് വിജയനും സുഗതകുമാരി ടീച്ചറും ആർവീജീ മേനോനും പൂർണ്ണ യോജിപ്പ്. അങ്ങനെ 6 മാസത്തോളം പണിപ്പെട്ടു ഉണ്ടാക്കിയെടുത്ത പുസ്തകമാണ് “കേരളത്തിന്റെ സുസ്ഥിര വികസനത്തിന് ഒരു ഹരിതമാർഗ്ഗരേഖ” ഓരോ വകുപ്പിലും വരുത്തേണ്ട മാറ്റങ്ങൾ നയസമീപനങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഒരു പുസ്തകമാണ് അത്. 2014 ലോ മറ്റോ സർക്കാരിന് സമർപ്പിച്ച ആ പുസ്തകം സർക്കാരുകൾ അവഗണിച്ചു.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടും ചൂട് പിടിച്ച നാളുകളിലാണ് ഡീസീ ബുക്സ് ഇവ താരതമ്യപ്പെടുത്തി ഒരു പുസ്തകം എഴുതാമോ എന്ന് ചോദിക്കുന്നത്. സമയക്കുറവ് കൊണ്ട്, നിലവിൽ പലയിടത്തു പ്രസിദ്ധീകരിച്ച ലേഖനങ്ങൾ എം.കെ പ്രസാദ് സാറിനെക്കൊണ്ട് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാം എന്നായി. ഡീസീയിലെ രാംദാസും ഞാനും എഡിറ്റ് ചെയ്ത ലേഖനങ്ങൾ മാഷുമായി സംസാരിച്ചു ഉറപ്പിച്ചു. പുസ്തകത്തിന്റെ കവർ വന്നപ്പോൾ ഞാൻ ഞെട്ടി. എം.കെ പ്രസാദ് മാഷോടൊപ്പം എന്റെ പേരും. ഇത്ര ജൂനിയറായ മനുഷ്യരെ തനിക്കൊപ്പം കാണാനുള്ള മനസ് വാക്കിൽ മാത്രമല്ല, പ്രവർത്തിയിലും സൂക്ഷിച്ചിരുന്നു പ്രസാദ് മാഷ്. മാധവ് ഗാഡ്ഗിൽ കൊച്ചിയിൽ വരുമ്പോഴൊക്കെ എന്നെയും കൂട്ടി പ്രസാദ് മാഷെ കാണാൻ പോകും. അതാണ്
കെ.റെയിൽ പുനഃപരിശോധിക്കണം എന്ന സംയുക്ത പ്രസ്താവനയിലാണ് പ്രസാദ് മാഷ് അവസാനം ഒപ്പുവെച്ചത്. ഇടതുപക്ഷത്തു നിന്ന് പ്രകൃതി വിഭവങ്ങളെ നോക്കിക്കണ്ട, അതിന്റെ ശാസ്ത്രീയ വിനിയോഗത്തിനു വേണ്ടി എന്നും സംസാരിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനാണ് പ്രൊഫ.എം.കെ പ്രസാദ്. നഷ്ടം നികത്താൻ ആവാത്തതാണ് എന്ന വാചകം ക്ളീഷേ ആണെങ്കിലും, മാഷെ സംബന്ധിച്ച് മറ്റൊന്നും പറയാനില്ല.
Comments are closed.