DCBOOKS
Malayalam News Literature Website

മറവരെപ്പറ്റിയുള്ള കള്ളക്കഥകള്‍ക്കുമേല്‍ ദീപു നടത്തിയ അന്വേഷണം

ഡോ. ദീപു പി.കുറുപ്പ് രചിച്ച “മറവായനം” എന്ന നോവലിന് ഷിബു കുമാര്‍ പി.എല്‍ എഴുതിയ വായനാനുഭവം

ഡി സി ബുക്‌സ് പ്രസീദ്ധീകരിച്ച ദീപുവിന്റെ ‘മറവായനം’ വായിച്ചു.ആദ്യ നോവലായ ‘മുകില’നില്‍ സ്വീകരിച്ചിരിക്കുന്നതുപോലെ ദത്തങ്ങളെ ആസ്പദമാക്കിയാണ് ഈ നോവലും തയ്യാറാക്കിയിരിക്കുന്നത്.

ദ്രാവിഡചരിത്രം സംഘകാല കൃതികളിലൂടെ പരിശോധിക്കുമ്പോള്‍, അവിടെ പാലൈത്തിണയില്‍ കൊന്നും പിടിച്ചുപറിച്ചും ജീവിച്ചിരുന്ന ഒരു ജനവിഭാഗത്തെ കാണാന്‍ കഴിയും .മറവന്മാര്‍ എന്നാണ് അവരെ വിളിച്ചിരുന്നത്. മറവ് (കളവ്) കുലത്തൊഴിലാക്കിയവരാണ് മറവന്മാര്‍. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തിരുവിതാംകൂര്‍ തന്റെ പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ ആരുവാമൊഴിക്കപ്പുറം നിന്നു വീരന്മാരായ മറവന്മാരെ കൊണ്ടു വന്നതായി ചരിത്രം പറയുന്നു. സംഘകാലത്തെ മറവന്മാരും മധ്യകാലത്തെ യുദ്ധവീരന്മാരായ മറവന്മാരും നിലവിലെ മറവന്മാരും പലരാണോ എന്നു സംശയിക്കേണ്ട.

Textവീരന്മാരായ മറവരും തിരുടന്മാരായ മറവന്മാരും ഒന്നുതന്നെയാണെന്നു നോവലിസ്റ്റ്. നമ്മുടെ കേട്ടറിവുകളിലെ മറവന്മാരല്ല നോവലിലേത്. ചരിത്രരചനയില്‍ സംഭവിച്ച ഒരു വലിയ കൈപ്പിഴയാണ്, കള്ളന്മാരാണ് മറവരെന്ന നിരീക്ഷണം. നോവല്‍ ആ ധാരണകളെ സൂക്ഷ്മവിശകലനം ചെയ്യുന്നു.എന്നിട്ട് കണ്ടെത്തുന്ന നിരീക്ഷണങ്ങള്‍ ഇതാണ്-
ധര്‍മിഷ്ടരാണ് മറവര്‍.

ആത്മാഭിമാനികളാണ് അവരിലെ ആണും പെണ്ണും. പ്രണയം, യുദ്ധം, സ്‌നേഹം,വീരം എന്നിവയെല്ലാം അതിന്റെ തീവ്രതയില്‍ പകരുന്നവര്‍. വാക്കിനു വിലയുള്ളവര്‍. നീതിപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം മോഷണം നടത്തുന്നവര്‍. ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിക്കുന്നത് മോഷണത്തിനു തുല്യമാണെന്ന യുക്തിബോധമുള്ളവര്‍.
അങ്ങനെ കുറേ പുതുമാനങ്ങള്‍ നോവല്‍ വായനയിലൂടെ മറവരെക്കുറിച്ച് ലഭിക്കുന്നു. നോവലിസ്റ്റിന്റെ കണ്ടെത്തലുകളെല്ലാം യുക്തിഭദ്രം.

മറ്റുള്ളവര്‍ക്കും കൂടി അര്‍ഹതപ്പെട്ട സമ്പാദ്യം അനധികൃതമായി നേടിയെടുത്തവരുടേതു മാത്രമേ തെളിവുള്ള മറവര്‍ കക്കുകയുള്ളു. അങ്ങനെയുള്ള അവരുടെ പാരമ്പര്യം ഇപ്പോഴും അറ്റുപോയിട്ടില്ല. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം ഇവരുടെ സ്വന്തം ഇടമാണ്. വിശ്വസ്തതയും സ്‌നേഹവുമാണ് ഇവരുടെ മുഖമുദ്ര. ഇതുരണ്ടും ദ്രാവിഡസ്വഭാവം കൂടിയാണ്. അധിനിവേശം ഇന്നാട്ടിലെ പല ജനവിഭാഗങ്ങളെയും പ്രാകൃതരായും ക്രൂരന്മാരായും ചിത്രീകരിച്ചിട്ടുണ്ട്. അതില്‍പെട്ടുപോയവരായിരിക്കണം മറവരെന്ന കറുത്ത ദ്രാവിഡരും. ഇന്ത്യന്‍ സാമൂഹികവ്യവസ്ഥിതിയിലെ അധക്കൃതരെല്ലാം ഒരുകാലത്തു കുടിയേറ്റക്കാര്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധമതിലുകള്‍ തന്നെയാകണം.

നോവല്‍ വായന അങ്ങനെയൊരു തലംകൂടി തുറന്നിടുന്നു. വായനാക്ഷമതയും ആകാംക്ഷാ പരതയുമാണ് ആഖ്യാനത്തിലെ സവിശേഷത. മറവതിരുടന്മാരുടെ വ്യത്യസ്തമായ കള്ളത്തരങ്ങള്‍കൂടി ചേര്‍ത്തിരുന്നെങ്കില്‍ അല്പംകൂടി സമഗ്രത നോവലിന് കിട്ടുമായിരുന്നു.
മറവരെപ്പറ്റിയുള്ള കള്ളക്കഥകള്‍ക്കുമേല്‍ ദീപു നടത്തിയ അന്വേഷണമാണ് ‘മറവായനം’. ഇതൊരു ഫിക്ഷന്‍ ആണെങ്കിലും മറവചരിത്രത്തെക്കുറിച്ച് പുതുചിന്തകള്‍ രൂപീകരിക്കാനും നിലവിലെ ചരിത്രപഠനങ്ങളിലെ അപാകതകള്‍ കണ്ടെത്താനും ഈ സര്‍ഗാത്മക സൃഷ്ടിക്കു കഴിയുന്നെങ്കില്‍ സാഹിത്യം ചരിത്രത്തിനു നേരെപിടിച്ച കണ്ണാടിതന്നെയാണ്…

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.