കേരളത്തെ ആദിവാസി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കണം
സി എസ്. ചന്ദ്രിക
ഇങ്ങനെയുള്ള പ്രഖ്യാപനം കൊണ്ട് എന്തു കാര്യം എന്ന് ചിലര്‍ ചോദിച്ചേക്കാം. ശരിയാണ്. ആദിവാസി ജീവിതങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴുള്ള നിരാശ അത്രയധികമാണ്. എങ്കിലും നിര്‍ബ്ബന്ധിതമായി നടത്തേണ്ടതായ ചില സവിശേഷ പ്രഖ്യാപനങ്ങള്‍ക്ക് എപ്പോഴും വലിയ സാമൂഹ്യ രാഷ്‌ട്രീയ അര്‍ത്ഥങ്ങളുണ്ട്. അതിനാല്‍ ഒട്ടും വൈകാതെ കേരളത്തെ ആദിവാസി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കണം എന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. സര്‍ക്കാരിന് മാത്രമല്ല, പൊതു സമൂഹത്തിനാകെയും ‘ആദിവാസി സൗഹൃദം’ എന്ന ആശയത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാനും അത് പാലിക്കാനും ഈ പ്രഖ്യാപനം സദാ ഓര്‍മ്മപ്പെടുത്തലായി മുന്നിലുണ്ടാവണം. ആദിവാസികളെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം എന്ന നിലയിലേക്ക് കേരളത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനും അതിനനുസരിച്ച് മാറ്റിയെടുക്കേണ്ടതായ മനോഭാവത്തിനും ഏകോപിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ക്കും അതിനനുസൃതമായ അനന്തരഫലങ്ങള്‍ ഉണ്ടാക്കുന്നതിനും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന സംസ്ഥാനമായി കേരളം മാതൃക കാണിക്കേണ്ടതുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തമിഴ് നാട്ടില്‍ ഒരു ആദിവാസി കുടുംബത്തെ ബസ്സില്‍ നിന്ന് റോഡിലിറക്കി വിട്ട മാധ്യമ വാര്‍ത്ത കണ്ട് എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ വിഷമിച്ചിട്ടുണ്ട്? അതിനും മുമ്പാണ്, വിശപ്പു മാറ്റാന്‍ മുന്നില്‍ കണ്ട ഭക്ഷണം എടുത്തു കഴിച്ച മധു എന്ന ആദിവാസി ചെറുപ്പക്കാരനെ മോഷണക്കുറ്റം ചുമത്തി കേരളത്തിലെ ‘പരിഷ്‌കൃതരായ’ ചെറുപ്പക്കാര്‍ മര്‍ദ്ദിച്ചു കൊന്നു കളഞ്ഞത്. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മഹത്‌വ്യക്തിയായ ദയാബായിയെ അവരുടെ രൂപത്തിലുള്ള ആദിവാസി ചിഹ്നങ്ങള്‍ കണ്ട് ആദിവാസിയെന്നു വിചാരിച്ച് ബസ്സില്‍ മോശമായി പെരുമാറിയതും ഇതേ കേരളത്തിലാണ്. ഇങ്ങനെ തന്നെയാണ് നാം ‘വികസിക്കുന്നതെ’ങ്കില്‍ ഇതിനിയും ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അഞ്ച് വര്‍ഷക്കാലം തുടര്‍ച്ചയായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന വയനാട്ടിലെ ഒരു ആദിവാസി ഊരില്‍ വളരെ പ്രായമായ ഒരു അമ്മൂമ്മ ഒറ്റയ്‌ക്ക് ഒരു കുടിലില്‍ താമസിക്കുന്നുണ്ട്. ഒരു ദിവസം ഊരിലേക്ക് നടന്നു പോകുന്ന വഴിക്ക് റോഡില്‍ നിന്നു തന്നെ അമ്മൂമ്മയെ കൂട്ടു കിട്ടി. ഇടയ്‌ക്ക് അമ്മൂമ്മ വഴിയോടു ചേര്‍ന്ന പറമ്പില്‍ കയറി അവിടെ കിടക്കുന്ന ഉണങ്ങിയ ഒരു ഓലപ്പട്ടയെടുത്ത് വന്ന് പിന്നെയും ഒപ്പം നടന്നു. ഞാന്‍ ചോദിച്ചു. “ആ വീട്ടുകാര് കണ്ടാല് ചീത്ത പറയില്ലേ? മോഷ്‌ടിച്ചു എന്ന് പറഞ്ഞ് ഉപദ്രവിക്കില്ലേ?” എന്റെ ചോദ്യങ്ങള്‍ക്ക് പണിയ ഭാഷയില്‍ ആ അമ്മൂമ്മ പറഞ്ഞ മറുപടിയുടെ ചുരുക്കം എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ ഞാന്‍ ഇവിടെ കുറിയ്‌ക്കാം. “ഞാന്‍ ഒന്നും കട്ടിട്ടില്ലാ. ഞങ്ങള്‍ ആരടേം ഒന്നും കക്കുകയില്ല. അതു ഭൂമിയില്‍ വീണു കിടക്കുന്നതല്ലേ! അങ്ങനെ കിടക്കുന്നത് എല്ലാവരുടേതുമല്ലേ! എനിക്ക് കഞ്ഞി വെയ്‌ക്കാനുള്ള വിറകാണ്.”
ഇതാണ് ആദിവാസികളുടെ പരമ്പരാഗതമായ ജീവിത ബോധം. ഈ ജീവിതബോധമുള്ളതുകൊണ്ടാണ് ആദിവാസികള്‍ക്ക് അവരുടെ കൃഷി ഭൂമി മുഴുവന്‍ നഷ്‌ടപ്പെട്ടത്. വന്നു ചോദിച്ചവര്‍ക്ക് ഉള്ളതെല്ലാം പങ്കിട്ടു കൊടുത്തു. മോഷ്‌ടിക്കാനറിയുന്ന പൊതുസമൂഹം അവരുടെ കുടില്‍ നില്‍ക്കുന്ന ഭൂമിയടക്കം മോഷ്‌ടിച്ചും കയ്യേറിയും സ്വന്തമാക്കി. അവര്‍ ജീവിതത്തിന്റെ ഭാഗമായി കരുതി വനവും അവര്‍ക്കന്യമാക്കി. അതിനാല്‍, ആദിവാസി ശിശുമരണങ്ങള്‍ പൊടുന്നനെ സംഭവിച്ചതല്ല. കാലങ്ങളായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും അതാത് പൊതുസമൂഹങ്ങളും നടത്തിയ ആദിവാസി വിരുദ്ധമായ നിയമനിര്‍മ്മാണങ്ങളുടേയും അധിനിവേശങ്ങളുടേയും കൊള്ളയടിക്കലുകളേയും പ്രത്യാഘാതമാണത്. ഈ അധിനിവേശങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ആദിവാസി ശിശുക്കളുടെ മരണം ഇനിയും തുടരും. കേരളം പോലൊരു സംസ്ഥാനത്തില്‍ ഈ ദുരന്തം എന്തിന് തുടരണം? കേരളത്തെ ആദിവാസി സൗഹൃദമാക്കാന്‍ എന്തു തരം പ്രവര്‍ത്തനങ്ങള്‍ പുതിയ കാഴ്‌ചപ്പാടിലൂടെ നടപ്പാക്കും, നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ അതിനോട് കൂട്ടിച്ചേര്‍ക്കും എന്നത് ബോധപൂര്‍വ്വം യുദ്ധകാലാടിസ്ഥാനത്തില്‍, നിരന്തരമായി സംഭവിക്കണമെങ്കില്‍ കേരളത്തെ ബോധപൂര്‍വ്വം ആദിവാസി സൗഹൃദമാക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുതിയ തൊഴില്‍ മേഖലയിലേക്ക് വരുന്ന ആദിവാസി യുവാക്കളെ തുല്യരായി ഉള്‍ക്കൊള്ളാന്‍ സമൂഹം ബോധപൂര്‍വ്വം ഒരുങ്ങണം. സ്‌കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും മനപ്പൂര്‍വ്വം ജാതീയതയും വംശീയതയും പ്രോത്സാഹിപ്പിക്കുന്ന ‘പരിഷ്‌കൃത വിദ്യാ സമ്പന്നരോട്’ അത് നടക്കില്ലെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആദിവാസി സൗഹൃദ കേരളത്തിന് കഴിയണം. ആദിവാസികളുടെ പൗരാവകാശങ്ങള്‍ക്കും അതിജീവനത്തിനും തടസ്സം നില്‍ക്കാതിരിക്കാനുള്ള കടുത്ത ശ്രമം ഇവിടത്തെ ഉദ്യോഗസ്ഥ രാഷ്‌ട്രീയ സമൂഹത്തിനുള്ളതു പോലെ തന്നെ പൊതു സമൂഹത്തിനുമുണ്ട്.
ഒരാഴ്‌ച മുമ്പ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ‘തനിമ’ എന്ന പേരില്‍ നടത്തിയ സെമിനാറിന്റെ വിഷയം ‘ആദിവാസി മേഖലയിലെ ഭക്ഷ്യ ഭദ്രതയും തനത് ഭക്ഷ്യ സംസ്‌ക്കാരം വീണ്ടെടുക്കലും’ എന്നതായിരുന്നു. ആ സെമിനാറില്‍ പങ്കെടുത്ത്, എന്റെ വിഷയമായിരുന്ന ‘ആദിവാസി പോഷകാഹാര സുരക്ഷക്കായുള്ള നിര്‍ദ്ദേശങ്ങള്‍’ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്കായി അവതരിപ്പിച്ചപ്പോള്‍ വിവാദപരമെന്ന് കരുതാവുന്ന ഒരു നിര്‍ദ്ദേശം മറ്റു നിരവധി നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ഉന്നയിച്ചിരുന്നു. ആദിവാസികള്‍ അവരുടെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ ഇറച്ചി കഴിക്കാന്‍ പൊതുവേ വിമുഖരാണ്. വീട്ടില്‍ വളര്‍ത്തുന്ന ആടിന്റെ പാലു പോലും കുടിക്കാന്‍ വിഷമമുള്ള കുറേപ്പേരെ ഞാന്‍ കണ്ടിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ അവരുടെ ഓമനകളാണ്. പുറത്തു നിന്ന് പണം കൊടുത്ത് വാങ്ങി മാംസ ഭക്ഷണം കഴിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും മാത്രം സാധ്യമാവുന്ന കാര്യമാണ്. ആദിവാസികളുടെ പോഷകാഹാര സുരക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അവരുടെ മുന്‍ഗണന (Preference) യ്‌ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. ആദിവാസികള്‍ കാട്ടിലെ ചെറുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഭക്ഷിച്ചിരുന്നവരാണ്. കൂടുതല്‍ വരുന്ന മാംസം ഉണക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും അറിവുള്ളവരാണ്. റേഷന്‍ കട വഴി കൊടുക്കുന്ന അല്‌പം കടല, പയറ് പോലുള്ള സസ്യ പ്രോട്ടീനുകള്‍ കൊണ്ടു മാത്രം നികത്താവുന്നതല്ല ആദിവാസികളുടെ ഇന്നത്തെ പോഷകാഹാരക്കുറവ്. മാംസത്തില്‍ നിന്നുള്ള പ്രോട്ടീന്‍ അവര്‍ക്ക് അത്യന്താപേക്ഷിതമാണ്. ആദിവാസികളുടെ പ്രോട്ടീന്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭക്ഷണത്തിനായി കാട്ടുപന്നികളെ പിടിക്കാനുള്ള അനുവാദം കുടുംബങ്ങളെ അടിസ്ഥാനമാക്കി ഊരുകള്‍ കേന്ദ്രീകരിച്ച് ആദിവാസികള്‍ക്ക് നല്‍കണം. അത് അവരുടെ തനതുസംസ്‌ക്കാരത്തെ അംഗീകരിക്കല്‍ കൂടിയാവും. അവര്‍ ഒരിക്കലും ആവശ്യത്തില്‍ കൂടുതല്‍ ഭൂമിയില്‍ നിന്ന് എടുക്കുന്നവരല്ല. കാട്ടു മാംസമായാലും കാട്ടു കിഴങ്ങായാലും മറ്റെന്തായാലും. കാട്ടു മൃഗങ്ങള്‍ക്ക് വംശനാശം വരാതെ നോക്കാന്‍ പരമ്പരാഗതമായി ആദിവാസികള്‍ക്കറിയാം. ആദിവാസികള്‍ക്ക് വംശനാശം വരാതെ നോക്കാന്‍ സര്‍ക്കാരിനും കഴിയണം. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം (Sustainable use) എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ സര്‍ക്കാര്‍ നമ്മുടെ ആദിവാസികളെ മാത്രം പഠിച്ചാല്‍ മതിയാകും.
ആദിവാസികളുടെ ജനിതക, ആരോഗ്യ വ്യവസ്ഥയില്‍ വനത്തില്‍ നിന്ന് ലഭ്യമായിരുന്ന മാംസ ഭക്ഷണം നല്‍കിയിട്ടുള്ള പങ്ക് നിര്‍ണ്ണായകമാണ് എന്ന് തിരിച്ചറിയണം. വനാവകാശ പ്രകാരം ശേഖരിക്കാവുന്ന മറ്റു വനവിഭവങ്ങളോടൊപ്പം കാട്ടു പന്നിയുടെ മാംസ ഭക്ഷണവും ശേഖരിക്കാനുള്ള അവകാശം തിരിച്ചു കിട്ടുന്നത് അവര്‍ ഇന്ന് നേരിടുന്ന പോഷകാഹാര ശോഷണത്തിന്റെ വെല്ലുവിളികളെ മറികടക്കാന്‍ വലിയ അളവില്‍ സഹായിക്കും. അതിനാവശ്യമായ ഉത്തരവ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. അതേ സമയം, അവരുടെ രുചികരമായ തനതു ഭക്ഷണ വസ്‌തുവിന്റെ പങ്കുചോദിച്ച് അത് മുഴുവനും ഒന്നോടെ സ്വന്തമാക്കാനറിയന്ന നാട്ടുകാരായവര്‍ ഇടയില്‍ കയറാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും വനാവകാശ സമിതിക്കും സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അതിന്റെ ഭാഗമായ മോണിറ്ററിംഗ് നടത്തുകയും വേണം. ആദിവാസികളുടെ പോഷകാഹാര സുരക്ഷയ്‌ക്കുള്ള സംഭാവന മാത്രമല്ല, കാട്ടില്‍ അനിയന്ത്രിതമായി പെറ്റു പെരുകുന്ന പന്നികള്‍ കാര്‍ഷിക വിളകള്‍ക്കുണ്ടാക്കുന്ന നാശനഷ്‌ടങ്ങള്‍ക്കും ഒരു ശാശ്വത പരിഹാരമായിരിക്കും ഈ തീരുമാനം. വനാവകാശ നിയമ പ്രകാരമുള്ള വ്യക്തിഗത അവകാശങ്ങളോടൊപ്പം കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ഇനിയും താമസം അരുത്. കാലാവസ്ഥാമാറ്റത്തെ അതിജീവിക്കാന്‍ കഴിയുന്ന ആദിവാസികളുടെ തനതു കാര്‍ഷിക വിളകളുടെ ജനിതക സമ്പത്തിനെ സംരക്ഷിക്കുവാനും കാര്‍ഷിക ജൈവവൈവിദ്ധ്യത്തെ പരിപാലിക്കുന്ന ആദിവാസികളുടെ കാര്‍ഷിക വ്യവസ്ഥയും അറിവുകളും അവരുടെ മുന്‍കയ്യില്‍ നിലനിര്‍ത്തുവാനും ആയിരിക്കണം ഇനിയുള്ള ഊന്നല്‍ മുഴുവനും.
സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.