പ്രധാനമന്ത്രി യുവ പദ്ധതിയിൽ മലയാളത്തിൽ നിന്ന് മൂന്നുപേർ
യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിയിലേക്ക് (പി.എം.യുവ മെന്റർഷിപ്പ് സകീം) മലയാളത്തിൽനിന്ന് കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകനും ഡി സി ബുക്സിന്റെ ഓൺലൈൻ ന്യൂസ് പോർട്ടലിൽ സ്ഥിരം കോളമിസ്റ്റുമായ ജെ എസ് അനന്തകൃഷ്ണൻ ഉൾപ്പെടെ മൂന്ന് പേരെ തിരഞ്ഞെടുത്തു. അനുഷ്ക ടി.എസ്, അനുരാജ് മനോഹർ എന്നിവരാണ് മറ്റുള്ളവർ. 22 ഭാഷകളിലായി പതിനാറായിരത്തോളം എൻട്രികളിൽ നിന്ന് 75 യുവ എഴുത്തുകാരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായാണിത്.
NBT, India, announces results of All-India Contest organized on the Theme ‘National Movement of India’ under PM-YUVA Mentorship Scheme. Congratulations to all the 75 winners!#AzadiKaAmritMahotsav@PMOIndia @EduMinOfIndia @mygovindia @dpradhanbjp @Drsubhassarkar @malik_yuvraj pic.twitter.com/90CRdROKmS
— National Book Trust, India (@nbt_india) December 25, 2021
മലയാളത്തിൽ നിന്ന് എ വി കുട്ടിമാളു അമ്മയുടെ വിശദമായ ജീവിതചരിത്രം എഴുതാൻ അനുരാജ് മനോഹറിനും (കോഴിക്കോട്) 1721 എന്ന പേരിൽ അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് നോവൽ എഴുതാൻ അനുഷ്ക ടി എസ്- നും (തിരുവനന്തപുരം) സംഗീതവും ദേശീയപ്രസ്ഥാനവും എന്ന വിഷയെത്തെക്കുറിച്ചെഴുതാൻ ജെ എസ് അനന്തകൃഷ്ണനുമാണ് (പത്തനംതിട്ട) തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
എ വി കുട്ടിമാളു അമ്മ സ്ഥാപിച്ച അനാഥാലയത്തിൽ വളർന്ന മുതിർന്ന തലമുറയിലെ ബന്ധുക്കളിൽ നിന്ന് ഈ മഹദ്നേതാവിനെക്കുറിച്ച് കേട്ടറിഞ്ഞു വളർന്ന അനുരാജ് മനോഹറിന് ഈ വിഷയത്തോട് വൈകാരികമായ അടുപ്പം ഉണ്ട്. കോഴിക്കോട് മാതൃഭൂമിയിലെ പത്രപ്രവർത്തകനായ ഈ യുവാവിന് കുട്ടിമാളു അമ്മയെക്കുറിച്ചുള്ള രേഖകളുമായി നല്ല പരിചയവുമുണ്ട്. കുട്ടിക്കാലം മുതൽ അഞ്ചുതെങ്ങ് കലാപത്തെക്കുറിച്ച് മുതിർന്ന തലമുറയിൽ നിന്ന് കേട്ടു വളർന്ന ഗവേഷകയായ അനുഷ്കയുടെ ആഗ്രഹം ഈ വിഷയത്തെക്കുറിച്ച് ഒരു നോവലെഴുതാനാണ്. ശാസ്ത്രീയസംഗീതത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന അനന്തകൃഷ്ണന് സുബ്രഹ്മണ്യഭാരതിയുടെ കവിതകളും സംഗീതവുമാണ് താല്പര്യവിഷയം.
തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആറുമാസത്തേക്ക് മാസം 50,000 രൂപയുടെ സ്റ്റൈപ്പന്റ് ലഭിക്കും. എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. ജനുവരി ഏഴ് മുതൽ 10 വരെ പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇവരുടെ പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസീദ്ധീകരിക്കും. അതിന്റെ റോയൽറ്റിയും എഴുത്തുകാർക്ക് ലഭിക്കും.
Comments are closed.