ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകം
ഡേവിഡ് ദിയോപിന്റെ ‘അറ്റ് നൈറ്റ് ഓള് ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന നോവലിന്റെ മലയാള പരിഭാഷ ‘രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പിനെക്കുറിച്ച് ‘ വിവർത്തകൻ മാങ്ങാട് രത്നാകരന് എഴുതിയ കുറിപ്പ്.
ഫ്രഞ്ചില്‍, ‘ആത്മീയ സോദരന്’ (Frère d’ âme) എന്നു പേരിട്ട, ഡേവിഡ് ദിയോപിന്റെ നോവല്‍, നാടകീയമായ ശീര്‍ഷകത്തോടെയാണ് അന്ന മോസ്കോവാകിസിന്റെ ഇംഗ്ലിഷ് വിവര്‍ത്തനത്തില്‍ പ്രത്യക്ഷപ്പെട്ടത്. At Night All Blood is Black രാത്രിയില്‍ എല്ലാ രക്തത്തിനും നിറം കറുപ്പ്. 2021-ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് കിട്ടുന്നതിനുമുമ്പുതന്നെ ഈ നോവല്‍ വായിച്ചിരുന്നു. ഡേവിഡ് ദിയോപ് എന്ന വിശ്രുത ആഫ്രിക്കന്‍ കവിയെക്കുറിച്ചല്ലാതെ നോവലിസ്റ്റായ ഡേവിഡ് ദിയോപിനെക്കുറിച്ചു കേട്ടിരുന്നില്ലെങ്കിലും നോവല്‍ ശീര്‍ഷകം വലിച്ചടുപ്പിച്ചു; വാങ്ങി, ചൂടോടെ വായിച്ചു.
നോവല്‍ ശീര്‍ഷകം വിവര്‍ത്തക മാറ്റിയതു നാടകീയതയ്ക്കുവേണ്ടിയല്ലെന്നു പിന്നീട് അന്നയുമായുള്ള ഒരഭിമുഖം വായിച്ചപ്പോള്‍ മനസ്സിലായി. ഫ്രഞ്ച് ശീര്ഷകത്തിന് ഉച്ചാരണത്തില്‍ ശ്ലേഷഭംഗിയുണ്ട്. ‘ആത്മീയ സോദരന്’ എന്നതുപോലെ ‘സഹപോരാളികള്‍'(Frères d’ armes) എന്ന അര്‍ത്ഥവും ധ്വനിക്കുന്ന ഇംഗ്ലിഷ് വിവര്‍ത്തനം അസാധ്യമായതിനാലാണു നോവലിലെതന്നെ ഒരു വാക്യം ശീര്‍ഷകമാക്കിയത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ നോവല്‍, ഒരു ‘യുദ്ധ നോവലോ’, ‘സമാധാന നോവലോ’ അല്ല. ചരിത്രം മനുഷ്യനെ വലിച്ചിഴയ്ക്കുന്ന, ചെളിയും ചോരയും ഹിംസയും ഭ്രാന്തുമെല്ലാം നിറയുന്ന ഒരനുഭവലോകമാണിത്. സെനഗലിലെ രണ്ടു യുവ യോദ്ധാക്കള്‍ തങ്ങളുടെ അധിനിവേശ യജമാനന്മാരായ ഫ്രാന്‍സിനു വേണ്ടി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴുള്ള വിചിത്രവും ഭീതിദവും ഹിംസാത്മകവുമായ അനുഭവങ്ങളുടെ സാകല്യം. വംശീയവെറിയുടെ ഒരു സൂക്ഷ്മചിത്രം. ‘സൈനികരല്ല കിരാതന്മാര്, യുദ്ധമാണു കിരാതം,’ ദിയോപിന്റെ ഈ അഭിപ്രായത്തില്‍ നോവലിനെ മുഴുവന്‍ സംഗ്രഹിക്കാം.
‘ആത്മകഥാംശ’മുള്ള നോവല്‍ കൂടിയാണിത്. ഡേവിഡ് ദിയോപിന്റെ അച്ഛന്റെ മുത്തച്ഛന് ഒന്നാം ലോകമഹായുദ്ധത്തില്‍ ഫ്രാന്‍സിനു വേണ്ടി പോരാടിയ സൈനികനായിരുന്നു. ജന്മനാട്ടില് തിരിച്ചെത്തിയ ആ മനുഷ്യന് തന്നത്താന്‍ മാത്രമേ ആ അനുഭവങ്ങള്‍ പങ്കുവച്ചുള്ളൂ. ആ ഗഹനമൗനത്തില്നിന്നു ദിയോപ് വായിച്ചെടുത്ത ലിഖിതങ്ങളാണ് ഈ നോവല്‍. കിടിലം കൊള്ളിക്കുന്നതായിരുന്നു നോവലിലെ അന്തരീക്ഷം. ആഭിചാരസ്വഭാവമുള്ള ഭാഷയും നോവലിന്റെ വിശേഷമായിരുന്നു. ഫ്രഞ്ച് ഭാഷ അറിയാത്ത അല്ഫദിയായെയുടെ ബോധധാര ഫ്രഞ്ചിലാണ് എഴുതപ്പെട്ടതെങ്കിലും അയാള്‍ ചിന്തിക്കുന്ന വോളോഫ് ഭാഷയുടെ താളവും വഴക്കവുമാണ് അതിനുള്ളത്.
Comments are closed.