കവിതപാടി മഴപെയ്യിക്കുക!
വൈലോപ്പിള്ളി ശ്രീധരമേനോന്റെ സമാഹരിക്കപ്പെടാത്ത രചനകളാണ് ‘അപ്രകാശിത രചനകള്‍’ എന്ന പുസ്തകം. ഒരു ചെറുകഥയും കുറെ കവിതകളും ലേഖനങ്ങളും അവതാരികകളും അടങ്ങുന്ന സമാഹാരം. വൈലോപ്പിള്ളിയുടെ കവിതകളെപ്പോലെ ജീവിതഗന്ധിയാണ് അദ്ദേഹത്തിന്റെ കഥയും എന്ന് ഈ ചെറുകഥ വ്യക്തമാക്കുന്നു. ഗദ്യമെഴുതാനുള്ള അദമ്യമായ ആഗ്രഹം വൈലോപ്പിള്ളി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. ഗദ്യത്തിന്റെ ചാരുത അദ്ദേഹത്തിന്റെ ലേഖനങ്ങളെയും അവതാരികകളെയും അനന്യമാക്കുന്നു.
പുസ്തകത്തില്‍ നിന്നും ഒരു ഭാഗം
കഴിയുന്നതും കവിതകള്‍ വായിക്കുക. വാരിക്കോരി കുടിക്കുക എന്നാണ് ഞാന്‍ പറയുക. അത് ചൊല്ലിക്കൊണ്ടു നടക്കുക. മനസ്സുകൊണ്ടു ചൊല്ലുക. സംസാരഭാഷയില്‍ പറയുന്നത് കവിതയില്‍ക്കൂടി പറയാന്‍ ശ്രമിക്കുക. അതില്‍നിന്നും സരളമായ കവിത ഉണ്ടാകും.
ഗ്രന്ഥകാരന്‍മാരെ മാനിക്കുവാനായിട്ട് ഏറ്റവും നല്ല സ്ഥലം വായനശാലയാണ്. കാരണം, അവരുടെ ഗ്രന്ഥങ്ങള്‍ അവിടെ മാനിക്കപ്പെടും; പല തലമുറകളാല്‍ വായിക്കപ്പെടും. ഞങ്ങളുടെയൊക്കെ പുസ്തകങ്ങളുടെ കോപ്പികളിവിടെയുണ്ടെന്ന് തോന്നുന്നു. ഞങ്ങളുടെ ശബ്ദം കേള്‍ക്കുക, മുഖം കാണുക, സാന്നിദ്ധ്യം അനുഭവിക്കുക എന്നുള്ളതില്‍ കൂടുതല്‍ ഞങ്ങളെ സഹായിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗ്ഗം ഞങ്ങളുടെ പുസ്തകങ്ങള്‍ വാങ്ങിച്ച് വായനശാലയില്‍ വയ്ക്കുക എന്നുള്ളതാണ്. അതിനുള്ള ചെലവ് നിങ്ങള്‍ക്ക് സഹിക്കാനാവും. അങ്ങനെ ഞങ്ങളുടെ പുസ്തകങ്ങള്‍ ശേഖരിച്ചുവെച്ചുകൊണ്ടാണ് ഞങ്ങളെ ബഹുമാനിക്കേണ്ടത്. ക്രിയാകേവലമുത്തരം എന്നു പറഞ്ഞമാതിരി അത് നിങ്ങളെയും ബഹുമാനിക്കലാണ്. അക്ഷരപ്രേമമുള്ള ഒരു ജനസമൂഹമാണിവിടെയുള്ളത് എന്നതിന് ഈ വായനശാല സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ വായനശാലാക്കെട്ടിടം കാണുമ്പോള്‍, വളരെ വളരെ സന്തോഷം തോന്നുന്നുണ്ട്. നിങ്ങളെക്കാള്‍ കഴിവുള്ളവര്‍ക്ക് സാധിക്കാത്ത കാര്യമാണിത്. ഗള്‍ഫ്പണമുണ്ടാകും. കശുവണ്ടിയുടെയും നെല്ലിന്റെയും തേങ്ങയുടെയും കാശുണ്ടാകും. പലതുമുണ്ടാകും. അതിലും കൂടുതലായിട്ട് നിങ്ങളുടെ ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ഒക്കെയാണിതിന് കാരണം. പിന്നെ നിങ്ങളുടെ കെട്ടുറപ്പും. ഒരുമിച്ച് ചെറിയ ത്യാഗങ്ങള്‍ ചെയ്യാനുള്ള സന്മനസ്സും.
നിങ്ങളിച്ഛിക്കുന്ന കവികളുടെയെല്ലാം സാന്നിദ്ധ്യം ഇവിടെയുണ്ട്. കവികളുണ്ടെങ്കിലും കവിതകള്‍ വളരെ കുറച്ചേ ഉണ്ടാകുന്നുള്ളൂ എന്നു പറയട്ടെ. അതാണ് സങ്കടകരമായിട്ടുള്ള സത്യം. നിങ്ങള്‍ പാടിക്കൊണ്ടു നടക്കുന്ന കവിതകളെത്രയുണ്ട്? ഇല്ല. മുന്‍തലമുറയിലെ ആളുകള്‍ പാടിക്കൊണ്ടു നടന്നിരുന്നതു മാതിരി ഇന്നാരും കവിത പാടി നടക്കുന്നില്ല. എങ്കിലും കവിതകള്‍ ആളുകളില്‍ ആവേശമുണ്ടാക്കുന്നുണ്ട്. ചിലരുടെ കവിതകളെങ്കിലും പാടിക്കൊണ്ട് നടക്കുന്ന ആളുകളുള്ള സമുദായത്തെയാണ് സഹൃദയസമുദായം എന്നു വിളിഎന്നാണ് ഞാനിപ്പോള്‍ ആലോചിച്ചത്. വളരെയധികം ചൂടുകൊണ്ട് നമ്മുടെ ഞരമ്പുകള്‍ വാടിപ്പോയിരിക്കുകയാണ്. മഴ പെയ്യിക്കാനെങ്കിലും ഞാനുള്‍പ്പെടെയുള്ള കവികളെക്കൊണ്ട് സാധിക്കുമോ? ശ്രമിച്ചു നോക്കാവുന്നതാണ്. വലിയ തന്ത്രിമാരൊന്നുമല്ല ഞങ്ങള്‍. പക്ഷേ, ചിലര്‍ കവിത മന്ത്രമാണെന്നു പറയുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഴ പെയ്തുകൂടാ? പെയ്തില്ലെങ്കിലോ കവികള്‍ക്കു ശിക്ഷ കിട്ടും. അതുകൊണ്ട് കവികള്‍ അതേറ്റെടുക്കുമോ എന്നു സംശയമാണ്. മഴ പെയ്യിക്കാന്‍ പറ്റിയില്ലെങ്കിലും മഴപോലെ സമൃദ്ധിയായി കവിതയെങ്കിലും പെയ്യട്ടെ. ഈ ഉഷ്ണത്തെ മറക്കത്തക്കവണ്ണം നമ്മുടെ മനസ്സില്‍ ധാരധാരയായി കുളിരു കോരുന്നവണ്ണം കവിത പെയ്യട്ടെ. അതിനു പറ്റുന്ന കവികള്‍ ധാരാളമുണ്ടാകട്ടെ. അങ്ങനെ ധാരാളം കവിതയുണ്ടാകട്ടെ കേരളത്തില്‍.
കവിതയുണ്ടാകാതിരിക്കാന്‍ തക്കവണ്ണമുള്ള പല ബുദ്ധിമുട്ടുകളുമിവിടെയുണ്ട്. മലയാളത്തിന് സമൂഹത്തില്‍ മാന്യമായ പദവിയില്ല എന്നതാണ് ഇവിടെ കവികളുണ്ടാവാതിരിക്കാനുള്ള പ്രധാന കാരണം. കവിത എന്നത് നോവല്‍, കഥ, ഉപന്യാസം എന്നിവപോലെയല്ല; അതിലോലമായ കരണ-പ്രതികരണങ്ങളുള്ള സാധനമാണ്. ഭാഷയെവിടെ വാടുന്നുവോ അവിടെ തലചുറ്റി വാടിക്കിടക്കുന്നത് കവിയാണ്. ഇവിടെ ഭാഷയ്ക്കു വാട്ടം തട്ടിയിട്ടുണ്ട്. ഇപ്പോള്‍ മലയാളഭാഷ വളരെ കുറച്ചേ പഠിപ്പിക്കുന്നുള്ളൂ. പുറമേ പോയി ഉദ്യോഗം സ്വീകരിക്കാന്‍ അത് നല്ലതല്ലല്ലോ. അതിന് ഇംഗ്ലിഷല്ലേ പറ്റൂ. വേണ്ടതാണ്, പണ്ടും ഇംഗ്ലിഷ് പഠിപ്പിച്ചിരുന്നു. ആറോ ഏഴോ പിരിയേഡ് മാത്രം. പക്ഷേ, അന്ന് നന്നായി പഠിച്ചിരുന്നതിനാല്‍ പഠിച്ചിരുന്നവര്‍ക്ക് എവിടെപ്പോയാലും ഇംഗ്ലിഷ് നല്ലവണ്ണം ഉപയോഗിക്കുവാനുള്ള പ്രാഗല്ഭ്യം കിട്ടിയിരുന്നു. അങ്ങനെ നിഷ്‌കര്‍ഷയോടെ പഠിക്കുകയാണെങ്കില്‍ ആറോ ഏഴോ പിരിയേഡ് പഠിപ്പിച്ചാല്‍ത്തന്നെ ഗള്‍ഫിലോ മറ്റേതെങ്കിലും പുറംനാട്ടിലോ പോയാലും വിഷമം വരില്ല. ഇപ്പോള്‍ മറ്റു വിഷയങ്ങള്‍ ഇംഗ്ലിഷില്‍ പഠിപ്പിച്ച്, മലയാളത്തിനെ വടക്കോറത്തെ പെണ്ണാക്കി തീര്‍ത്ത്, അതിനിത്തിരി കഞ്ഞിവെള്ളം മാത്രം കൊടുക്കുന്ന സമൂഹത്തില്‍ മലയാളത്തില്‍ സംസാരിക്കാന്‍തന്നെ പറ്റില്ല. ഇംഗ്ലിഷിലും പറ്റില്ല. ഒരുവിധത്തിലങ്ങനെ കഴിയുകയാണ് ചെറുപ്പക്കാര്‍. അവര്‍ ചില കവിതയൊക്കെ എഴുതും. എന്നാല്‍ കവിതയുടെ മുഴുവന്‍ ശക്തിയും അതിലുണ്ടാകില്ല. മുഴുവന്‍ സൗന്ദര്യവും ഉണ്ടാകില്ല. അതുകൊണ്ട് ഭാഷയെ സ്വതന്ത്രമാക്കണം. ഭാഷയോട് പറ്റിച്ചേര്‍ന്ന് അതിന്റെയൊരു തുമ്പ് പിടിച്ച് നടക്കുന്ന കുട്ടിയാവണം കവികള്‍. എന്നാലേ, നല്ല കവിതയെഴുതാന്‍ പറ്റൂ. അങ്ങനെ ഭാഷയ്ക്ക് സ്വാതന്ത്ര്യമുണ്ടായിത്തീരട്ടെ.
Comments are closed.