DCBOOKS
Malayalam News Literature Website

ആദിവാസി സുസ്ഥിര വികസനത്തിന്‌ വേണ്ടത്‌ ഇരട്ട തന്ത്രം: സി. എസ്‌ ചന്ദ്രിക എഴുതുന്നു

സി എസ്‌ ചന്ദ്രിക

ട്ടപ്പാടിയില്‍ വീണ്ടും ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചു എന്ന വാര്‍ത്ത വന്ന ദിവസങ്ങളാണിത്‌. അതേത്തുടര്‍ന്ന്‌ സര്‍ക്കാര്‍ തലത്തില്‍ ചില അടിയന്തര നടപടികളും നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. സംസ്ഥാനം ഭരിക്കുന്നത്‌ ഏതു സര്‍ക്കാരാണെങ്കിലും അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍ക്ക്‌ സംഭവിക്കുന്ന മരണത്തെ ഭയന്നിരിക്കേണ്ടതായ അവസ്ഥയുണ്ടായിട്ടുണ്ട്‌. അതൊഴിവാക്കാനായി കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കണം എന്ന അവസ്ഥയിലാണ്‌ അട്ടപ്പാടിയില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നില്‍ക്കുന്നത്‌. ഗര്‍ഭകാലത്ത്‌ അമ്മമാര്‍ക്ക്‌ ഭക്ഷണവും സമയത്തിന്‌ ചികിത്സയും ആശുപത്രിയിലെ പ്രസവവും ഒരുക്കിക്കൊണ്ട്‌ ശിശുമരണങ്ങളെ പിടിച്ചു നിര്‍ത്താന്‍ പറ്റുമോ എന്നതാണ്‌ എപ്പോഴും പരീക്ഷിക്കപ്പെടുന്ന കാര്യം. അതുകൊണ്ട്‌ ഗുണങ്ങള്‍ തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അതില്‍ അല്‌പമൊന്നു ശ്രദ്ധ നഷ്‌ടപ്പെട്ടാല്‍ സര്‍ക്കാരുകളെ പിടിച്ചുലച്ചുകൊണ്ട്‌ കുഞ്ഞുങ്ങള്‍ വീണ്ടും മരിക്കും. എന്നെന്നും പിന്തുടരുന്ന ഈ ആശങ്കകളെ മറികടക്കണമെങ്കില്‍ സമഗ്രവും സുസ്ഥിരവുമായ ആദിവാസി വികസന കാഴ്‌ചപ്പാടും പ്രവര്‍ത്തനങ്ങളുമാണ്‌ യഥാര്‍ത്ഥത്തില്‍ ഉണ്ടാകേണ്ടത്‌.

ആദിവാസി വികസനത്തെക്കുറിച്ച്‌ ഇതുവരേയും സമവായത്തിലെത്താത്ത രണ്ടു വികസന സങ്കല്‌പന ധാരകള്‍ നിലവിലുണ്ട്‌. അതിലൊന്ന്‌ ആദിവാസികളെ അവരുടെ പരമ്പരാഗത നിലയില്‍ തന്നെ നിലനിര്‍ത്തണമെന്നുള്ളതാണ്‌. മറ്റൊന്ന്‌ സമ്പൂര്‍ണ്ണമായും ആധുനിക വികസന വ്യവഹാരത്തിലെ മുഖ്യധാരാവല്‍ക്കരണമാണ്‌. രണ്ട്‌ വാദങ്ങള്‍ക്കും അതിന്റേതായ പരാധീനതകളും പ്രശ്‌നങ്ങളും എന്നാല്‍ ചില സവിശേഷ സാധ്യതകളുമുണ്ട്‌. ആദിവാസികളുടെ പരമ്പരാഗത ആവാസ വ്യവസ്ഥ അന്യാധീനപ്പെട്ടു പോയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ്‌ ആദ്യ വാദത്തിന്റെ പ്രധാന പ്രായോഗിക പരിമിതി. മുന്‍കാലത്തെ സാംസ്‌ക്കാരിക പാരമ്പര്യ ജീവിതം പഴയ രൂപത്തില്‍ തിരിച്ചു പിടിക്കാനാവാത്ത വിധമുള്ള നഷ്‌ടങ്ങള്‍ ഇതിനോടകം സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്‌. അവശേഷിക്കുന്ന ആവാസ വ്യവസ്ഥയേയും സാംസ്‌ക്കാരിക പാരമ്പര്യത്തേയും അല്‌പം പോലും കണക്കിലെടുക്കാത്ത തരത്തിലുള്ള ഏകപക്ഷീയവും ഏകമാനവുമായ വികസനമാണ്‌ രണ്ടാമത്തെ വാദത്തിന്റെ പ്രധാന പ്രശ്‌നം.

വ്യത്യസ്‌ത പാരമ്പര്യവും വ്യത്യസ്‌ത ജീവിതവൃത്തി രീതികളും ഭാഷകളും കൃഷി, വനവിഭവങ്ങള്‍, ഭക്ഷണം, കാലാവസ്ഥ, പ്രകൃതി വിഭവ പരിപാലനം തുടങ്ങിയവ സംബന്ധിച്ച വലിയ പാരമ്പര്യ അറിവുകളുമുള്ള വൈവിദ്ധ്യാത്മക സ്വത്വത്തിലധിഷ്‌ഠിതമായ സാംസ്‌ക്കാരിക സാമൂഹ്യ വിഭാഗമാണ്‌ ആദിവാസികള്‍. കേരളത്തില്‍ തന്നെ 36 ആദിവാസി വിഭാഗങ്ങളുണ്ട്‌. മുഖ്യധാരാ വികസനത്തിന്റെ എല്ലാ നല്ല സാധ്യതകളും പ്രാപ്യമാക്കാനും സ്വയം തെരഞ്ഞെടുക്കാനും കഴിയുന്ന തരത്തിലുള്ള, അവശേഷിക്കുന്ന വ്യത്യസ്‌ത ആദിവാസി സാംസ്‌ക്കാരികതയേയും അറിവുകളേയും നശിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചു കൊണ്ടുള്ള ഇരട്ട തന്ത്രമാണ്‌ (Twin strategy) ആദിവാസി വികസന പ്രവര്‍ത്തനത്തില്‍ അടിയന്തരമായി ആവശ്യമായിട്ടുള്ളത്‌.

ആദിവാസി മേഖലയില്‍ സമഗ്ര, സുസ്ഥിര വികസന പദ്ധതികളുടെ വിജയകരമായ ആസൂത്രണം, നടത്തിപ്പ്‌, മേല്‍നോട്ടം എന്നിവക്കായി ത്രിതലപഞ്ചായത്തിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പട്ടികവര്‍ഗ്ഗ വകുപ്പ്‌, കൃഷി, വനം, ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ, ഗതാഗതം, സാമൂഹ്യക്ഷേമം, വനിതാ ശിശുവികസനം, സാംസ്‌ക്കാരികം എന്നീ വകുപ്പുകളുടേയും സംയുക്ത ഏകോപനം ആവശ്യമുണ്ട്‌. ഓരോ വകുപ്പുകളുടേയും കീഴില്‍ ആദിവാസി വികസനത്തിനായി നിലവിലുള്ള പദ്ധതികളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള മാതൃകാപരമായ വികസന പ്രവര്‍ത്തനമുണ്ടായാല്‍ മാത്രമേ ഗുണഫലങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയുകയുള്ളു. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ എല്ലാ പ്രധാന ഘടകങ്ങളേയും പരസ്‌പര ബന്ധിതമായി തുല്യ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുന്ന ചട്ടക്കൂടില്‍ ആദിവാസി വികസന നയവും പ്രവര്‍ത്തനങ്ങളും രൂപപ്പെടുത്തുകയും വേണം.

അടിസ്ഥാന സൗകര്യങ്ങള്‍

ആദിവാസി സംസ്‌ക്കാരത്തിനും വ്യത്യസ്‌തയുള്ള താല്‌പര്യങ്ങള്‍ക്കും അനുസരിച്ച്‌, അവരുടെ നേതൃത്വത്തിലും ക്രിയാത്മക പങ്കാളിത്തത്തോടെയുള്ള ഭവനപദ്ധതികള്‍, കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള ജലലഭ്യത, ഗതാഗത സൗകര്യത്തിനായുള്ള റോഡുകള്‍ പാലങ്ങള്‍ എന്നിവ സുസ്ഥിര വികസന കാഴ്‌ചപ്പാടില്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കണം. താമസിക്കുന്ന സ്ഥലങ്ങളില്‍ ആദിവാസികള്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥക്ക്‌ മാറ്റമുണ്ടാകാനാവശ്യമായ തരത്തിലുള്ള ചലനാത്മകത ഈ സമൂഹത്തിന്‌ അത്യാവശ്യമാണ്‌. വന്യമൃഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനാവശ്യമായ പ്രതിരോധ സൗകര്യങ്ങള്‍, വിജയിച്ച മാതൃകകളെ അടിസ്ഥാനപ്പെടുത്തി അവരുടെ അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന കൊടുത്തു കൊണ്ട്‌ പങ്കാളിത്തത്തോടുകൂടി ശാസ്‌ത്രീയമായി നിര്‍മ്മിക്കണം.

സാമൂഹ്യ വികസനം

ഓരോ ആദിവാസി വിഭാഗങ്ങളുടേയും സാംസ്‌ക്കാരികവും തനതുമായ ജീവിത സവിശേഷതകളെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ വികസനമാണ്‌ ഉണ്ടാവേണ്ടത്‌. കേരളത്തില്‍ 36 ആദിവാസി വിഭാഗങ്ങളുണ്ട്‌. ഇതില്‍ ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ളതും എറ്റവും പാല്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ പണിയ വിഭാഗത്തിന്റെ സമഗ്രമായ വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനത്തിന്‌ സവിശേഷമായ ഊന്നല്‍ വേണ്ടതുണ്ട്‌.

പൊതുവിദ്യാഭ്യാസത്തില്‍ ആദിവാസി കുട്ടികളുടെ കൊഴിഞ്ഞു പോക്ക്‌ നേരിടുന്നതിന്റെ സാമൂഹ്യ കാരണങ്ങള്‍ നിരവധിയാണ്‌. ബോധന സമ്പ്രദായത്തിലെ അപര്യാപ്‌തകള്‍, അദ്ധ്യാപകരുടെ സംവേദനക്ഷമതയില്ലായ്‌മ, മോശം പെരുമാറ്റങ്ങള്‍, ഭാഷാ പ്രതിസന്ധി, കുടുംബത്തില്‍ നിന്നുള്ള പ്രോത്സാഹനമില്ലായ്‌മ, വീട്ടിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ദാരിദ്ര്യം, സ്‌കൂളിലേക്കുള്ള ആകര്‍ഷണമില്ലായ്‌മ, സാംസ്‌ക്കാരികമായ ജീവിത രീതികള്‍ തുടങ്ങി നിരവധി ഘടകങ്ങളെ പരിഗണിച്ചു കൊണ്ടും പരിഹരിച്ചുകൊണ്ടുമുള്ള വിദ്യാഭ്യാസ പദ്ധതികളാണ്‌ ആവിഷ്‌ക്കരിക്കേണ്ടത്‌.പഠന രീതികളും മൂല്യ നിര്‍ണ്ണയങ്ങളും പ്രത്യേകമായി രൂപപ്പെടുത്തേതുണ്ട്‌.

ആദിവാസികളുടെ ആരോഗ്യ പദവി സങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ നേരിടുന്നു. ഭക്ഷണം മാത്രമല്ല, അതിലെ പോഷകങ്ങള്‍ ശരീരം ആഗീരണം ചെയ്യുന്നതിനാവശ്യമായ മുന്നുപാധികള്‍ കൂടി ഉണ്ടാവണം. ശുദ്ധമായ കുടിവെള്ള ലഭ്യത, ശുചിത്വത്തിനാവശ്യമായ കക്കൂസ്‌, സുരക്ഷിതമായ വീട്‌ എന്നിവയും തൃപ്‌തികരമായ ആരോഗ്യ പദവി നേടുന്നതിനു വേണ്ട പ്രാഥമിക ആവശ്യങ്ങളാണ്‌. ജനന നിരക്ക്‌, ശിശു മരണ നിരക്ക്‌, മാതൃ മരണ നിരക്ക്‌, ആയുര്‍ദൈര്‍ഘ്യം, സ്‌ത്രീകളുടെ പദവി – സ്‌ത്രീകളുടെ വിദ്യാഭ്യാസം, പെണ്‍കുട്ടികളുടെ കൗമാര വളര്‍ച്ച, ലൈംഗിക പ്രത്യുത്‌പാദന ആരോഗ്യം, ശിശു പരിചരണം സ്‌ത്രീകളുടെ വിവാഹ പ്രായം, സ്‌ത്രീകളുടെ സാമൂഹ്യ സുരക്ഷ, സ്‌ത്രീകള്‍ക്കു നേരെയുള്ള വിവേചനങ്ങള്‍, അതിക്രമങ്ങള്‍, സ്‌ത്രീകളുടെ തൊഴില്‍ പങ്കാളിത്തം, രാഷ്‌ട്രീയാധികാരത്തിലും തീരുമാനമെടുക്കല്‍ ഘടനകളിലും പ്രക്രിയകളിലുമുള്ള പങ്കാളിത്തം തുടങ്ങിയ വിവിധ സാമൂഹ്യ വികസന സൂചികകളില്‍ ആദിവാസി സ്‌ത്രീകളുടെ സാമൂഹ്യ ജീവിത പദവി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാവണം.

സാമ്പത്തിക വികസനത്തിന്‌ ഭുമിയും കൃഷിയും

ആദിവാസി വികസനത്തിന്‌ ആവശ്യമായ സുപ്രധാനമായ വിഭവം ഭൂമിയാണ്‌. ഭൂരഹിതരായ കുടുംബങ്ങള്‍ക്ക്‌ ലഭിച്ച ഭൂമിയെ ഉല്‍പാദന യോഗ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്‌. കൃഷി ചെയ്യുന്നതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങളും മികച്ച നടീല്‍ വസ്‌തുക്കളും അതിനാവശ്യമായ അറിവു വൈദഗ്‌ദ്ധ്യങ്ങളും സാമ്പത്തിക സഹായങ്ങളും അവര്‍ക്ക്‌ വിവിധ കെട്ടുപാടുകളിലകപ്പെടാതെ ലഭ്യമാകണം. അഭ്യസ്‌തവിദ്യരായ എല്ലാ ആദിവാസി യുവാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്ന തീരുമാനവും ഉണ്ടാകണം. പരമ്പരാഗത കൃഷി അറിവുകളുള്ള ആദിവാസികള്‍ക്ക്‌ ഭൂമിയില്‍ പാരമ്പര്യ കൃഷിയുടെ വികസനവും വരുമാനവുമായി ബന്ധപ്പെടുത്തിയുള്ള പദ്ധതികള്‍ കാര്യക്ഷമമായി ആസൂത്രണം ചെയ്യപ്പെടണം. വിളകളെ വൈവിദ്ധ്യവല്‍ക്കരിച്ചു കൊണ്ടുള്ള കൃഷിയുടെ വികസനവും ഉല്‍പ്പന്നങ്ങളുടെ സംസ്‌ക്കരണത്തിനുള്ള സംവിധാനങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കലും വിപണനവും, വനപ്രകൃതി, ആദിവാസി സംസ്‌ക്കാരം, ആദിവാസി കൃഷിയിടങ്ങള്‍, ആദിവാസി മേഖലയോടു ചേര്‍ന്നുള്ള വന്യജീവി സങ്കേതം എന്നിവ ബന്ധിപ്പിക്കുന്ന ഉത്തരവാദ ടൂറിസം പദ്ധതികള്‍ തുടങ്ങി വിവിധ പാക്കേജുകള്‍ ആദിവാസി കുടുംബങ്ങള്‍ക്ക്‌ വരുമാനം ഉറപ്പാക്കുന്ന തൊഴില്‍ സാധ്യതകളായി വികസിപ്പിക്കാന്‍ സാധിക്കും.

പാരിസ്ഥിതിക ജാഗ്രത

ജൈവവവൈവിധ്യ സംരക്ഷണത്തേയും വികസനത്തേയും മുന്‍നിര്‍ത്തിയുള്ള മണ്ണ്‌, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആദിവാസികള്‍ താമസിക്കുന്ന പാരിസ്ഥിതിക ലോല പ്രദേശങ്ങളുടെ സംരക്ഷണത്തിന്‌ അത്യന്താപേക്ഷിതമാണ്‌. ആദിവാസി മേഖലകളെ അവരുടെ സുസ്ഥിരമായ ജീവസന്ധാരണത്തിനും ഗുണപരമായ ജീവിതത്തിനും അനുകൂലമാക്കി നിലനിര്‍ത്തുന്നതിന്‌ ക്വാറിയിംഗ്‌, മൈനിംഗ്‌ പോലുള്ള ബാഹ്യമായ ഇടപെടലുകളില്‍ നിന്ന്‌ സുരക്ഷിതമാക്കി നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ അതിയായ ശ്രദ്ധ വേണം.

മാനവശേഷി വികസനം

സര്‍ക്കാരുകളായാലും മറ്റു ഗവേഷണ, സന്നദ്ധ സംഘടനകളായാലും നടപ്പിലാക്കുന്ന ആദിവാസി വികസന പദ്ധതികള്‍ പരാജയപ്പെടുന്നതിനും ആദിവാസികളുടെ ജീവിതം ദുരിതങ്ങളില്‍ തന്നെ തുടരുകയും ചെയ്യുന്നതിന്‌ പ്രധാന കാരണം ആദിവാസികളുടെ സാമൂഹ്യ സംഘാടന പ്രക്രിയകള്‍ ഇതിലൊന്നും സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണ്‌. സൂക്ഷ്‌മമായ സാമൂഹ്യ സംഘാടനം നടന്നിട്ടുള്ള സ്ഥലങ്ങളില്‍ ഗണ്യമായ മാറ്റം ദൃശ്യവുമാണ്‌. ആശ്രിതരായ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ നിന്നുകൊണ്ട്‌ കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും വാങ്ങുക എന്ന നിര്‍ജ്ജീവ പങ്കാളിത്ത സ്ഥിതി മാററിയെടുക്കുന്നതിനാവശ്യമായ മാനവ ശേഷി, നേതൃത്വ വികസന പ്രവര്‍ത്തനങ്ങളാണ്‌ മുകളില്‍ പറഞ്ഞ എല്ലാ വികസന മേഖലകളിലെ പ്രവര്‍ത്തനങ്ങളും വിജയകരമായി നടപ്പിലാക്കാനാവശ്യമായ മുന്നുപാധിയായിരിക്കേണ്ടത്‌്‌. അധികാര വികേന്ദ്രീകരണത്തിന്റേയും ഭരണ നിര്‍വ്വഹണത്തിന്റേയും രാഷ്‌ട്രീയ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌ വികേന്ദ്രീകരണാസൂത്രണത്തില്‍ ഊരുകൂട്ടങ്ങള്‍ക്കുള്ള അധികാരവും അവകാശങ്ങളും കൈമാറുന്ന തരത്തില്‍ ആദിവാസി ഊരുകൂട്ടങ്ങളുടെ ശക്തമായ സംഘാടനം പ്രാദേശിക സര്‍ക്കാരുകളുടേയും ഐ ടി ഡി പിയുടേയും നേതൃത്വത്തില്‍ നിര്‍ബ്ബന്ധിതമായി സംഘടിപ്പിക്കപ്പെടണം. ഊരുകൂട്ടത്തിന്റെ അധികാരവും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച അവബോധം നല്‍കുന്ന പരിശീലന പരിപാടി ഓരോ ഊരുകൂട്ടത്തിലേയും ഊരുമൂപ്പന്‍മാര്‍ക്കും അംഗങ്ങള്‍ക്കും ലഭിക്കണം.

സി.എസ് ചന്ദ്രികയുടെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.