അമിതവണ്ണം നിയന്ത്രിക്കാന്‍ ചില ഒറ്റമൂലികള്‍
കഫവര്‍ദ്ധനയ്ക്ക് ഇടയാക്കുന്ന ഭക്ഷണം അമിതമാകുക, വ്യായാമം ചെയ്യാതിരിക്കുക, പകല്‍ ഉറങ്ങുക തുടങ്ങിയ കാരണങ്ങളാല്‍ അമിതവണ്ണം ഉണ്ടാകുന്നു. മേദസ്സും മാംസവും കൂടുതലായി വര്‍ദ്ധിച്ചാല്‍ തുടകള്‍ക്കും സ്തനങ്ങള്‍ക്കും ഉദരത്തിനും ചലനം ഉണ്ടാകും. ഉത്സാഹ സാമര്‍ത്ഥ്യങ്ങള്‍ കുറയും. ഇങ്ങനെയുള്ളവര്‍ക്ക് വാതാദിദോഷങ്ങള്‍ കോപിച്ച് വേഗത്തില്‍തന്നെ പ്രമേഹം, പിടകങ്ങള്‍, ജ്വരം, ഭഗന്ദരം, വിദ്രധി, വാതം ഇവയിലേതെങ്കിലും വ്യാധികള്‍ പിടിപെടും.
ചികിത്സ
$ അമിതവണ്ണം ഉള്ളവര്‍ക്ക് വാത, കഫശമനകരങ്ങളായ ഭക്ഷണസാധനങ്ങള്‍, മേദസ്സ് കുറയാനുതകുന്നവ, മുതിര, ചെറുപയര്‍, ബാര്‍ലി തുടങ്ങിയവയൊക്കെയാണ് ഫലപ്രദമായിട്ടുള്ളത്.
$ രാവിലെ തേനില്‍ ഇരട്ടിവെള്ളം ചേര്‍ത്ത് 41 ദിവസം തുടര്‍ച്ചയായി കഴിക്കുക. ത്രിഫലത്തൊണ്ട് കഷായമാക്കി അതില്‍ തേന്‍ചേര്‍ത്ത് കുടിക്കുക. കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ ഇവയുടെ കഷായത്തില്‍ പല പ്രാവശ്യം ഇടുകയും വെയിലത്തുണക്കുകയും ചെയ്ത ത്രിഫല പൊടിച്ച് തേന്‍ചേര്‍ത്ത് സേവിക്കുക, മേദസ്സ് കുറയും.
$ അത്തിത്തിപ്പലിവേര്, ജീരകം, ചുക്ക്, മുളക് തിപ്പലി, കായം, തുവര്‍ച്ചിലക്കാരം, കൊടുവേലിക്കിഴങ്ങ് (ശുദ്ധി) ഇവ സമം പൊടിച്ച് ആ പൊടിക്കു സമം ബാര്‍ലി പൊടിച്ചതും ചേര്‍ത്ത് തൈര് ഊറിയതില്‍ കുഴച്ച് സേവിക്കുക, അമിതവണ്ണം കുറയും.
$ പനയോല ചുട്ടെടുത്ത ഭസ്മം സമം കായവും ചേര്‍ത്ത് ചൂടുള്ള കഞ്ഞിവെള്ളത്തില്‍ കലക്കി കുടിക്കുക.
$ പാച്ചോറ്റിത്തൊലി, കടുക്കാത്തൊണ്ട്, വേപ്പിന്‍തൊലി, ആവിത്തൊലി, താളിമാതളത്തിന്‍തൊലി, മാവിന്‍തൊലി ഇവ സമം കഷായമാക്കി കന്മദവും തേനും അനുപാനമായി സേവിക്കുക, അമിതവണ്ണം കുറയും.
$ വേങ്ങക്കാതല്‍ കഷായമാക്കി തേന്‍ചേര്‍ത്ത് കഴിക്കുക.
$ വേപ്പിന്‍തൊലി, അമൃത്, വലിയ മുത്തങ്ങാക്കിഴങ്ങ്, ഇവകൊണ്ട് മോര്‍ക്കഷായമുണ്ടാക്കി അതില്‍ ത്രിഫലപ്പൊടിയും കന്മദവും തേനും അനുപാനമായി ചേര്‍ത്ത് സേവിക്കുക.
$ചുക്ക്, കരിങ്ങാലി ഇവ പാതികുറുക്കി ആ വെള്ളം കുടിക്കുക. കൂവളവേര്, മുഞ്ഞവേര്, പലകപ്പയ്യാനിവേര്, പാതിരിവേര്, കുമ്പിള്‍വേര് ഇവ സമം കഷായമാക്കി തേനും കന്മദവും അനുപാനമായി സേവിക്കുക. അമിതവണ്ണം കുറയും.
$ചുക്ക്, മുളക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്, നെല്ലിക്ക, കടുക്ക, വിഴാലരിക്കാമ്പ് ഇവ സമാംശം ശുദ്ധി ചെയ്ത ഗുഗ്ഗുലു ഇവയ്‌ക്കെല്ലാറ്റിനും സമം എടുക്കുക. ഗുഗ്ഗുലു പൊടിച്ച് ഇരുമ്പു പാത്രത്തിലിട്ട് ഉരുകുമ്പോള്‍ മറ്റു മരുന്നുകള്‍ പൊടിച്ചതും ചേര്‍ത്ത് ഇളക്കി വാങ്ങി സൂക്ഷിച്ച് വച്ചിരുന്നു കുറേശ്ശ സേവിക്കുക. അമിതവണ്ണം മേദോരോഗങ്ങള്‍, ശ്ലേഷ്മരോഗം, ആമവാതം ഇവ ശമിക്കും.
കൂടുതല്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
ഡി സി ബുക്‌സ് മുദ്രണമായ ഡി സി ലൈഫില്‍ പ്രസിദ്ധീകരിച്ച ഡോ.ജോസ് ജോര്‍ജിന്റെ ‘ഒറ്റമൂലികളും നാട്ടുവൈദ്യവും’ എന്ന പുസ്തകത്തില്‍ നിന്നും
Comments are closed.