DCBOOKS
Malayalam News Literature Website

സ്വാതന്ത്ര്യത്തിന്റെ സർഗോന്മാദം; ഡോ : ശ്രീകല മുല്ലശ്ശേരി എഴുതുന്നു

ജീവന്‍ ജോബ് തോമസിന്റെ ‘സര്‍ഗോന്മാദം’ എന്ന പുസ്തകത്തെക്കുറിച്ച് ഡോ : ശ്രീകല മുല്ലശ്ശേരി എഴുതുന്നു

സ്കൂൾ വിദ്യാർത്ഥി ആയിരുന്നപ്പോൾ ഓരോ ദിവസവും ഞാൻ ഭീതിയോട്‌ കൂടിയാണ് സ്കൂളിൽ പോവുക . പഠിത്തത്തിൽ ഒരു ആവറേജ് സ്റ്റുഡന്റ് ആയതുകൊണ്ടാവാം അധിക ദിവസവും ഹോം വർക്ക് ശരിയായി ചെയ്യാത്തതിലും പരീക്ഷയിൽ മാർക്ക് കുറവായതിലും അധ്യാപകരോട് ഇടക്കിടെ ചീത്ത കേട്ടിരുന്നു . എനിക്ക് മനസിലാവാത്ത പാഠഭാഗങ്ങൾ വീണ്ടും പറഞ്ഞു തരുമോ എന്ന് ചോദിക്കുമ്പോഴേക്കും മിടുക്കരായ വിദ്യാർഥികൾ അതിന്റെ ഉത്തരം എഴുതി കാണിക്കുമായിരുന്നു . പിന്നീട് അവരെ വെച്ചു താരതമ്യപെടുത്തി ഇൻസൾട്ട് ചെയ്യുക അധ്യാപകരുടെ സ്ഥിരം നേരമ്പോക്കായിരുന്നു . എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മനസിലാകാത്തതുണ്ടെങ്കിൽ അത് ചോദിക്കാൻ പോലും ആവാത്ത വിധം അവർ ക്ലാസ്സ് റൂമിന്റെ ഭരണാധികാരികൾ ആണ് .ഉറക്കമില്ലാത്ത രാത്രികൾ മാത്രമാണ് അത്തരം അദ്ധ്യാപകർ അവശേഷിപ്പിച്ചിരുന്നത്. ഇന്നും ഞാൻ ഓർക്കുന്ന ആത്മഭിമാനം വ്രണപെട്ട ഒരു സംഭവമുണ്ട്.
ഒരിക്കൽ ഉപന്യാസ മത്സരത്തിൽ ജില്ലയിലേക്ക് സെലെക്ഷൻ കിട്ടിയ കുട്ടികളുടെ പേര് ക്ളാസ്സിൽ നിന്നും ഉറക്കെ വായിച്ച അദ്ധ്യാപകൻ എന്റെ പേര് ഉരുവിട്ടപ്പോൾ സംശയത്തിൽ ഇങ്ങിനെ വരാൻ വഴിയില്ലലോ ചിലപ്പോ പേര് തെറ്റി എഴുതിയതായിരിക്കും എന്ന് പറഞ്ഞു പരിഹാസത്തിന്റെ കുത്തുവാക്കുകൾ കൊണ്ട് എന്നെ മുറിവേൽപ്പിച്ചിരുന്നു . അത്തരത്തിലുള്ള പരിഹാസങ്ങൾ കേട്ട് ചിരിച്ച ക്ലാസ്സ് റൂം ഇപ്പോഴും നോവുന്ന അനുഭവമാണ്. ടീച്ചർ ഇല്ലാത്ത സമയം അടുത്തിരിക്കുന്നവരോട് സംസാരിച്ചാൽ വിദ്യാർത്ഥികളെ ഇമ്പോസിഷൻ എഴുതിപ്പിക്കൽ. ബെഞ്ചിന്മേൽ കയറ്റി നിർത്തൽ , ചൂരൽ പ്രയോഗം അങ്ങിനെ മനുഷ്യാന്തസ്സിനെ പരുക്കേൽപ്പിക്കുന്ന എത്ര എത്ര ക്രൂരമായ പ്രയോഗങ്ങളായിരുന്നു. എനിക്ക് ഓർമയുണ്ട് ഒരു അടിമ സമാനമായ ജീവിതമാണ് ഞാൻ നയിച്ചിരുന്നത്. അന്നൊക്കെ നന്നായി പഠിക്കുന്ന കുട്ടികളോട് ഒരു തരം ആരാധനയായിരുന്നു. അവരോടൊക്കെ തന്നെയും ഒരു പക്ഷപാതിത്വ സമീപനം എക്കാലവും അദ്ധ്യാപകർ സൂക്ഷിച്ചിരുന്നു. അധിക്ഷേപത്തിന്റെയും പരിഹാസത്തിന്റെയും ചീളുകൾ മനസ്സിൽ തറഞ്ഞിരുന്നതിനാൽ സ്കൂൾ ജീവിതം കഴിഞ്ഞു ഇറങ്ങിയപ്പോൾ എന്റെ മനസ്സിൽ ജിവിക്കുന്ന അധ്യാപക മുഖങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പിന്നീട്‌ കോളേജിലും സർവകലാശാലയിലും പഠിക്കുമ്പോൾ അധ്യാപകരുടെ പല പല മുഖങ്ങളും ഭാവങ്ങളും ഞാൻ കണ്ടു. പഠനത്തിന്റെ ഓരോ ഘട്ടത്തിലും വിദ്യാർഥികൾ അക്കാഡമികമായി മുന്നോട്ട് പോകാൻ കഴിയാത്തവിധം പിന്തിരിഞ്ഞു ഓടാൻ പ്രേരിപ്പിക്കുന്നതിന്റെ നല്ലൊരു ശതമാനവും അങ്ങിനെയുള്ള അധ്യാപക കൂട്ടത്തിന്റെ മാനസിക പീഡനമാണ്. അധ്യാപക സങ്കൽപ്പത്തെ കാലങ്ങളായുള്ള മഹത്വവൽക്കരണത്തിലൂടെ അദ്ധ്യാപകർ അധികാരത്തിന്റ മൂർത്തിഭാവമായി മാറുകയായിരുന്നു.
സർവകലാശാലയിൽ എത്തിയപ്പോഴും സ്ഥിതി വ്യത്യാസമായിരുന്നില്ല. പ്രത്യയ ശാസ്ത്രങ്ങളിലൂടെയും സിന്ധാന്തങ്ങളിലൂടെയും സ്വയം മിനുക്കിയെടുത്ത ബുദ്ധിജീവി കുപ്പായത്തിനുള്ളിലെ കാപട്യങ്ങൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നു . ചില അധ്യാപകരുടെ അധികാരപ്രയോഗത്തിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടോ എന്തൊ എന്നോടുള്ള രൂക്ഷമായ എതിർപ്പുകൾ പ്രതികാരനടപടിയിലേക്കും പകയിലേക്കും കൊണ്ടെത്തിച്ചു. ഒരിക്കൽ ആ കൂട്ടത്തിലുള്ള ഒരു അദ്ധ്യാപകൻ കോഴിക്കോട് അളകാപുരിയിലെ സാഹിത്യവേദിയിലെ സദസ്സിൽ നിന്നും ഒരു പുരസ്‌ക്കാര സമർപ്പണ വേളയിൽ സ്വരം മെല്ലെ താഴ്ത്തി ചെയ്തുപോയ പ്രതികാര നടപടിയിൽ പശ്ചാത്തപിച്ചുകൊണ്ട് സംസാരിച്ചു .ഞാൻ അത് കേട്ടതായി ഭാവിച്ചില്ല. Textഅതിന് മറുപടിയും പറഞ്ഞില്ല. പക്ഷെ ഞാൻ ആ ചടങ്ങിൽ സംസാരിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ ആ അദ്ധ്യാപകൻ വേദിയിൽ നിന്നും ഇറങ്ങിപോയിരുന്നു. പിന്നീട്‌ സർവകലാശാലയിലെ അധ്യാപികയായി വന്നപ്പോഴും പക വിട്ടു മാറിയില്ല . ഇപ്പോഴും ഉണ്ട് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ക്രൂരമായ വിനോദം. പക്ഷെ എപ്പോഴും ഞാൻ ക്ളാസ്സിൽ കയറുമ്പോൾ എന്റെ ക്ലാസ്സിലെ ഓരോ വിദ്യാർഥിയിലും ഞാൻ എന്നെ കാണാറുണ്ട് . എങ്ങിനെ അത്തരത്തിലുള്ള അദ്ധ്യാപകൻ /അദ്ധ്യാപിക ആവാതിരിക്കാം എന്ന് മാത്രമാണ് ഞാൻ എന്റെ അക്കാദമിക ജീവിതത്തിൽ നിന്നും ഉടനീളം പഠിച്ചത് .
പക്ഷെ എന്തുകൊണ്ടാണ് അദ്ധ്യാപകർ ക്ലാസ്സ് മുറിയിൽ അടിമ ഉടമ സംസ്ക്കാരം രൂപപ്പെടുത്തുന്നത് എന്നുള്ള എന്റെ നിരന്തരമായ അന്വേഷണത്തിനുള്ള ഉത്തരമായിരുന്നു അടുത്തിടെ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ജീവൻ ജോബ് തോമസിന്റെ “സർഗോന്മാദം “. ഇവിടെ വിദ്യാർത്ഥി ആയിരുന്നപ്പോൾ ക്ലാസ് റൂമിൽ നിന്നും അനുഭവിക്കുന്ന അധിക്ഷേപങ്ങൾ ഓരോരുത്തരും അതേപടി അധ്യാപകരായി പുതിയ തലമുറയിലേക്ക് കൈമാറുകയാണ്. ജനാധിപത്യ പരമായ സംസ്ക്കാരം ക്ലാസ്സ് മുറികൾക്ക് ഉല്പാദിപ്പിക്കാൻ ആവാത്തവിധമുള്ള വ്യവസ്ഥിതിയാണ് ആധുനിക വിദ്യാഭ്യാസത്തിനുള്ളത്എന്നും. ഇന്റെർണൽ അസ്സസ്മെന്റ് എന്ന മൂല്യനിർണ്ണയം വിദ്യാർത്ഥികളെ അടിമകളാക്കി നിലനിർത്തികൊണ്ടേയിരിക്കുന്നു എന്നതും പുസ്‌തകം ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട് .
അടിമകളെ ഉല്പാദിപ്പിക്കുന്ന ഹാച്ചറിയാണ് ഇന്നത്തെ സാമൂഹിക അവസ്ഥയിൽ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഗുരുകുല സംസ്കാരം കൊണ്ട് വന്ന ജ്ഞാനവ്യവസ്ഥ പൂർണമായും അധികാരപ്രയോഗത്തിന്റെതായ ഇടങ്ങൾ മാത്രമാണ് സൃഷ്ട്ടിച്ചത് എന്നും ഓരോ ഉദാഹരണങ്ങളും പഠനങ്ങളും ചൂണ്ടി കാണിച്ചുകൊണ്ട് അദ്ദേഹം പറയുന്നുണ്ട്. എത്ര സ്വാതന്ത്ര്യബോധമുള്ള മനുഷ്യരും അടിമ ഉടമ വ്യവസ്ഥയിലേക്ക് എത്തിപെട്ടാൽ അധികാരത്തിന്റെ സ്വാദ് അനുഭവിച്ചാൽ ക്രൂരമായ പീഡകരാകും. അടിമകൾ ആണെങ്കിൽ തങ്ങളുടെ ചങ്ങലകളെ ഒന്നു കൂടെ ഉറപ്പിച്ചു ആ സാഹചര്യത്തിലേക്ക് പൂർണമായും പൊരുത്തപ്പെടുകയും ചെയ്യും. സമ്പൂർണ സുരക്ഷിതത്വം തരുന്ന സേഫ് ആയ ഒരു നിലപാടായി അതിനേ കാണുകയും ചെയ്യുന്നു .
മനുഷ്യരിലെ അടിമ ഭാവത്തിനെ കുറിച്ച് മഹാത്മാ ഗാന്ധി ഇങ്ങിനെ പറഞ്ഞിരുന്നു “ഏത് നിമിഷമാണോ താൻ അടിമയല്ല എന്ന് തിരിച്ചറിയുന്നത് ആ നിമിഷം അവനെ ബന്ധിപ്പിച്ച ചങ്ങലകൾ ഓരോന്നായി ഉതിർന്നു വീഴുന്നു. സ്വാതന്ത്ര്യവും അടിമത്തവും ഒരു മാനസികാവസ്ഥയാണ് ” യഥാർത്ഥത്തിൽ ചങ്ങലകളെ പൊട്ടിച്ചെറിയുന്നവന് മാത്രമെ സർഗാത്മകതയുടെ ഉന്മാദം അനുഭവിക്കാൻ കഴിയുള്ളു എന്നുള്ളത് ഒരു നഗ്നമായ സത്യമാണ് സർഗോന്മാദം അനാവരണം ചെയ്യുന്നത്‌ .
മനുഷ്യന് മുന്നിൽ നീണ്ടു കിടക്കുന്ന അറിവിനെ പോലും വ്യക്തമായും കൃത്യമായും തരം തിരിച്ചിട്ടുണ്ട് . ഏറ്റവും പ്രാധാന്യമുള്ളത് എന്ന് പൊതുവായി കരുതപ്പെടുന്ന സയൻസിനെ മുകളിലും കലാപരമായ അറിവുകളെ ഏറ്റവും താഴെ നിലയിലുമാണ് ഉറപ്പിച്ചുവെച്ചത് . തലമുറകളായി അറിവിനെ പോലും വരുതിയിലാക്കാൻ അറിവിന് തടവറകൾ സൃഷ്ട്ടിച്ചിട്ടും അത് പൊട്ടിച്ചു പുറത്തുകടക്കാൻ അവനിലെ സർഗാത്മതക്ക് മാത്രമെ കഴിയുള്ളൂ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് ജീവൻ ജോബ് തോമസ്‌ ഈ പുസ്തകത്തിലൂടെ .അതിന് വളരെ രസകരമായ ഒരു ഉദാഹരണം എന്ന നിലയിൽ ജെയിംസ് കാമറൂൺ എന്ന പ്രസിദ്ധനായ ഹോളിവുഡ് സംവിധായകൻ ഭൂമിയിലെ ഏറ്റവും ആഴമുള്ള ഭാഗമായ പസഫിക്ക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലേക്ക് അന്തർവാഹിനിയിലൂടെ നടത്തിയ യാത്രയിൽ അറിവിനെ സ്പെഷ്യലൈസേഷൻ ആക്കി മാറ്റിയ വ്യവസ്ഥിതിയെ പൂർണമായി തകർത്തുകൊണ്ട് അറിവിന്റെയും അനുഭവത്തിന്റെയും ഭാവനയുടെ ലോകത്തിനേയും ആത്യന്തികമായി അനുഭവത്തിലൂടെ അദ്ദേഹം രൂപപ്പെടുത്തുകയായിരുന്നു എന്ന് പറയുന്നുണ്ട് .
കാമറൂൺ അവതാറിന്റെ തിരക്കഥക്ക് അനുസരിച്ചു സാങ്കേതിക വിദ്യ വളർന്നില്ല എന്ന് തിരിച്ചറിഞ്ഞു അതിനനുസരിച്ചു ചിത്രീകരിക്കാനുള്ള ഫ്യൂഷ്യൻ ക്യാമറ സിസ്റ്റം വികസിപ്പിച്ചെടുത്തത് കലാകാരന് ഒരു ശാസ്ത്രജ്ഞനുമാകാം എന്നുള്ള സത്യത്തിന്റെ തിരിച്ചറിയലും കൂടിയാണ് .അറിവിനെ അതിർത്തിതിരിച്ചു വേർതിരിച്ചുവെച്ച ബോധത്തിനുള്ള പ്രഹരമായി തന്നെ ജീവൻ അതിനേ സൂചിപ്പിക്കുന്നുണ്ട് .
മനുഷ്യന്റെ ആന്തരികമായ ചോദനയാണ് ജിജ്ഞാസ .ജിജ്ഞാസ കൊണ്ട് മാത്രം ഒരു ജീവിതത്തെ ജീവിച്ചു തീർത്ത ഏറ്റവും വലിയ പ്രതിഭാശാലിയായ ലിയനാർഡോ ഡാവിഞ്ചി കാഴ്ചവെച്ച സർഗാത്മക ജീവിതത്തെക്കുറിച്ചും ഒരു നോവൽ വായിക്കുന്ന അനുഭവലോകത്തിലൂടെ വായനക്കാരനെ കൊണ്ട് പോകുന്നുണ്ട് .
അതിരില്ലാത്ത മനുഷ്യസങ്കൽപ്പങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ ഒരു പാഠഭാഗത്തിൽ സൂചിപ്പിച്ചപ്പോൾ ലോക ക്ലാസ്സിക്കുകളായ രാമായണവും ഇലിയഡും ഒഡീസിയും ആശയപരമായുള്ള സാമ്യത എക്കാലത്തെയും അത്ഭുതമാണ് എന്നുള്ള ചിന്തയിലേക്ക് എത്തിച്ചത്. വ്യത്യസ്‌ത കാലഘട്ടത്തിൽ വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നും വന്ന ക്ലാസ്സിക്ക് രചനകൾ തമ്മിലുള്ള സാമ്യത മനുഷ്യമനസ്സിലെ ആദിരൂപങ്ങളിലേക്കുള്ള പ്രയാണമാണ് . പ്രസിദ്ധനായ സൈക്കോ അനലിസ്റ്റ് യൂങിന്റെ ആർക്കിടൈപ്പൽ ക്രിട്ടിസിസം മനുഷ്യ സങ്കല്പങ്ങളിലെ സാമ്യതയെ വിശദീകരിക്കുന്നുണ്ട് .അതുകൊണ്ടാണ് “Archetypes are among the inalienable assets of every psyche ” എന്ന് പറയുന്നത് .
എഴുത്തിനെയും എഴുത്തുകാരനെയും വേർതിരിച്ചു കാണാൻ കഴിയില്ല കാരണം എഴുത്തുകാരന്റെ മനസ്സിന് നേരേ പിടിക്കുന്ന കണ്ണാടിയാണ് എഴുത്തു എന്നാണ് ഇത്രയും കാലം സമൂഹം ധരിച്ചു വെച്ചത് .പക്ഷെ ഓരോ എഴുത്തുകാരന്റെയും എഴുത്തു വായനക്കാരന്റെ നിലപാടുകളും ആവശ്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുമെന്നുള്ള സത്യത്തെ ഈ പുസ്‌തകം അടിവരയിടുന്നുണ്ട് . യഥാർത്ഥത്തിൽ poets are liers എന്ന് പറഞ്ഞ പ്ലേറ്റോയെയാണ് ഈ സാഹചര്യത്തിൽ ഓർത്തെടുത്തത് .
എനിക്ക് ഓർമ്മയുണ്ട് ടീവിയിലും പത്രങ്ങളിലും ഐസ്‌ക്രീം പാർലർ കേസും സൂര്യനെല്ലി കേസും , കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ചുമുള്ള വാർത്തകൾ ഒരു ത്രില്ലർ മൂവി കാണുന്ന മനോഭാവത്തിലാണ് ആൾകൂട്ടം കണ്ട് കൊണ്ടിരുന്നത് . എന്തുകൊണ്ടാണ് ആൾക്കൂട്ടങ്ങൾ ഇത്ര സെൻസിറ്റീവ് ആയി റെസ്പോണ്ട് ചെയ്യുന്നത് എന്ന് എപ്പോഴും ആലോചിക്കാറുണ്ട് .അതിനെക്കുറിച്ചുള്ള ആലോചനയാണ് “കഥയും വിനോദവും “എന്ന ഭാഗത്തിൽ ജീവൻ ജോബ് തോമസ്‌ പരാമർശിക്കുന്നത് .നമ്മൾ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ ഓരോ കഥയിലും വാർത്തയിലും ആസ്വാദനത്തിന്റെ തലത്തിലേക്ക് എത്തുന്നതിനെകുറിച്ചുള്ള ചർച്ചയാണ് .മാധ്യമങ്ങൾ ആഘോഷിക്കുന്ന ഓരോ വാർത്തയും കാഴ്ചക്കാരിലും കേൾവിക്കാരിലും ഉണ്ടാക്കുന്ന വിനോദത്തിന്റെ എലെമെന്റുകൾ പ്രവർത്തിക്കുന്നത് എങ്ങിനെയാണ് എന്ന് ശാസ്ത്രീയതയുടെ ബലത്തിൽ ജീവൻ വെളിപ്പെടുത്തുന്നുണ്ട് .പിന്നീട്‌ മനുഷ്യ ജീവിതത്തിലെ ഏറ്റവും തീവ്രമായ വികാരമായ പ്രതികാരത്തിനെ കുറിച്ചും ഓർമ്മകളെ കുറിച്ചും അതുണ്ടാക്കുന്ന ആഴമുള്ള മുറിവുകളെക്കുറിച്ചും സാഹിത്യത്തിൽ നിന്നും ജീവിതത്തിൽ നിന്നും ഓരോ ഏടുകൾ എടുത്തുകാണിച്ചുള്ള വിവരണമാണ് . ഇതിനെല്ലാമുപരി ഒരു നോവൽ വായനയിൽ നിന്നും വായനക്കാരന് കിട്ടുന്ന അനുഭൂതി എന്താണോ അത് തരാൻ ജീവൻ ജോബ് തോമസിന്റെ നോൺഫിക്ഷൻ രചനക്ക് കഴിഞ്ഞിട്ടുണ്ട് .അങ്ങിനെയാണ് സംഭവങ്ങളുടെയും അനുഭവങ്ങളുടെയും പഠനങ്ങളുടെയും വിവരണങ്ങൾ ഈ പുസ്തകത്തിൽ സജ്ജീകരിച്ചത് . അതൊക്കെയും ഒരു നോവലിസ്റ്റും കൂടിയായ എഴുത്തുകാരന്റെ ഭാവനാത്മകമായ ലോകം മാത്രമല്ല ശാസ്ത്രീയമായ സത്യങ്ങളും കൂടിയാണ്‌ ആത്യന്തികമായി സർഗാത്മകത മനുഷ്യജീവിതത്തിനെ സ്വാതന്ത്ര്യത്തിന്റെ അനന്തമായ സാധ്യതയിലേക്കാണ് നയിക്കുന്നത് എന്നും അത് സാധ്യമാവണമെങ്കിൽ അടിമത്തമെന്ന മാനസിക ശാരീരിക അവസ്ഥയെ സ്വയം ചെറുത്തു തോൽപ്പിക്കണമെന്നും സർഗോന്മാദത്തിലൂടെ വായനക്കാരനെ ഉത്ബോധിപ്പിക്കുന്നുണ്ട് ജീവൻ ജോബ് തോമസ് .

Comments are closed.