മീനച്ചിലാറ്റിലെ രാത്രി; അയ്മനം ജോണ്‍ സംസാരിക്കുന്നു
അഭിമുഖം
അയ്മനം ജോണ്‍/പ്രകാശ് മാരാഹി
മീനച്ചിലാറ്റിലെ രാത്രി, താങ്കളുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ്. ആദ്യ കഥയായ ‘ക്രിസ്മസ് മരത്തിന്റെ വേര്’ എഴുതപ്പെട്ടിട്ട് അഞ്ചു പതിറ്റാണ്ടോളമാകുന്നു. ജീവിതത്തിന്റെയും എഴുത്തിന്റെയും ഈ രണ്ടു കാലങ്ങളെയും എങ്ങനെയൊക്കെയാണ് ഇപ്പോള്‍ നോക്കിക്കാണുന്നത്?
അക്കഥയെഴുതപ്പെട്ട കാലത്തിനും ഇക്കാലത്തിനുമിടയില് ലോകം വിസ്മയകരമായ വിധത്തില്‍ മാറിപ്പോയിട്ടുണ്ട്. ഭൗതികമായ മാറ്റങ്ങളില്‍ ചിലതൊക്കെ അക്കാലത്തുണ്ടായിരുന്ന പ്രത്യാശകളുടെ സാക്ഷാല്ക്കാരങ്ങളായി അനുഭവപ്പെടുന്നുമുണ്ട്. ഭക്ഷണദാരിദ്ര്യത്തിന് വലിയൊരളവോളം അറുതി വന്നതും, അടിസ്ഥാനജീവിതസൗകര്യങ്ങള്‍ ഒത്തിരിയേറെ മെച്ചപ്പെട്ടതുമൊക്ക അക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ അതേ കാലയളവില്‍ സംഭവിച്ചിട്ടുള്ള പ്രകൃതിനാശങ്ങള്ക്കും രാഷ്ട്രീയാപച്യുതികള്ക്കും സാമൂഹിക അന്തച്ഛിദ്രങ്ങള്‍ക്കും ആകമാനമുള്ള മൂല്യനാശങ്ങളുമൊക്കെ മുന്നില്‍ കാണുമ്പോള്‍ അതൊക്കെയും തുച്ഛമായ സംതൃപ്തികളായി മാത്രമേ അനുഭവപ്പെടുന്നുള്ളൂ. ഭൗതികമായ അരാജകാവസ്ഥകള്‍ മാറുമ്പോള്‍ സാമൂഹ്യജീവിതവും അതിനൊത്തവിധം കൂടുതല്‍ സന്തുഷ്ടമായേക്കും എന്നൊരു പ്രതീക്ഷ ഇല്ലായ്മയുടെ കാലത്ത് ഉള്ളില്‍ പേറിയിരുന്നു. അതിനാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്.
ഇനി എഴുത്തിന്റെ കാര്യത്തിലേക്ക്. ജീവിതത്തെ ഏറ്റവുമേറെ ഭാവനാത്മകതയോടെയും പ്രത്യാശകളോടെയും നോക്കിക്കണ്ടിരുന്ന യൗവ്വനാരംഭത്തിലാണ് ഞാന്‍ ‘ക്രിസ്മസ് മരത്തിന്റെ വേര്’ എഴുതിയിട്ടുള്ളത്.മലയാളഗദ്യസാഹിത്യം പ്രമേയകല്പനയിലും ഭാഷാവിന്യാസത്തിലും വലിയ നവീകരണത്തിനു വിധേയമായ പോസ്റ്റ്-ഖസാക്ക് കാലവുമാണത്. ആധുനികരായ ഒരുകൂട്ടം എഴുത്തുകാരും വലിയ വായനാപരിചയമുള്ള ഏതാനും നിരൂപകരും ചേര്‍ന്ന് സാഹിത്യഭാവുകത്വത്തെ കലാപകരമായ മാറിമറിയലുകള്‍ക്ക് സജ്ജമാക്കിയിരുന്നു. പ്രലോഭനീയമായ ഭാഷാവ്യത്യസ്തതകളുമായി യുവഎഴുത്തുകാര്‍ പലരും രംഗത്തുണ്ടായിരുന്നു. തന്നെയുമല്ല-കടന്നുവരുന്ന പുതുശബ്ദങ്ങളോരോന്നും എളുപ്പം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മലയാള സിനിമയിലും അക്കാലം നവതരംഗത്തിന്റെ ആവിര്‍ഭാവമുണ്ടായി. അതിനൊക്കെയൊപ്പം കാതലായ സാമൂഹ്യമാറ്റങ്ങള്‍ സ്വപ്നം കണ്ട് നാട്ടിലെ സാമൂഹ്യബോധമുള്ള യുവത തീവ്രവാദഗ്രൂപ്പുകള്‍ സൃഷ്ടിച്ച് വിപ്ലവാത്മകമായ രാഷ്രീയ മാറ്റങ്ങള്‍ കൊണ്ടുവരാനും യത്നിച്ചു. ആ കലാപകര്ക്കൊക്കെയൊപ്പം കക്ഷി ചേരുവാന്‍ എന്റെ പക്കല്‍ എഴുത്തിന്റെ ഉപാധിയേ ഉണ്ടായിരുന്നുള്ളൂ. അതുപയോഗിച്ച് ഞാന്‍ നടത്തിയ ഐകദാര്ഢ്യയത്നമായിരുന്നു ‘ക്രിസ്മസ് മരത്തിന്റെ വേര്”എന്ന കഥ. പൊതുവെ പ്രക്ഷു
ബ്ധമായിരുന്ന യുവമനസ്സുകളിലുണ്ടായിരുന്ന പ്രത്യാശകളെ ദ്യോതിപ്പിക്കുന്ന ഒരു പര്യവസാനമായിരുന്നു ആ കഥയ്ക്കുണ്ടായിരുന്നത്.
എന്നാല്‍ ചരിത്രം കാത്തുവച്ചിരുന്നത് അടിയന്തരാവസ്ഥയും അയോധ്യാസംഭവവും അതേത്തുടര്‍ന്നുള്ള അന്തച്ഛിദ്രങ്ങളും ചിന്നിച്ചിതറലുകളുമൊക്കെയായിരുന്നു. എല്ലാ കോളിളക്കങ്ങള്‍ക്കും ശേഷം ഇന്ന് എത്തി നില്ക്കുന്നതോ-ഏറ്റവും പ്രതിലോമകരമായ ഒരവസ്ഥാവിശേഷത്തിലും.
അങ്ങനെ ഇന്നെനിക്ക് പറയാനുള്ളതിലേറെയും പ്രത്യാശാനഷ്ടങ്ങളെപ്പറ്റിയായിപ്പോയിട്ടുണ്ട്. അതു കൊണ്ട് വിപരീതാര്‍ത്ഥത്തിലുള്ള ഒരു പാരസ്പര്യമാണ് എന്റെ ആദ്യ
കാലത്തെയും ഇക്കാലത്തെയും കഥകള്‍ക്ക് തമ്മിലുള്ളതായി എനിക്ക് തോന്നുന്നത്. മേല്‍പ്പറഞ്ഞ ചരിത്രപശ്ചാത്തലത്തോട് ചേര്‍ത്ത് വായിച്ചാല്‍ അക്കഥകളൊന്നിച്ച് ചേര്‍ത്ത് തുടക്കവും തുടര്‍ച്ചയും ഒടുക്കവുമുള്ള ഒരൊറ്റക്കഥയായി വായിക്കാവുന്നതേയുള്ളൂ എന്നും തോന്നുന്നു.
എല്ലാത്തരം അപചയങ്ങളോടും ഒരുതരം ഒത്തുതീര്പ്പുമനോഭാവത്തോടെ സമരസപ്പെട്ട് മുന്നോട്ട്
പോകുന്ന നമ്മുടെ പുതിയ കാല ജീവിതക്രമം എഴുത്തിന്റെ തുടക്കകാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത്രകണ്ട് പ്രചോദനാത്മകമായി അനുഭവപ്പെടുന്ന ഒന്നല്ലെന്നുകൂടി പറയട്ടെ. അതുകൊണ്ടുള്ള ഉദാസീനതയും അലംഭാവവും എന്റെ എഴുത്തു
ഭാഷയിലുണ്ടായ മാറ്റങ്ങളില്നിന്ന് വായിച്ചെടുക്കാവുന്നതേയുള്ളൂ.
‘വീട് നദീതടം ചില ഓര്‍മ്മക്കുറിപ്പുകള്‍’ ഇത് ഒരു കഥയുടെ പേരാണ്. അയ്മനം ജോണിന്റെ കഥകളുടെ ഒരു പൊതുഭാവം-പരിസ്ഥിതി/ഗൃഹാതുരത്വം-ഇങ്ങനെയാണെന്നു നിര്വചിക്കേണ്ടിവരുന്നുണ്ടോ, അഥവാ അങ്ങനെയൊരു നിരീക്ഷണത്തിലേക്കുവരുന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഒരു ബാധ്യത അല്ലേ?
ബാല്യകൗമാരങ്ങള്‍ മുഴുവന്‍ ഒരേ ചുറ്റുപാടുകളില്‍ തളച്ചിടപ്പെട്ടിരുന്ന എന്റെ ജീവിതം അത് കഴിഞ്ഞ് അനിശ്ചിതമായ ഊരുചുറ്റലുകളിലേക്ക് അഴിച്ചു വിടപ്പെടുകയാണുണ്ടായത്. അതുകൊണ്ട് ഗൃഹാതുരതയുടെ അനുഭവം എനിക്കേറെ പരിചിതമാണ്. ജീവിതാനുഭവങ്ങളുമായി ഗാഢബന്ധമുള്ള എന്റെ കഥകളിലേക്കും ആ വികാരവിശേഷം കടന്നു കയറുന്നത് എനിക്ക് തടയുവാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല കഥകള്‍ ഏതെങ്കിലുമൊരു ജീവിതസന്ദര്‍ഭത്തെ ചുറ്റിപ്പറ്റി എഴുതപ്പെടുന്നവയാണെന്ന് പ്രമാണം പോലെ
പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും. എന്റെ അനുഭവത്തില്‍ പല ജീവിതസന്ദര്‍ഭങ്ങള്‍ ഒന്നിച്ചു ചേരുമ്പോഴാണ് പലപ്പോഴും കഥാപ്രമേയങ്ങള്‍ രൂപപ്പെടാറുള്ളത്. അക്കാരണം
കൊണ്ടും കഥകളില്‍ പൊതുവെ ഭൂതകാലത്തിന്റെ കലര്‍പ്പ് കുറച്ച് കൂടുതലായിപ്പോയിട്ടുണ്ടാകാം. കഥകളിലെ പരിസ്ഥിതിവിചാരങ്ങളുടെ കഥയും മറ്റൊന്നല്ല. പ്രകൃതിയുമായി അടുത്തിടപഴകിയിരുന്ന ഒരു ജീവിതപശ്ചാത്തലമാണ് എനിക്കുള്ളത്. ബാല്യം മുതല്‍ കൂടുതല്‍ നേരവും ഏകാകിയായി കഴിയാന്‍ ഇഷ്ടപ്പെട്ടിരുന്ന പ്രകൃതമായിരുന്നതുകൊണ്ട് കണ്ണും കാതും കൂടുതല്‍ സംവദിച്ചിട്ടുള്ളതും പ്രകൃതിയുമായാണ്. അങ്ങനെ പ്രകൃതിബോധം എന്റെ വൈകാരികജീവിതത്തിന്റെ ഭാഗം തന്നെയായി. എഴുത്തിലേക്ക് വരും മുന്‍പുള്ള വായനയുടെകാലത്തും പ്രകൃതികേന്ദ്രിതമായ രചനകളോടായിരുന്നു എനിക്ക് കൂടുതല്‍ ആഭിമുഖ്യം. ആ ഇഷ്ടങ്ങളും പക്ഷപാതങ്ങളുമൊക്കെ ഞാനെഴുതുന്ന കഥകളിലും പ്രതിഫലിക്കുന്നത് സ്വാഭാവികമല്ലേ?
അതൊക്കെ വായനക്കാരും തിരിച്ചറിയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. എന്നാല്‍ എഴുതുന്ന കഥകളെ മുഴുവനായി അങ്ങനെ മാത്രം അടയാളപ്പെടുത്തുന്നത് ശരിയല്ലെന്ന് നല്ല ബോധ്യവുമുണ്ട്. അതുകൊണ്ട് അത്തരം വിശേഷണങ്ങള്‍ ഒരര്‍ത്ഥത്തിലും എന്റെ എഴുത്തില്‍ ബാധ്യത ഏല്പ്പിക്കുന്നതായൊന്നും കരുതുന്നില്ല. അനുഭവലോകത്തിനപ്പുറമുള്ള പ്രമേയങ്ങള്‍ എഴുത്തിനായി സ്വീകരിക്കാന്‍ അല്ലെങ്കില്‍തന്നെ എനിക്ക് വിമുഖതയുണ്ട് താനും. ഇപ്പറഞ്ഞത് കൂടാതെ മറ്റു പരിമിതികളും എന്റെ കഥകള്‍ക്കുണ്ടെന്ന് ഒരു പക്ഷേ, വായനക്കാര്ക്കുള്ളതില് കൂടുതല്‍ കൃത്യമായ തിരിച്ചറിവും എനിക്കുണ്ട്.
കഥയെഴുത്ത്, ജോലിയുടെ ഭാഗമായി ഇന്ത്യയുടെ പലഭാഗങ്ങളിലായുള്ള അപ്രതീക്ഷിത സ്ഥലം മാറ്റങ്ങള്‍, ജീവിതം. അവയെക്കുറിച്ചൊക്കെ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നതെന്താണ്?
തുടക്കത്തില്‍ പറഞ്ഞതുപോലെ ‘എഴുത്തി’നെ അതിന്റെ ആരംഭകാലത്ത് ജീവിതത്തിലെ മുഖ്യപരിഗണനയായി കരുതിയിരുന്നുവെങ്കിലും ഔദ്യോഗികജീവിതത്തിലേക്ക് കടന്നതോടെ അതങ്ങനെയല്ലാതായിക്കഴിഞ്ഞിരുന്നു. ഉള്ളിലുണ്ടായിരുന്ന യാത്രാമോഹങ്ങളുടെ സാഫല്യമാണ് പിന്നീട് കുറേക്കാലത്തേക്ക് ലക്ഷ്യമാക്കിയത്. അങ്ങനെയുണ്ടായ അകലം എഴുത്തിനോടുള്ള സമീപനത്തെ ഉദാസീനമാക്കി. വന്‍നഗരങ്ങളിലെ ജീവിതകാലം-ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ അതുവരെ അന്യമായിരുന്ന തിരിച്ചറിവുകള്‍ നല്കി ജീവിത കാഴ്ചപ്പാടുകളെ പല വിധേന പരിപോഷിപ്പിച്ചുവെന്നു മനസ്സിലാക്കുന്നുവെങ്കിലും -അനുഭവിച്ച കാലത്ത് നല്ലൊരളവോളം തിക്തമായിരുന്നു.
മീനച്ചിലാറ്റിലെ രാത്രിവാങ്ങാന് ക്ലിക്ക് ചെയ്യൂ
Comments are closed.