മരണം ഒരു കൊലപാതകമാകുമ്പോള്?
അനൂപ് എസ് പി-യുടെ ‘അന്വേഷണച്ചൊവ്വ’ എന്ന നോവലിന് ഹരികൃഷ്ണന് രവീന്ദ്രന് എഴുതിയ വായനാനുഭവം
“ശരിയാണ് എത്ര സ്നേഹിക്കുന്ന ഭർത്താവാണെന്ന് പറഞ്ഞാലും ഭാര്യയാണെന്ന് പറഞ്ഞാലും സഹോദരനും കൂട്ടുകാരും ആണെന്ന് പറഞ്ഞാലും പരസ്പരം പങ്കുവയ്ക്കാത്ത എന്തെങ്കിലും ഒരു രഹസ്യം അവർക്കിടയിൽ ഉണ്ടായിരിക്കും. അത് തീർച്ചയാണ്.
” ഇതെന്റെ വാക്കുകളല്ല, അനൂപ് എസ് പിയുടെ ആദ്യ നോവലായ അന്വേഷണച്ചൊവ്വയുടെ പുറംച്ചട്ടയിലെ വരികളാണിവ…ആദ്യം ഈ വരികളിലൂടെ കണ്ണോടിച്ചപ്പോൾ ഉദ്ദേശിക്കുന്ന കാര്യം ശരിയാണ്,പക്ഷേ പുസ്തകവായനയിലേക്ക് ആകർഷിപ്പിക്കുവാനുള്ള സ്ഥിരം ജിമിക്ക് വാക്കുകളായിരിക്കാം ഇതൊക്കെ നമ്മൾ എത്രയോ കണ്ടിരിക്കുന്നു എന്നൊരു തോന്നലായിരുന്നു ആദ്യമുണ്ടായത് സത്യസന്ധമായി പറഞ്ഞാൽ….സ്ഥിരമൊരു കഥാപരിസരവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു മരണവും, തുടരന്വേഷണങ്ങളും,യഥാർത് ഥ കൊലയാളിയിലേക്ക് എത്തുന്നതുമൊക്കെയായുള്ള സ്ഥിരം ക്ലീഷേ കുറ്റാന്വേഷണ നോവൽ എന്ന ധാരണയോടെ ഒരു മുൻവിധിയോടെ എന്ന് പുറമേ ഉറപ്പിക്കിലേലും,ഉള്ളിന്റെ ഉള്ളിൽ ഇഷ്ട മേഖല അതായത് കൊണ്ട് പ്രതീക്ഷകൾ പ്രതീക്ഷകളായി തന്നെ നിലനിർത്തി വായന തുടങ്ങാമെന്ന് കരുതി…ഒരു സിനിമയിൽ ഇഷ്ട താരത്തിന്റെയോ അപ്രതീക്ഷിത താരത്തിന്റെയോ ഒന്നോ രണ്ടോ പ്രകടനങ്ങൾ,നൂറെണ്ണത്തിൽ പത്തിൽ താഴെ ചില മേഖലകൾ മാത്രം മികവുറ്റതായി എന്ന് കരുതി ആ സിനിമ മൊത്തത്തിൽ മികവ് പുലർത്തി എന്ന് പറയാൻ പ്രേരിപ്പിക്കുന്ന മനസ്സിന് പിന്നിലായി പുറത്ത് വരാത്ത എന്നാൽ തെളിമയോടെയുള്ള പ്രതീക്ഷകളും വിശ്വാസങ്ങളുമാണ്,പരിപൂർണ്ണത അവകാശപ്പെടുവാനാവില്ലെങ്കിലും ആസ്വാദകനെന്ന രീതിയിൽ അവനെ സംതൃപ്തപ്പെടുത്തുന്ന ചിലത് മാത്രം ഉണ്ടെങ്കിൽ അവിടെ അദൃശ്യമായ ആസ്വാദകപരിപൂർണ്ണത കളിയാടുകയായി…!!! പുസ്തകത്തിലും സ്ഥിതി മറിച്ചല്ല എന്നത് അനുഭവസാക്ഷ്യമാണ്…സിനിമ മറവിയിലേക്ക് യാത്രയാകുമ്പോ,പുസ്തകം പക്ഷേ നമ്മോളൊടൊപ്പം തന്നെ നിലനിൽക്കുന്നു നമ്മുടെ ചാരെ എന്നത് പോലെ….!!!
സമീപകാലത്തായി വായിച്ചനുഭവിച്ച നിരവധി കുറ്റാന്വേഷണ നോവലുകളുണ്ട്…എണ്ണത്തിൽ മറ്റ് മേഖലയിലെ സാഹിത്യ രചനകളേക്കാൾ ബഹു ദൂരം മുന്നിലാണവ,ഈ അടുത്ത് പുറത്തിറങ്ങുന്നവയിൽ ബഹുഭൂരിപക്ഷവും ആ തരത്തിലുള്ളത് കൊണ്ടും, സുഗഗമായി ആദ്യാവസാനം ആകാംക്ഷയോടെ വായിക്കാൻ പ്രേരിപ്പിക്കുന്നതുമാകാം കാരണങ്ങൾ…അനൂപിന്റെ പുതിയ അതിനേകാൾ പ്രധാനമായി ആദ്യ നോവലായ അന്വേഷണച്ചൊവ്വ മേൽ പറഞ്ഞ കുറ്റാന്വേഷണ നോവലുകളിൽ നിന്നെല്ലാം വ്യത്യസ്ഥമാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. രണ്ട് ഭാഗങ്ങളിലായി രൂപപ്പെടുത്തിയ നോവൽ, വളരെ ലൈറ്റ് ആയി തുടങ്ങുന്ന കഥ ആദ്യ ഭാഗത്തിന്റെ അവസാനമെത്തുന്നത് വരെ ഒരു പ്രത്യേക രീതിയിലും, രണ്ടാം ഭാഗത്തിലെ കഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന പുതു കഥപറച്ചിൽ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്, ആദ്യ ഭാഗങ്ങൾ രണ്ടാം ഭാഗത്തിലും, രണ്ടാം ഭാഗത്തിലെ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങൾ ആദ്യ ഭാഗങ്ങളിലെ കഥകളിലെ സത്യാവസ്ഥകൾ തുറന്ന് കാട്ടുന്നു.
കേവല മരണമെന്നത് കൊലപാതകം ആകുമ്പോ സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും മാത്രം അടിസ്ഥാനത്തിലൊതുങ്ങാതെ അതിന്റെ യഥാർത്ഥ വസ്തുതകളിലേക്ക് ആധികാരികമായി നീങ്ങുമ്പോ സാക്ഷികളാകാം പ്രതികൾ..കഥാപാത്രങ്ങൾ നിരവധി വരുന്ന നോവലിൽ രണ്ട് ഭാഗങ്ങളിലുമായി അവരവരുടെ കണ്ണുകളിലൂടെ കഥ മുന്നോട്ട് പോകുമ്പോ അന്വേഷകനും വായനക്കാരനും ഒന്നായുള്ള യാത്രയിൽ എഴുത്തുക്കാരനോടൊപ്പം പലരിലുമായി സംശയത്തിന്റെ വിരൽ ചൂണ്ടുമ്പോൾ അവിടെല്ലാം ആധികാരതയുടെ സ്പർശമുള്ളതിനാൽ യഥാർത്ഥ പ്രതിയിലേക്ക് എത്തുമ്പോ ആധികാരികത മാത്രമല്ല കഴിഞ്ഞ കാലവും പുന സൃഷ്ടിക്കപ്പെടുന്നു….!!!!
അന്വേഷണ ച്ചൊവ്വ എന്ന യൂ ട്യൂബ് ചാനൽ അന്വേഷണ പരിപാടി അന്വേഷിച്ച് അന്വേഷിച്ച് അവസാനം അതിന്റെ അണിയറ പ്രവർത്തകർക്ക് തന്നെ അവരുടെ ജീവിതങ്ങൾ അന്വേഷണവിധേയമാകുമ്പോൾ കാണുന്നതും അറിയുന്നതുമെല്ലാം ഞെട്ടലുളവാക്കുന്നതാണ്…ആദ്യ വരിയിൽ സൂചിപ്പിച്ചത് പോലെ അജ്ഞാതമായ ആ ഒരു രഹസ്യം അതെത്ര ചെറുതാണേലും ഒരു വേളയിൽ അത് വളരെ വളരെ വലുത് തന്നെയായിരിക്കും….അന്വേഷണ ച്ചൊവ്വ എന്ന നോവൽ വായിച്ച് കഴിഞ്ഞ് ഞാൻ ഒരിക്കൽ കൂടി മുൻ പേജിൽ പോയി,ഒരു കാര്യം ഉറപ്പിക്കുവാൻ മാത്രം,അനൂപ് എസ് പിയുടെ ആദ്യ നോവൽ തന്നെയാണ് ഇത് എന്നത്……!
Comments are closed.