DCBOOKS
Malayalam News Literature Website

മനുഷ്യ മനസ്സ് ഒരുപാട് രഹസ്യങ്ങള്‍ നിറഞ്ഞ ഒരു പേടകം തന്നെ!

അനൂപ് എസ് പി-യുടെ ‘അന്വേഷണച്ചൊവ്വ’ എന്ന നോവലിന് വിനോദ് ചെറുവൈകല്‍ എഴുതിയ വായനാനുഭവം 
മലയാളത്തിലെ ക്രൈം ഫിക്ഷൻ നോവലുകളുടെ പൊതു സ്വഭാവം മാറുകയാണ്. ഒരു സംഭവവും അതിനെ കേന്ദ്രീകരിച്ചു മാത്രം നീങ്ങുന്ന കഥയും എന്ന രീതി പൊളിച്ചെഴുതുന്ന പുസ്തകങ്ങളാണ് അതിനു ചുക്കാൻ പിടിക്കുന്നതും. ആ മാറ്റത്തിനോടൊപ്പം സഞ്ചരിക്കുന്ന നോവലാണ് അന്വേഷണച്ചൊവ്വയും. അവതരണത്തിലും എഴുത്തിലും ആ പുതുമ കൊണ്ടുവരാൻ കന്നി നോവലിസ്റ്റായ അനൂപിനും സാധിച്ചു.
സമയത്തിന് മറ്റെന്തിനെക്കാളും വിലയുള്ള ഈ കാലഘട്ടത്തിൽ ഒരാൾ അയാളുടെ Textജീവിതത്തിലെ ഏതാനും മണിക്കൂറുകൾ (ഓർക്കുക, ഒരു സിനിമയ്ക്ക് പോലും രണ്ടര മണിക്കൂർ മാത്രമേയുള്ളു.) ഒരു പുസ്തകത്തിനു വേണ്ടി ചിലവഴിക്കുക എന്നു പറയുന്നത് ചെറിയൊരു കാര്യമല്ല. അതുകൊണ്ടുതന്നെ ഒരു എഴുത്തുകാരന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളി വായനക്കാരെ പുസ്തകത്തിനു മുന്നിൽ എങ്ങനെ പിടിച്ചിരുത്താം എന്നതാണ്. പ്രത്യേകിച്ചും സമയം കളഞ്ഞുകുളിച്ചു എന്നപേരിൽ കോലാഹലങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള ഇന്നത്തെ അവസ്ഥയിൽ. അവിടെയാണ് അന്വേഷണച്ചൊവ്വയെന്ന നോവലും അതിന്റെ കഥകൃത്തും വിജയിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ ആരംഭത്തിൽ എഴുത്തുകാരൻ തരുന്നൊരു വാക്കുണ്ട്. താൻ കാരണം വായനക്കാരുടെ വിലപ്പെട്ട സമയം പാഴാക്കി കളയില്ലായെന്നു.  അതു അക്ഷരംപ്രതി ശരിവയ്ക്കുന്ന വളരെ ലളിതവും അതേ സമയംതന്നെ ത്രില്ലിംഗ് ആയും എഴുതിയിരിക്കുന്ന പുസ്തകമാണിത്. ഓരോ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയും, അവരുടെ വികാരങ്ങളെ സ്വന്തം മനസ്സിലേക്ക് ആവാഹിച്ചു കൂടെ സഞ്ചരിക്കുന്ന വായനക്കാരും ഒരേതട്ടിൽ നിൽക്കുന്നു.
യൂട്യൂബിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിലും കൂട്ടുകാരിലും തുടങ്ങുന്ന കഥ പിന്നീട് സ്റ്റെല്ലയിലേക്കും തുടന്ന് പലരിലൂടെ നിരവധി ട്വിസ്റ്റുകളും സസ്‌പെൻസുകളും താണ്ടി അവസാനിക്കുന്നു. സാധാരണ ക്രൈം ത്രില്ലറുകളിൽ കണ്ടുവരുന്നതുപോലെ ഒരൊറ്റ കേന്ദ്ര കഥാപാത്രത്തിൽ മാത്രം കറങ്ങി തിരിഞ്ഞു നിൽക്കുന്ന ഒന്നല്ല അന്വേഷണച്ചൊവ്വ. മറിച്ച് എല്ലാ കഥാപാത്രങ്ങൾക്കും കഥയോടൊപ്പം അത്രതന്നെ പ്രധാന്യത്തോടെ ഇടം നൽകിയിരിക്കുന്നു.  മറ്റൊരു ആകർഷണം പ്രവാചനാതീതമായ ഉള്ളടക്കമാണ്. വായിച്ചു തുടങ്ങുമ്പോൾ കഥ എങ്ങോട്ടേക്കാണ് പോകുന്നതെന്നോ അവസാനം എന്താകുമെന്നോ പ്രവചിക്കാൻ സാധിക്കില്ല. ഓരോ പേജ് മറിയുമ്പോഴും കഥയുടെ പാറ്റേൺ മാറി മാറി വരുന്നതും പിരിമുറുക്കം ഏറി വരുന്നതും അനുഭവിക്കാനാകും. ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടു പോകാൻ സാധ്യതയുള്ള വിഷയത്തെ ഭംഗിയായി കൈയടക്കത്തോടെ അവതരിപ്പിച്ചു. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ അതു സ്പോയ്ലർ ആകുമെന്നതിനാൽ ഇവിടെ നിർത്തുന്നതാകും ഭംഗി.
എന്തായാലും ഡി സി ബുക്സ് അപ്മാർക്കറ്റ് ഫിക്ഷൻ എന്ന പുതിയ മുദ്രണം തുടങ്ങുമ്പോൾ അതിൽ ആദ്യമായി പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാൻ എന്തുകൊണ്ടും യോഗ്യതയുള്ളത് തന്നെയാണ് അന്വേഷണച്ചൊവ്വ എന്നതിൽ ഒരു വായനക്കാരൻ എന്ന നിലയ്ക്ക് എനിക്കു നൂറു ശതമാനം ഉറപ്പുണ്ട്. കാരണം അത്തരത്തിൽ വളരെ ആസ്വാദ്യകരമായാണ് ഞാൻ ഈ നോവൽ വായിച്ചു തീർത്തത്.
പുസ്തകരചനയിലേക്കുള്ള  കാൽവയ്പ്പു തന്നെ ഗംഭീരമാക്കിയ അനൂപിന് തുടർന്നും ഇത്തരത്തിൽ നിലവാരമുള്ളതും മികച്ചതുമായ ഒരുപാട് പുസ്തകങ്ങൾ എഴുതുവാൻ സാധിക്കട്ടെയെന്നു ഞാൻ മനമറിഞ്ഞു ആശംസിക്കുന്നു.

 

നിങ്ങളുടെ കോപ്പി  ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.