DCBOOKS
Malayalam News Literature Website

പ്രേമനഗരത്തിലെ ആചാര ലംഘനങ്ങൾ

ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന നോവലിന് ആദിത്യ ലക്ഷ്മി എഴുതിയ വായനാനുഭവം

“Love looks not with the eyes, but with the mind, and therefore is wing’d cupid painted blind” എന്നാണ് ഷേക്‌സ്‌പിയർ ഒരിക്കൽ പ്രണയത്തെ മനോഹരമായി വർണ്ണിച്ചത്. പ്രണയം നിർവചനാതീതമാണ്. പ്രണയത്തിന്റെ ആഴവും പരപ്പും വായനക്കാരന്റെ ചിന്തയെയും ഭാവനയെയും തലച്ചോറിനെയും ശരീരത്തെയും ഒരുപോലെ ത്രസിപ്പിക്കുന്ന രീതിയിലാണ് ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം പടുത്തുയർത്തിയിരിക്കുന്നത്. പ്രേമം പോലെ മനുഷ്യനെ ഇത്രയധികം വ്യാകുലപ്പെടുത്തുന്ന മറ്റൊന്നും ഭൂമിയിലില്ല. സദാചാരത്തിന്റെ Textചങ്ങലകളിൽ ബന്ധിക്കപ്പെട്ട, ഭയന്ന് ജീവിക്കണ്ട സാമൂഹ്യ ജീവികളാണ് കാലാകാലങ്ങളായി മനുഷ്യർ. അത്തരക്കാർക്കിടയിലാണ് തീവ്ര പ്രണയത്തിന്റെയും രതിയുടെയും ആത്മബോധത്തിന്റെയും കണ്ണികൾ കഥാകാരൻ വിളക്കിച്ചേർത്തത്. DC ബുക്സ് മലയാളത്തിൽ ആദ്യമായി പ്രേത്യേക മുദ്രണം നൽകി പുറത്തിറക്കിയ ‘അപ്മാർക്കറ്റ് ഫിക്ഷൻ’ വിഭാഗത്തിലാണ് നോവൽ ഉൾപ്പെടുന്നത്. സാഹിത്യപരതയോടൊപ്പം തന്നെ ജനകീയമായ താല്പര്യമുണർത്തുന്ന രചനാരീതി കൈക്കൊണ്ട് കഥാപാത്രങ്ങൾക്കും പ്രേമയത്തിനും തുല്യ പ്രാധാന്യം നൽകുന്നവയാണ് ഈ വിഭാഗത്തിലെ നോവലുകൾ.

മലയാളസാഹിത്യം ഇതുവരെ രുചിച്ചതിൽ നിന്നും പുതുമയുള്ള കൂട്ട് ചേർത്ത് പാകം ചെയ്യപ്പെട്ടതാണ് പ്രേമനഗരം. നാല്പത് കഴിഞ്ഞ സ്ത്രീയും മുപ്പതു കഴിഞ്ഞ പുരുഷനും തമ്മിലുള്ള അതിതീവ്ര പ്രണയത്തിന്റെ വരച്ചുകാട്ടലാണ് നോവലിന്റെ സൗന്ദര്യം. ഇത് വായിച്ചു വിയർക്കുന്ന സദാചാരവാദികളാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ നെറുകയിൽ പതിയുന്ന പ്രഹരമാണ് കഥയിലെ നായിക. വിവാഹിതയാണെന്നതും, അവർക്ക് പതിനേഴു വയസ്സുള്ള മകളുണ്ടെന്നതും തന്നെ. എത്ര പുരോഗമനവാദിയും നാല്പതു വയസ്സു കഴിഞ്ഞ ഒരു സ്ത്രീ പ്രേമിക്കുന്നു എന്നു കേൾക്കുമ്പോൾ അവളുടെ ഉദ്ദേശശുദ്ധിയെ ആദ്യമേ സംശയിച്ചേക്കാം. സംശയം നമ്മൾ മലയാളികളുടെ രക്താണുവാണല്ലോ. വിവാഹിതയായ സ്ത്രീ കൂടിയാണെങ്കിൽ ശാരീരികമായും മാനസികമായും അവർ മുറിപ്പെട്ടെന്നുവരാം. പൊടിപ്പും തൊങ്ങലും ചേർത്ത സംശയത്തിന്റെ മായലോകം അവരെ കാർന്നു തിന്നേക്കാം. ഈ ചിന്തകളെല്ലാം തന്നെയാണ് നമ്മളെ ഭയന്നു ജീവിക്കുന്ന സാമൂഹ്യ ജീവിയാക്കുന്നത്. എന്നാൽ എല്ലാ സദാചാരങ്ങളുടേയും കെട്ടറുക്കുന്നത് പ്രേമമാണ്. ഒരാൾ പ്രേമത്തിലകപ്പെടുകയെന്നാൽ സ്വാതന്ത്ര്യത്തിന്റെ ചിറകു മുളയ്ക്കുന്നു എന്നാണർത്ഥം. ഇതര ചരാചരങ്ങൾ പോലും കമിതാക്കൾക്കു മുന്നിൽ നിന്നും മാഞ്ഞുപോകുന്നു. പ്രേമം മനുഷ്യനെ ഒരേസമയം ലജ്ജയും നാണവുമില്ലാത്തവനും എന്നാൽ ഭാവനയും കരുണയുമുള്ളവനുമാക്കുന്നു. നോവലിലുടനീളം കമിതാക്കൾ കടന്നു പോകുന്ന, നിസ്സാരമെന്ന് നമ്മൾ വിധിയെഴുതുന്ന സന്ദർഭങ്ങൾ എല്ലാം കഥാകാരൻ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നു. അതിനാൽ തന്നെ ഒരിക്കൽ പ്രണയിച്ചവർക്ക് ഓർമ്മകൾ അയവിറക്കാനും ഇനി പ്രണയിക്കാൻ പോകുന്നവർക്ക് പ്രേമസമുദ്രതിരകളുടെ അലകളിൽ എങ്ങനെ സുഗമമായി ഒഴുകാൻ കഴിയുമെന്ന് മനസ്സിലാക്കുവാനും നോവൽ അവസരമൊരുക്കുന്നു.

‘പ്രേമനഗരം’ ആചാര ലംഘനങ്ങളുടേതു കൂടിയാണ്. “പവിത്രമായ” ഭാര്യ-ഭർതൃ ബന്ധത്തിന്റെ ലംഘനമല്ല, മറിച്ചു നവീന കാലഘട്ടത്തിലും വിളയെറിഞ്ഞു കൊയ്തുകേറുന്ന സദാചാരവാദികൾ മുന്നോട്ടു വെക്കുന്ന ആചാരങ്ങളുടെ ലംഘനമാണ്. സാക്ഷരതകളാൽ ഉയർന്നു പൊങ്ങിയ കേരളത്തിന്റെ ദ്വന്ദ്വ മുഖമാണ് നോവലിൽ പ്രേമനഗരത്തെ പടുത്തുയർത്തുന്നത്. നീലുവിന്റെയും മാധവിന്റെയും പ്രേമകഥയുടെ ഉള്ളിലായി കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെയും നോവൽ ചർച്ചചെയുന്നുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസമുള്ള, സാക്ഷരത കൂടിയ, കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ശക്തിപ്രാപിച്ച, സാംസ്കാരികതയ്ക്ക് പേരുകേട്ട, ജീവിനത്തിന്റെയും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും മണ്ണിൽ ചുംബന സമരങ്ങൾ അരങ്ങേറുന്നതും, ആർത്തവത്തിനെതിരെ പോരാട്ടങ്ങൾ നടക്കുന്നതും, ആചാര സംരക്ഷണത്തിനായി മനുഷ്യൻ മനുഷ്യനെ വെറുക്കുന്നതും, ജാതീയ അധിക്ഷേപങ്ങൾ നടത്തുന്നതും, രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നതും കഥാകാരൻ പറഞ്ഞു പോകുന്നു.

പ്രണയിക്കുന്ന മനുഷ്യർ പ്രണയമായി തീരുമ്പോൾ രണ്ടുപേരും ഒന്നായി തീരുന്നു. പ്രേമനഗരം ഒന്നായി തീരുന്നവരുടെ കഥയാണ്. ഒന്നാകാൻ ആത്മാവിന്റെ ഇഴുകിച്ചേരൽ മാത്രമാണ് ഇവിടെ മാനദണ്ഡം. തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ നോവൽ. പല സന്ദർഭങ്ങളിലും നമ്മുടെ ഉള്ളിലൊരു സദാചാരവാദി ലജ്ജകൊണ്ട് വീർപ്പുമുട്ടുന്നത് നമുക്കും അനുഭവിക്കാം. നാലര മണിക്കൂർ ഉലച്ചുലച്ചു കടന്നുപോയ ഈ പ്രേമതീവണ്ടിയിലെ എന്റെ യാത്ര അവസാനിച്ചപ്പോഴും ഒരു ധ്വനി മാത്രം കാതുകളിൽ മുഴുകി കേട്ടു ;

“ഇനിയൊരിക്കലും
ഒരു ഋതു പിറക്കില്ലിതുപോലെ
നാം പരസ്പരം തൊട്ടമാത്രയിൽ
പൂത്തുലഞ്ഞ പ്രപഞ്ചമെന്നപോൽ”.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.